1890ല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ദേശത്ത് സമ്പന്നവും പുരാതനവുമായ മണപ്പാട്ട് തറവാട്ടിലാണ് അദ്ദേഹത്തിന്റെ ജനനം. സ്ക്കൂളില്‍ ചേരുന്നതിന് മുമ്പേ പള്ളി ദര്‍സില്‍ പോയി ഇസ്ലാമികതത്വങ്ങളുടെ ബാലപാഠങ്ങള്‍ പഠിച്ചു. പ്രാഥമികമായ ഭൗതിക വിദ്യാഭ്യാസം കൊടുങ്ങല്ലൂരിലെ എടവിലങ്ങ് സ്ക്കൂളില്‍ പൂര്‍ത്തീകരിച്ചു. ശേഷം പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം സഭ എന്ന സ്ഥാപനത്തില്‍ പഠിച്ച് ഇസ്ലാമിക പഠനം, അറബി, ഉറുദു ഭാഷ പഠനം എന്നിവയില്‍ അവഗാഹം നേടി.
പഠിക്കുന്ന കാലത്ത് തന്നെ മണപ്പാട്ടിന് മുസ്ലിംകള്‍ക്കിടയില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മാനസികമായി പൊരുത്തപ്പെട്ടു പോകാന്‍ സാധിക്കാതെയായി. ഖുര്‍ആനിലും സുന്നത്തിലും നിര്‍ദേശിക്കുന്ന ആത്മീയ ജീവിതവും അന്നത്തെ മുസ്ലിംകള്‍ അനുഷ്ഠിച്ചു പോരുന്ന മതജീവിതവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മണപ്പാട്ട് തിരിച്ചറിഞ്ഞു. ചന്ദനക്കുടം, റാത്തീബ് പോലെയുള്ള അനാചാരങ്ങള്‍ക്കെതിരെ ശബ്ദിച്ചു. കാത്ക്കുത്ത് കല്യാണം, സുന്നത്ത് കല്യാണം, വയസ്സറിയിക്കല്‍ ചടങ്ങ് എന്നിവ അഘോഷങ്ങളാക്കേണ്ടെന്ന് ആഹ്വാനം ചെയ്തു.
ഇക്കാലഘട്ടത്തില്‍ കൊടുങ്ങല്ലൂരില്‍ സന്നിഹിതരായ സാമൂഹ്യപരിഷ്കര്‍ത്താക്കളായ സനാഉല്ലാ മക്തി തങ്ങള്‍, ശൈഖ് ഹമദാനി തങ്ങള്‍, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, ഇ.കെ.മൗലവി, കെ.എം മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍, എം.സി.സി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കങ്ങള്‍ മണപ്പാട്ടിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി.
തന്റെ സ്വദേശമായ എറിയാട് പ്രദേശത്ത് താമസിക്കുന്ന യുവാക്കളെ സംഘടിപ്പിച്ച് പഠനക്ലാസുകള്‍ സംഘടിപ്പിച്ചു. സാമൂഹ്യപരമായി സ്ത്രീയും പുരുഷനും തുല്യരാണ്. അതുകൊണ്ട് വിദ്യാഭ്യാസം നേടുന്ന വിഷയത്തില്‍ ആണ്‍-പെണ്‍ വിവേചനം പാടില്ലെന്ന് പ്രചരിപ്പിച്ചു. ഇംഗ്ലീഷും മലയാളവും പഠിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അഴീക്കോട് ലജ്നത്തുല്‍ ഹമദാനി സഭ, എറിയാട് ലജ്നത്തുല്‍ ഇസ്ലാം സംഘം എന്നീ രണ്ട് സംഘടനകള്‍ രൂപീകരിച്ചു.
കൊടുങ്ങല്ലൂരിലെ മുസ്ലിംകള്‍ക്കിടയിലെ പ്രധാന പ്രശ്നം കക്ഷി വഴക്കുകളായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് പോലും കുടുംബബന്ധുക്കള്‍ പരസ്പരം തെറ്റിപ്പിരിഞ്ഞു ജീവിക്കുന്ന കാഴ്ച പതിവായിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ കുടുംബ വഴക്ക്മൂലം മയ്യത്ത് കാണാന്‍പോലും എളാപ്പയായ (ഉപ്പയുടെ സഹോദരന്‍) കുട്ടിക്കമ്മദ് സാഹിബ് വരാത്തത് മണപ്പാട്ടിനെ വളരെയധികം വേദനിപ്പിച്ചു. നാട്ടില്‍ നടക്കുന്ന വഴക്കുകളും തര്‍ക്കങ്ങളും മധ്യസ്ഥം വഴി പരിഹരിച്ചുകൊണ്ട് സമുദായത്തിന്റെ പുരോഗതി ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടു കൂടിയാണ് ശൈഖ് ഹമദാനി തങ്ങളെ മുന്നില്‍ നിര്‍ത്തി ഒരു യോഗം വിളിക്കുകയും ‘നിഷ്പക്ഷ സംഘം’ എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തത്. മണപ്പാട്ട് സംഘടനയുടെ സെക്രട്ടറിയും സീതി മുഹമ്മദ് സാഹിബ് പ്രസിഡന്റുമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടായി. അനവധി കക്ഷിവഴക്കുകളാണ് രമ്യമായി തീര്‍പ്പാക്കിയത്.

