ചിങ്കു കുരങ്ങനും മങ്കു ആമയും നല്ല ചങ്ങാതിമാരായിരുന്നു . അവർ ഭക്ഷണം തേടിപ്പോകുന്നതും ഭക്ഷണം കഴിക്കുന്നതും ഒരുമിച്ചായിരുന്നു. ഒരിക്കൽ രണ്ടു പേരും ഭക്ഷണം തേടിയിറങ്ങി. അങ്ങനെ അവർക്ക് രണ്ട് വലിയ മീൻ കിട്ടി. ചിങ്കുവിന് നല്ല വിശപ്പ് ഉണ്ടായതിനാൽ അപ്പോൾത്തന്നെ കഴിച്ചു തീർത്തു. മങ്കു കുറച്ച് കഴിച്ച് ബാക്കി ഭാഗം എടുത്തു വെച്ചു. അങ്ങനെ അവർ വീടണഞ്ഞു.
രാത്രി കിടന്നുറങ്ങുമ്പോൾ ചിങ്കുവിന് നന്നായി വിശന്നു. ഭക്ഷണത്തിനായി ചിങ്കു വീട് മുഴുവൻ തിരഞ്ഞു. വിശപ്പ് സഹിക്കാൻ വയ്യാതെ മാങ്കുവിന്റെ അടുത്തെത്തി. മങ്കു നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിൽ നിന്ന് വിളിച്ച ശല്യപ്പെടുത്തണ്ട എന്ന് കരുതി ചിങ്കു മങ്കു എടുത്തു വെച്ച മീൻ മുഴുവനും കഴിച്ചു തീർത്തു. മീൻ കഴിച്ച കാര്യം നാളെ പറയാം എന്ന് കരുതി ചിങ്കു തന്റെ വീട്ടിലേക്ക് പോയി.
രാവിലെ ആയപ്പോൾ തന്റെ മീൻ കാണാതായി എന്ന കാര്യം മനസ്സിലാക്കിയ മങ്കു ചിങ്കു ആയിരിക്കും തന്റെ മീൻ കട്ട് തിന്നതെന്ന് സംശയിച്ചു. മങ്കു ചിങ്കുവിന്റെ വീട്ടിലേക്ക് പോയി കാര്യം ചോദിച്ചു. ചിങ്കു പറഞ്ഞു: “ഞാൻ തന്നെയാണ് മീൻ തിന്നത്.ഞാൻ നിന്നോട് പറയാൻ വരികയായിരുന്നു”. അത് കേട്ട് മങ്കുവിന് ദേഷ്യം വന്നു. രണ്ടുപേർക്കുമിടയിൽ വലിയ തർക്കമായി. ഒടുവിൽ അവർ പിണങ്ങിപ്പോയി. രണ്ടുപേരും പരസ്പരം മുഖത്തു പോലും നോക്കാതായി.
അങ്ങനെ ഒരിക്കൽ മങ്കു പുഴക്കരയിൽ കിടന്നുറങ്ങുകയായിരുന്നു. അപ്പഴാണ് പുഴക്കരയിലേക്ക് വിശന്നു വലഞ്ഞ മുതല മങ്കുവിനെ കണ്ടത്. മുതല മങ്കുവിനെ അകത്താക്കാൻ ഒരുങ്ങുകയായിരുന്നു. ഇത് കണ്ട ചിങ്കു മങ്കു അപകടത്തിലാണെന്ന് മനസ്സിലാക്കി പിണക്കം മറന്ന് മങ്കുവിനെ തട്ടി തെറിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ മങ്കു ചിങ്കുവിനെ നന്നായി വഴക്ക് പറഞ്ഞു.
ഇതെല്ലം പുഴക്കരയിലിരിന്നു കണ്ടുകൊണ്ടിരുന്ന തവളച്ചാർ തർക്കത്തിലിടപെട്ട് “ചിങ്കു ഇല്ലായിരുന്നുവെങ്കിൽ നീ മുതലയുടെ അകത്തായിരുന്നേനെ.” എന്ന് കാര്യങ്ങൾ മാങ്കുവിന് വിശദീകരിച്ച കൊടുത്തു. സംഭവം തിരിച്ചറിഞ്ഞ മങ്കു ചിങ്കുവിനോട് ക്ഷമ ചോദിക്കുകയും നന്ദി പറയുകയും ചെയ്തു. അങ്ങനെ അവർ വീണ്ടും നല്ല സുഹൃത്തുക്കളായി വളരെ കാലം സന്തോഷത്തോടെ ജീവിച്ചു. പിന്നീട് അവർ ഒരിക്കലും പിണങ്ങിയില്ല.