മത ഇന്ത്യയുടെ ചരിത്രവായന

531
2

‘ഇന്നലെയും ഇന്നും നാളെയും ഇവയെല്ലാം സംഭവിച്ചത് ഇന്ത്യയിലാണ്’
എന്തുകൊണ്ടാണ്, എങ്ങനെയാണ്, ഏതു സാഹചര്യങ്ങൾ കൊണ്ടാണ്, ഇന്ത്യൻ മതചരിത്രങ്ങൾ പല താളുകളിലും തമ്മിലടിപ്പിക്കുന്നത്?.
മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും മതമില്ലാത്ത കമ്മ്യൂണിസ്റ്റുകാരനും അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് മേൽ സൂചിപ്പിച്ച ചോദ്യങ്ങളുടെ ഉത്തരം.
ഇന്ത്യൻ ഭൂതകാല മതചരിത്രങ്ങളെ രാജാക്കന്മാർക്ക് വേണ്ടി ചിത്രീകരിച്ചവ മാറ്റിനിർത്തിയാൽ ബാക്കിയുള്ളതെല്ലാം ഒരുപക്ഷേ യാഥാർത്ഥ്യമായേക്കാം. എന്നാൽ കൊട്ടാര ചരിത്രകാരന്മാർ നിർമ്മിച്ചതല്ലാത്ത ചരിത്രങ്ങൾക്ക് പ്രാബല്യ മൂല്യം ഉണ്ടായിട്ടുമില്ല. പല ചരിത്രങ്ങളെയും ഇസ്ലാമിന്റെ എന്നല്ല മറ്റു ഏതു മതക്കണ്ണുകളിലൂടെ നോക്കിയാലും സങ്കടം മാത്രമാണ് പ്രതിഫലിക്കുക. മത നാമധാരികളായ ഭരണാധികാരികൾ ഭൂരിഭാഗം എന്നല്ല എല്ലാവരും ലക്ഷ്യമാക്കിയത് തന്റെ സാമ്രാജ വികസനങ്ങൾ മാത്രമായിരുന്നു. മുസ്ലിം നാമധാരിയായിരുന്ന മുഹമ്മദ് ഗസ്നി എന്ന പ്രസിദ്ധ ഭരണാധിപൻ തന്റെ ഭരണവികസനത്തിനുവേണ്ടി തകർത്തത് നിരവധി വിഗ്രഹങ്ങളും ക്ഷേത്രങ്ങളുമായിരുന്നു. എന്നാൽ സങ്കടം പ്രവാചകനിലും പുനർജന്മത്തിലും അവിശ്വസിക്കുന്ന ഈ വ്യക്തിയെ കൊട്ടാര ചരിത്രകാരന്മാർ തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കണ്ട് മുസ്ലിമായി ചിത്രീകരിക്കുന്നു. ഇതിലൂടെ മുസ്ലിം എന്ന മതവികാരം പൊതു മനങ്ങളിൽ വികൃതമായിത്തീരുന്നു.

മറുപുറത്തും ഹർഷ, ജയപാലൻ, ശങ്കരൻ എന്നിവർ ഭരണ വളർച്ചയ്ക്ക് യഥേഷ്ടം പള്ളികളും ക്ഷേത്രങ്ങളും നശിപ്പിച്ചിരുന്നു. ഇവരുടെയും കൊട്ടാര ചരിത്ര താളുകളിൽ ഇവരും ഹിന്ദുമതക്കാരാണ്. ഇങ്ങനെ സ്വന്തത്തെ വിന്യസിപ്പിക്കുന്ന ഒരു പക്ഷവും മറുപുറത്ത് ഹിന്ദുവിൽ നിന്ന് ബുദ്ധമതത്തിലേക്ക് ചേക്കേറിയ അശോകൻ താൻ ധർമ്മ രാജാവായി കൊത്തിവെപ്പിക്കുന്നു. എത്ര സഹോദരങ്ങളെയാണ് അദ്ദേഹം ഇല്ലായ്മ ചെയ്തത് എന്ന ചരിത്രം സംസാരിക്കുന്നില്ല. മറിച്ച് ഇവിടെ ചരിത്രം സംസാരിക്കുന്നത് ഔറംഗസീബിന്റെ ദുഷ് ചെയ്തികൾ മാത്രമായി ചുരുക്കപ്പെടുകയാണ്. ഒരു പുറം വൃത്തിയാക്കി മറുപുറം വൃത്തികേടാക്കുന്നു എന്ന് സാരം.

