നെസ്റ്റ് പരീക്ഷയെ അറിയാം

606
0

ഇന്ത്യൻ ആണവോർജ വകുപ്പിന് ( Department of Atomic Energy, Govt. Of India) കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), മുംബൈയിലെ സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (UM-DAE CEBS) എന്നിവ വാഗ്ദാനം ചെയ്യുന്ന ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങളിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എംഎസ്.സി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നാഷണൽ എൻട്രൻസ് സ്ക്രീനിംഗ് ടെസ്റ്റ് (NEST). 2024-25 അധ്യയന വർഷത്തേക്കുള്ള നെസ്റ്റ് അപേക്ഷ ക്ഷണിച്ചു. ജൂൺ 30 ന് നടക്കാനിരിക്കുന്ന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.

മൂന്നര മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥിയുടെ വിഷയ ധാരണയും വിശകലന ശേഷിയും പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാകുക. ഏറ്റവും മികച്ച മൂന്ന് വിഷയങ്ങളുടെ സ്കോറുകൾ മാത്രമേ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കുകയുള്ളൂ. 2022, 2023, 2024 എന്നീ വർഷങ്ങളിൽ ഏതെങ്കിലും അംഗീകൃത ബോർഡിന് കീഴിൽ പ്ലസ് ടു സയൻസ് വിഭാഗത്തിൽ 60% (SC, ST, PWD വിഭാഗക്കാർക്ക് 55% ) മാര്‍ക്കോടുകൂടി പാസായവർക്ക് നെസ്റ്റിന് അപേക്ഷിക്കാം.

പ്രതിമാസ സ്റ്റൈപന്റോടു കൂടിയ പഠനം, അത്യാധുനിക ഗവേഷണ സംവിധാനങ്ങൾ, അധ്യാപന ലബോറട്ടറികൾ, കമ്പ്യൂട്ടറേഷനൽ സൗകര്യങ്ങൾ, ലൈബ്രറി, ഹോസ്റ്റൽ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ റസിഡൻഷ്യൽ സ്ഥാപനമായ നൈസർ ഒഡീഷ്യയിലെ ജഡ്നിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. 200 സീറ്റുകളിലേക്കാണ് ഒരു വർഷം അഡ്മിഷൻ നൽകുന്നത്. മേജർ ഡിഗ്രിക്കൊപ്പം ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എന്നിവയിൽ ഒരു മൈനർ ഡിഗ്രിയും കരസ്ഥമാക്കാം. നൈസറിന്റെ എംഎസ്.സി ഡിഗ്രി ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (HBNI) ആണ് നൽകുന്നത്.

മുംബൈ യൂണിവേഴ്സിറ്റിയുടെ വിദ്യാനഗരി ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന UM-DAE CEBS ൽ 57 സീറ്റുകളിലേക്കാണ് ഒരു വർഷം അഡ്മിഷൻ നൽകുന്നത്.
TIFR, BARC HBCSE, IIT-B, UM തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള മികച്ച അധ്യാപകരുടെയും ശാസ്ത്രജ്ഞരുടെയും കീഴിൽ ഉയർന്ന നിലവാരമുള്ള അധ്യാപനവും ഗവേഷണ അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്ന CEBS ലെ BSc, MSc ബിരുദങ്ങൾ യൂണിവേഴ്സിറ്റി ഓഫ് മുംബൈയാണ് നൽകുന്നത്.

NISER, CEBS എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് BARC ട്രെയിനിങ് സ്കൂളിന്റെ സെലക്ഷൻ ഇൻറർവ്യൂവിന് നേരിട്ട് പങ്കെടുക്കാം.

ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളിൽ PhD നേടുന്നവരും, BARC ൽ സയൻറിഫിക് ഓഫീസർമാരായി ജോലി ചെയ്യുന്നവരും, പ്രശസ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഫാക്കൽറ്റി അംഗങ്ങളായി ചേർന്നവരും, കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവരും മേൽ സ്ഥാപനങ്ങളിലെ അലുമിനിയിൽ ഉൾപ്പെടുന്നു.

അപേക്ഷ സമർപ്പിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: https://www.nestexam.in/

Leave a Reply

Your email address will not be published. Required fields are marked *