സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന

128

മണിപ്പൂർ: തീയും കണ്ണീരും – ഭാഗം 2

സംഘർഷത്തിന്റെ പെട്ടെന്നുള്ള കാരണമായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്, മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ്ഗ (ST) പദവി നൽകുന്നത് പരിഗണിക്കണമെന്ന 2023 മാർച്ച് 27-ലെ മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ്. ഈ ഉത്തരവിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് മണിപ്പൂർ (ATSUM) മെയ് 3-ന് സംഘടിപ്പിച്ച പ്രതിഷേധ റാലിയാണ് അക്രമത്തിലേക്ക് വഴുതിവീണത്. എന്നാൽ ട്രിബ്യൂണൽ റിപ്പോർട്ട് വ്യക്തമാക്കുന്നതുപോലെ, ഈ സംഘർഷം യാദൃശ്ചികമായിരുന്നില്ല. മറിച്ച് കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. സംഘർഷത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ, ഗോത്രവിഭാഗങ്ങളെ “നിയമവിരുദ്ധ കുടിയേറ്റക്കാർ,” “നാർക്കോ-തീവ്രവാദികൾ,” എന്നിങ്ങനെ മുദ്രകുത്തിക്കൊണ്ടുള്ള ഒരു വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. സംരക്ഷിത വനഭൂമി കയ്യേറി എന്ന പേരിൽ കുക്കി ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സർക്കാർ നടപടികൾ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. ആധുനിക ഡിജിറ്റൽ യുഗം ഈ വിദ്വേഷ പ്രചാരണത്തിന് പുതിയ മാനം നൽകി. ട്രിബ്യൂണൽ റിപ്പോർട്ടിൽ പറയുന്ന ഇൻഫർമേഷൻ ഡിസോർഡർ തിയറി അനുസരിച്ച്, തെറ്റായ വിവരങ്ങൾ (misinformation), ദുരുദ്ദേശ്യപരമായ വിവരങ്ങൾ (disinformation), എന്നിവയുടെ ഒരു പ്രവാഹം തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ. മണിപ്പൂരിലെ രണ്ടാമത്തെ വലിയ നഗരമായ കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂരിൽ മെയ്തെയ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു എന്ന വ്യാജവാർത്ത അതിവേഗം പടർന്നത് താഴ്‌വരയിൽ വ്യാപകമായ പ്രതികാര നടപടികൾക്ക് കാരണമായി. ഇംഫാൽ ആസ്ഥാനമായുള്ള മാധ്യമങ്ങൾ പക്ഷപാതപരമായി “മെയ്തെയ് മാധ്യമങ്ങൾ” ആയി മാറിയെന്നും എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതേസമയം, ആരംഭായ് തെംഗോൽ, മെയ്തെയ് ലീപുൻ തുടങ്ങിയ തീവ്ര മെയ്തെയ് സംഘടനകൾ താഴ്‌വരയിലെ യുവാക്കൾക്ക് ആയുധപരിശീലനം നൽകിയും വിദ്വേഷം പ്രചരിപ്പിച്ചും ഒരു സംഘർഷത്തിന് കോപ്പുകൂട്ടുകയായിരുന്നു. ഹിന്ദു മതം മണിപ്പൂരിൽ എത്തുന്നതിന് മുൻപ് മെയ്തെയ് വംശജർ വിശ്വസിച്ചിരുന്ന സനാമഹി മതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന പുനരുജ്ജീവന ഗ്രൂപ്പുകളായി സ്വയം അവതരിപ്പിച്ച ഈ സംഘടനകൾക്ക്, മുൻ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെയും മണിപ്പൂർ രാജകുടുംബാംഗവും രാജ്യസഭാ എംപിയുമായ ലെയ്‌ശേംബ സനജൗബയുടെയും ഉൾപ്പെടെയുള്ള ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ആരംഭായ് തെംഗോലിന്റെ സ്ഥാപകനും ചെയർമാനും മണിപ്പൂർ രാജാവാകേണ്ടിയിരുന്ന സനജൗബയാണ്. കുക്കി വിഭാഗങ്ങളുടെ വീടുകൾ ഒരു സർവേയുടെ ഭാഗമായി മുൻകൂട്ടി അടയാളപ്പെടുത്തിയതും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ, പോലീസ് ആയുധപ്പുരകളിൽ നിന്ന് നാലായിരത്തിലധികം തോക്കുകൾ ഇവർ കൊള്ളയടിച്ചു. ഭരണകൂടം ഇതിന് നേരെ കണ്ണടച്ചു.


