ഞാനൊരു കഥ പറയട്ടെ! – ഭാഗം 5
ഇമാം ദഹബി ‘സിയറു അഅ്‌ലാമിന്നബുലാഅ്’ ലും ഖത്വീബ് ‘താരീഖു ബഗ്ദാദ്’ ലും, ഇബ്നുൽ ജൗസി ‘സ്വിഫത്തുസ്സ്വഫ്‌വ’ യിലും രേഖപ്പെടുത്തിയ ഒരു സംഭവം ഇങ്ങനെയാണ്; റബീഅത്തു റഅ്‌യിന്റെ പിതാവായ ഫറൂഖ്, റബീഅ തന്റെ ഉമ്മയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവായിരിക്കെ
യുദ്ധത്തിന് പുറപ്പെട്ടു. തന്റെ ആകെയുള്ള സാമ്പാദ്യമായ മുപ്പതിനായിരം ദീനാർ പ്രിയതമ സുഹൈലയെ ഏൽപ്പിച്ചാണ് അയാൾ പോയത്.
കാലചക്രം മുമ്പോട്ട് നീങ്ങി. അങ്ങനെ ഇരുപത്തിയേഴ് വർഷങ്ങൾക്കു ശേഷം അയാൾ മദീനയിലേക്ക് മടങ്ങിവന്നു.
വീട്ടു വാതിൽക്കലെത്തി കൈവശമുള്ള കുന്തം കൊണ്ട് വാതിലിന്മേൽ തട്ടിയപ്പോൾ വാതിൽ തുറന്ന് പുറത്തേക്ക് വന്നത് റബീഅയാണ്.
യോദ്ധാവിനെപ്പോലെ കുന്തവുമേന്തി നിൽക്കുന്ന അയാളോട് റബീഅ ചോദിച്ചു; “താങ്കൾ എന്റെ വീട് തല്ലിത്തകർക്കാനൊരുങ്ങുവാണോ…?”
ഉടൻ തന്നെ അയാളുടെ മറുചോദ്യം,
“ഇത് എന്റെ വീടാണ്. എന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ നീ ആരാണ്.?”
രണ്ടാൾക്കുമിടയിലെ വാഗ്വാദം കനത്തപ്പോൾ റബീഅയുടെ ഉമ്മ പരിഭ്രാന്തയായി പുറത്തേക്ക് വന്നു.
ഏറെ കാലത്തിനു ശേഷം പ്രിയതമനെ കണ്ട സന്തോഷത്തിൽ അവൾ പറഞ്ഞു; “ഏയ് ഫറൂഖ്…… ഇത് താങ്കളുടെ പുത്രൻ റബീഅയാണ്. റബീഅ… ഇദ്ദേഹം നിന്റെ ഉപ്പയാണ് മോനേ.”
ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. അവർ പരസ്പരം ആലിംഗനം ചെയ്തു.
ഒരു പിതാവിന്റെയും പുത്രന്റെയും ആദ്യ കൂടിക്കാഴ്ചയിൽ ചെയ്യേണ്ടതൊക്കെ അവർ ചെയ്തു.
പിന്നീട് ഫറൂഖും സുഹൈലയും തനിച്ചായപ്പോൾ അയാൾ അവളോട് പറഞ്ഞു; ” ഞാൻ നിന്റെ പക്കൽ സൂക്ഷിക്കാൻ ഏല്പിച്ച പണം കൊണ്ടുവരൂ… അതിനോടൊപ്പം ഈ നാലായിരം ദീനാർ കൂടി വെച്ചോളൂ.. “
“ഞാനത് ഒരു സ്ഥലത്ത് കുഴിച്ചിട്ടിരിക്കുകയാണ്. നാളെത്തന്നെ താങ്കൾക്കത് പുറത്തെടുത്തു തരാം.”
പിറ്റേന്ന് റബീഅ പതിവുപോലെ പള്ളിയിലേക്ക് പോയി. തന്റെ ശിഷ്യന്മാരായ മാലിക് ബ്നു അനസും ഹസൻ ബ്നു സെയ്ദും തുടങ്ങി മദീനയിലെ മറ്റു പഠിതാക്കളും പണ്ഡിതന്മാരും അദ്ധേഹത്തിന്റെ മജ്ലിസിൽ ഒരുമിച്ചു കൂടി.

അതേസമയം സുഹൈല ഫറൂഖിനോട് പറഞ്ഞു; “താങ്കൾ പള്ളിയിൽ പോയി നമസ്ക്കരിച്ച് റസൂലിനോട് സലാം പറഞ്ഞു വരൂ… “
അങ്ങനെ അദ്ദേഹം മദീനാ പള്ളിയിലേക്ക് എത്തിയപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല, തന്റെ മകന്റെ ചുറ്റുമിരുന്ന് ഒരുപാടാളുകൾ ഇൽമ് പഠിക്കുന്നു. വളരെ ബഹുമാനത്തോട് കൂടി അവനോട് പെരുമാറുന്നു.
