അലാറം കേട്ട് ഉണർന്ന് പാതി ഉറക്കത്തിലായിരുന്നു ഞാൻ. ഫോണിൽ നിന്ന് കേട്ട ശബ്ദം അടുത്ത അലാറം ആണെന്ന് കരുതി ഓഫ് ചെയ്യാൻ മുതിരുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് നിഷാദിന്റെ കോൾ. സമയം കൃത്യം 5:43 AM.
‘ എന്താണാവോ റബ്ബേ.. ഇവൻ ഈ നേരത്ത് വിളിക്കുന്നത്!’
ഉടനെ തന്നെ ഞാൻ കോൾ എടുത്തു.
“ഇജ്ജ് അറിഞ്ഞോ?!!” ആ ചോദ്യത്തിന് തന്നെ ഏറെ ഭീതി ഉണർത്താനുള്ള കഴിവുണ്ട്. മനസ്സിൽ പല മുഖങ്ങളും മിന്നിമറയുന്നു.
” ഫായിസ് അലി കോഴിക്കോട് വെച്ച് ഒരു ആക്‌സിഡന്റിൽ മരണപ്പെട്ടു.!”
ഇന്നാലില്ലാഹ്
‘എന്താ സംഭവം?!’
“KSRTC യുമായി ബൈക്ക് കൂട്ടിയിടിച്ചു. സബീഹ് ഒക്കെ ഇപ്പൊ അവിടെയുണ്ട്..” കൂടുതൽ വിവരം അറിഞ്ഞാൽ വിളിക്കാമെന്ന് പറഞ്ഞ് അവൻ കട്ട് ചെയ്തു.
49 സെക്കന്റുള്ള ആ കോൾ ഒരുപാട് കാര്യങ്ങൾ ഓർമപ്പെടുത്തി.
“ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.”(വി. ഖു 29:57)
ഫായിസിന്റെ ചിരിയും സംസാരവും ഒക്കെ മനസ്സിൽ മിന്നിമറയുന്നുണ്ട്. അതിലേറെ എന്നെ ആഴത്തിൽ ചിന്തിപ്പിച്ചതും മനസ്സിനെ പിടിച്ചിരുത്തിയതും വിളിക്കാതെ വന്നെത്തുന്ന അതിഥിയായ ‘മരണമാണ്’.
സമപ്രായക്കാരനാണ് ഫായിസ്!
ഇപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടാവും ഇനിയും കുറച്ചൊക്കെ ആയുസ്സ് ബാക്കിയുണ്ടെന്ന പ്രതീക്ഷ. യാതൊരു ഗ്യാരണ്ടിയുമില്ലാത്ത പ്രതീക്ഷ…!!!
മടങ്ങേണ്ടതുണ്ട് നാഥനിലേക്ക്. ഓരോ മരണങ്ങളും അതിനുള്ള ഓർമപ്പെടുത്തലുകളാണ്!