പുരുഷന്മാരുടെ മാനസികാരോഗ്യത്തിലും ശ്രദ്ധവേണം

192
1

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചിന്തകനും എഴുത്തുകാരനുമായ ഡോ. എം.കുഞ്ഞാമന്റെ ആത്മഹത്യാ മരണം പുരുഷന്മാര്‍ക്കിടയിൽ വര്‍ധിച്ചു വരുന്ന ആത്മഹത്യാപ്രവണതയെ കുറിച്ചുള്ള ചര്‍ച്ചയും സജീവമാക്കി. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 70% പേരും പുരുഷന്മാരാണെന്ന കണക്ക് പുരുഷന്മാരുടെ മാനസികാരോഗ്യത്തിൽ സമൂഹം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്ന സന്ദേശം അടിവരയിടുന്നതാണ്.

വര്‍ധിച്ചു വരുന്ന പുരുഷ ആത്മഹത്യകളുടെ ഗൗരവം മനസ്സിലാക്കാൻ നാഷണൽ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2021,2022 വര്‍ഷങ്ങളിൽ രാജ്യത്തെ ആത്മഹത്യ ചെയ്തവരുടെ കണക്കൊന്ന് വിശകലനം ചെയ്യാം.

വര്‍ഷം ആകെ ആത്മഹത്യാ മരണം പുരുഷന്മാര്‍ സ്ത്രീകള്‍
2021 1,64,005 1,18,979 45,026
2022 1,70,924 1,22,724 48,172

കേരളത്തിന്റെ കണക്ക് പരിശോധിച്ചാലും സ്ഥിതിയിൽ മാറ്റമൊന്നുമില്ല. 2022ൽ 8,031 പുരുഷന്മാരും 2,129 സ്ത്രീകളുമാണ് ആത്മഹത്യ ചെയ്തത്. 2020നെ അപേക്ഷിച്ച് 2022ൽ പുരുഷ ആത്മഹത്യകളിൽ 22.24% വര്‍ധനവുണ്ടായപ്പോള്‍ സ്ത്രീകളിൽ 10.3% വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ.

പുരുഷന്മാരിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ പ്രവണത കാണിക്കുന്നത് 45 വയസ്സിന് മുകളിൽ ഉള്ളവരാണ്. വീടകങ്ങള്‍ക്കുള്ളിലെ ഒറ്റപ്പെടലാണ് പ്രായം കൂടിയവരുടെ ആത്മഹത്യാ പ്രവണതയ്ക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുരുഷന്മാരിൽ വര്‍ധിക്കുന്ന ആത്മഹത്യക്കുള്ള പ്രധാന കാരണങ്ങള്‍:

  • പുരുഷന്മാര്‍ കരയാനോ ചെറിയ പ്രശ്നങ്ങളിലൊന്നും സങ്കടപ്പെടാനോ പാടില്ല എന്ന മനോഭാവം സമൂഹത്തിൽ സൃഷ്ടിച്ചത് കാരണം പുരുഷന്മാര്‍ തങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും മറ്റുള്ളവരോട് തുറന്നു പറയാൻ മടിക്കുന്നു.
  • പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് തങ്ങളുടെ മാനസിക പ്രയാസങ്ങള്‍ തുറന്നു പറയാനുള്ള ഇടങ്ങള്‍ വളരെ കുറവാണ്.
  • ആത്മഹത്യയിലേക്കെത്തിക്കുന്ന പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് വിഷാദം (Depression). ഇത് തിരിച്ചറിയാതിരിക്കുകയോ വിദഗ്ധ സഹായം തേടാതിരിക്കുകയോ ചെയ്യുന്നത് ആത്മഹത്യയിലേക്കെത്തിക്കാം.
  • സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടപ്പെടൽ തുടങ്ങിയ കാരണങ്ങളാൽ ആത്മഹത്യ തെരഞ്ഞെടുക്കുന്നവരിൽ കൂടുതൽ പുരുഷന്മാരാണ്.
  • വീടുകളിൽ ഒറ്റപ്പെടൽ, കുടുംബ പ്രശ്നങ്ങള്‍, അസുഖങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളും ആത്മഹത്യ വര്‍ധിക്കാൻ കാരണമാകുന്നു.
  • പഠനം കഴിഞ്ഞയുടനെ നല്ല ജോലി നേടണമെന്ന സമ്മര്‍ദ്ദം പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. നല്ല ജോലി നേടുന്നതിൽ പരാജയപ്പെടുമ്പോള്‍ സമൂഹത്തിൽ നിന്ന് കേള്‍ക്കേണ്ടിവരുന്ന കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ആണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു.
  • ജോലിഭാരം, വേതനക്കുറവ്, തീരുമാനമെടുക്കാനുള്ള അധികാരം നൽകാത്ത ജോലിയിടങ്ങള്‍ എന്നിവയെല്ലാം സ്ത്രീകളെക്കാള്‍ കൂടുതൽ പുരുഷനിൽ സമ്മര്‍ദമുണ്ടാക്കും.
  • ലഹരി ഉപയോഗം കൂടുതൽ കാണപ്പെടുന്നത് പുരുഷന്മാരിലാണ്. ലഹരി ഉപയോഗം തലച്ചോറിലെ നാഡീ കോശങ്ങള്‍ പരസ്പരം ആശയവിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന സിറടോണിന്റെ അളവ് കുറയ്ക്കുന്നു. ഇത് വിഷാദത്തിന് കാരണമാകുന്നു.

പരിഹാരങ്ങള്‍:

  • പതിവായി വ്യായാമം ശീലിക്കുക.
  • വിഷാദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായാൽ വിദഗ്ധ സഹായം തേടാൻ വൈകുകയോ മടിക്കുകയോ ചെയ്യരുത്
  • ഇന്ത്യയിൽ നിലവിൽ മാനസികാരോഗ്യത്തിനോ ആത്മഹത്യാ പ്രതിരോധത്തിനോ ലഹരി വിമുക്തിക്കോ ചികിത്സ തേടുന്നതിന് ആരോഗ്യ ഇന്‍ഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. ഇവയെല്ലാം ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്നാൽ കൂടുതൽ പേര്‍ ചികിത്സ തേടും.
  • ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം.
  • ജോലിഭാരം കുറയ്ക്കുക, ജോലിക്കനുസൃതമായ കൂലി, ജീവനക്കാര്‍ക്ക് വിനോദോപാധികള്‍ ഒരുക്കുക തുടങ്ങിയ തൊഴിലാളി- സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

ലിംഗവ്യത്യാസമില്ലാതെ മനുഷ്യര്‍ അനുഭവിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ അഡ്രസ്സ് ചെയ്യുന്ന നിയമങ്ങളും ചികിത്സകളും മറ്റു സംവിധാനങ്ങളെല്ലാം ഒരുക്കാൻ ഭരണാധികാരികളും ഉത്തരവാദിത്തപ്പെട്ടവരും തയ്യാറാവേണ്ടതുണ്ട്. എന്നാൽ മാത്രമേ ആത്മഹത്യ എന്ന സാമൂഹ്യ പ്രശ്നത്തെ പരിഹരിക്കാൻ നമുക്ക് സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

One thought on “പുരുഷന്മാരുടെ മാനസികാരോഗ്യത്തിലും ശ്രദ്ധവേണം

  1. I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.