മെയ് 3-ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിഷ്ക്രിയമായി നോക്കിനിൽക്കുകയായിരുന്നു. സംസ്ഥാന പോലീസ് സേന വംശീയമായി വിഭജിക്കപ്പെട്ടു. പലയിടത്തും അവർ അക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയോ, ചിലപ്പോൾ അക്രമികളോടൊപ്പം ചേരുകയോ ചെയ്തു. ഇരകളെ ആൾക്കൂട്ടത്തിന് കൈമാറിയ സംഭവങ്ങൾ വരെയുണ്ടായി. മണിപ്പൂർ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രശ്നത്തിൽ ഇടപെടാൻ വൈകി. ന്യൂനപക്ഷ വിഭാഗത്തിന് വേണ്ടി ഹാജരാകാൻ ശ്രമിച്ച മെയ്തെയ് അഭിഭാഷകരുടെ വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. ഇത് നീതി തേടാനുള്ള അവസരം പോലും ഇല്ലാതാക്കി. തീവ്രവാദ ഗ്രൂപ്പുകളുടെ നേതാക്കളെ അറസ്റ്റ് ചെയ്യാനോ, കൊള്ളയടിക്കപ്പെട്ട ആയിരക്കണക്കിന് ആയുധങ്ങൾ തിരിച്ചുപിടിക്കാനോ ഭരണകൂടം ശ്രമിച്ചില്ല. ഇത് കുറ്റവാളികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകി.

സംഘർഷത്തിലെ സ്ത്രീപങ്കാളിത്തം
മണിപ്പൂരിലെ സ്ത്രീകളുടെ പോരാട്ടവീര്യത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ സ്ത്രീകൾ നയിച്ച രണ്ട് ‘നുപി ലാനുകൾ’ മണിപ്പൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്. സ്വാതന്ത്ര്യാനന്തര കാലത്ത് സായുധ സേനയുടെ പ്രത്യേക അധികാര നിയമത്തിനെതിരെ (AFSPA) പോരാടിയ മെയ്‌രാ പൈബിമാർ (വിളക്കേന്തിയ അമ്മമാർ) മണിപ്പൂരിന്റെ സാമൂഹിക പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു.


മണിപ്പൂർ സംഘർഷം വിശകലനം ചെയ്യുമ്പോൾ, സ്ത്രീകൾ ഈ ദുരന്തത്തിൽ വഹിച്ച സങ്കീർണ്ണവും ബഹുമുഖവുമായ പങ്ക് കാണാതിരിക്കാനാവില്ല. കേവലം ഇരകൾ എന്നതിലുപരി, ചിലപ്പോൾ അക്രമത്തിന്റെ നടത്തിപ്പുകാരായും, ചിലപ്പോൾ സമാധാനത്തിന്റെ സംരക്ഷകരായും അവർ മാറി. ഈ സംഘർഷം മണിപ്പൂരിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പല മെയ്‌രാ പൈബിമാരും തങ്ങളുടെ സമുദായത്തിലെ പുരുഷന്മാരെ സംരക്ഷിക്കാൻ എന്ന പേരിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങൾ വഹിച്ചുള്ള വാഹനവ്യൂഹങ്ങൾ വരെ തടയുന്ന സ്ഥിതിവിശേഷമുണ്ടായി.


