കോഴിക്കോട് കടൽ ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കവേ ഒരു ഉമ്മാന്റെ ശബ്ദം കേട്ടു. മനസ്സിനെ അലിയിപ്പിക്കുന്ന ഒരു ശബ്ദം. ഞാൻ ആ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. പർദ്ദ ഇട്ട ഒരു ഉമ്മ ആയിരുന്നു. ആ ഉമ്മാനെ ഞാൻ ഒന്ന് നിരീക്ഷിച്ചു.
ഉമ്മാന്റെ മുഖത്ത് എന്തോ സങ്കടം ഉള്ളത് പോലെ എന്റെ മനസ്സ് പറയാതെ പറഞ്ഞെങ്കിലും ഞാൻ അത് എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളോട് പറഞ്ഞതേ ഇല്ല. ഉമ്മ തിരക്ക് പിടിച്ചു ഉമ്മാന്റെ ലക്ഷ്യം നിർവഹിക്കുന്ന തത്രപാടിലാണ്. എല്ലാവരുടെയും അടുക്കൽ പോയി ഉമ്മ എന്തോ കൊടുക്കുന്നു അവർ ഉമ്മാക്ക് പൈസ നൽകുകയും ചെയ്യുന്നു. അപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഉമ്മാന്റെ കൈയിൽ ഉള്ളത് വിൽക്കുന്ന എന്തോ സാധനമാണ് എന്ന്..
ദുഃഖങ്ങൾ മറന്നു എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞ് ഒഴുകുന്ന വേളയിൽ ആയിരുന്നു.. അങ്ങനെ ഇരിക്കവേ യാണ് ഞാൻ നേരത്തെ കണ്ട ആ ഉമ്മാനെ കാണുന്നത് ..
കടലിന്റെ ഭംഗിയും കടൽ തീരത്തെ ഭംഗിയും ആസ്വാദിക്കുകയാണ് മറ്റുള്ളവർ. അവർ എന്നെ വിളിച്ചു റിയാസേ, നീ വരുന്നില്ലേ?, നീ ആരേയാണ് നോക്കുന്നത് എന്നുള്ള ദക്കുവാന്റെ ചോദ്യം കേട്ടപ്പോഴാണ് ആ ചിന്തയിൽ നിന്ന് ഞാൻ ഉണരുന്നത്. ഏയ്യ്, ഒന്നുമില്ലടോ എന്ന് പറഞ്ഞു അവന്റെ കൂടെ പോയി. തമാശകൾ പറഞ്ഞും കടലിന്റെ സൗന്ദര്യം ആസ്വാദിച്ചും ഇരിക്കുകയാണ് എല്ലാവരും, പക്ഷെ എന്റെ മുഖത്ത് പുഞ്ചിരി ഉണ്ടെങ്കിലും ഉള്ളിൽ എന്റെ ചിന്ത മുഴുവൻ നേരത്തെ കണ്ട ആ ഉമ്മാനെ കുറിച്ച് ആയിരുന്നു..എന്തിനാണ് ഈ പ്രായത്തിൽ അവർ ഇത്രയും കഷ്ട്ടപെടുന്നത് അങ്ങനെ കുറെ ചിന്തകളും ചോദ്യങ്ങളും മനസ്സിൽ അലയടിച്ച് കൊണ്ടേയിരുന്നു. ഞങ്ങൾ എല്ലാവരും കൂടി ഒരു സ്ഥലത്ത് ഇരുപ്പ് ഉറപ്പിച്ചു.. കളിച്ചും ചിരിച്ചും സമയം പോയതറിഞ്ഞില്ല. അങ്ങനെ
ദുഃഖങ്ങൾ മറന്നു എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞ് ഒഴുകുന്ന വേളയിൽ ആയിരുന്നു.. അങ്ങനെ ഇരിക്കവേ യാണ് ഞാൻ നേരത്തെ കണ്ട ആ ഉമ്മാനെ കാണുന്നത് …
ഉമ്മാന്റെ കൈയ്യിൽ ഒരു സാധനം ഉണ്ടായിരുന്നു അത് മറ്റുള്ളവർക്ക് കൊടുക്കുന്നു എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അത് മറ്റൊന്നുമല്ല കപ്പലണ്ടി ആയിരുന്നു. കപ്പലണ്ടി വിൽക്കുന്ന ഉമ്മയാണ്. അതിന് വേണ്ടി ആയിരുന്നു മറ്റുള്ളവരുടെ അടുക്കൽ പോയികൊണ്ടിരുന്നത്. ഉമ്മാന്റെ കൈയിൽ ഒരു ചെറിയ കവർ ഉണ്ട്.
