മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര!

269
0

മസിനഗുഡി എന്ന സ്ഥലനാമം കേള്‍ക്കാത്തവരായി ഇനിയാരുമുണ്ടാവില്ല. കുറച്ചു ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ മസിനഗുഡി പോലെ പ്രശസ്തി നേടിയ മറ്റൊരു ടൂറിസ്റ്റ് സ്‌പോട്ട് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. വ്‌ലോഗര്‍മാരുടെ തള്ള് കേട്ട് മസിനഗുഡി പോയി ട്രാഫിക്കില്‍ പെട്ട് ഒരു ദിവസം കളഞ്ഞവരും, പ്രതീക്ഷിച്ച കാഴ്ചകള്‍ കാണാനാവാതെ മടങ്ങി നിരാശരായവരും ഒരുപാട് ഉണ്ടത്രെ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറില്‍ മുതുമല ദേശീയോദ്യാനത്തിലൂടെ സഞ്ചരിച്ചിരുന്നുവെങ്കിലും ഈ റൂട്ടിലൂടെയുള്ള ബൈക്ക് യാത്ര സഫലമായത് ഇക്കഴിഞ്ഞ ജനുവരി 8 നായിരുന്നു. ഞാന്‍ കണ്ട പുതിയ മസിനഗുഡിയും യാത്രയിലെ അനുഭവങ്ങളും കുറിക്കാം.

കേരള, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികളോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ ഒരു ചെറിയ പ്രദേശമാണ് മസിനഗുഡി. നീലഗിരി ജില്ലയില്‍ ഉള്‍പ്പെടുന്ന മുതുമല ദേശീയോദ്യാനത്തിലാണ് ഈ മനോഹര ഗ്രാമം. സുല്‍ത്താന്‍ ബത്തേരിയും നിലമ്പൂരുമാണ് മസിനഗുഡിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന കേരളത്തിലെ പട്ടണങ്ങള്‍. നിലമ്പൂര്‍ നിന്ന് നാടുകാണി ചുരം കയറി ഗുഡലൂര്‍ എത്തി, അവിടെ നിന്ന് ബന്ദീപ്പൂര്‍, ഗുണ്ടല്‍പേട്ട് റോഡില്‍ കയറി മസിനഗുഡി എത്താം. സുല്‍ത്താന്‍ ബത്തേരിയില് നിന്ന് ഗുണ്ടല്‍പേട്ട് പോയി തിരിച്ചു ഗുഡലൂര്‍ റോഡിലേക്ക് വന്ന് മസിനഗുഡി എത്താം. അതല്ലെങ്കില്‍ നേരിട്ട് ഗുഡലൂര്‍ എത്തി അവിടെ നിന്ന് ഗുണ്ടല്‍പേട്ട് പോകുന്ന വഴിയിലൂടെ 18 കിമി സഞ്ചരിച്ചാല്‍ തെപ്പക്കാട് എത്താം. ആ ജംഗ്ഷനില് നിന്ന് വലത്തോട്ട് 7 കിമി സഞ്ചരിച്ചാല്‍ മസിനഗുഡിയും. മസിനഗുഡിയില്‍ നിന്ന് ഊട്ടി പട്ടണം വരെ ഏതാണ്ട് 29 കിമി ദൂരവുമുണ്ട്.

മാ ശക്തിയുടെ പ്രതിരൂപമായ മസാനി അമ്മനില്‍ നിന്നാണത്രെ ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്. ഇരുള എന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ ആവാസ സ്ഥലമായ മസിനഗുഡിയുടെ ചരിത്രത്തിന് ചോള രാജവംശത്തോളം പഴക്കമുണ്ട്. കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ഇവിടെത്തുകാരുടെ പ്രധാന തൊഴില്‍. മനോഹരമായ നീലഗിരി മലനിരകള്‍ക്കിടയിലുള്ള ചെറിയൊരു അങ്ങാടിയാണ് മസിനഗുഡി. പ്രകൃതിഭംഗി ആസ്വദിച്ചു പോകാവുന്ന സുന്ദരമായ റോഡിന്റെ ഇരുകരയിലുമുള്ള കാനന ഭംഗി അതിമനോഹരമാണ്. ധാരാളം കാട്ടാനകള്‍ വിഹരിക്കുന്ന പ്രദേശമാണ് ഇവിടം. പകല്‍ സമയത്ത് കാണാന്‍ സാധ്യത കുറവാണെങ്കിലും അതിരാവിലെ യാത്ര തിരിച്ചാല്‍ തൊട്ടടുത്ത് നിന്ന് ആനയെ ദര്‍ശിക്കാം. മാനുകളും മയിലുകളും ഹനുമാന്‍ കുരങ്ങുകളും എല്ലായ്‌പ്പോഴും കാണാന്‍ സാധിക്കും. മാന്‍ കൂട്ടങ്ങളോടൊപ്പം സൊറ പറഞ്ഞിരിക്കുന്ന ഹനുമാന്‍ കുരങ്ങുകളുടെ കാഴ്ച്ച കണ്ണിന് കുളിര്‍മയേകുന്നതാണ്. റോഡിനിരുവശങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുതിരകള്‍ നമ്മെ മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

പൊട്ടിപ്പൊളിയാത്ത വൃത്തിയുള്ള റോഡുകളാണ് ഇവിടം കൂടുതല്‍ ആകര്‍ഷമാക്കുന്നത്. ചിലയിടങ്ങളില്‍ ഓരോ നൂറ് മീറ്ററിലും സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രകൃതി ആസ്വദിച്ചു പോകുന്ന യാത്രക്കാര്‍ക്ക് അത് ശല്യമായി തോന്നാന്‍ സാധ്യതയില്ല. ഊട്ടി മലനിരകള്‍ക്ക് താഴെ മല കയറാന്‍ വെമ്പുന്ന പാതകള്‍, ചുറ്റിലും പച്ചപ്പ് നിറഞ്ഞ പ്രകൃതി, അങ്ങ് ദൂരെ മലകളില്‍ മഞ്ഞു പെയ്യുന്ന കാഴ്ച്ച. ഇതൊക്കെ മസിനഗുഡിയെ വേറിട്ടതാക്കുന്നു. മല കയറിത്തുടങ്ങിയാല്‍ ഡ്രൈവിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. മല കയറുമ്പോള്‍ കിട്ടുന്ന ഒരു ചെക്ക് പോസ്റ്റില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഒരു വെള്ളചാട്ടമുണ്ട്. അങ്ങ് ദൂരേക്ക് നോക്കിയാല്‍ കാട്ടുപോത്തുകള്‍ മേഞ്ഞു നടക്കുന്നതും കാണാന്‍ പറ്റും. 36 ഹെയര്‍പിന്‍ വളവുകളാണ് ചെങ്കുത്തായ കയറ്റമുള്ള ഈ പാതയിലുള്ളത്. ഇത് വഴി മറ്റു വാഹനങ്ങളെ ചുരം കയറാന്‍ കടത്തി വിടുമെങ്കിലും ചുരം ഇറങ്ങുന്നതിന് അവനുവദിക്കാറില്ല.

ഊട്ടിയില്‍ നിന്ന് ഗുഡലൂര്‍ റൂട്ടിലേക്ക് വന്ന് ഏകദേശം 7 കിമി ദൂരമെത്തിയാല്‍ തലൈക്കുണ്ട എന്ന സ്ഥലമെത്തും. അവിടെ നിന്ന് വലത്തോട്ട് പോകുന്ന റൂട്ടാണ് മസിനഗുഡിയിലേക്ക് പോകുന്നത്. എന്നാല് അവിടത്തെ ചെക്ക് പോസ്റ്റില്‍ നീലഗിരി സ്വദേശികളുടെ വാഹനങ്ങളല്ലാതെ കടത്തി വിടില്ല. കുത്തനെയുള്ള വളവിലും ഇറക്കത്തിലും മുന്‍ക്കാലങ്ങളില്‍ അത്രയധികം അപകടങ്ങള്‍ നടന്നിട്ടുള്ളത് കൊണ്ടാണ് 2016 മുതല്‍ ഇങ്ങനെയൊരു നിരോധനം കൊണ്ട് വന്നത്. ഇത് വഴി മസിനഗുഡിയിലേക്ക് 29 കിമി മാത്രം ദൂരമുള്ളപ്പോള്‍ ഗുഡലൂര്‍ ചുരം വഴി മസിനഗുഡി പോയാല് 75 കിമി ദൂരം താണ്ടേതുണ്ട്.

ഊട്ടിയില്‍ നിന്ന് തലൈക്കുണ്ട, കല്ലാട്ടി ചുരം വഴി മസിനഗുഡിയിലേക്ക് (മോയാര്‍) ബസ് സര്‍വീസ് ഉണ്ട്. 26 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. സ്വന്തം വാഹനം ഉപയോഗിക്കാത്തവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ ബസ് ഉപയോഗപ്പെടുത്താവുന്നതാണ്. ഊട്ടി ഉള്‍പ്പെടുന്ന നീലഗിരി ജില്ലയിലുടനീളം പ്ലാസ്റ്റിക് നിരോധനം കര്‍ശനമാണ്. അത് കാരണം 5 ലിറ്ററിന് താഴെയുള്ള കുപ്പിവെള്ളം ബോട്ടിലായി എവിടെയും വാങ്ങാന്‍ കിട്ടില്ല. വീണ്ടും ഉപയോഗിക്കാന്‍ പറ്റുന്ന വെള്ളം കുപ്പികള്‍ കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. സന്ദര്‍ശകര്‍ കൂടുതല്‍ എത്തുന്ന കവലകളിലെല്ലാം വാട്ടര്‍ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് 5 രൂപ നാണയമിട്ട് ഒരു ലിറ്റര്‍ വെള്ളം തങ്ങളുടെ കുപ്പികളില്‍ ശേഖരിക്കാവുന്നതാണ്.

അവസാനമായി, വ്‌ലോഗര്‍മാര്‍ തള്ളിമറിക്കുന്നത്രയൊന്നുമില്ലെങ്കിലും ഒരിക്കലെങ്കിലും ഈ റൂട്ടിലൂടെ യാത്ര ചെയ്യാന് ആരും കൊതിച്ചു പോകുന്ന കാഴ്ച്ചകള്‍ മസിനഗുഡി യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കുമെന്നുറപ്പ്. ഭാഗ്യമുണ്ടെങ്കില് ആനക്കൂട്ടങ്ങളെ കാണാം. അത് പോലെ കാലാവസ്ഥയും പ്രകൃതി ഭംഗിയും 365 ദിവസവും ഒരു പോലെയായിരിക്കുമെന്നും പറയാനാകില്ല. ഇതര ജില്ലയിലെ വണ്ടികള്‍ / ലൈസന്‍സുകാരുടെ യാത്ര നിരോധിക്കാന്‍ തക്ക അപകടം പിടിച്ചതല്ല കല്ലാട്ടി ചുരമെന്ന് ഉറപ്പിച്ചു പറയാം. ഒരു നല്ല ഡ്രൈവര്‍ക്ക് ഈസിയായി ഡ്രൈവ് ചെയ്തു പോകാവുന്ന റൂട്ട് തന്നെയാണ് ഊട്ടി – മസിനഗുഡി റൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *