മനസ്സും മൗനവും തമ്മിലുള്ള നിഗൂഢമായ ആത്മബന്ധം എത്രയോ വിസ്മയകരമാണ്! ‘നഫ്‌സ്’ (Nafs) എന്ന പദത്തിന്റെ അക്ഷരങ്ങളെ മുൻനിർത്തി ചിന്തിച്ചാൽ, പ്രപഞ്ചത്തിലെ രണ്ട് വ്യത്യസ്ത അവസ്ഥകളെ സൂചിപ്പിക്കുന്ന ‘ഫനസ്’ (ചക്ക), ‘സുഫുൻ’ (കപ്പലുകൾ) എന്നീ വാക്കുകളിലേക്ക് നമ്മുടെ ശ്രദ്ധയെത്തുന്നു. ഈ രണ്ട് പദങ്ങളും ആഴത്തിൽ വിശകലനം ചെയ്താൽ മനുഷ്യ മനസ്സിന്റെ അവസ്ഥാന്തരങ്ങളെ നമുക്ക് തിരിച്ചറിയാം.
കപ്പൽ അതിന്റെ പടുകൂറ്റൻ ഭാരവുമായി ‘Buoyant Force’ മുഖേന സമുദ്രോപരിതലത്തിൽ ഒഴുകി നീങ്ങുന്നു. ചക്കയാകട്ടെ, തന്റെ ഭാരത്തെ ഒരു നേർത്ത കൊമ്പിൽ ഏല്പിച്ച് നിശബ്ദമായി തൂങ്ങിനിൽക്കുന്നു. ഇവ രണ്ടും പ്രപഞ്ചത്തിന്റെ നിശബ്ദമായ താളത്തിനൊപ്പം ചേർന്നുനിന്ന് തങ്ങളുടേതായ വലിയ ഇടം കണ്ടെത്തുന്നു.
തിരമാലകളെ കീറിമുറിച്ച് കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കുന്നു; കടുപ്പമേറിയ പുറംതോടിനുള്ളിൽ മധുരമേറിയ ചുളകൾ ഒളിപ്പിച്ചുവെച്ച് ചക്ക പാകമാകുന്നു. പ്രകൃതിയുടെ മാറ്റങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഇവയെ ഒരുപോലെ ബാധിക്കുന്നു. ഇതുതന്നെയല്ലേ മനുഷ്യന്റെ ജീവിതവും? തകരാറിലായ കപ്പൽ ഉപേക്ഷിക്കപ്പെടുന്നു, വികസനത്തിന്റെ പേരിൽ പ്ലാവ് വെട്ടിമാറ്റപ്പെടുന്നു; നശ്വരമായ ഈ ലോകത്ത് മനുഷ്യ മനസ്സിനും അവസ്ഥകൾക്കും ഇവയുമായി എത്രത്തോളം സാമ്യമുണ്ട്!
മൗനത്തെക്കുറിച്ചുള്ള അറബി ഭാഷയിലെ പ്രയോഗങ്ങൾ ചിന്തനീയമാണ്. ‘സുമ്ത്ത്’ (صمت), ‘സുകൂത്ത്’ (سكوت) എന്നിങ്ങനെ രണ്ട് തലങ്ങൾ അതിനുണ്ട്. വിവേകപൂർണ്ണമായ നിശബ്ദതയെ ‘സുമ്ത്ത്’ എന്നും, അവിവേകത്തിൽ നിന്നോ അറിവില്ലായ്മയിൽ നിന്നോ ഉണ്ടാകുന്ന മിണ്ടാതിരിക്കലിനെ ‘സുകൂത്ത്’ എന്നും വിളിക്കുന്നു. മനുഷ്യന്റെ ഓരോ ചലനങ്ങളെയും വികാരങ്ങളെയും ഇത്ര സൂക്ഷ്മമായി അടയാളപ്പെടുത്തിയ പദസമ്പന്നതയും, ഈ പ്രപഞ്ച ക്രമവും നോക്കുമ്പോൾ… ആ വിധാതാവ് എത്ര പരിശുദ്ധൻ!