ഒരുപക്ഷേ ഈ ഒരു സാഹചര്യം തീർച്ചയായും വർത്തമാന ഇന്ത്യയുമായി കൂട്ടി വായിക്കാൻ കൂടുതൽ പ്രാപ്തമാകുന്നതാണ്. ഭരണാധിപൻ സ്വന്തം സമുദായത്തിന്റെ തെറ്റുകൾ പച്ചയായി ന്യായീകരിക്കുന്നു. അതിനോട് കൂടെ മറ്റു സമൂഹങ്ങളുടെ മറ്റു മതങ്ങളുടെ ചെറിയ തെറ്റുകൾ പോലും ഭീമമായി ചിത്രീകരിക്കുന്നു. ഇത്തരം അന്യായങ്ങൾ അന്ന് കൊട്ടാരകവികൾ രേഖപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ചില സാമൂഹിക മാധ്യമങ്ങളായി എന്ന ചെറിയ വ്യതിയാനം മാത്രമാണ് സംഭവിച്ചത്.

ഹിന്ദുമതത്തെ ജീവിതത്തിൽ പ്രാപ്തമാക്കാതെ കൊട്ടാര ചരിത്രകാരന്മാർ ഹിന്ദുവായി ചിത്രീകരിച്ച രാജാക്കന്മാരും യഥേഷ്ടം മുസ്ലിമായി അവതരിപ്പിച്ച രാജാക്കന്മാരും തങ്ങളുടെ സാമ്രാജ വികസനത്തിന് വേണ്ടി “മതം” എന്ന ലക്ഷ്യമില്ലാതെ നടത്തിയ പ്രശ്നങ്ങളെ വർത്തമാനകാലത്തെ ഇന്ത്യൻ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ നിരവധി ആധുനിക ചരിത്രകാരന്മാർ തുനിയുന്നുണ്ട്. എന്നാൽ ഇവരുടെ ലക്ഷ്യം ചരിത്ര പ്രസിദ്ധീകരണമാണെന്ന് പറയാൻ പ്രയാസമാണ്. ഹിന്ദുത്വ രീതികൾക്ക് മൂല്യം ഉയർത്തി പിടിച്ച മധ്യകാല ഹിന്ദുവും വർത്തമാന ഹിന്ദുവും വലിയ വ്യത്യാസങ്ങളുണ്ട്.

മധ്യകാലത്ത് രാജ,റാവു, റാണ,റായി, സമീന്ദർമാർമാർ എന്നിങ്ങനെയുള്ള ഉന്നത കുല ജാതകരെയാണ് ഹിന്ദുവായി കണക്കാക്കിയിരുന്നത്. പാവപ്പെട്ട ഹിന്ദു ജനങ്ങളെ ശുദ്രന്മാരായി മുദ്രകുത്തിപ്പിക്കലായിരുന്നു വരേണ്യ വർഗ്ഗക്കാരുടെ നിരന്തര ശ്രമങ്ങൾ. ഈ താഴ്ന്ന വിഭാഗക്കാർക്ക് സുൽത്താൻ മുകൾ ഭരണങ്ങൾ വളരെ അനുഗ്രഹമായിരുന്നു. മുസ്ലിമായി അവർ രക്ഷപ്പെട്ടു. ഈ കാരണങ്ങൾ കൊണ്ടാണ് പല ചരിത്ര വായനക്കാരും ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലിങ്ങളും പുറത്തുനിന്ന് കുടിയേറിയവരല്ല എന്ന സംസാരം ഉപയോഗിച്ചത്. എന്നാൽ ഈ സാഹചര്യത്തിലും ഉണങ്ങിയ മുറിവിൽ ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു ദേശീയ ചരിത്രകാരന്മാർ.

സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ നമുക്കറിയാം. ഇദ്ദേഹത്തെ ചരിത്രം മതപ്രാന്തനാക്കി രേഖപ്പെടുത്തുന്നു. ചെയ്ത തെറ്റ് നിസ്സാരമാണ്. നേരത്തെ നാം സംസാരിച്ച ശുദ്രരർക്ക് അല്പം നീതി നൽകി അഥവാ അവരെ ചൂഷണം ചെയ്തിരുന്ന സമീന്ദർമാരെ അദ്ദേഹം രാജ്യ പട്ടികയിൽ നിന്ന് പുറത്താക്കി.ഒരിക്കലും ഇത് ജാതിയുടെ പേരിലായിരുന്നില്ല. മറിച്ച് നീതി മാത്രമായിരുന്നു ലക്ഷ്യം. കാരണം അലാവുദ്ദീൻ മുസ്ലിം നാമധാരി മാത്രമായിരുന്നു എന്ന് സമകാല ചരിത്രകാരൻ സിയാഉദ്ദീൻ ബറനി തന്റെ രചനയുടെ പല ഭാഗങ്ങളിൽ സംസാരിക്കുന്നുണ്ട്.

ഇസ്ലാം ഇന്ത്യയിൽ കൂടുതൽ വികസിതമായ കാലമാണല്ലോ മധ്യകാലഘട്ടം. ഈ കാലഘട്ടം മതഭ്രാന്തിന്റെ കാലഘട്ടം എന്നാണ് ഹിന്ദുത്വ സമുദായികവാദികളുടെ വാദം. എന്നാൽ അങ്ങനെ പറയുന്നത് തികച്ചും അസംബന്ധമാണ് എന്ന് പറയുന്ന ചരിത്രകാരന്മാരും രംഗത്തുണ്ട്. പക്ഷേ രണ്ടു വാദങ്ങൾക്കും തെളിവ് കൊട്ടാര ചരിത്രമായതുകൊണ്ട് രണ്ടിനും പ്രസക്തി മുറ്റുപോകുന്നു എന്നതാണ് യാഥാർത്ഥ്യം. ആ കാലഘട്ടം ഉൾപ്പെടെ നിരവധി വർഷങ്ങൾ മുസ്ലിം ഭരണം ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് നാം വായിക്കുമ്പോൾ അതിനോട് കൂട്ടുപിടിക്കേണ്ട ചില വസ്തുതകളുണ്ട്. പ്രധാനമായും ഒരിക്കലും ഇസ്ലാമിക ഭരണത്തിന്റെ തുടർച്ചയായി ഇന്ത്യയിലെ മുസ്ലിം ഭരണത്തെ കണക്കാക്കാൻ കഴിയില്ല. കാരണം വളരെ ലളിതമാണ് പ്രവാചകരുടെയും ആദ്യകാല ഖലീഫമാരുടെയും ഭരണ ലക്ഷ്യങ്ങൾ സ്വതന്ത്രവും, സമത്വവും,സാഹോദര്യവും, നീതി തുല്യതയും, സ്ഥാപിക്കലായിരുന്നെങ്കിൽ പിൽക്കാലങ്ങളിൽ ഇന്ത്യയിൽ അരങ്ങേറിയത് ഇസ്ലാം എന്ന ബോർഡ് മുന്നിൽ തൂക്കിയിട്ട് തങ്ങളുടെ സാമ്രാജ്യത്വ വികസനമാണ് ലക്ഷ്യം വെച്ചിരുന്നത്. ചുരുക്കി വായിച്ചാൽ ഇസ്ലാം അല്ല ലക്ഷ്യമാക്കിയത് സാമ്രാജ്യമാണ് ലക്ഷ്യമാക്കിയിരുന്നത്. ഈ വ്യക്തമായ ഉത്തരം പല സ്രോതസ്സുകളിൽ നിന്നും ലഭിച്ചിട്ടും എന്തുകൊണ്ട് ആ കാലഘട്ടത്തെ മതഭ്രാന്തിന്റെ കാലമായി ചിത്രീകരിക്കുന്നു? എന്ന ചോദ്യത്തിന് ഉത്തരം ആവർത്തിയാണ് കൊട്ടാര ചരിത്രകാരന്മാരെ അമിതമായി ആധുനിക ചരിത്രകാരന്മാർ ആശ്രയിച്ചു എന്നതാണ് പ്രശ്നം.

പാശ്ചാത്താപത്തെ മറക്കപ്പുറത്ത് വെച്ചാൽ അശോക ചക്രവർത്തി സ്റ്റേറ്റിന്റെ പണം വിനിയോഗിച്ചാണ് തന്റെ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നത്. എന്നിട്ടും അദ്ദേഹം ചരിത്രത്താളുകളിൽ ‘മാന്യനും,മഹാനായി’. എന്നാൽ അത്രയൊന്നും മോശമായ കാര്യങ്ങൾ ചെയ്യാത്ത തുർക്കി മുഗൾ ചക്രവർത്തിമാരെ നാം വായിച്ച ചരിത്രങ്ങളിൽ മതഭ്രാന്തന്മാരായും, ഹിന്ദു വിരോധികളയും മുദ്ര വെച്ചവരായിട്ടാണ്. ഈ ചരിത്രങ്ങൾ തന്നെ നമ്മോട് സംസാരിക്കുകയാണ് ഇത് കൊട്ടാരക്കഥകൾ മാത്രമാണ് സൂക്ഷിക്കണമെന്ന്.

ഇങ്ങനെയെല്ലാം വിലയിരുത്തിയെങ്കിലും അക്കാലത്ത് വർഗീയത എന്ന ആശയത്തിന് ഉടലെടുത്തിട്ടുണ്ട്.കാരണം പിൽക്കാലങ്ങളിൽ നിർമ്മിതമായ ദേശീയതയുടെ നിലനിൽപ്പിന് ഹിന്ദുമതത്തിന്റെ സഹായം അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് മത വർഗീയ വികാരങ്ങൾ നിർമ്മിക്കാൻ നിരവധി നേതാക്കളും പല പൊതുജനങ്ങളും ശബ്ദമുയർത്തിയിരുന്നു. ഈ സമയം മുതലെടുത്താണ് അവർക്ക് പിൻബലമായി ഇന്ത്യയെ കറവ പശുവാക്കിയ ബ്രിട്ടീഷുകാർ ചരിത്രത്തെ ഹിന്ദു മുസ്ലിം സംഘട്ടനങ്ങളുടെ കഥയാക്കി അവതരിപ്പിച്ച് ഹിന്ദുക്കൾ എല്ലായിടത്തും മർദ്ദിതരും മുസ്ലിങ്ങൾ മർദ്ദകരുമായി വ്യാഖ്യാനിച്ച് അവസരം മുതലെടുത്ത്.

ഈ വ്യാഖ്യാനം നാം നേരത്തെ പരിചയപ്പെട്ട ഹിന്ദുമത സാമുദായിക വാദികൾക്ക് ഏറെ ഇഷ്ടപ്പെട്ടു.ഇതിനെ അവർ പൂർണമായും ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചാരണ വിജയത്തിൽ മുഴുവൻ ക്രെഡിറ്റും അവർക്ക് തന്നെ നൽകേണ്ടിവരും. ഈ സാഹചര്യങ്ങളിലാണ് ബ്രിട്ടീഷ് ഭരണക്കാർ ഹിന്ദുമതത്തെ ആയുധമാക്കി സ്വീകരിച്ച് ഭരണ ശത്രുക്കളായ മുസ്ലിമീങ്ങളെ ഏത് വിധേനയും ജന മധ്യത്തിൽ താറടിച്ചു കാണിക്കുക എന്ന ലക്ഷ്യവിജയത്തിലേക്ക് ചെന്നെത്തിയത്. മൗഢ്യമായ ഈ കെണിയിലൂടെയാണ് ടിപ്പുവും ഔറംഗസേബും അന്നത്തെ മുസ്ലിം ലീഗും ഇന്ത്യൻ വർഗീയതയുടെ പട്ടികയിൽ സ്ഥാനം ലഭിച്ചത്. എന്നാൽ ഈ സംഭവത്തിൽ സങ്കടമെന്നു പറയട്ടെ തുടർന്നുള്ള ആധുനിക ചരിത്ര പഠനക്കാരുടെ ചരിത്ര സഞ്ചാരങ്ങളിൽ അവരുടെ കണ്ണുകൾ പല ആവർത്തി ആ താളുകളിലൂടെ സഞ്ചരിച്ചു ഇവ തന്നെയാണ് യാഥാർത്ഥ്യമെന്ന് ധരിച്ചു എന്നതാണ്.

അങ്ങനെ ഇന്ത്യയിലെ ദേശീയത വളരാൻ തുടങ്ങി. ദേശീയതയുടെ വളക്കൂറിൽ വർഗീയതയും സാമുദായികത്വവും വളർന്ന് പന്തലിച്ചു.ഇന്ത്യയിലെ ദേശീയ ചരിത്രകാരന്മാർ ഹിന്ദു വർഗീയതയും പാക്കിസ്ഥാനി ചരിത്രകാരന്മാർ മുസ്ലിം വർഗീയതയും ഔദ്യോഗികമായി തന്നെ മടിയിലിട്ട് താലോലിച്ചു. ഈ രാജ്യ വിഭജനം നടക്കുന്നത് ബ്രിട്ടീഷ് ഭരണ കാരണങ്ങളാണെന്ന് നാം വായിക്കുമ്പോൾ മനസ്സിലാക്കുക അതിന്റെ അടിവേരുകൾ മുളക്കുന്നത് മുഹമ്മദ് ബിൻ കാസിം എന്ന വർഗീയവാദിയുടെ തലച്ചോറിന്റെ ഉച്ചിയിൽ നിന്നാണ്. ഇന്ത്യ പാക്ക് ചരിത്രങ്ങളെ ഒരുപോലെ നിവർത്തിവെച്ച് വിലയിരുത്തിയാൽ വ്യക്തമാകുന്ന ഒരു രസകരമായ ഒരു വസ്തുതയുണ്ട്.അഥവാ ഇന്ത്യൻ ചരിത്രത്തിലെ നായകൻ പാക്കിസ്ഥാനി ചരിത്രത്തിലെ വില്ലനാണ്. മറിച്ചും വ്യത്യാസമില്ല ഇന്ത്യൻ ചരിത്രത്തിലെ വില്ലൻ പാക്കിസ്ഥാനി നായകനാണ്.ഈ സംഭവങ്ങളിൽ നിന്ന് പകൽ പോലെ വ്യക്തമാണ് ദേശീയ ചരിത്രകാരന്മാരുടെ വളച്ചൊടിക്കലിന്റെ വ്യാപ്തിയുടെ ദൈർഘ്യം.

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “മത ഇന്ത്യയുടെ ചരിത്രവായന