“അവൻ മറിഞ്ഞു വീണാൽ അവൻ്റെ സമ്പത്ത് അവന് ഉപകാരപ്പെടുകയില്ല!”
ഖുർആൻ 92:11 ൽ ഇക്കാര്യം പറയുന്നുണ്ട്. “അവൻ നശിച്ചു വീണാൻ (അവൻ്റെ കഥ കഴിഞ്ഞാൽ)അവൻ്റെ ധനം അവന് ഉപകാരപ്പെടുകയില്ല” (അല്ലൈൽ-11).
92 ആം അധ്യായമായ സൂറത്തുല്ലൈലിൽ 21 ആയത്തുകളാണുള്ളത്. പ്രധാനമായും രണ്ട് വിഷയങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.
1-11 ആയത്തുകളിൽ മനുഷ്യകർമങ്ങളുടെ വ്യത്യസ്തതയും വൈവിധ്യവും രാത്രിയുടെ ഇരുട്ട് പോലെ, പകലിൻ്റെ വെളിച്ചം പോലെ, ആൺ-പെൺ എന്ന സൃഷ്ടി വൈവിധ്യം പോലെ സത്യമാണെന്ന കാര്യം ഊന്നിപ്പറയുന്നു. നന്മയെ സത്യപ്പെടുത്തുകയും അല്ലാഹുവിൻ്റെ മാർഗത്തിൽ നൽകുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു കൂട്ടരും നന്മയെ നിഷേധിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും പിശുക്ക് കാണിക്കുകയും ചെയ്യുന്ന ഒരു കൂട്ടരും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ഓരോരുത്തർക്കും അവരവരുടെ കർമ മേഖലയിലേക്ക് അല്ലാഹു എളുപ്പമാക്കിക്കൊടുക്കും. പക്ഷെ ധനം നല്ല മാർഗത്തിൽ ചെലവഴിക്കാതെ പിശുക്കിപ്പിടിച്ചു വെക്കുന്നവർ അറിയണം: അവർ ‘മറിഞ്ഞു വീണാൽ’ ഈ ധനമൊന്നും അവന് ഉപകാരപ്പെടുകയില്ലെന്ന്!
11-21 ആയത്തുകളിൽ നരകത്തെ പറ്റിയും നരകത്തിൽ കടന്നെരിയുന്നവരുടെ ഐഹിക ജീവിത രീതിയെ പറ്റിയും ‘മുത്തഖികൾ’ ഈ നരകത്തിൽ വീഴാതെ രക്ഷപ്പെടുന്നതിനെ സംബന്ധിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുന്നത്.