ഖസാക്കിന്റെ ഇതിഹാസം വായിച്ചതിൽ പിന്നെയാണ് പാലക്കാടിനോടും കരിമ്പനകളോടും എന്റെ ഹൃദയം പ്രണയപ്പെട്ട് തുടങ്ങിയത്.
പാലക്കാട് വഴിയുള്ള തീവണ്ടി യാത്രകളിൽ ആകാശംമുട്ടെ ഉയർന്നുനിൽക്കുന്ന കരിമ്പനക്കാടുകളെ പ്രണയാർദ്രമായി തന്നെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
കരിമ്പനക്കാടുകൾക്ക് പിറകിൽ മെലിഞ്ഞൊട്ടി പുഴയോ, തോടോ എന്ന് സംശയിപ്പിക്കും വിധം തളർന്നൊഴുകുന്ന നിളയെ പലകുറി കണ്ടിട്ടുണ്ടെങ്കിലും എന്തോ അന്നൊന്നും നിളയോട് എനിക്ക് പ്രത്യേകിച്ച് ഒരു മമതയും തോന്നിയിരുന്നില്ല.
തിരൂർ പോളിയിൽ പഠിക്കുന്ന കാലത്ത് സർവ്വേ ക്യാമ്പിനു വേണ്ടി തിരുനാവായ സംസ്കൃത യൂണിവേഴ്സിറ്റിയോട് ചേർന്നുള്ള വിശാലമായ വിജന പ്രദേശത്ത് നിന്ന് നിളയെ നോക്കിക്കണ്ടപ്പോഴാണ് നിള എന്റെ മനസിന്റെ ഏതോ ഒരു കോണിൽ പ്രണയമായി മൊട്ടിട്ടത്.
ജോലിയാവശ്യാർത്ഥം പൊന്നാനിയിൽ എത്തിയ കാലം. ചരിത്രത്തിന്റെ മണമുള്ള പൊന്നാനി പട്ടണത്തിന്റെ വടക്കു ഭാഗത്തായി നിറഞ്ഞൊഴുകുന്ന നിളക്കാഴ്ച എന്റെയുള്ളിലെ പ്രണയ മൊട്ടിനെ പ്രണയവസന്തമാക്കി മാറ്റിയെന്നു തന്നെ പറയാം. ചമ്രവട്ടം പാലത്തിനു മുകളിൽ നിന്നും കർമ റോട്ടിൽ നിന്നുമൊക്കെയുള്ള നിളയുടെ കാഴ്ച്ചയെ വർണിക്കാൻ എനിക്ക് വാക്കുകൾ തികയുന്നേയില്ല.

പൊന്നാനിയിലെ ജീവിത കാലം മനോഹരമാക്കിയതിലെ പ്രധാന ഘടകം നിള തന്നെയായിരുന്നു. നിളയുമായി ഞാൻ പെട്ടെന്ന് തന്നെ കൂട്ടായി.
നിളയോടുള്ള എന്റെ പ്രണയത്തിന് ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ഒന്ന് രണ്ടെണ്ണം ഞാനിവിടെ സൂചിപ്പിക്കാം.
ഒന്ന്,
ചരിത്രമുറങ്ങുന്ന രണ്ട് തീരങ്ങൾക്ക് നടുവിലൂടെയാണ് നിള അറബിക്കടലിനെ മുത്തമ്മിടുന്നത്.
അറബിപൊന്നിൻറെയും പാനൂസ് വിളക്കിന്റെയും മഖ്ദൂമുമാരുടെയും ചരിത്രം പേറി തന്റെ സുവർണകാലത്തിൻറെ ഓർമയിൽ കഴിയുന്ന പൊന്നാനിയാണ് ഒരു കരയെങ്കിൽ മാമാങ്കങ്ങളുടെ ചരിത്രം പറയുന്ന തിരുന്നാവായയും കൂട്ടായിയുമൊക്കെയാണ് മറുകര.
ചരിത്രങ്ങൾക്കനേകം സാക്ഷിയായൊരു പുഴ.
രണ്ട്,
കരിമ്പനകളുടെ നാട്ടിലൂടെ, പാലക്കാടിന്റെ സുഗന്ധം പേറി, ഖസാക്കിനെ ഓര്മപ്പെടുത്തിക്കൊണ്ടാണീ പുഴയുടെ യാത്ര.
ഇതിലെല്ലാമുപ്പരി,
ഒറ്റ നോട്ടത്തിൽ തന്നെ നമ്മെ വശീകരിക്കുന്നൊരു സൗന്ദര്യം നിളയിലുടനീളമുണ്ട്.
എന്ത് കൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ നിളയുമായി സൗഹൃദപ്പെട്ടില്ല എന്നോർത്ത് ഞാൻ അത്ഭുതം കൊണ്ടിട്ടുണ്ട്.
