മനുഷ്യരെ സർവേശ്വരൻ സൃഷ്ടിച്ചിട്ടുള്ളത് ഏറ്റവും നല്ല ഘടനയിലാണ്. കണ്ടാമൃഗത്തിൻ്റെയും കരടിയുടെയും പന്നിയുടെയും കുരങ്ങൻ്റെയും ചിലന്തിയുടെയുമൊക്കെ രൂപഘടനയിൽ നിന്ന് എത്രമേൽ വ്യത്യസ്തവും ആകർഷകവുമാണ് മനുഷ്യൻ്റെ ശരീരഘടന! മനുഷ്യ ശരീരത്തിലെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ ഏതെങ്കിലുമൊന്ന് ഇപ്പോഴുള്ള ആ സ്ഥലത്തും പൊസിഷനിലുമല്ല വേണ്ടത് എന്ന് പറയാനോ സ്ഥാപിക്കാനോ ഒരു നിരീശ്വരവാദി പോലും ഇന്ന് വരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയം.
എന്നാൽ ഇത്രമേൽ മനോഹരമായ ശരീരഘടനയിൽ സർവേശ്വരനായ അല്ലാഹു സൃഷ്ടിച്ച് ഈ ഭൂമിലോകത്തേക്കയച്ച മനുഷ്യൻ പക്ഷെ ആ സൃഷ്ടാവിനോടും തൻ്റെ സൃഷ്ടി ദൗത്യത്തോടും പ്രതിബദ്ധത പുലർത്തുന്നുണ്ടോ? പലപ്പോഴും ഇല്ല എന്നായിരിക്കും ഈ ചോദ്യത്തിൻ്റെ ശരിയുത്തരം .
മാനവികതയും ദൈവിക മാർഗദർശനവും തിരിച്ചറിഞ്ഞ് മാനുഷിക ഗുണങ്ങൾ നിലനിർത്തി ജീവിക്കാൻ നിർദേശിക്കപ്പെട്ട മനുഷ്യൻ പക്ഷെ കേവല മൃഗീയ ജീവിതം നയിച്ച് മൃഗങ്ങളെപ്പോലെയോ അതിനെക്കാൾ താഴ്ന്ന നിലവാരത്തിലോ ജീവിക്കുന്നു. അങ്ങനെയാണവൻ നല്ല ഗ്ലാമറുള്ള മനുഷ്യൻ, നല്ല ശരീര ഘടനയുള്ള മ ഷഷ്യൻ അധമരിൽ അധമനായി അധ:പതിക്കുന്നത്. ഈ കാര്യമാണ് 95 ആം അധ്യായമായ 8 ആയത്തുകൾ മാത്രമുള്ള സൂറത്തുത്തീനിലെ പ്രധാന പ്രതിപദ്യ വിഷയം.
സൂറത്തിൻ്റെ മലയാള ഭാഷ്യം ഇപ്രകാരം :
1)അത്തിയും ഒലീവും തന്നെ സത്യം.
2)സീനാ പർവതം തന്നെ സത്യം.
3) നിർഭയത്വമുള്ള മക്കാ നാട് തന്നെ സത്യം.
4) തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയിൽ സൃഷ്ടിച്ചിരിക്കുന്നു.
5)പിന്നീട് നാം അവനെ അധമരിൽ അധമനാക്കി.
6) വിശ്വസിച്ചവരെയും സുകൃതം ചെയ്തവരെയും ഒഴികെ. അങ്ങനെയുള്ളവർക്ക് നിലച്ച് പോകാത്ത പ്രതിഫലമുണ്ട്.
7) എന്നിട്ടും മനുഷ്യാ, പ്രതിഫല നാളിനെ നിഷേധിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്?
8) അല്ലാഹു അല്ലയോ ഏറ്റവും നല്ല വിധികർത്താവ്!
(സൂറത്തുത്തീൻ 1-8)