വെഞ്ഞാറംമൂട് കൂട്ടക്കൊലപാതകം മനുഷ്യത്വമുള്ള എല്ലാവരെയും മരവിപ്പിച്ചു കളയുന്നുണ്ട്. അനിയനും വല്യുമ്മയും പിതൃസഹോദരനും അദ്ദേഹത്തിൻ്റെ ഭാര്യയും ഉൾപെടെ ആത്മബന്ധമുള്ള ഉടപ്പിറപ്പുകളെ നിഷ്കരുണം കൊന്നു തള്ളാൻ ഒരു ഇരുപത്തിമൂന്നുകാരന് എങ്ങിനെ സാധിക്കുന്നു?!. വിശ്വസിച്ചു കൂടെ വന്ന പെൺകുട്ടിയെയും ക്രൂരമായി ചതിച്ചു കൊന്നു. കാൻസർ ചികിത്സയിൽ കഴിയുന്ന സ്വന്തം മാതാവിനെയും വകവരുത്താൻ തന്നെയാണ് അവൻ ശ്രമിച്ചത്!. അവർക്ക് അൽപം കൂടി ആയുസ്സുള്ളതിനാൽ മൃതപ്രായമായി ആശുപത്രിയിലായി എന്നു മാത്രം!.
കേരളീയരായ നമുക്കും നമ്മുടെ സമൂഹത്തിനും വിദ്യാഭ്യാസവും സാംസ്കാരിക ബോധവും ധർമ്മചിന്തയുമുണ്ടെന്നാണ് നാം കരുതി വരുന്നത്. ബന്ധങ്ങളുടെ പവിത്രതയിലും പരസ്പര സ്നേഹത്തിലും രാജ്യത്തെ മറ്റു സംസ്ഥാനക്കാർക്ക് മാതൃകയാണെന്ന് നാം സ്വയം അഭിമാനിക്കുകയും ചെയ്യുന്നു. പക്ഷെ, അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങൾ ഈ ധാരണകളെയെല്ലാം വെറും ജലരേഖയാക്കി മാറ്റുകയാണ് ചെയ്യുന്നത്. അവിശ്വസനീയമായ കാര്യങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാരണങ്ങൾ പലതിലേക്കും വ്യാപിച്ചു കിടക്കുന്നുണ്ട്.
മദ്യം, മയക്കുമരുന്ന്, സിന്തറ്റിക് ഡ്രഗുകളുടെ വ്യാപനം, സാമ്പത്തിക രംഗത്തെ കുത്തഴിഞ്ഞ സമീപനങ്ങൾ, കൺസ്യൂമറിസം, വഴിവിട്ട ബന്ധങ്ങൾ, മൂല്യച്യുതിയെ ആഘോഷമാക്കുന്ന ലിബറലിസം, സ്നേഹരാഹിത്യം, ധർമ്മബോധത്തിന് യാതൊരു പരിഗണനയുമില്ലാത്ത വിദ്യാഭ്യാസ രീതിയും സാമൂഹിക വ്യവസ്ഥയും, വയലൻസ് മാർക്കറ്റ് ചെയ്യുന്ന സിനിമകളും ഗൈമുകളും, കൃത്യമായ ശിക്ഷാ രീതികളുടെ അഭാവം, ദുസ്വാധീനങ്ങളിൽ അലിഞ്ഞില്ലാതാകുന്ന ഭരണകൂട നിയമങ്ങളും കുത്തഴിഞ്ഞ നിയമ പരിപാലനവും… അങ്ങിനെ നീളുന്നു കാരണങ്ങളുടെ പട്ടിക. ഓരോന്നും വിശകലന പ്രാധാന്യമുള്ളതാണ്.
ഉദാഹരണമായി വയലൻസ് തന്നെയെടുക്കാം. കാണാൻ കഴിയാത്ത അത്രയും ക്രൂരമായ രംഗങ്ങൾ കുത്തി നിറച്ചാണ് കഴിഞ്ഞ ഡിസമ്പറിൽ പുറത്തിറങ്ങിയ മാർക്കോ എന്ന ചിത്രം നമ്മുടെ നാട്ടിൽ പ്രദർശനത്തിനെത്തിയത്. കഥാതന്തുവുമായി യാതൊരു ബന്ധവുമില്ലാഞ്ഞിട്ടും മാരകമായ
അനേകം അക്രമരംഗങ്ങൾ ഉൾപ്പെടുത്തിയ സിനിമയാണിത്. ഇത്തരത്തിലുള്ള ഒരു ചിത്രം കുട്ടികളെ കൂടി കാണിക്കുന്ന രീതിയി ലാണ് പ്രദർശനം നടത്തുന്നത് എന്നോർക്കണം. ഇത് കുറ്റകരമാണെന്ന് കാണിച്ച് കെപിസിസി അംഗം അഡ്വ ജെഎസ് അഖിൽ ഉൾപെടെയുള്ളവർ ചിത്രത്തിനെതിരെ പരാതി നൽകിയിരുന്നു.
സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും നൽകിയ ഈ പരാതിയിൽ എന്തെങ്കിലും നടപടി ഉണ്ടായതായി അറിവില്ല.
മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വയലൻസുള്ള ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ മാർക്കോ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുകയുണ്ടായി!!!. ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദൻ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രത്യേക പോസ്റ്ററിലൂടെ ഇക്കാര്യം ആഘോഷമാക്കി അറിയിച്ചിരുന്നു. ഇതൊക്കെ കാണുന്നവരിൽ അധികവും കൗമാരക്കാരും യുവാക്കളുമാണ് എന്നോർക്കണം. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് ഈ സിനിമ റിലീസായത്!. അക്രമങ്ങളും ക്രൂരതയും ജനകീയ വൽക്കരിക്കുന്നതിൽ ഇത്തരം ഉരുപ്പടികൾക്ക് വളരെ വലിയ പങ്കുണ്ട്.
വയലൻസ് ശർദ്ദിക്കുന്ന സിനിമകളും ഗൈമുകളും കൗമാരക്കാരുടെ മസ്തിഷ്കത്തിലുണ്ടാക്കുന്ന വിക്ഷോപങ്ങൾ അത്യന്തം അപകടകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന prefrontal cortex പൂർണ്ണവളർച്ച എത്താത്ത പ്രായത്തിൽ വയലൻസുള്ള ദൃശ്യങ്ങൾ കാണുന്നവർക്ക് ആഗ്രസീവ് ചിന്തകളെ നിയന്ത്രിക്കാൻ പറ്റാതാവുന്നു എന്നത് ഇതിനുദാഹരണമാണ്. മയക്കുമരുന്നുകളും സെക്സും വയലൻസും വിറ്റ് തടിച്ചു കൊഴുക്കുന്ന മാഫിയക്കൂട്ടങ്ങളുടെ വേരുകൾ ചെന്നെത്തുന്നത് രാഷ്ട്രീയ മേലാളന്മാരുടെയും അധികാരം കയ്യാളുന്ന വരുടെയും അന്തപുരങ്ങളിലാണ് എന്നോർക്കണം. എല്ലാ തിന്മകൾക്കും പരോക്ഷമായ ഗുണഭോക്താക്കളും സംരക്ഷകരുമുണ്ട്. ഇതാണ് നമ്മുടെ പ്രശ്നം.
കുറ്റകൃത്യങ്ങളിലെ പ്രതികളെ കാലവിളംബം കൂടാതെ മാതൃകാപരമായി ശിക്ഷിക്കുന്നതിൽ നമ്മുടെ നിയമ വ്യവസ്ഥകൾ പരാജയമാണ് എന്നതും ഒരു പ്രധാന പ്രശ്നമാണ്.
സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായ കളമശ്ശേരി സ്ഫോടന കേസ് ഏറ്റവും പുതി ഉദാഹരണമായി നമ്മുടെ മുമ്പിലുണ്ട്. കളമശ്ശേരിയിലെ സംറ കൺവെൻഷൻ സെന്ററിൽ യഹോവാ സാക്ഷികളുടെ പ്രാർഥനാസ്ഥലത്തുണ്ടായ സ്‌ഫോടനത്തിൽ പന്ത്രണ്ട് വയസുള്ള പെൺകുട്ടിയടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. പ്രതി ഡൊമിനിക് മാർട്ടിൻ്റെ പേരിൽ യു എ പി എ ചുമത്താൻ പോലും അന്ന് സർക്കാർ അനുമതി നൽകിയില്ല. എത്രയെത്ര ഉദാഹരണങ്ങൾ…
ധർമ്മനിഷ്ഠ, മൂല്യബോധം, ജീവിതത്തിലെ ചിട്ടകൾ, ആത്മ സംസ്കരണം എന്നൊക്കെ പറയുന്നവരോട് തന്നെ ഇന്ന് പലർക്കും പുഛമാണ്.
ആധുനികതയുടെ ആർത്തിക്കും ബഹളത്തിനും കുത്തൊഴുക്കിനുമിടയിൽ മനുഷ്യത്വവും മൂല്യങ്ങളും തിരിച്ചു പിടിക്കാൻ ഒത്തൊരുമിച്ചുള്ള മുന്നേറ്റം മാത്രമാണ് ഇത്തരം ദുരന്തങ്ങൾക്കുള്ള പരിഹാരം എന്നോർക്കണം.