അവിടെ കണ്ട മാറ്റാളുകളോട് ആ ചെറുപ്പക്കാരനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു ; “ഇത് റബീഅതു ബ്നു ഫറൂഖ് ആണ്.!”
വളരെ സന്തോഷത്തോടെ ഫറൂഖ് വീട്ടിലേക്ക് മടങ്ങിയെത്തി ഭാര്യയെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, “ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കണ്ടുമുട്ടിയ ജ്ഞാനികളെക്കാളും പണ്ഡിതന്മാരെക്കാളും മികച്ചവനായിട്ടാണ് നിന്റെ മകനെ ഞാൻ പള്ളിയിൽ കണ്ടത്.”
അപ്പോൾ സുഹൈല അദ്ദേഹത്തോട് ചോദിച്ചു, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് മുപ്പതിനായിരം ദീനാറാണോ?. അതോ നിങ്ങളിപ്പോൾ കണ്ട ആ കാഴ്ചയാണോ?”
അപ്പോൾ അദ്ദേഹം പറഞ്ഞു; അല്ലാഹുവാണെ സത്യം, ഞാൻ കണ്ട കാഴ്ച തന്നെ!”
“എന്നാൽ ആ പണം ഞാൻ അവനുവേണ്ടി, നമ്മുടെ മകന് വേണ്ടി ചിലവഴിച്ചു.”
“അല്ലാഹുവാണെ സത്യം, നീ അത് പാഴാക്കിയില്ല.! “
നമുക്ക് നിർമിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ നിർമിതി മനുഷ്യനാണ്. ഏറ്റവും മഹത്തായ കൊട്ടാരവും മനുഷ്യൻ തന്നെയാണ്.അല്ലാഹു ദൂതന്മാരെ അയച്ചതും ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും മനുഷ്യനെ വാർത്തെടുക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. അങ്ങനെ അവർ സ്വന്തത്തേക്കുറിച്ചുള്ള യാഥാർഥ്യവും കാലങ്ങളായി ജീവിക്കുന്ന ഈ ലോകത്തിന്റെ യാഥാർഥ്യവും തങ്ങളെ സൃഷ്‌ടിച്ച മഹാനായ സൃഷ്ടാവിനെക്കുറിച്ചുള്ള അത്യന്തികമായ യാഥാർഥ്യവും
മനസ്സിലാക്കാൻ വേണ്ടിയാണത്.
അങ്ങനെയാകുമ്പോഴാണ് അവർ യഥാർത്ഥ മനുഷ്യരായി തീരുന്നത്.

അതല്ലാത്തതെല്ലാം കേവലം പൂർണതയെത്താത്ത മനുഷ്യഭാവങ്ങളാണ്. ആത്മീയതയിൽ നിന്നുള്ള വ്യതിചലനങ്ങളാണ്.
അത് മനുഷ്യനെ വ്യർത്ഥമായി ഓടാൻ പ്രേരിപ്പിക്കുന്നു. തനിക്കു മുൻപേ ഓടുന്ന ലോകത്തെ പിടിച്ചു വരുതിയിലാക്കാനവൻ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. തെറ്റായ ദിശയിലാണ് താൻ ഓടിക്കൊണ്ടിരിക്കുന്നതെന്ന് മരണത്തിന്റെ പിടുത്തം വീഴുന്നത് വരെ അവനറിയുന്നില്ല.
നമുക്ക് പാർക്കാൻ നല്ല വീടുകൾ ഉണ്ടായിരിക്കാം. കുടുംബത്തെ ചേർത്തു നിർത്തുന്നതിനും ലോകം കെട്ടിപ്പടുക്കുന്നതിനും അത് ആവശ്യമാണ്. പക്ഷെ അതിനും മേലെയാണ് മനുഷ്യർ.
ഒത്തുചേരാൻ ആരുമില്ലായെങ്കിൽ മനോഹരമായ വീടുകൾ കൊണ്ടെന്ത് പ്രയോജനം?
ആളുകളുടെ ആത്മാവ് നിലത്തിഴഞ്ഞു തീരുകയാണെങ്കിൽ അംബരചുംബികളായ കെട്ടിടങ്ങൾ ഉണ്ടായിട്ടെന്ത് പ്രയോജനം?
അറ്റുപോയ ബന്ധങ്ങൾക്കിടയിൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ ഉണ്ടായിട്ടെന്തു കാര്യം?
നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നിക്ഷേപിക്കുക. എന്നെന്നും നിലനിൽക്കുന്ന നിക്ഷേപം അത് മാത്രമാണ്. അമാനത്ത് നിറവേറ്റപ്പെടുന്നത് അവിടെയാണ്.
നമ്മുടെ മക്കൾ പടച്ചോൻ നമുക്കേല്പിച്ചു തന്ന ഏറ്റവും വലിയ അമാനത്താണ്.