ലൈംഗികാതിക്രമം എതിർവിഭാഗത്തെ അപമാനിക്കാനും ഭയപ്പെടുത്താനുമുള്ള ആസൂത്രിതമായ ഒരു ഉപകരണമായി പലപ്പോഴും ഉപയോഗിക്കപ്പെട്ടു. കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവങ്ങൾ ഇതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണങ്ങളാണ്. പോലീസിന്റെ സാന്നിധ്യത്തിൽ പോലും ഇത്തരം അതിക്രമങ്ങൾ നടന്നത്, ഭരണകൂടത്തിന്റെ പരാജയത്തേക്കാളുപരി അതിന്റെ പങ്കാളിത്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലൊന്ന്, ചില സ്ത്രീകൾ അക്രമത്തിൽ നേരിട്ട് പങ്കാളികളായി എന്നതാണ്. കുക്കി-സോ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ മെയ്തെയ് പുരുഷന്മാരെ പ്രേരിപ്പിക്കുന്ന മെയ്‌രാ പൈബിമാരുടെ ദൃശ്യങ്ങൾ, ഈ സംഘർഷം എത്രമാത്രം സാമൂഹിക ധാർമ്മികതയെ തകർത്തു എന്നതിന്റെ തെളിവാണ്. അതേസമയം, മറുവശത്ത്, സ്വന്തം സമുദായത്തിലെ പുരുഷന്മാരുടെ പ്രതികാര നടപടികളിൽ നിന്ന് മെയ്തെയ് വിഭാഗക്കാരെ സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല തീർത്ത കുക്കി സ്ത്രീകളുടെ ധീരമായ പ്രവൃത്തികളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലെ ജീവിതം സ്ത്രീകൾക്ക് ഇരട്ടി ദുരിതമാണ് സമ്മാനിച്ചത്. പോഷകാഹാരക്കുറവ്, സ്വകാര്യതയില്ലായ്മ, വൃത്തിഹീനമായ സാഹചര്യങ്ങൾ, സുരക്ഷയില്ലായ്മ എന്നിവയെല്ലാം അവർ നേരിടേണ്ടി വന്നു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക പരിചരണം ലഭിച്ചില്ല. സംഘർഷത്തിനിടയിൽ കാട്ടിലെ ഒരു കുടിലിൽ പ്രസവിക്കേണ്ടി വന്ന ഗർഭിണിയുടെ അനുഭവം, പലായനം ചെയ്യേണ്ടി വന്ന സ്ത്രീകളുടെ ദുരിതത്തിന്റെ നേർചിത്രമാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച
മണിപ്പൂരിലെ വംശീയ സംഘർഷം വെടിയുണ്ടകളും തീയും കൊണ്ടുമാത്രമല്ല നാശം വിതച്ചത്; അത് മറ്റൊരു ദുരന്തത്തിന് കൂടി വഴിവെച്ചു; സംസ്ഥാനത്തെ ആരോഗ്യ, മാനസികാരോഗ്യ സംവിധാനങ്ങളുടെ സമ്പൂർണ്ണമായ തകർച്ച. ഈ തകർച്ചയുടെ പ്രത്യാഘാതങ്ങൾ തലമുറകളോളം നീണ്ടുനിൽക്കുന്നതും അഗാധവുമാണ്. സംഘർഷം മണിപ്പൂരിനെ വംശീയമായി വിഭജിച്ചപ്പോൾ, താഴ്‌വരയിലെ പ്രധാന ആശുപത്രികളിലേക്കുള്ള വഴികൾ മലയോരത്തെ കുക്കി വിഭാഗങ്ങൾക്ക് മുന്നിൽ എന്നെന്നേക്കുമായി അടഞ്ഞു. ഇതോടെ, ഡയാലിസിസ്, ഇൻസുലിൻ, കാൻസർ ചികിത്സ തുടങ്ങിയവ ആവശ്യമുള്ള നിരവധി രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ഇവർ മരിച്ചത് വെടിയേറ്റല്ല, മറിച്ച് തകർന്നടിഞ്ഞ ഒരു വ്യവസ്ഥിതിയുടെ ഇരകളായിട്ടാണ്. വിദഗ്ധ ചികിത്സയ്ക്കായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വന്നത് സാധാരണ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ഭാരമുണ്ടാക്കി.
സംഘർഷം താഴ്‌വരയെയും മലയോരത്തെയും ശാരീരികമായി മാത്രമല്ല, യാത്രാപരമായും പൂർണ്ണമായി വേർപെടുത്തി. മുൻപ് മണിക്കൂറുകൾ കൊണ്ട് യാത്ര ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് എത്താൻ ഇന്ന് ദിവസങ്ങൾ വേണ്ടിവരുന്നു, അല്ലെങ്കിൽ യാത്ര അസാധ്യമായിത്തീർന്നിരിക്കുന്നു. ഇത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിച്ചു. മണിപ്പൂരിനുള്ളിൽ തന്നെ പുതിയ അതിർത്തികൾ രൂപപ്പെട്ടു. കുക്കി, മെയ്തെയ് ഭൂരിപക്ഷ പ്രദേശങ്ങൾക്കിടയിൽ സമുദായങ്ങൾ തന്നെ നിയന്ത്രിക്കുന്ന ചെക്ക് പോസ്റ്റുകൾ ഉയർന്നുവന്നു. ഈ ചെക്ക് പോസ്റ്റുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരുടെ വംശീയ ഐഡന്റിറ്റി പരിശോധിക്കുന്നത് പതിവായി. ഇത് ജനങ്ങളിൽ കടുത്ത ഭീതി സൃഷ്ടിക്കുകയും യാത്രകൾ അപകടകരമാക്കുകയും ചെയ്തു. താഴ്വരക്കും മലയോര മേഖലകൾക്കുമിടയിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഇരുവിഭാഗങ്ങൾക്കും നിഷേധിക്കപ്പെട്ടു. നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ കണ്ട് തിരിച്ചു പോകും വഴിയുണ്ടായ അനുഭവം ഏറെ ക്രൂരമായിരുന്നു. സഞ്ചരിച്ചിരുന്ന വാഹനം കാങ്പോക്പിയിൽ നിന്നും ഇംഫാൽ താഴ്വരയിലേക്ക് കടക്കും മുൻപുള്ള കുക്കി ചെക്ക്‌പോസ്റ്റിൽ വെച്ച് പരിശോധിക്കപ്പെട്ടു. വാഹനത്തിനുള്ളിൽ കയറി പരിശോധിച്ച കുക്കി വളണ്ടിയർ പറഞ്ഞത് ഏതെങ്കിലുമൊരു മെയ്‌തേയ്ക്കാരനെ കിട്ടിയിരുന്നെങ്കിൽ ക്രിസ്‌മസിന്‌ ബലി കൊടുക്കാമായിരുന്നു എന്നാണ്.


ഇംഫാൽ താഴ്‌വരയിലേക്കുള്ള പ്രധാന പാതകളായ NH-2, NH-37 എന്നിവ അടഞ്ഞതോടെ, മലയോരത്തെ ജനങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. അവശ്യസാധനങ്ങൾക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും അയൽ സംസ്ഥാനങ്ങളായ മിസോറാമിലേക്കോ നാഗാലാൻഡിലേക്കോ മണിക്കൂറുകളോളം ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യേണ്ടി വന്നു. ഇത് യാത്രാച്ചെലവ് അഞ്ചിരട്ടിയോളം വർദ്ധിപ്പിച്ചു. സാധാരണക്കാർക്ക് താങ്ങാനാവാത്ത ഈ സാമ്പത്തികഭാരം പലരെയും കടക്കെണിയിലാക്കി. ഗതാഗത മാർഗ്ഗങ്ങൾ തടസ്സപ്പെട്ടതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. മലയോര പ്രദേശങ്ങളിലേക്ക് പെട്രോൾ, ഡീസൽ, പാചകവാതകം, മരുന്നുകൾ എന്നിവയുടെ വരവ് നിലച്ചു. ഇത് കരിഞ്ചന്ത വ്യാപകമാകാൻ കാരണമായി. ഒരു ലിറ്റർ പെട്രോളിന് സാധാരണ വിലയുടെ പലയിരട്ടി നൽകേണ്ട അവസ്ഥ വന്നു. സംസ്ഥാനത്തിന് പുറത്തേക്ക് പോകാനോ, അടിയന്തര സാഹചര്യങ്ങളിൽ ഇംഫാലിലേക്ക് എത്താനോ ഏക മാർഗ്ഗം വിമാനയാത്രയായി മാറി. എന്നാൽ സാധാരണക്കാർക്ക് ഇത് അപ്രാപ്യമായിരുന്നു. സർക്കാർ ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയെങ്കിലും അത് അപര്യാപ്തമായിരുന്നു. ഇത് ഫലത്തിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംസ്ഥാനത്തിനുള്ളിൽ തന്നെ തടവിലാക്കപ്പെട്ട അവസ്ഥയിലാക്കി. സംഘർഷം അതിജീവിച്ചവരിൽ പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), കടുത്ത ഉത്കണ്ഠ, വിഷാദം എന്നിവ വ്യാപകമായി. റിപ്പോർട്ട് പ്രകാരം, സംഘർഷത്തിന് ശേഷം ആത്മഹത്യാ കേസുകളിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെ അരക്ഷിതാവസ്ഥയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഈ മാനസികാഘാതം വർദ്ധിപ്പിച്ചു. എന്നാൽ, ഈ അദൃശ്യമായ മഹാമാരിയെ നേരിടാൻ ആവശ്യമായ മാനസികാരോഗ്യ പ്രവർത്തകരോ സംവിധാനങ്ങളോ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല.


