നീണ്ട വേനലിനു ശേഷം പെയ്ത ഒരു തോരാത്ത മഴയിലാണ് ഈ യാത്ര അവസാനിച്ചത്. വീട് എത്താൻ ഇനി എണ്ണപ്പെട്ട കാൽവെപ്പുകൾ മാത്രം.
കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറെ പറഞ്ഞയക്കുമ്പോൾ മഴ അത്ര കനത്തിട്ടില്ലായിരുന്നു. നീണ്ട 26 വർഷത്തെ കൽക്കത്ത വാസം കഴിഞ്ഞു തിരിച്ചു വരുന്നവരിൽ നിന്ന് ആളുകൾ ഒരു പാട് പ്രതീക്ഷിക്കുന്നുണ്ടാവും. ഈ ചെറിയ ബാഗ് അല്ലാതെ എന്റെ കയ്യിൽ മറ്റൊന്നും ഇല്ലാത്തത് അവരെ അതിശയിപ്പിച്ചേക്കാം.
പെയ്തുതോർന്ന മഴയുടെ ബാല്യവും കൗമാരവും വഴിയിൽ പ്രകടമായിരുന്നു.
വഴിയിൽ തടഞ്ഞു നിർത്തി കുശലം ചോദിക്കാനോ പോയ കാലത്തിന്റെ കറുത്ത ഓർമ പുതുക്കാനോ, സുപരിചിതമല്ലാത്ത ഈ മുഖത്തെ വലിയ അനുഗ്രഹമായി തോന്നി.
മഴ അതിന്റെ രാഷ്ട്രീയം ഉറക്കെ പറയാൻ തുടങ്ങി. നാം അത് കേട്ടേ പറ്റു. കുട എടുത്തു.
ചെറിയ ഇടവഴിയാണ്, കുട്ടിയായിരുന്നപ്പോൾ ക്ഷണ നേരം കൊണ്ട് ഓടിയ ദൂരമാണ്. ഇന്ന് മസിലുകൾ സമരത്തിൽ പെട്ട് ശ്വാസകോശത്തിന്റെ ദർണ്ണയിൽ ഏർപ്പെട്ടിരിക്കുന്നു.

ചെരുപ്പിൽ പറ്റി പിടിച്ചു നിൽക്കുന്ന ചളി സാരി യുടെ താഴ് ഭാഗത്ത് ചിത്രപണികൾ വരച്ചിരിക്കുന്നു. പഴയതല്ലേ ഇത്തവർക്കുള്ള കാൻവാസ് ആയി പ്രഖ്യാപിക്കാം.
കുടയുടെ നിർമിതിയിൽ പാളിച്ചകൾ പറ്റിയിട്ടുണ്ട്. തലയുടെ മൂർദ്ധാവ് ഒഴികെ ബാക്കിയെല്ലാം നനഞ്ഞിരിക്കുന്നു. താൻ നനയുന്നില്ല എന്ന് ലോകത്തോടുള്ള വിളിച്ചു പറയലാണ് കുട. അതൊരിക്കലും ഉടമസ്ഥന്റെ ആവശ്യത്തെ അംഗീകരിക്കുന്നില്ല.
അത്യധികം ചിന്തിക്കാൻ ഇടം തരാതെ വീടിന്റെ ഗേറ്റ് മുന്നിൽ വന്നു നിന്നു. ഇവിടെ വാതിൽ തുറന്നു സ്വീകരിക്കാൻ ആരുമില്ല, എന്ന യാഥാർഥ്യം വീണ്ടും!
അമ്മ, പ്രായം 60 കഴിഞ്ഞെങ്കിലും അതിന്റെ പ്രയാസങ്ങളെ കണ്ണും കാതും കയ്യും കാലും കാണിച്ചപ്പോളും മരണമല്ലാതെ തോൽവി ഇല്ലെന്നു ഉറക്കെ പറഞ്ഞവൾ.
“നീ വന്നോ? മഴ ആയിട്ട് ഇനിം വൈകും എന്ന കരുതിയത്. കൈ കഴുകി ഇരുന്നോ ചായ എടുക്കാം”
വർഷങ്ങൾ ക്ക് ശേഷം മകൾ വന്നതിന്റെ അലങ്കാരം ഒന്നുമില്ലാതെ പച്ചയായ ചോദ്യത്തിനപ്പുറം അടങ്ങാത്ത സന്തോഷത്തിന്റെയും അടയാളം കണ്ണുകളിൽ പ്രകടമായരുന്നു.
ഹാളിന്റെ ഒത്ത നടുക്ക് ഒരു ചോർച്ചയുണ്ട്. അവസാനമായി വിളിച്ചപ്പോൾ പറഞ്ഞ ഒരു വിശേഷം അതായിരുന്നു. വീടിനകത്ത് ഒരു ഒച്ചയും അനക്കവും ഒക്കെ ഉണ്ടല്ലോ!