പൊന്നാനിയിലെ താമസകാലത്ത് മിക്ക ദിവസങ്ങളിലും ഞാൻ നിളയെ ചെന്ന് കാണും. കർമ റോട്ടിലെ ഏതെങ്കിലും ഒരു ചായക്കടയിലിരുന്ന് ഏകാന്തനായി, പള്ളിയിലെ ബംഗാളിയായ ഇമാമിനൊപ്പം തീരം തൊട്ടുള്ള നടത്തത്തിൽ,
വാർദ്ധക്യത്തിന്റെ പരകോടിയിലെത്തിയിട്ടും അഞ്ചു വക്ത് മുടങ്ങാതെ പള്ളിയിൽ വരുന്ന മുഹമ്മദ്‌ക്കയുടെ കൂടെ കർമ റോഡിനെ അഴിമുഖവുമായി ബന്ധിപ്പിക്കുന്ന പാലം പണി നടക്കുന്നതിനടുത്ത് ചെന്ന്..
ഓരോ കാഴ്ചയിലും ഓരോ രൂപവും ഭാവവുമാണ് നിളയ്ക്ക്.
പുലർകാലങ്ങളിൽ നിളയൊരു കന്യകയാണ്,
നട്ടുച്ച വെയിലിലതൊരു മണവാട്ടിയാകും,
വൈകുന്നേരങ്ങളിൽ ചെഞ്ചോരച്ചായമണിഞ് ഉന്മാദിയെപ്പോലെ…
വേനലിൽ നിള വാർദ്ധക്യത്തെ ഓർമിപ്പിക്കും,
വസന്ത കാലങ്ങളിൽ കാക്കപൂക്കളും, ചെങ്കണക്കാടുകളും നിറഞ്ഞൊരു പൂന്തോപ്പ്,
മഴക്കാലമായാലതൊരു പുഴയോ,കടലോ എന്നത് സംശയമാണ്. ആർത്തലച്ച്, ഇരു കരകളെയും പിടിച്ചുലച്ചത് സംഹാര താണ്ഡവമാടും.
നിളയെക്കുറിച്ച് എഴുതാൻ തുടങ്ങിയ കാലത്ത് എം ടി യുടെ എഴുത്തുകളിലെ നിളാ സാന്നിധ്യത്തെക്കുറിച്ച് ഞാൻ അറിഞ്ഞിരുന്നില്ല.
വായനയുണ്ടെങ്കിലും എത്രയോ പ്രകൽഭരായ എഴുത്തുകാരെ ഞാനിനിയും വായിക്കാനിരിക്കുന്നു, അറിയാനിരിക്കുന്നു.
“എം ടി ക്ക് ശേഷം നിളയെ പ്രണയിച്ച ജൗഹർ “
ഫേസ്ബുക്കിൽ നിളയെക്കുറിച്ചെഴുതിയ വരികൾക്ക് താഴെ വന്നൊരു കമന്റ് ആയിരുന്നു.
എം ടി യുടെ ഒന്നോ രണ്ടോ പുസ്തകങ്ങൾ മാത്രം വായിച്ച എനിക്ക് അന്ന് എം ടി യും നിളയുമായുള്ള മാസ്മരിക ബന്ധം പുതിയ ഒരാറിവായിരുന്നു.
ഭാരതപ്പുഴയും തൂതപ്പുഴയും ഒന്നായി ചേരുന്ന എം ടി യുടെ ജന്മ ദേശത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ നിളയോടുള്ള അടങ്ങാത്ത പ്രേമത്തെക്കുറിച്ചുമെല്ലാം അറിഞ്ഞു തുടങ്ങിയത് പിന്നീടാണ്.

മലയാള സാഹിത്യ, സിനിമ ലോകത്തേക്ക് നീളത്തിലൊഴുകുന്ന നിളയെ കൈപിടിച്ചു നടത്തിയ സാഹിത്യ കുലപതിയുടെ വിടവ് നിളയറിഞ്ഞു കാണുമോ..?
തിരുന്നാവായയിലെ നാവാ മുകുന്ദക്ഷേത്രത്തിൽ നിന്ന് നിളയിലേക്കൊഴുക്കി വിടുന്ന അനേകം മനുഷ്യരുടെ ചിതാഭസ്മത്തിനൊപ്പം ഒരുപക്ഷെ എം ടി യുടെ ചിതാഭസ്മവും ഒഴുകിയൊഴുകി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നിളയിൽ അലിഞ്ഞു ചേർന്നേക്കാം.
ഒന്നുറപ്പാണ്.
തമിഴ് നാട്ടിൽ നിന്ന് ഉത്ഭവിച്ച് ദേശങ്ങൾ അനേകം താണ്ടി ഇനിയുള്ള കാലം ഈ പുഴയൊഴുകുമ്പോൾ അതിന്റെ ഓരോ ജല കണത്തിനും തൊട്ട് തലോടുന്ന കരകളോടും,
കുളിര് പറ്റുന്ന മനുഷ്യരോടും, എം ടി യെക്കുറിച്ച്, അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച്, ഒരുപാട് കഥകൾ പറയാനുണ്ടാകും.
‘എത്ര കണ്ടാലും മതി വരാത്തൊരു പുഴേ..
എന്റെ നിളേ..’
നിന്നെ സ്നേഹിക്കാനുള്ള അനേകം കാരണങ്ങളിലേക്ക് ഞാൻ മറ്റൊരു കാരണം കൂടി ചേർത്തു വെക്കുന്നു.
എം ടി എന്ന രണ്ടക്ഷരം കൊണ്ട് മലയാള സാഹിത്യത്തിന്റെ എം ഡിയായിത്തീർന്ന സാഹിത്യ കുലപതിയുടെ പ്രിയപ്പെട്ട പുഴ.