അതിക്രൂരമായ അക്രമങ്ങൾക്ക് സാക്ഷികളായ കുട്ടികളിൽ സംഘർഷം ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. ഉറക്കമില്ലായ്മ, വൈകാരികമായ ഒറ്റപ്പെടൽ, പഠനവൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ അവരിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വീടുകൾക്ക് തീയിടുന്നതും പ്രിയപ്പെട്ടവരെ കൊല്ലുന്നതും കണ്ട കുട്ടികളുടെ മനസ്സിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ, അടുത്ത തലമുറയിലേക്ക് കൂടി പകരുന്ന മാനസികാഘാതത്തിന്റെ വിത്തുകളാണ്. കേരളത്തിൽ നിന്നുമുള്ള പത്രപ്രവർത്തകർക്കൊപ്പം മൊയ്‌റാങ്ങിളെയും ചുരാചന്ദ്പൂരിലെയും യുദ്ധത്താൽ തകർന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുവാൻ അവസരം ലഭിച്ചിരുന്നു. ഒരു ദുരിതാശ്വാസ ക്യാംപിലെ ചുമരിൽ യന്ത്രത്തോക്കുകളേന്തിയ വാഹനങ്ങളും തകർക്കപ്പെട്ട വീടുകളും വരച്ച ഒരഞ്ചു വയസ്സുകാരന്റെ മുഖം ഇന്നും ഓർമ്മയിലുണ്ട്. ഈ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, യുദ്ധങ്ങൾക്ക് നാം നൽകേണ്ടി വരുന്ന യഥാർത്ഥ വില എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നു.
അക്രമത്തിന്റെ ഫലമായി 60,000-ൽ അധികം ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എന്നാൽ അവിടെയും അവർക്ക് നീതി ലഭിച്ചില്ല. താഴ്‌വരയിലെ മെയ്തെയ് ക്യാമ്പുകൾക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചപ്പോൾ, മലയോരത്തെ കുക്കി ക്യാമ്പുകൾ പൂർണ്ണമായും അവഗണിക്കപ്പെട്ടു. ക്യാമ്പുകളിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം മുടങ്ങി. ഇംഫാലിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കുക്കി വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി. 2023 മെയ് 3ന് തങ്ങളുടെ ജീവനും കൊണ്ട് രക്ഷപ്പെട്ട കുക്കി വിദ്യാർത്ഥികൾ പിന്നീട് യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചുവന്നില്ല. കുക്കികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് അക്രമണത്തിന് വിധേയരാകുമോ എന്ന ഭയത്താൽ മണിപ്പൂരിലും അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള മറ്റു പല ഗോത്രവിഭാഗങ്ങളിലെയും വിദ്യാർത്ഥികളും പഠനം അവസാനിപ്പിച്ചു. എന്റെ സുഹൃത്തായ താൻഖുൽ നാഗാ വിദ്യാർത്ഥി റെയ്‌സങ് ലുങ്‌ലോയ്ക്ക് പരീക്ഷയെഴുതാൻ തിരികെ വരാൻ പോലും ഭയമായിരുന്നു. “ഞാൻ വന്നിട്ട് എനിക്കെന്തെങ്കിലും സംഭവിച്ചാൽ താങ്കൾ ഉത്തരം പറയുമോ?” എന്ന് ഡിപ്പാർട്ട്മെന്റ് മേധാവിയോട് അവൻ ചോദിച്ച ചോദ്യത്തിൽ ഒരു തലമുറയുടെ മുഴുവൻ നിസ്സഹായതയുമുണ്ടായിരുന്നു.

