മണിപ്പൂർ കലാപം: ഒരു അവലോകനം

53
0

മണിപ്പൂർ എന്ന കൊച്ചു സംസ്ഥാനം വംശീയതയുടെയും വർഗീയതയുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു. കൊള്ളയും കൊലയും കൂട്ടബലാത്സംഗവും വീടുകളും ആരാധനാലയങ്ങളും കത്തിച്ച് നശിപ്പിക്കലും നിത്യസംഭവമായി മാറിയിരിക്കുന്നു. സംസ്ഥാന – കേന്ദ്ര സംസ്ഥാനങ്ങളുടെ നിശബ്ദത കലാപത്തെ ആളിക്കത്തിച്ചു.

മെയ്തെയ് വിഭാഗത്തെ എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് മാർച്ച് 27ന് പുറപ്പെടുവിച്ച വിധിയിലൂടെ സംസ്ഥാന സർക്കാരിനോട് മണിപ്പൂർ ഹൈക്കോടതി ആവശ്യപ്പെട്ടതാണ് കലാപത്തിന് തുടക്കമിട്ട പൊടുന്നനെയുള്ള കാരണം. എന്നാൽ ഈ വിധി നാളുകളായി ഉള്ളിൽ നീറിപ്പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നങ്ങൾ പൊട്ടിത്തെറിക്കാൻ നിമിത്തമായി എന്നേയുള്ളൂ. മണിപ്പൂരിലെ കലാപത്തിന് സാമൂഹികവും സാംസ്കാരികവും ചരിത്രപരവും നിയമപരവും സമകാലികവുമായ നിരവധി കാരണങ്ങളുണ്ട്.

മണിപ്പൂരിൽ വസിക്കുന്ന പ്രധാനപ്പെട്ട വിഭാഗങ്ങളാണ് മെയ്തികൾ, കുക്കികൾ, നാഗക്കാർ. മലയോര മേഖലയിൽ താമസിക്കുന്ന കുക്കികളും നാഗക്കാരും പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽ പെടുന്നവരാണ്. മെയ്തികൾ താഴ് വാരങ്ങളിൽ, വിശിഷ്യാ, ഇംഫാൽ, ബിഷ്ണുപുർ പോലെയുള്ള പട്ടണപ്രദേശങ്ങളിലാണ് താമസം. കുക്കികളും നാഗകളുമടക്കം സംസ്ഥാന ജനസംഖ്യയുടെ 50%ത്തോളം ആദിവാസി സമൂഹമാണ്. ഇതിനാൽ അവരുടെ പൈതൃകം സംരക്ഷിക്കാൻ അവർക്ക് പ്രത്യേക പരിഗണനകൾ രാജ്യം നൽകുന്നുണ്ട്.

371 സി വകുപ്പ് പ്രകാരം മണിപ്പൂരിന് പ്രത്യേക പരിഗണന നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി 1960ൽ കൊണ്ടുവന്ന മണിപ്പൂർ ലാൻഡ് റവന്യൂ & റിഫോംസ് ആക്ട് പ്രകാരം മലയോര മേഖലയിലെ എം.എൽ.എമാർ മാത്രമുൾപ്പെടുന്ന ഹിൽ ഏരിയാ കമ്മിറ്റിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ മെയ്തി വിഭാഗത്തിന് മലയോര മേഖലയിൽ ഭൂമി വാങ്ങാൻ സാധിക്കൂ. എന്നാൽ കുക്കി, നാഗാ വിഭാഗങ്ങൾക്ക് താഴ് വാരങ്ങളിൽ ഭൂമി വാങ്ങുന്നതിൽ വിലക്കില്ല. നിയമപരമായി കുക്കികൾക്കും നാഗകൾക്കും ലഭിക്കുന്ന ഈ ആനുകൂല്യമാണ് മെയ്തെയ്കളെ ചൊടിപ്പിക്കുന്ന പ്രധാന കാരണം.

അറുപതംഗ മണിപ്പൂർ നിയമസഭയിൽ മലയോര മേഖലയെ പ്രതിനിധീകരിച്ച് 19 എം.എൽ.എമാരാണുള്ളത്. അതേസമയം മെയ്തെയ് വിഭാഗത്തിൽ നിന്ന് 40 എം.എൽ.എമാരാണ് ഉള്ളത്. അതിനാൽ എല്ലാ കാലത്തും അധികാരം കേന്ദ്രീകരിക്കപ്പെടുന്നത് മെയ്തെയ് വിഭാഗത്തിലാണ്. അധികാരം കൈയാളുന്ന മെയ്തികൾക്ക് എസ്.ടി ആനുകൂല്യങ്ങൾ കൂടി ലഭിച്ചാൽ തങ്ങളുടെ ഭൂമിയും സംസ്കാരവും നഷ്ടപ്പെടുമെന്ന ഭീതിയിൽ നിന്നാണ് കുക്കികളുടെ പ്രതിഷേധം ശക്തി പ്രാപിച്ചത്.