‘നിഷ്പക്ഷ സംഘ’ത്തിന്റെ വിജയം കേരളമുസ്ലിംകള്‍ക്കാകമാനം നേതൃത്വം കൊടുക്കാന്‍ സാധിക്കുന്ന ഒരു മുസ്ലിം സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു. 1922ല്‍ എറിയാട് വെച്ച് വിപുലമായ ഒരു യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ കേരള മുസ്ലിം ഐക്യസംഘം എന്നൊരു സംഘടന രൂപംകൊണ്ടു. സംഘത്തിന്റെ പ്രഥമ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയെയായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പരസ്യമായി നിലപാടെടുത്തതോടെ സംഘത്തിനെതിരെയുള്ള എതിര്‍പ്പുകളും ശക്തമായി.
ശ്രീനാരായണ ഗൂരുവുമായി അടുത്ത ബന്ധം മണപ്പാട്ട് സൂക്ഷിച്ചിരുന്നു. “ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിക്കുക, എത്ര വലിയ എതിര്‍പ്പുകള്‍ ഉണ്ടായാലും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാതിരിക്കുക” മണപ്പാട്ടിന് മിക്കപ്പോഴും ഗുരുവില്‍ നിന്ന് ലഭിച്ചിരുന്ന പ്രധാന ഉപദേശം ഇതായിരുന്നു. ആത്മസൗഹൃദത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി.ക്ക് 25 ഏക്കര്‍ ഭൂമി മണപ്പാട്ട് സംഭാവന നല്‍കിയിട്ടുണ്ട്. പണ്ഡിറ്റ് കെ.പി.കറുപ്പന്റെ പ്രവർത്തനങ്ങള്‍ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചതിനാലും അധസ്ഥിതർക്ക് വേണ്ടി നിസ്വാർത്ഥ സേവനങ്ങള്‍ ചെയ്തതിന്റെയും ആദരസൂചകമായി കറുപ്പൻ തന്റെ മകള്‍ക്ക് മണപ്പാടന്റെ മക്കളില്‍ ഒരാളായ ആയിഷയുടെ പേരാണ് നല്‍കിയത്
പൗരോഹിത്യത്തിന്റെ എതിർപ്പുകള്‍ ശക്തമായി തുടർന്നപ്പോഴും സ്ക്കൂളില്‍ മുസ്ലിം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും എത്തിക്കാനുള്ള ശ്രമം തുടർന്നു കൊണ്ടിരുന്നു. മുസ്ലിംകളെ മാത്രമല്ല, അധസ്ഥിത വിഭാഗങ്ങളായ കണക്കനെയും പുലയനെയും ഈഴവനെയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ദാരിദ്രം കാരണം സ്ക്കൂളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് ഇല്ലാതാക്കാന്‍ വിദ്യാർഥികള്‍ക്ക് മണപ്പാട്ട് സ്വന്തം വീട്ടില്‍ നിന്ന് ഉച്ചഭക്ഷണം കൊടുക്കാന്‍ ആരംഭിച്ചു.
ജുമുഅ ഖുതുബ മലയാളത്തിലാക്കണമെന്ന് ശക്തമായി വാദിച്ചു. സ്ത്രീകളുടെ പള്ളിപ്രവേശനത്തിന് വേണ്ടിയും മണപ്പാട്ടും സംഘവും നിരന്തരം ശബ്ദമുയർത്തി. തദ്ഫലമായി മാടവന ജമാഅത്ത് പള്ളിയില്‍ ഖുതുബ മലയാളത്തിലാക്കാനും സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച്ച നമസ്കാരത്തിന് പങ്കെടുക്കാനും സാധിച്ചു. അതോടൊപ്പം മുസ്ലിം സ്ത്രീകളുടെ മുഷിഞ്ഞതും കാലഹരണപ്പെട്ടതുമായ വസ്ത്രരീതി മാറ്റി ആധുനികവും കൂടുതല്‍ സൌകര്യപ്രദവും അതേസമയം ഇസ്ലാമിക നിയമം അനുശാസിക്കുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രോത്സാഹനം നല്‍കി.