ഇനിയെന്ത്?
സംഘർഷം തുടങ്ങി രണ്ട് വർഷം പിന്നിടുമ്പോഴും മണിപ്പൂർ ഒരു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ, ട്രിബ്യൂണൽ റിപ്പോർട്ട് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ശാശ്വതമായ പ്രശ്നപരിഹാരത്തിന് കേവലം രാഷ്ട്രീയമായ ഒത്തുതീർപ്പുകൾ മാത്രം മതിയാവില്ല. തീവ്രവാദ ഗ്രൂപ്പുകളെ നിരായുധരാക്കുകയും കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവുമാദ്യം കൈക്കൊള്ളേണ്ട നടപടി. അത് കുറേയൊക്കേ ഈയടുത്തായി നടന്നിട്ടുമുണ്ട്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലാ വിഭാഗങ്ങളെയും, തീവ്രനിലപാടുള്ള സംഘടനകളെ പോലും, ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബഹുമുഖ സംഭാഷണ പ്രക്രിയയ്ക്ക് നിഷ്പക്ഷരായ മധ്യസ്ഥരുടെ നേതൃത്വത്തിൽ തുടക്കമിടണം.
ദക്ഷിണാഫ്രിക്കയുടെ മാതൃകയിൽ ഒരു അനുരഞ്ജനത്തിനുള്ള കമ്മീഷൻ (Truth and Reconciliation Commission) രൂപീകരിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇത് പരസ്യമായി തെറ്റുകൾ ഏറ്റുപറയാനും മാപ്പ് ചോദിക്കാനും അതുവഴി സാമൂഹികമായ മുറിവുണക്കാനും സഹായിക്കും. വിദ്വേഷ പ്രസംഗങ്ങളെയും വ്യാജവാർത്തകളെയും പ്രതിരോധിക്കാൻ പാഠ്യപദ്ധതിയിൽ സമാധാന വിദ്യാഭ്യാസം ഉൾപ്പെടുത്തണം.


ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച റോബർട്ട് ഹോക്കിപ്പ് പിന്നീട് ഒരിക്കലും യൂണിവേഴ്സിറ്റിയിലേക്ക് തിരിച്ചുവന്നില്ല. അവനെപ്പോലെ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളാണ് ആ തീയിൽ എരിഞ്ഞമർന്നത്. ഭരണകൂടത്തിന്റെ ആത്മാർത്ഥമായ ഇച്ഛാശക്തിയും പൊതുസമൂഹത്തിന്റെ ധീരമായ ഇടപെടലും ഇല്ലാതെ ആ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് മുളയ്ക്കില്ല. മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്താനും, തകർന്ന വിശ്വാസത്തെ പുനർനിർമ്മിക്കാനും ആഴത്തിലുള്ളതും സത്യസന്ധവുമായ ശ്രമങ്ങൾ അനിവാര്യമാണ്. എങ്കിൽ മാത്രമേ മണിപ്പൂരിന്റെ മണ്ണിൽ വീണ്ടും സമാധാനത്തിന്റെ പൂക്കൾ വിരിയുകയുള്ളൂ.