മണാലി ദിവസങ്ങൾ; മനസ്സിൽ പതിഞ്ഞ യാത്ര

225
0

ഒരു 20 വയസ്സുകാരൻ എന്ന നിലയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ സമ്മാനിച്ച യമണ്ടൻ യാത്രയായിരുന്നു കോഴിക്കോട് നിന്ന് മണാലി വരെ പോയ യാത്ര.

ഇന്ത്യയുടെ പത്തോളം സംസ്ഥാനങ്ങൾ വഴി സഞ്ചരിക്കാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ് ഞാൻ. തലസ്ഥാന നഗരി ഡൽഹിയുടെ ചരിത്ര പ്രാധാന്യമുള്ള മുഗൾ ഭരണകൂടത്തിൻ്റെ പ്രധാന മന്ദിരങ്ങളും സ്ഥലങ്ങളും കണ്ടപ്പോൾ തന്നെ ഒരുപാട് മനസ്സ് നിറഞ്ഞു. കൂടാതെ ലോക അൽഭുതങ്ങളിൽ ഒന്നായി എണ്ണപ്പെട്ട ഇന്ത്യയിലെ ഏക മന്ദിരമായ താജ് മഹൽ അതിൻ്റെ പൂർണ്ണ യശസ്സോടെ തലയുയർത്തി നിൽക്കുന്നത് നേരിൽ കാണാൻ കഴിഞ്ഞത് മനസ്സിൽ പതിഞ്ഞ ഒരു ചിത്രമായിരുന്നു. ആഗ്ര ഫോർട്ടും, ഖുതുബ് മിനാറും, ഇന്ത്യ ഗേറ്റും, റെഡ് ഫോർട്ടും, ജമാ മസ്ജിദും ഒക്കെ കണ്ണ് കുളിർക്കെ കണ്ട് ആസ്വദിച്ചു. ഇതൊക്കെ കണ്ട് തീർക്കുന്നത് മാത്രമല്ല, ആഗ്രയിലും ഡൽഹിയിലും കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല വാഹന സൗകര്യവും ഭക്ഷണവും കിടക്കാൻ ഹോട്ടലും ലഭിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം നൽകി.

മണാലിയിലെ ഓരോ ദിവസവും വ്യതസ്ത അനുഭവങ്ങൾ നൽകി. ആദ്യ ദിവസം ഹഡാമ്പി ടെമ്പിൾ സന്ദർശിച്ച് ബുദ്ധൻ്റെ ആരാധനാലയത്തിലെ ആചാരങ്ങൾ കണ്ടു. നേപ്പാളിയൻ ഭാഷയിലെ വേദഗ്രന്ഥം വായിക്കുന്നത് ശ്രദ്ധിച്ച് കേട്ടത് പ്രത്യേക അനുഭവമായി തോന്നി. രണ്ടാം ദിവസം സോളാങ് വാലി,കോക്‌സാർ ഭാഗങ്ങളിൽ തണുപ്പിൽ കാൽ മരവിക്കുന്നത് വരെ ഉല്ലസിച്ചു. മഞ്ഞ് മലയുടെ മേലെ വലിഞ്ഞ് കയറി താഴേക്ക് നീന്തി ഇറങ്ങിയതൊക്കെ വല്ലാത്തൊരു അനുഭവമായിരുന്നു. മൂന്നാം ദിനത്തിൽ കുളു പ്രദേശത്ത് റിവർ റാഫ്റ്റിങ് ചെയ്തത് പറഞ്ഞാലും തീരാത്ത മനോഹര അനുഭവമായിരുന്നു. തണുത്തുറച്ച വെള്ളം മുഖത്തേക്ക് അടിക്കുമ്പോൾ കിട്ടുന്ന കുളിര് അത് വേറെ തന്നെയാണ്. കൂടാതെ മണാലിയിലെ ഓരോ സ്പോട്ടിലേക്കും ട്രാവലറിൽ പോയത് ഒരു അഡ്വഞ്ചർ പോലെ തോന്നി.