അതിന്റെ ഉള്ളിലാണ് കപ്പലണ്ടി ഉള്ളത്. എന്റെ ഉള്ളിൽ പല ചോദ്യങ്ങളും കയറി കൂടി, എന്തിനായിരിക്കും ഈ ഉമ്മ ഈ കച്ചവടം ചെയുന്നത് അതും ഈ രാത്രി സമയത്തും.. എന്തായിരിക്കും ഉമ്മാന്റെ പ്രശ്നം. ഇങ്ങനെ ചിന്തിക്കവേ ഒരു ശബ്ദം… മനസ്സിൽ ഞാൻ കരുതിയത് പോലെ തന്നെ സംഭവിച്ചു.. ആ ഉമ്മ ഞങ്ങളുടെ അടുക്കലേക്കും വന്നു…
കേട്ട ശബ്ദം ഇതായിരുന്നു “മക്കളെ കപ്പലണ്ടി എടുക്കട്ടേ.. ” എന്റെ കൂടെ ഇരുന്നവർ പാട്ടുകൾ പാടുകയാണ് ആ ഉമ്മാന്റെ ശബ്ദം കേട്ടപ്പോൾ ആണ് എല്ലാവരും ഉമ്മാനെ ശ്രദ്ധിച്ചത്.. നിർഭാഗ്യം ആരുടെ കൈയിലും പൈസ ഇല്ലാ.. ഉമ്മ ഞങ്ങളുടെ മുഖങ്ങളിലേക്ക് മാറി മാറി നോക്കുകയാണ്.. ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള അബ്സം ഉമ്മാനോട് ചോദിച്ചു! ഉമ്മാ നിങ്ങൾക്ക് ഗൂഗിൾ പേ ഉണ്ടോ? ഉടൻ ആ ഉമ്മ പറഞ്ഞു: അതെ മക്കളെ,
എന്നാൽ ഉമ്മാ ഒരു പൊതി കപ്പലണ്ടി എടുത്തോ.. ഉമ്മ കൈയിൽ ഇരുന്ന കപ്പലണ്ടി കൊടുത്തു.. അബ്സം ചോദിച്ചു : ഉമ്മ ഗൂഗിൾ പേ നമ്പർ പറഞ്ഞു തരു… എന്റെ മകന്റെ നമ്പർ പറഞ്ഞു തരാമേ അതിൽ ആണ് ഗൂഗിൾ പേ.. ഉമ്മ കൈയിൽ ഇരുന്ന കവറിലേക്ക് കയ്യിട്ടു അതിൽ നിന്ന് മകന്റെ നമ്പർ ഉള്ള ഒരു പേപ്പർ കടലാസ് എടുത്തു… നമ്പർ പറഞ്ഞു ഉടൻ തന്നെ അബ്സം ആ നമ്പറിലേക്ക് പൈസ അയച്ചു..
ഉമ്മ ഒന്നും പറയാതെ വെറുതെ നിൽക്കുന്നു.. കുറച്ചു കഴിഞ്ഞു ഉമ്മ പറഞ്ഞത് കേട്ടപ്പോൾ ഞങ്ങൾക്ക് എല്ലാം വളരെ സങ്കടമായി..നിങ്ങൾ എല്ലാവരും എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം.. എന്ത് പറ്റി മോന്? കണ്ണുകൾ നിറഞ്ഞു കൊണ്ട് ആ ഉമ്മ പറയുകയാണ് എന്റെ മകന് കാൻസറാണ്… ദീർഘ നേരത്തെ നെടുവീർപ്പിന് ശേഷം ഉമ്മാന്റെ വിശേഷങ്ങൾ പറയാൻ തുടങ്ങി..