കലാപം ആളിക്കത്തിക്കുന്നതിൽ സമകാലികമായ പല സംഭവവികാസങ്ങൾക്കും ഉത്തരവാദപ്പെട്ടവരുടെ അപക്വമായ പ്രസ്താവനകൾക്കും പ്രധാന പങ്കുണ്ട്. മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുക്കി വിഭാഗക്കാർ മണിപ്പൂരിലേക്ക് കുടിയേറി പുതിയ ഗ്രാമങ്ങൾ സ്ഥാപിക്കുന്നു എന്ന ആരോപണം അടുത്തിടെയായി മെയ്തെയികൾ സജീവമായി ആരോപിക്കുന്നുണ്ട്. സംരക്ഷിത വനങ്ങൾ വ്യാപകമായി കുക്കികൾ കൈയേറുന്നു, പോപ്പി ഉൾപ്പെടെ കൃഷി ചെയ്ത് മയക്കുമരുന്ന് തീവ്രവാദം നടത്തുന്നു, അനധികൃത കുടിയേറ്റം നടത്തി ജനസംഖ്യ വർധിപ്പിക്കുന്നു തുടങ്ങിയ കഥകളും പ്രചരിപ്പിക്കുന്നുണ്ട്. 

മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെയാണ് ഈ ആരോപണങ്ങളുടെ പ്രധാന പ്രചാരകനെന്നത് ഭരണകൂടം തങ്ങൾക്കെതിരാണെന്ന പ്രതിധ്വനി കുക്കികൾക്കിടയിൽ സൃഷ്ടിക്കാൻ കാരണമായി. അതോടൊപ്പം, 2023 ഫെബ്രുവരി 20 ന് ചുരാചന്ദ്പുർ ജില്ലയിലെ കെ. സൊങ്ജാങ്ങ് എന്ന ഗ്രാമത്തിൽ സംരക്ഷിത വനഭൂമി കൈയേറിയെന്ന് ആരോപിച്ച് കുക്കി വിഭാഗക്കാരായ 16 കുടുംബങ്ങളുടെ വീടുകളും ക്രിസ്ത്യൻ പള്ളിയും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ഗ്രാമത്തിൽ നിന്ന് കുടിയിറക്കുകയും ചെയ്തതോടെ മണിപ്പൂരിലെ പല ഭാഗങ്ങളിലും പ്രതിഷേധം അക്രമാസക്തമാകാനും ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കാനും കാരണമായി.

മുഖ്യമന്ത്രിയുടെ വർഗീയ പ്രസ്താവനകളും, സർക്കാരിന്റെ ഏകപക്ഷീയമായ ഒഴിപ്പിക്കൽ നടപടികളും, ഇതിനെതിരെ മാർച്ച് 10ന് നടന്ന പ്രതിഷേധത്തിന് പിന്നാലെ ചില കുക്കി സായുധസംഘങ്ങളുമായുള്ള സമാധാന ഉടമ്പടി ബിജെപി സർക്കാർ റദ്ദ് ചെയ്തതും സ്ഥിതി വഷളാക്കി. ഇതിന് പിന്നാലെ കുക്കികൾക്ക് പ്രതികൂലമായി മാർച്ച് 27ന് എസ്ടി വിഷയത്തിൽ ഹൈക്കോടതി വിധികൂടി വന്നതോടെ പ്രതിഷേധങ്ങൾ ആഭ്യന്തര കലാപമായി മാറുകയായിരുന്നു.

ഒരു സംസ്ഥാനം മുഴുവൻ കലാപത്തിലമർന്ന് രണ്ടര മാസം കഴിഞ്ഞിട്ടും അതേപ്പറ്റി ഒരക്ഷരം മിണ്ടാതെ മൌനവൃതമനുഷ്ഠിച്ച പ്രധാനമന്ത്രിക്ക് വാ തുറക്കാൻ ലോകം നടുക്കിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരേണ്ടി വന്നു എന്നത് അപലപനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *