നമുക്കൊന്നുമറിയില്ല!

63

ഞാനൊരു കഥ പറയട്ടെ! (ഭാഗം 7)

ആ ദിവസം സോക്രട്ടീസ് ഉണർന്നത് നഗരത്തിന്റെ ഉച്ചിയിൽ മുഴങ്ങിയ ഒരു പ്രവചനം കേട്ടുകൊണ്ടാണ്. ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ വ്യക്തി താനാണെന്നായിരുന്നു ആ പ്രവചനം. അത് സോക്രട്ടീസിനെ വല്ലാണ്ട് ആശയക്കുഴപ്പത്തിലാക്കി. ഈ വിശേഷണത്തിന് താൻ അർഹനാണെന്ന് ഒരിക്കൽപോലും അയാൾ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ തന്നെക്കാൾ ബുദ്ധിമാനായ ഒരാളെ കണ്ടെത്തുവാൻ അയാൾ ഏഥൻസിന്റെ തെരുവോരങ്ങളിലൂടെ ചുറ്റി നടന്നു. കാര്യങ്ങൾ വളരെ എളുപ്പമാകുമെന്നും തന്നെക്കാൾ ബുദ്ധിവൈഭവമുള്ള ഒരാളെ കണ്ടെത്തി ആ പ്രവചനത്തിലെ തെറ്റ് തെളിയിക്കാമെന്നും അദ്ദേഹം കരുതി. അങ്ങനെ അദ്ദേഹം രാഷ്ട്രതന്ത്രജ്ഞരുമായും കവികളുമായും കരകൗശല വിദഗ്ധരുമായും തത്വചിന്തകരുമായും നിരവധി ചർച്ചകളിൽ ഏർപ്പെട്ടു. എല്ലാത്തിനുമൊടുവിൽ അദ്ദേഹം മനസ്സിലാക്കി, ആ പ്രവചനം സത്യമായിരുന്നു. താൻ ചർച്ചകളിൽ ഏർപ്പെട്ട എല്ലാവരും തന്നെ മിക്ക കാര്യങ്ങളെക്കുറിച്ചും ഉറച്ച ബോധ്യമുള്ളവരെപ്പോലെയായിരുന്നു. അവർക്ക് യാതൊരു അറിവോ അനുഭവ പരിചയമോ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ച് പോലും ഉറച്ച അഭിപ്രായങ്ങൾ പറയുന്നവരായിരുന്നു. ചുരുക്കത്തിൽ അവർ ഊതി വീർപ്പിച്ച ബലൂണുകളെ പോലെയായിരുന്നു. അവരുടെ അഭിപ്രായങ്ങളിൽ അദ്ദേഹം മറു ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല. താൻ മറ്റുള്ളവരെക്കാൾ മികച്ചു നിൽക്കുന്നത്, പലകാര്യങ്ങളും തനിക്കറിയാമോ എന്നതിനെക്കുറിച്ച് താൻ സംശയിക്കുന്നു എന്നതിനാലാണ് എന്ന് സോക്രട്ടീസ് തിരിച്ചറിഞ്ഞു. അതാണ് അദ്ദേഹത്തെ വായിക്കാനും ഗവേഷണം നടത്താനും പഠിക്കാനും പ്രേരിപ്പിച്ചത്.

ഒരു കാര്യം തീരുമാനിച്ചുറപ്പിക്കണം, യാതൊരാളും സ്വന്തത്തെ തന്നെ നിന്ദിക്കാൻ പാടില്ല. എല്ലാത്തരം ചർച്ചകളിലേക്കും കടക്കുന്നതിന് മുമ്പ് ഊട്ടിയുറപ്പിക്കേണ്ട ഒരു തത്വമാണത്. എന്നാൽ മറുവശത്ത് സ്വന്തം തൃപ്തി ഒരു മാരകമായ രോഗമാണ്. അതൊരാളെ നിശ്ചലനായി ഒരിടത്തു തന്നെ നിൽക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതത്തിലെ മനോഹരമായ സമസ്യകളിൽ ഒന്ന്, ഒരാൾ അറിയാൻ തുടങ്ങുമ്പോൾ മാത്രമാണ് തന്റെ അജ്ഞതയുടെ വ്യാപ്തി കണ്ടെത്തുന്നത്. ഉദാഹരണത്തിന് പരിശുദ്ധ ഖുർആനിലെ ഈ വചനം നോക്കൂ;

