മലമ്പാത താണ്ടിക്കടക്കാം..

106
0

“അവന് നാം രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നൽകിയില്ലേ?തെളിഞ്ഞു നിൽക്കുന്ന രണ്ട് പാതകൾ അവന്ന് നാം കാണിച്ചു കൊടുക്കുകയും ചെയതില്ലേ?

എന്നിട്ടും ആ മലമ്പാത അവൻ താണ്ടിക്കടന്നില്ല! ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു ബന്ധിയെ മോചിപ്പിക്കുക, പട്ടിണിക്കാലത്ത് കഷ്ടപ്പെടുന്ന കുടുംബ ബന്ധുവിനെയും അഥവാ അനാഥയെയും കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന സാധുവിനെയും ഭക്ഷണം നൽകി സഹായിക്കുക എന്നതത്രെ അത്..”

20 ആയത്തുകളുള്ള 90 ആം അധ്യായം സൂറത്തുൽ ബലദിലെ 8 മുതൽ 16 കൂടിയ സൂക്തങ്ങളുടെ ആശയവിവർത്തനമാണ് മുകളിൽ വായിച്ചത്. അൽ ബലദ് സൂറത്തിലെ കാമ്പും കാതലുമാണ് ഈ ആയത്തുകളിൽ പ്രകാശിതമാകുന്നത്.

രണ്ട് കണ്ണും ചുണ്ടും സർവേശ്വരൻ മനുഷ്യന് നൽകിയത് വലിയ രണ്ട് അനുഗ്രഹങ്ങളാണ് എന്ന തിരിച്ചറിവ് മതവിശ്വാസികൾക്ക് ഏതായാലുമുണ്ട്. എന്നാൽ ഈ മൂന്നനുഗ്രഹങ്ങൾ കൊണ്ട് എന്താണ് പടച്ചവൻ ലക്ഷ്യം വെച്ചത് എന്ന് തിരിച്ചറിയുന്നവർ മതവിശ്വാസികളിൽ തന്നെ എത്ര പേരുണ്ട്? കേവല ജൈവിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അവയവങ്ങൾ മാത്രമാണോ ഇവ?

അല്ലേയല്ല.
പിന്നെയോ?
ഇരുട്ടും വെളിച്ചവും ഇഴചേർന്നു നിൽക്കുന്ന ലോക സാഹചര്യങ്ങളെ സസൂക്ഷ്മം കണ്ടറിഞ്ഞ് നിരീക്ഷിച്ച് ഇരുട്ടിനെ വകഞ്ഞു മാറ്റി വെളിച്ചത്തിൻ്റെ വഴിയിലൂടെ സഞ്ചരിക്കാനും ആ വഴിയെ പറ്റി പറയാനും കൂടിയാണ് രണ്ട് കണ്ണും നാവും രണ്ട് ചുണ്ടുമൊക്കെ സർവേശ്വരൻ മനുഷ്യ മുഖത്ത് സംവിധാനിച്ചിട്ടുള്ളത്.

അല്ലാതെ,
‘തന്നാൽ കരേറേണ്ടവരെത്രയോ പേർ പാടത്ത് പാഴ് ചേറിലമർന്നിരിക്കെ,
താനൊറ്റയിൽ ബ്രഹ്മപഥം കൊതിക്കുന്ന’ ചെറിയ മനുഷ്യനായി ചുരുങ്ങിച്ചുളുങ്ങി ചത്തൊടുങ്ങേണ്ട കേവലജൈവിക ദൗത്യമല്ല മനുഷ്യനുള്ളത്.

വെളിച്ചം :
താനും തൻ്റെ ഇണയും മക്കളും വീടും പറമ്പും തൊഴിലും പദവിയും പ്രൗഢിയും എന്ന ചിന്തയുടെ ചെറിയ ലോകത്ത് മാത്രം ജീവിതം തളച്ചിടാതെ കുടുംബത്തിലും ചുറ്റുവട്ടത്തുമുള്ള അനാഥരെയും സാധുക്കളെയും പട്ടിണിപ്പാവങ്ങളെയും കണ്ണു തുറന്ന് നോക്കി സാധ്യമാകുന്ന വിധം അവരെക്കൂടി ചേർത്തു നിർത്തി സഹായിക്കുന്ന വിശാലമനസ്സിലേക്ക് ജീവിതത്തെ വളർത്തണം. സർവേശ്വരൻ നമുക്ക് കണ്ണും കാതും ചുണ്ടും നാവുമൊക്കെ തന്നത് ഇതിനും കൂടിയാണ്.
പക്ഷെ ഈ ‘മലമ്പാത’ താണ്ടിക്കടക്കുന്ന സുമനസ്സുകൾ എത്ര പേരുണ്ട്?
ഇതാണ് ഈ അധ്യായം നമ്മുടെ മനസ്സിലേക്ക് ഇട്ടു തരുന്ന ചിന്താശരം! ഇത് തന്നെയാണ് ഇതിലെ വേദ വെളിച്ചവും..

Leave a Reply

Your email address will not be published. Required fields are marked *