കഴിഞ്ഞ ദിവസം ഏറെ പ്രിയപ്പെട്ട സുഹൃത്ത് അസ്ഹറുദ്ദീൻ ആകസ്മികമായി വിട പറഞ്ഞപ്പോഴാണ് പല കാര്യങ്ങളിലും നമുക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണെന്ന ചിന്ത അലട്ടിത്തുടങ്ങിയത്.
അവൻ വിട പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും അവന്റെ ഫേസ്ബുക് വാളിലും അല്ലാതെയുമൊക്കെയായി അവന്റെ രണ്ടര പതിറ്റാണ് മാത്രം നീണ്ടു നിന്ന ധന്യമാർന്ന ജീവിതത്തേക്കുറിച്ചുള്ളകൾ ഓർമ്മകളും അനുഭവകഥകളുമെല്ലാം നിർബാധം തുടരുകയാണ്. പല രൂപത്തിൽ, ഏതെങ്കിലും തരത്തിൽ അവന്റെ വെളിച്ചത്തിന്റെ പങ്കു പറ്റിയിട്ടുള്ള ആളുകളുടെ കുറിപ്പുകൾ പലതും മനസ്സിനെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്നു.
നമ്മളിൽ എത്ര പേർക്ക് നമ്മുടെ ജീവിതത്തിൽ വെളിച്ചം വിതറിയവരെക്കുറിച്ച്, അവരുടെ ജീവിതകാലത്ത് നല്ലത് പറയാൻ സാധിക്കാറുണ്ട്? (ഇത് അസറുവിന്റെ കാര്യമല്ല പറയുന്നത്, അവനത് കിട്ടിയിരുന്നോ ഇല്ലയോ എന്നത് അവന് മാത്രം അറിയാമായിരുന്ന രഹസ്യം) മരിച്ച് കഴിഞ്ഞ ശേഷമുള്ള ഓർമ്മ പുതുക്കൽ അത്ര മോശമൊന്നും ആണെന്ന് പറയുന്നില്ല. അത്തരത്തിലുള്ള നല്ല ഓർമ്മകളെ നമ്മൾ വിലയിരുത്തുന്നത് കണ്ട് ദൈവം സന്തോഷിക്കുകയും ആ സന്തോഷത്തിലൊരു പങ്ക് ദൈവം പരേതനു പകർന്നു കൊടുക്കുമെന്നൊക്കെ വിശ്വസിക്കാനാണ് താല്പര്യം. കൂടാതെ, ഭൂമിയിൽ ജീവിച്ചു കൊണ്ടിരിക്കുന്നവർക്ക് ഒരു പ്രചോദനമാവാനും നല്ല മനുഷ്യനാവനൊരു തയ്യാറെടുപ്പു നടത്താനുമൊക്കെ ചിലപ്പോൾ ഇത്തരം ഓർമ്മ പങ്കു വെയ്ക്കലുകളിലൂടെ സാധിക്കുകയും ചെയ്യും.
എന്നാൽ ഇത് മറ്റൊരു തരത്തിൽ ആലോചിച്ചു നോക്കൂ. ഒരാൾ മരിക്കുന്നതിന് മുമ്പ് തന്നെ അയാൾ സമ്മാനിച്ച സേവനങ്ങളെയും നല്ല നിമിഷങ്ങളെയും നമ്മൾ ഓർത്തെടുത്ത് അയാൾക്ക് മുന്നിൽ സമർപ്പിച്ചാലോ? അയാൾ എത്ര മാത്രം സന്തോഷവാനായിരിക്കും. ജീവിതത്തെ കൂടുതൽ തെളിമയോടെ സമീപിക്കാനും ചുറ്റുപാടുകളിൽ കൂടുതൽ വെളിച്ചം വിതറാനും അത് സഹായിക്കില്ലേ? ചിലരുടെ ജന്മദിനങ്ങളിലോ വിശേഷ അവസരങ്ങളിലോ ഇത്തരത്തിൽ ചെറിയ കുറിപ്പുകളും അനുഭവങ്ങളുമൊക്കെ കാണുമ്പോൾ കുറച്ച് ഒരു ആശ്വാസം തോന്നുന്നുണ്ട്. മനുഷ്യൻ വർഷത്തിൽ ഒരു ദിവസമെങ്കിലും ഈ രൂപത്തിൽ ചിന്തിക്കുന്നുണ്ടല്ലോ!
ഇംഗ്ലീഷ് നോവലിസ്റ്റ് ജോൺ ഗ്രീന്റെ ‘The Fault in our Stars’ എന്ന പുസ്തകത്തിൽ അഗസ്റ്റസ് എന്ന കൗമാരക്കാരനായ നായകൻ തന്റെ മരണത്തിന്റെ അവസാന നാളുകളിലൊന്നിൽ കാമുകി ഹെയ്സൽ ഗ്രേസിനെക്കൊണ്ട് തന്റെ ജീവിതത്തെക്കുറിച്ച് ഒരു ഓർമ്മകുറിപ്പ് എഴുതി വായിച്ചു കൊടുക്കാൻ അപേക്ഷിക്കുന്നുണ്ട്. കണ്ണീരിൽ കുതിർന്ന ആ സ്നേഹോപഹാരം ഓരോ വായനക്കാരനെയും നൊമ്പരപെടുത്തുന്ന ഒരു രംഗമാണ്. ഓരോ മനുഷ്യനും ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരത്തിലൊന്ന് ആഗ്രഹിക്കുന്നുണ്ട്. അത് അർഹിക്കുന്നുണ്ട്. അത് നമ്മൾ കൊടുത്തേ പറ്റൂ. കാരണം അതൊരു ഔദാര്യമേ അല്ല, പരസ്പര നീതിയാണ്. വിഷാദത്തിന്റെ മുള്ളുകൾ ഉള്ളിൽ തറച്ച് ജീവിതം ഒടുക്കാൻ വിചാരിച്ച ചിലരെങ്കിലും ഇത്തരത്തിലുള്ള പിൻവിളികൾ കൊണ്ട് ജീവിതത്തിലേക്ക് കണ്ണു തുടച്ച് തിരികെ വന്ന കഥകൾ നമുക്ക് ചുറ്റിലുമുണ്ട്. ഒരു വാക്ക് കൊണ്ടെങ്കിലു… ഒരു ആലിംഗനം കൊണ്ടെങ്കിലും നമ്മൾ കൃതാർത്ഥത പ്രകടിപ്പിച്ചേ മതിയാവൂ. നേരിൽ പ്രകടിപ്പിക്കാത്ത സ്നേഹവും നന്ദിയുമൊക്കെ നാളത്തെ നിരാശയുടെയും കുറ്റബോധത്തിന്റെയും വിത്തുകളാണ്. കൺമുന്നിലുള്ള മനുഷ്യരെ സ്നേഹിക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് ആദ്യശ്യനായ ഒരു ദൈവത്തെ സ്നേഹിക്കാൻ കഴിയുക?