ബിരുദാനന്തര പഠനങ്ങൾക്ക് നാഷണൽ സ്‌കോളർഷിപ്പ്

694
0

രാജ്യത്തിനകത്ത് പി.ജിക്ക് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) വഴി യു.ജി.സി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 1.5 ലക്ഷം രൂപ (15,000/- രൂപ നിരക്കില്‍ 10 മാസം) സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. അഥവാ 3 ലക്ഷം രൂപ രണ്ട് വര്‍ഷ പിജി പഠന കാലയളവില്‍ ലഭിക്കും.

ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ പഠിക്കുന്ന നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വരുമാന പരിധിയില്ല. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകളില്‍/ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പി.ജി റെഗുലറായി ചെയ്യുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. ഓപണ്‍/ഡിസ്റ്റന്‍സ്/കറസ്പോണ്ടന്‍സ്/പാര്‍ട്ട് ടൈം രീതിയില്‍ പി.ജി ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് പി.ജി പ്രവേശനം നേടുന്ന സമയത്ത് 30 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. സ്കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിജി പഠനകാലയളവില്‍ മറ്റു സ്കോളര്‍ഷിപ്പുകളോ ധനസഹായമോ സ്വീകരിക്കാന്‍ പാടുള്ളതല്ല

മൊത്തം 10,000 പേര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്. ഇതില്‍ 30% പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ അപേക്ഷകരില്‍ ഒറ്റപെണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും കൂടുതല്‍ പരിഗണന നല്‍കുക. ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരെ കണ്ടെത്തുക.

ആര്‍ട്സ്, സയന്‍സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, നിയമം, മാനേജ്മെന്റ്, സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍, ടെക്നിക്കല്‍, അഗ്രിക്കള്‍ച്ചര്‍ തുടങ്ങി ഏത് മേഖലയില്‍ പി.ജി ചെയ്യുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP) വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://scholarships.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *