മനസ്സിനോടുള്ള ധർമ്മസമരം

സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ കഴിയേണ്ടവരാണ് വിശ്വാസികൾ. മനുഷ്യൻ്റെ മനസ്സ് എന്ന് പറഞ്ഞാൽ മാറിമറിയുന്നതാണ്. അതിന് എല്ലാ സമയത്തും നന്മയോട് താൽപ്പര്യം ഉണ്ടാകണമെന്നില്ല. എന്ന് മാത്രമല്ല, മനുഷ്യമനസ്സിന് കൂടുതൽ ചായ്‌വ് തിന്മ ചെയ്യുന്നതിനോടാണ് എന്ന് ഖുർആൻ പറയുന്നുണ്ട്.(യൂസുഫ്:53).

തിന്മകളിലേക്ക് വേഗത്തിൽ അകപ്പെടുന്ന മനസ്സിനെ അതിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഒരു വിശ്വാസി അവൻ്റെ ജീവിതത്തിൽ ചെയ്യേണ്ട ഏറ്റവും വലിയ ധർമ്മസമരം. മനസ്സിനോടുള്ള ധർമ്മസമരം പുണ്യം ലക്ഷ്യമാക്കിയാകണം. അല്ലാഹുവിൻ്റെ കല്പനകളെയും വിരോധങ്ങളെയും പാലിക്കുവാൻ നമ്മുടെ ഹൃദയത്തെ പ്രാപ്തമാകുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്. “തീർച്ചയായും അതിനെ (മനസിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു”(അഅ്ലാ:9).

യഥാർത്ഥ ധർമ്മസമരം ചെയ്തവൻ ( മുജാഹിദ്) സ്വന്തം മനസ്സിനെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിയന്ത്രിച്ചവനാണ് എന്ന് നബി(സ) പറഞ്ഞത് വളരെ കൃത്യമാണ്. നമ്മുടെ ഹൃദയത്തെ അതിൻറെ ദുഷിച്ച താൽപര്യങ്ങളിൽ നിന്ന് അടർത്തി മാറ്റുകയും അല്ലാഹുവിൻറെ വഴിയിലേക്ക് അതിനെ നയിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഈമാൻ കലർപ്പില്ലാത്തതാവുന്നത്. ഈയൊരു അവസ്ഥ നിലനിർത്തണമെങ്കിൽ ഒരു വിശ്വാസി എന്ന നിലക്ക് കുറ്റപ്പെടുത്തുന്ന മനസ്സ് നമുക്കുണ്ടാകേണ്ടതുണ്ട്. മേൽ സൂചിപ്പിച്ചതുപോലെ തിന്മയോട് കൂടുതൽ താല്പര്യമുള്ള നമ്മുടെ മനസ്സിന് തെറ്റ് സംഭവിക്കുമ്പോഴെല്ലാം സ്വയം കുറ്റപ്പെടുത്തി അതിന് പരിഹാരം കണ്ടെത്തുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട ആളുകൾ അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് മനസ്സിൻറെ താൽപര്യങ്ങളെ ഉപേക്ഷിക്കുന്നവരാണ് എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്(നാസിആത്ത്:40,41).

മനസ്സിനെ നന്മയിലൂടെ തൃപ്തിപ്പെടുത്താൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണ്. സ്വന്തം താല്പര്യങ്ങളെ അല്ലാഹുവിന്റെയും റസൂലിന്റെയും കൽപനകൾക്ക് വഴിപ്പെടുത്തുമ്പോഴാണ് ഒരാൾക്ക് ഈമാനിന്റെ യഥാർത്ഥ രുചി അറിയാൻ സാധിക്കുക. അല്ലാഹു ഖുർആനിൽ വിശ്വാസികളിൽ അടങ്ങിയ ഒരു സൽഗുണത്തെ പറയുന്നുണ്ട്. “എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലങ്കാരമാക്കി തരികയും ചെയ്തിരിക്കുന്നു.(ഹുജുറാത്ത്:07)”.
ഹൃദയത്തിന് സത്യവിശ്വാസത്തോട് താൽപര്യം തോന്നിച്ചത് അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ടാണ്. അത് എപ്പോഴും നിലനിൽക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.