നമ്മുടെ ടൂർ പാക്കേജ് കോർഡിനേറ്റർ പ്രിയപ്പെട്ട ഫർസിൻ ഇക്കയായിരുന്നു. റൗളത്തിലെ സീനിയർ എന്ന പരിചയം മാത്രമായിരുന്നു എനിക്ക് മൂപരുമായി മുമ്പ് ഉണ്ടായിരുന്നത്. എന്നാൽ ഈ ടൂർ കഴിഞ്ഞതോടെ ജ്യേഷ്‌ഠതുല്യനായി. എന്തിനും ഏതിനും കൂടെ നിൽക്കുന്ന പ്രൊഫെഷണൽ ടൂർ കോർഡിനേറ്റർ ആയി മനസ്സിലാക്കാൻ കഴിഞ്ഞു. മൂപരുടെ ക്ഷമയും നല്ല മനസ്സും പുഞ്ചിരിയോടെ എല്ലാത്തിനും മറുപടി നൽകുന്നതും ടൂറിനെ നൂർ ശതമാനം സഫലമാക്കാൻ സഹായിച്ചിട്ടുണ്ട്.

റൗളത്തിലെ അവസാന വർഷ വിദ്യാർത്ഥികളായ ഞാനടങ്ങുന്ന 30 പേരെയും നിയന്ത്രിച്ച ഡോ. ഉസാമ സാറും ഡോ. ഫഹദ് സാറും ഈ ടൂറിന് ഏറ്റവും യോഗ്യരായ കോർഡിനേറ്റർമാരായിരുന്നു. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഓരോ സ്ഥലത്തിൻ്റെയും ചരിത്ര പ്രാധാന്യം പറഞ്ഞുതന്ന ഉസാമ സാറും യാത്ര ചെയ്ത് ധാരാളം അനുഭവങ്ങളുള്ള, ഈ യാത്രയുടെ പ്രധാന കാരണക്കാരനായ ഫഹദ് സാറും ടൂറിനെ കളറാക്കാൻ ഒരുപാട് സഹായിച്ചു. അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കും.

ഇതിനെല്ലാം ഉപരി മൂന്ന് ബാച്ചിലെയും വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ കയ്യിൽ നിന്ന് ക്യാഷ് വാങ്ങി കൃത്യമായി നിർദ്ദേശങ്ങൾ നൽകി കഷ്ടപ്പെട്ട ഷാനു,സബാഹ്,ദലീഫ് ഇവർക്കും ഒരുപാട് നന്ദി പറയാനുണ്ട്.

ഇത്രയും പറഞ്ഞ് നിർത്താൻ മനസ്സ് അനുവദിക്കാത്തതിന് പ്രധാന കാരണം അത്രയും നല്ല ഓർമ്മകൾ നൽകിയ ഏറ്റവും സ്നേഹം നിറഞ്ഞ ഒരു കൂട്ടം ചങ്ങാതിമാരാണ്. അതിൽ തന്നെ ഫോട്ടോസും വീഡിയോസും എടുത്ത് സംഭവങ്ങളെ മറക്കാൻ കഴിയാത്ത ഓർമ്മകളാക്കിയ ആദിൽ,ആഷിഖ്,ഷിഹാദ്,ഫർസിൻ ഇക്ക,അൽത്താഫ്,അർഷക്……ഇവർക്ക് പ്രത്യേകം നന്ദിയും കടപ്പാടും.

ഇതിനെല്ലാം ഉപരി ട്രിപ്പിലെ എല്ലാവരെയും സുരക്ഷിതമായി സംരക്ഷിച്ച് ഇത്രയും അൽഭുതങ്ങൾ ഭൂമിയിൽ സംവിധാനിച്ച് അത് കാണാൻ അവസരം നൽകിയ സർവ്വ ശക്തനായ പടച്ച റബ്ബിന് ഒരായിരം നന്ദി.

Leave a Reply

Your email address will not be published. Required fields are marked *