മക്കളെ എനിക്ക് ഒരു മകനും രണ്ടു പെൺ മക്കളും ആണ് ഉള്ളത്. പെൺ മക്കളുടെ വിവാഹം കഴിഞ്ഞു അവർ ഇപ്പൊ വിദേശത്ത് അവരുടെ ഭർത്താവിന്റെ കൂടെ ജീവിക്കുന്നു..എന്റെ ഭർത്താവ് 2 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു, ഇപ്പൊ എനിക്ക് ഉള്ളത് എന്റെ ഈ ഒരു മകൻ മാത്രം മാണ്. ഈ മോന് വേണ്ടി ആണ് ഞാൻ ഇപ്പൊ ജീവിക്കുന്നത്.. “ഉമ്മ മക്കൾ സഹായിക്കാറില്ലേ ” എന്ന് എന്റെ സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചപ്പോൾ ആ ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു.. മക്കളെ, ഒരു സമയത്ത് മക്കൾക്ക് മാതാപിതാക്കൾ എന്ന് പറഞ്ഞാൽ ജീവൻ ആയിരിക്കും. എന്നാൽ അവർക്ക് സ്വയം പ്രാപ്തി ആയാൽ ചെറുപ്പത്തിൽ ഉള്ള സ്നേഹം ഒന്നും ഉണ്ടാവില്ല എന്ന തിരിച്ചറിവ് എന്നെ ഒരുപാട് തളർത്തി… മക്കളുടെ ഉപ്പ നല്ല നിലക്കാണ് അവരെ വിവാഹം ചെയ്ത് അയച്ചത്, എന്നാൽ വിവാഹത്തിന് ശേഷം അവർക്ക് ഭർത്താവ് പറയുന്നത് മാത്രമായി അവരുടെ വേദവാക്കുകൾ , ഒരു വട്ടം അവർ വീട്ടിലേക്ക് വന്നത് അവരുടെ സ്വത്തു വീഹിതം ആവശ്യപ്പെട്ടുകൊണ്ടാണ്.. ആ ഒരു വേദന മക്കളുടെ ഉപ്പാക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു… അങ്ങനെ വീട്ടിൽ ഇടക്ക് ഇടക്ക് വഴക്കുകൾ ഉണ്ടാവാൻ തുടങ്ങി. അവസാനം ഉണ്ടായിരുന്ന സ്വത്തിൽ നിന്ന് 2 പെൺ മക്കൾക്കും വീട് ഇളയ മകനും എഴുതി കൊടുത്തു.. അന്ന് അതും വാങ്ങി പോയതാ പിന്നെ അവർ വന്നത് അവരുടെ ഉപ്പ മരണപെട്ടപ്പോൾ ആണ്.. പിന്നെ ഇതു വരെ ഒന്ന് വിളിക്കുകയോ വന്നു അനേഷിക്കുകയോ ചെയ്തില്ല.. മോന് കാൻസർ ആണ് എന്നുള്ള വിവരം പറഞ്ഞപ്പോൾ അവർ കുറച്ചു പൈസ അയച്ചു തന്നിട്ട് പറഞ്ഞു വീട് വിറ്റു അവനെ ചികിൽസിക്കാൻ.. ഇപ്പൊ ഞങ്ങൾ താമസിക്കുന്നത് വാടകവീട്ടിലാണ്. മകന്റെ അസുഖത്തിന്റെ ആവിശ്യത്തിന് വേണ്ടി വീട് വിറ്റു.. ഇപ്പൊ മകന് ആഴ്ചയിൽ തന്നെ നല്ല ഒരു പൈസ ആവിശ്യമായി വരുന്നുണ്ട്. ഇപ്പൊ ഇത് വിറ്റു കിട്ടുന്ന പൈസ കൊണ്ട് ആണ് ജീവിക്കുന്നത്.. പകൽ സമയത്ത് തൊഴിലുറപ്പിനും പോകും അത് ഇല്ലാത്ത ദിവസം ഒരു വീട്ടിൽ ജോലിക്കും പോകും അങ്ങനെ ആണ് ഞങ്ങൾ ജീവിക്കുന്നത്. മകന് ഇപ്പൊ എത്ര വയസായി ഉമ്മ എന്ന് അസ്‌ലം ചോദിച്ചു. അപ്പോൾ ഉമ്മ പറഞ്ഞു ഈ മാസം അവന് 22 വയസ്സ് പൂർത്തി ആവും.. അത് കേട്ടപ്പോൾ വീണ്ടും സങ്കടം. നമ്മുടെ അതെ പ്രായം അല്ലേയുള്ളൂ! എന്ന് ഞാൻ സ്വയം ചിന്തിച്ചു.. നിങ്ങളെ കണ്ടപ്പോൾ എന്തോ ഒരു മനസിന് ആനന്ദം കിട്ടിയപോലെ മക്കളെ എന്നുള്ള ഉമ്മാന്റെ വാക്ക് കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം പടർന്നു. എന്നാൽ ഞാൻ അങ്ങോട്ട് പോകട്ടെ മക്കളേ.. എന്ന് പറഞ്ഞു ഉമ്മ ഞങ്ങളുടെ മുമ്പിലൂടെ നടന്ന് നീങ്ങി.. കൈയിൽ ഉള്ള കപ്പലണ്ടി വിറ്റു കഴിഞ്ഞു വേണം ആ ഉമ്മാക്ക് വീട്ടിൽ പോകാൻ. വീണ്ടും ആ ഉമ്മ, ഉമ്മാന്റെ ലക്ഷ്യനിർവഹണത്തിനായി നീങ്ങി…