മണ്ണിട്ട് മൂടിയ മരണമെന്ന സ്വപ്നം

728
0

മരണത്തെ കുറിച്ച് സ്വപ്‌നം കണ്ടിട്ടുണ്ടോ..?
ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യം ആണെങ്കിലും, എപ്പോഴെങ്കിലും ഒരിക്കൽ മനസ്സിലേക്ക് കടന്ന് വന്നിട്ടുണ്ടാകില്ലേ ആ ദിവസത്തെ കാഴ്ച്ചകൾ…?

നമ്മുടെ പ്രിയപ്പെട്ടവരുടെ അന്ത്യ ചുംബനം!
വീട്ടുകാരുടെ തൊണ്ട പൊട്ടിയുള്ള കരച്ചിലുകൾ,
കൂട്ടുകാരുടെ ഏങ്ങലുകൾ,
രാത്രികളിൽ മയ്യിത്തിന് കൂട്ടിരിക്കുന്ന സഹോദരങ്ങൾ,
മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകുന്ന മക്കൾ / മാതാപിതാക്കൾ / സഹോദരങ്ങൾ
ഖബറിലേക്ക് ഇറക്കിയിട്ട് പ്രിയപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനകൾ!
ആ പ്രാർത്ഥനകളെങ്കിലും ആഗ്രഹിച്ചവരായിരിക്കില്ലേ നമ്മൾ?

എന്നാൽ…
ഇതൊന്നുമില്ലാതെ കുറച്ച് മയ്യിത്തുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുത്തൻമലയിൽ ഖബറടക്കി, ‘അനാഥ മയ്യിത്തുകൾ’
ഉരുൽ പൊട്ടലിൽ ജീവൻ നഷ്ടമായി ആരാലും തിരിച്ചറിയപ്പെടാതെ…അല്ലെങ്കിൽ തിരിച്ചറിയാൻ ബന്ധുക്കളാരും ഭൂമിയിൽ ബാക്കിയാവാത്ത ‘അനാഥ മയ്യിത്തുകൾ’
അങ്ങനെ ഒരു മയ്യിത്തിനെ അനുഗമിക്കാനും ഖബറിലേക്ക് ഇറക്കാനും അവസരം കിട്ടിയപ്പോൾ എന്റെ മനസ്സിലേക്ക് വന്ന ചിന്തകൾ താളം തെറ്റിക്കുന്നതാണ്

ഞാൻ ജീവിതത്തിൽ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരാളുടെ മയ്യിത്ത്,
അയാൽ ജീവിതകാലത്ത് കാണുകയോ അറിയുകയോ ചെയ്യാത്ത ഞങ്ങൾ ആറു പേർ ചുമക്കുന്നു.
അയാൾക്ക് വേണ്ടി കരയാൻ, അയാളെ അറിഞ്ഞ് പ്രാർത്ഥിക്കാൻ, അയാളുടെ ഓർമ്മകൾ അയവിറക്കാൻ, ബാധ്യതകൾ ഏറ്റെടുക്കാൻ, മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകാൻ, ഏത് മതസ്ഥനാണെന്ന് പോലും തിരിച്ചറിയാൻ അവിടെ കൂടിയിരിക്കുന്നവരിൽ അയാളുടെതെന്ന് പറയാൻ ആരും തന്നെ ഇല്ല
ഉറ്റവരും ഉടയവരും ഇല്ലാതെ മയ്യിത്തിനെ അറിയുന്ന ആരാലുമില്ലാതെ ഒരു യുഗം മുഴുവൻ പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട് ജീവിച്ച ഒരു മനുഷ്യൻ പൂർണ്ണമായും അനാഥനായി മണ്ണിലേക്ക്…
ആരൊക്കെയോ ചേർന്ന് മണ്ണിട്ട് മൂടി.

Leave a Reply

Your email address will not be published. Required fields are marked *