ഇസ്ലാം വിമർശനാതീതമൊന്നുമല്ല… വിമർശനമാകാം. പക്ഷെ ആ വിമർശനത്തിൽ മിനിമം നിലവാരമുണ്ടാകണം എന്ന് വിമർശിക്കപ്പെടുന്നവർ ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ലല്ലോ.
മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന കേരളത്തിലെ പല ഭാഗങ്ങളിൽ നടന്നു വരുന്നു. അതിനെ ട്രോളുകയും പരിഹസിക്കുകയും ചെയ്തു കൊണ്ട് നാസ്തികർ സജീവമാണ്.
“മഴ ഉണ്ടാകുന്നത് എങ്ങനെയാണെന്ന് കണ്ടെത്തിയിട്ടും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മഴക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് വിഡ്ഢിത്തം അല്ലേ?” എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. സത്യത്തിൽ ഈ ചോദ്യത്തിന് തന്നെ യാതൊരു അടിസ്ഥാനവും ഇല്ല.
കാരണം മഴ ഉണ്ടാകുന്നതിന്റെ ശാസ്ത്രീയമായ കാരണങ്ങളെ നാളിതുവരെ ഒരു ദൈവവിശ്വാസിയും നിരാകരിച്ചിട്ടില്ല. എന്നാലോ, മഴയുണ്ടാകുന്ന വ്യവസ്ഥാപിതമായ പ്രക്രിയയുടെ കണ്ടെത്തൽ ദൈവവിശ്വാസിയുടെ ദൈവത്തിലുള്ള വിശ്വാസം കൂടുതൽ ദൃഢമാക്കുകയാണ് ചെയ്തത്.

മാത്രമല്ല, മഴ എന്ന ഭൗതിക പ്രതിഭാസം സംഭവിക്കാൻ ഭൗതികമായ പല കാര്യകാരണങ്ങൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. എന്നാൽ ഈ കാര്യകാരണങ്ങൾക്ക് പിന്നിൽ ഒരു സ്രഷ്ടാവ് ഉണ്ടെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അത് ശാസ്ത്രവിരുദ്ധമാകുമോ? ഒരിക്കലുമില്ല. കാരണം അത് ശാസ്ത്രം എന്ന പഠനശാഖയുമായി ബന്ധപ്പെട്ട ഒരു വിഷയമേ അല്ല. ശാസ്ത്രം കണ്ടെത്തിയ വസ്തുതകളെ നിരാകരിക്കുന്നതുമല്ല.
മഴ, കാറ്റ്, മിന്നൽ, പ്രളയം, സൂര്യതാപം തുടങ്ങി ലോകത്തെ ഭൗതിക പ്രതിഭാസങ്ങൾക്കെല്ലാം കാര്യകാരണ ബന്ധങ്ങൾ ഉണ്ടാകും. അവ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുക എന്നതാണ് ശാസ്ത്രം ചെയ്തു വരുന്നത്. എന്നാൽ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ സാധിക്കാത്ത വസ്തുക്കളെയോ പ്രതിഭാസങ്ങളെയോ പറ്റി പറയാൻ സയൻസിനു പരിധിയും പരിമിതികളുമുണ്ട്. കാരണം അവ ശാസ്ത്രം എന്ന പഠന ശാഖക്ക് പുറത്തുള്ള വിഷയമാണ്. അത് അഡ്രെസ്സ് ചെയ്യാൻ എപ്പിസ്റ്റമോളജിയിൽ മറ്റു പഠന ശാഖകൾ കൂടിയുണ്ടെന്ന സാമാന്യ ബോധം നാസ്തികർക്ക് ഉണ്ടാകേണ്ടതുണ്ട്.