لِلذَّكَرِ مِثْلُ حَظِّ ٱلْأُنثَيَيْنِ (4:11)

പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിക്ക് തുല്യമായതുണ്ട്.

അനന്തരാവകാശ നിയമങ്ങളിൽ അഗാധമായ അറിവില്ലാത്ത ഒരാൾക്ക് ഇത് വ്യാഖ്യാനത്തിന് സാധ്യതയില്ലാത്ത വ്യക്തമായ ഒരു വചനമായി തോന്നാം. അതിന്റെ വിശദീകരണത്തിൽ ഒരക്ഷരം പോലും കൂട്ടിച്ചേർക്കാൻ അയാൾക്ക് കഴിയില്ല. എന്നാൽ യാഥാർത്ഥ്യമെന്തെന്നാൽ സ്വത്തവകാശ നിയമങ്ങളെ കുറിച്ചുള്ള ഗ്രന്ഥങ്ങളിൽ പുരുഷനെക്കാൾ സ്ത്രീക്ക് ഓഹരി ലഭിക്കുന്ന ഒരുപാട് സന്ദർഭങ്ങളുണ്ട്. നമുക്ക് ഈ വിഷയത്തെക്കുറിച്ച് അൽപജ്ഞാനം ഉള്ളിടത്തോളം കാലം നമ്മൾ സ്വത്തവകാശ നിയമങ്ങളിലെ പണ്ഡിതന്മാർ ആണെന്ന് വിശ്വസിക്കും. എന്നാൽ അതിന്റെ വേരുകളിലേക്ക് ആഴ്ന്നിറങ്ങി സൂക്ഷ്മമായ കാര്യങ്ങളിലേക്ക് കടക്കുമ്പോൾ നാം അറിയും, നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ലായെന്ന്.!
വ്യക്തിപരമായി പറഞ്ഞാൽ എന്റെ ജീവിതത്തിൽ എനിക്കെല്ലാം അറിയാമെന്ന് ഞാൻ കൂടുതൽ വിശ്വസിച്ചിരുന്നത് ഒന്നാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു. പ്രപഞ്ചത്തിലെ ഏത് പ്രയാസമുള്ള കാര്യത്തെക്കുറിച്ചും എനിക്ക് വിശദീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. കാരണം ആ സമയത്ത് പ്രപഞ്ചം എന്റെ അറിവിന്റെ പരിധിയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ എന്റെ അജ്ഞതയുടെ വ്യാപ്തിയിലായിരുന്നു. എന്റെ ജീവിതത്തിൽ എനിക്കൊന്നും അറിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ ഘട്ടം എന്റെ ഡോക്ടറേറ്റ് പ്രബന്ധം ചർച്ച ചെയ്തതിന് ശേഷമായിരുന്നു. അപ്പോഴാണ് ഞാൻ ഏറ്റവും കൂടുതൽ തവണ വായിക്കുകയും ഗവേഷണത്തിൽ ഏർപ്പെടുകയുമുണ്ടായത്. അഭിപ്രായങ്ങളും താരതമ്യങ്ങളും നിഗമനങ്ങളും ഞാൻ കണ്ടു. അങ്ങനെ ഞാൻ മനസ്സിലാക്കി, അറിവിന്റെ പ്രകാശം പതിക്കുമ്പോൾ മാത്രമേ നമുക്കുള്ളിലെ അജ്ഞതയുടെ കറ വെളിപ്പെടുകയുള്ളൂ..!