മനുഷ്യത്വം
പണം കൊടുത്ത് വാങ്ങാൻ കിട്ടാത്തതിനാൽ, പാരമ്പര്യമായി കിട്ടിയിരുന്ന മനുഷ്യത്വം ഫ്രിഡ്ജിൽ വെച്ചിരുന്നു. ഇന്നത് എടുത്ത് നോക്കിയപ്പോൾ ആകെ മരവിച്ചിരിക്കുന്നു. മനുഷ്യത്വം മരവിച്ചപ്പോൾ അയാൾ ഒരു ഹിംസ്രജന്തുവിനെപ്പോലെ പുറത്തേക്കോടി. അങ്ങനെ ക്രൂര ഭൂരിപക്ഷത്തിൽ ഒരാൾ കൂടെ കൂടി.
റോബോട്ട്
ആരെയും വിശ്വാസമില്ലാത്തതിനാൽ അയാൾ ഒരു റോബോട്ടിനെ വിവാഹം ചെയ്തു. ഒരുനാൾ പരസ്പര വിശ്വാസത്തിൻറെ പ്രോഗ്രാം കോഡ് തെറ്റിയപ്പോൾ റോബോട്ട് അയാളെ വകവരുത്തി പുറത്തേക്കിറങ്ങി. തെരുവു മുഴുവൻ റോബോട്ടുകൾ ആയിരുന്നു.
സമാധാനം
ഓഫീസിൽനിന്ന് വീട്ടിലെത്തിയ അയാൾ സോഫയിൽ ഇരുന്നു റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു. ടിവിയിൽ മുഴുവൻ യുദ്ധ വാർത്തകൾ ആയിരുന്നു. അയാൾ പിറുപിറുത്തു. “ഈ ചാനലുകാർ എന്താ ഇങ്ങനെ? നല്ല പരിപാടി വെച്ചൂടെ ? അല്പം സമാധാനം കിട്ടാനാണ് ടിവി കാണുന്നത്. അതിലും ഇങ്ങനെ… “