അച്ഛൻ അൽഷിമേഴ്സ് എന്ന രോഗം ഓർമ്മയുടെ ചില്ലുഭരണിയെ ശൂന്യമാക്കിയിരിക്കുന്നു. മറവി ഒരു കണക്കിന് അനുഗ്രഹവുമാണ്. വരെ പൊന്നുമോൾ ഒന്ന് വന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുമായിരുന്നു. കാലം അതിന് മഴയോടൊപ്പം സാക്ഷിയും.
അച്ഛൻ മുറിയിലാണ്. ഉച്ചമയക്കം കഴിഞ്ഞ് കട്ടിൽ ഇരുന്ന് ഇരുത്തമാണ്. കട്ടിലിന്റെ മറുവശം ചേർന്ന് ഇരുന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ ചളിപുരണ്ടതായും മാറിയിരിക്കുന്നു. അച്ഛന്റെ കണ്ണുകളിൽ മുന്നിലെ മനുഷ്യൻ മനസ്സിലായില്ലെന്ന് വ്യക്തം.
” അച്ഛാ… എന്തൊക്കെയുണ്ട് വിശേഷം? “
” ആരാ മനസ്സിലായില്ല!”
ഗാംഭീര്യത്തിൽ ആയിരുന്നു മറുപടി.
ഈ ഭൂമിയിൽ ഈ മനുഷ്യനെ അച്ഛൻ എന്ന് പൂർവാധികം സ്വാതന്ത്ര്യത്തോടും അഹങ്കാരത്തോടും കൂടി വിളിക്കാൻ കഴിയുന്ന ഒരേ ഒരാൾ ഞാനായിരുന്നു.
മുകളിലാണ് മുറി. മുകളിലേക്ക് കയറുന്നതിനിടയിൽ പിന്നിലെ പറമ്പ് കണ്ടു. അച്ഛനും അമ്മയ്ക്കും ചിതയ്ക്കുവേണ്ടി ആ വലിയ മാവ്മുറിച്ചു മാറ്റിയിരുന്നു. നിലനിൽക്കുന്നുണ്ടായിരുന്നു. മഴ മണ്ണിനെ മൃദുവാക്കിയിരിക്കുന്നു.
” വൈകുന്നേരം തുടങ്ങിയ മഴയാണ് സമയം രാത്രിയോടെ അടുത്തിട്ടും കുറവില്ല. രാത്രിയുടെ ഇരുട്ടും മഴയുടെ ശബ്ദവും പരസ്പര മത്സരത്തിൽ ആണെന്ന് പറയുന്നു. ജനലിനപ്പുറം പെയ്യുന്ന മഴയുടെ രാഷ്ട്രീയം നിലനിൽപ്പ് മാത്രമായിരുന്നു. അതിൽ സാഹിത്യമോ കൗതുകമോ തോന്നിയില്ല. അല്ലെങ്കിലും മഴ ഓരോ മനുഷ്യനും ഓരോ ഗന്ധമാണ് നൽകുന്നത്. ജനലിൻ ഇപ്പുറം മഴ ഒരിക്കലും തീരാത്ത നഷ്ടബോധത്തിന്റെ തിരിച്ചറിവിന്റെ പ്രഖ്യാപനമാണ്. പെയ്തൊഴിയാത്ത ജീവിതത്തിന്റെ മഴ നനഞ്ഞ ഓർമ്മകൾ “

വർഷങ്ങൾക്ക് ശേഷമാണ് മലയാളം എഴുതാൻ പേന എടുക്കുന്നത്. അതും മുൻപ് എഴുതിവെച്ച ഒരു ഡയറി തന്നെ പ്രേരണയുടെ പിൻവാതിൽ കൊണ്ട് മാത്രം. പക്ഷേ മറ്റൊന്നും എഴുതാൻ കഴിയാത്ത വിധം അക്ഷരങ്ങളെ മഴ മുറിയിൽ ഇട്ട് അടച്ചിരിക്കുന്നു. നേരം പുലരാൻ ഇനിയും മഴയുടെ ഊർജ്ജതന്ത്രം കേൾക്കേണ്ടിവരും എന്നത് യാഥാർത്ഥ്യം.
മഴ നല്ല ഒരു രാഷ്ട്രീയക്കാരനാണ്. അവർ പറഞ്ഞു കൊണ്ടിരിക്കുന്നത ഒരേ കാര്യം കേൾക്കുന്ന മനുഷ്യരുടെയുള്ളിൽ വ്യത്യസ്തങ്ങളായ ഇടപെടലുകൾ നടത്തുന്നു. ഇടയ്ക്കൊക്കെ ഇടിയോടുകൂടിയും കാറ്റോട് കൂടിയോ അല്ലെങ്കിൽ ഒറ്റക്കും മഴ രാഷ്ട്രീയം പറയുന്നു പ്രവർത്തിക്കുന്നു.
ഒടുവിലാണ് അത് ഓർമ്മവന്നത്, പേര് വിളിച്ചില്ല. കഥയിലെ കഥാപാത്രം നാമാവശേഷമായിരിക്കുന്നു. കൽകത്ത നഗരത്തിൽ ഇന്നലെ പെയ്ത മഴ പോലെ!
good
👍👍