ഞാനൊരു കഥ പറയട്ടെ! (ഭാഗം 6)
1936 ലെ സ്പെയിൻ അഭ്യന്തര യുദ്ധത്തിൽ വിഖ്യാതനായ സ്പാനിഷ് എഴുത്തുകാരൻ റെമീറോ ഡി മേയ്ഷ്തു കൊല്ലപ്പെട്ടു. അദ്ദേഹത്തെ വധിക്കാൻ ഏൽപ്പിക്കപ്പെട്ട പട്ടാളക്കാരനോടുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു, “എന്നെ എന്തിനുവേണ്ടിയാണ് കൊല്ലുന്നതെന്ന് നിങ്ങൾക്കറിയില്ല, പക്ഷേ ഞാൻ എന്തിനുവേണ്ടിയാണ് മരിക്കുന്നതെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. നിങ്ങളുടെ കുട്ടികൾ നിങ്ങളെക്കാൾ നല്ല മനുഷ്യരാവാൻ വേണ്ടിയാണത്.”

ഏറെ ദുഃഖകരമെന്നു പറയട്ടെ, ഇത് ദുരിതമയമായ ലോകത്തിലെ ഒരു നിയമമാണ്. നിങ്ങൾ വഴിയിൽ വെളിച്ചം പകരാൻ ശ്രമിക്കുന്നത് ആർക്കുവേണ്ടിയാണോ, അവർ നിങ്ങളുടെ മെഴുതിരികൾ ഊതിക്കെടുത്തും. ആരുടെ തോണിയിലെ ദ്വാരമാണോ നിങ്ങൾ ഹൃദയം കൊണ്ടടയ്ക്കുന്നത്, അവർ നിങ്ങളുടെ തുഴകൾ കുത്തിയൊടിക്കും. ആരുടെ കണ്ണീരാണോ നിങ്ങൾ പലവട്ടം തുടച്ചത്, അവർ നിങ്ങളെ കരയിപ്പിക്കും. ഏത് കൈക്കാണോ നിങ്ങൾ ചുംബനം നൽകിയത്, അതേ കൈകൾ നിങ്ങളെ കുത്തി മുറിവേൽപ്പിക്കും. നന്ദികേട് കയ്പ്പേറിയതാണ്, വളരെ കയ്പ്പേറിയത്.!