1925ല്‍ മണപ്പാടൻ എറിയാട്ട് ഒരു സ്ക്കൂള്‍ സ്ഥാപിച്ചു. അതിന് ‘ശ്രീവിലാസം സ്കൂള്‍’ എന്ന് പേര് കൊടുത്തു. എല്ലാ കുട്ടികള്‍ക്കും സൌജന്യ ഉച്ചഭക്ഷണം കൊടുത്തു. ദരിദ്രരായ വിദ്യാർഥികള്‍ക്ക് വസ്ത്രങ്ങളും പാഠപുസ്തകങ്ങളും നല്‍കി. സ്കൂളില്‍ വിദ്യാർഥികളുടെ എണ്ണം വർധിച്ചു വന്നതോടെ 1946ല്‍ സ്കൂളും അതിന്റെ രണ്ട് ഏക്കറിലധികം സ്ഥലവും സർക്കാരിന് നല്‍കി. മണപ്പാട്ടിന്റെ ആവശ്യപ്രകാരം സ്കൂളിന് ‘കേരളവർമ’ എന്ന പേര് നല്‍കി. 1928ല്‍ ആരംഭിച്ച അല്‍ മദ്റസത്തുല്‍ ഇത്തിഹാദ് യു.പി സ്കൂളും പിന്നീട് സർക്കാരിന് കൈമാറിയിരുന്നു.
സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് മണപ്പാട്ടിന്റെ നേതൃത്വത്തില്‍ രണ്ട് മാസികകള്‍ പുറത്തിറക്കി. ‘മുസ്ലിം ഐക്യം’ എന്ന പേരില്‍ മലയാളം മാസികയും ‘അല്‍ ഇർഷാദ്’ എന്ന പേരില്‍ അറബി-മലയാളം മാസികയുമാണ് ആരംഭിച്ചത്.
സാമൂഹിക പരിഷ്കരണ രംഗത്ത് മാത്രമല്ല, രാഷ്ട്രീയ മേഖലയിലും മണപ്പാടൻ സജീവമായിരുന്നു. അന്നത്തെ കാർഷിക പ്രക്ഷോഭങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചു. അതിന്റെ ഭാഗമായി ജയില്‍വാസവും അനുഷഠിക്കേണ്ടി വന്നു. 1925ല്‍ കൊച്ചി നിയമനിർമാണ സഭയിലേക്ക് മത്സരിച്ചു ജയിച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള സമരങ്ങളില്‍ മുഴുകിയിരുന്ന പ്രധാനികളെ വരുതിയിലാക്കാൻ വേണ്ടി സ്ഥാനമാനങ്ങള്‍ നല്‍കുന്നത് പതിവായിരുന്നു. ഇതിന്റെ ഭാഗമായി മണപ്പാടന് വെച്ചുനീട്ടിയ ഖാൻ ബഹദൂർ പട്ടം അദ്ദേഹം നിസംശയം നിരസിച്ചു.
ജീവകാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം നിസ്തുല സംഭാവനകള്‍ നല്‍കി. ചേരമാൻ പള്ളിക്ക് സമീപം തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ചേരമാൻ മാലിക് മൻസില്‍ യതീംഖാന സ്ഥാപിച്ചു. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥാപിക്കുന്നതിന് വേണ്ടി 111 ഏക്കർ ഭൂമി സംഭാവന ചെയ്തു. കൊല്ലം എസ്.എൻ കോളേജിന് സംഭാവനയായി നല്‍കിയ 25 ഏക്കറിന് പുറമേ ചങ്ങനാശ്ശേരി എൻ എസ് എസ് കോളേജ് സ്ഥാപിക്കുന്നതിനായി 25 ഏക്കർ സംഭാവന ചെയ്തു. 1955ല്‍ ആഗമാനന്ദ സ്വാമികളുടെ ശങ്കരാ കോളേജിനും 25 ഏക്കർ ഭൂമി ദാനം ചെയ്തു. കൂടാതെ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജ്, അരീക്കോട് സുല്ലമുസ്സലാം കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഭൂമി ദാനം ചെയ്തു.
1959 സെപ്തംബര്‍ ആറിനാണ് അദ്ദേഹം ഇഹലോകവാസം വെടിയുമ്പോഴേക്കും കേരളക്കരയിൽ മുസ്ലിം സമുദായത്തിന്റെ സമൂല നവോത്ഥാനത്തിന് ആളിപ്പടര്‍ന്നു തുടങ്ങിയിരുന്നു.