കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപരമായ പ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ സ്ഥിതി ചെയ്യപ്പെടുന്ന പൊന്നാനി ജുമാ മസ്ജിദ് അല്ലെങ്കിൽ പൊന്നാനി വലിയ ജുമാഅത്ത് പള്ളി. മലബാറിന്റെ ‘ചെറിയ മക്ക’ എന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക മേഖലയിൽ ജുമാ മസ്ജിദ് ഒരുപാട് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടുന്നവരുടെ ആസ്ഥാനം കൂടിയായിരുന്നു വലിയ ജുമാഅത്ത് പള്ളി. പൊന്നാനിയുടെ നെടുംതൂൺ എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾക്ക് അർഹമാണ് തുല്യതയില്ലാത്ത ഈ വലിയ ജുമാ മസ്ജിദ്.
എൻറെ വീടിനോട് 100 മീറ്റർ ദൂരം പോലുമില്ല ഈ പള്ളിയിലേക്ക്. പൂർണ്ണചതുര ഭിത്തിയാൽ വലയം ചെയ്തതാണ് ഇതിൻറെ നിർമ്മാണ രീതി. ചുറ്റോറമായി വീടുകളും പീടികകളും കുളവും മറ്റ് സ്ഥാപനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. പള്ളിയുടെ പുറകുവശത്താണ് കേരളത്തിലെ ആദ്യത്തെ ഇസ്ലാം ആശ്ലേഷണ മതപഠനശാല (MOUNATHUL ISLAM SABHA) സ്തിതിചെയ്യുന്നത്. ഒറ്റനോട്ടത്തിൽ നോക്കിയാൽ പൊന്നാനിയുടെ മധ്യഭാഗത്തായേ തോന്നു. അതുകൊണ്ടായിരിക്കാം കേരളത്തിലെ മലബാറിലെ മക്ക എന്നൊക്കെ അറിയപ്പെടുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കം ഒട്ടും തന്നെ ബാധിച്ചിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഒറ്റ മരത്തിൽ നിന്നുള്ള തടി കൊണ്ടാണ് പള്ളി നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത് പൂർണ്ണമായും വിശ്വാസയോഗ്യമല്ല. ഒരേ മരങ്ങൾ കൊണ്ടുള്ള തടിയാണ് എന്നും അഭിപ്രായങ്ങൾ ഉണ്ട്. പഴയകാല രൂപവും എല്ലാം ഇന്നും നല്ല നിലയിൽ നിലനിർത്തിയിട്ടുണ്ട്. ഒഴുകിക്കൊണ്ടിരിക്കുന്ന ജനത്തിരക്കാണ് എന്നും ഈ പള്ളിയിൽ ഓരോ ജമാഅത്ത് നമസ്കാരത്തിനും അകത്തെ പള്ളി നിറയാതെ പോകാറില്ല. വെള്ളിയാഴ്ച ദിവസം ആണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ല. എല്ലാ ഫ്ലോറും നിറഞ്ഞതിനു ശേഷം റോഡിൽ പോലും മുസല്ല വിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക.
മൂന്ന് കവാടങ്ങളാണ് ഈ പള്ളിയിലേക്ക്. അകത്തെ പള്ളിയുടെ മധ്യഭാഗത്തായി ഒരു നീണ്ട തൂക്കുവിളക്കുണ്ട്. ആദ്യകാലം മുതലേ അതിനുചുറ്റും ഇരുന്നുകൊണ്ടാണ് ആളുകൾ മതപഠനങ്ങൾ നടത്തിയിരുന്നത്. എന്നാൽ ആ തൂക്ക് വിളക്കിന് താഴെ ഒരു കല്ലുണ്ട്. അതിനൊരുപാട് പ്രത്യേകതയുണ്ട് എന്നും പറഞ്ഞ് ഒരുപാട് തെറ്റിദ്ധാരണകൾ വളർത്തുന്നുണ്ട്. പഠനം നടത്തുന്ന കുട്ടികൾക്ക് പോലും അങ്ങനെ തന്നെ പഠിപ്പിച്ചു വിടുന്ന ഒരു അവസ്ഥയുണ്ട്. പിന്നീട് പള്ളിയിലേക്ക് സന്ദർശിക്കാൻ വരുന്ന ആളുകൾക്കും ഇവിടെ പഠിക്കുന്ന കുട്ടികൾ പറഞ്ഞു കൊടുക്കുന്നതും ഇതുപോലെ തന്നെയാണ് അവിടെ പോയിട്ടുള്ളവർക്ക് മനസ്സിലാകും. മൂന്നുനിലയും അതിൻറെ ഏറ്റവും മുകളിൽ ആയിട്ട് ചെറിയ ഒരു മുറി കൂടിയുണ്ട്. ആളുകളെ ഏറെ പരിഭ്രാന്തരാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ഭീതി പടർക്കുകയും ചെയ്യുന്ന ഒരു പ്രവണതയും ആ മുറിയെ പറ്റി പറയാറുണ്ട്. ആ മുറിയിലാണ് ജിന്ന് കൂടുന്നത് എന്നും പലരും കണ്ടിട്ടുണ്ട് എന്നും പറഞ്ഞ് വലിയ തെറ്റിദ്ധാരണ ഇന്നും നിലനിൽക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ആ ജിന്നിനെ കണ്ടേ മതിയാവൂ എന്ന നിലയിൽ 5 വർഷം മുമ്പ് ഞാൻ അവിടെ ഇടയ്ക്കിടയായി നിന്നിട്ടുണ്ട്. ഞാൻ ഇതുവരെ ഒരു മലക്കിനെയും ജിന്നിനെയും കണ്ടിട്ടില്ല.

പൊന്നാനി വലിയ ജുമാ മസ്ജിദ്, ഷെയ്ഖ് സൈനുദ്ദീൻ 1510-ൽ (ഹിജ്റ 925) എ.ഡി.യിൽ പണികഴിപ്പിച്ചതാണെന്ന് മലബാർ മാന്വലിന്റെ രണ്ടാം ഭാഗത്തിൽ പറയുന്നു. ഹിജ്‌റ 925 ന് തുല്യമായ വർഷം 1519 ആയതിനാൽ ആ വർഷം തന്നെ നിർമ്മാണം നടന്നിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മസ്ജിദിന്റെ നിർമ്മാതാവ് മഹാനായ സൈനുദ്ദീൻ മഖ്ദൂം എന്നറിയപ്പെടുന്ന ഷെയ്ഖ് സൈനുദ്ദീൻ ഇബ്‌നു അലി ഇബ്‌നു അഹമ്മദ് മബാരി മരിച്ചത് 1522 ജൂലൈയാണ്. അതിനുമുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തിയായതായി വിശ്വസിക്കപ്പെടുന്നു.പള്ളിയുടെ നിർമ്മാണത്തിന് ശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ മസ്ജിദിൽ മതപഠനവും, വൈജ്ഞാനിക പരമായ പഠനവും പഠിപ്പിക്കാൻ തുടങ്ങി. ദിനേന നൂറുകണക്കിന് ആളുകൾ സിയാറത്ത് ചെയ്യുന്ന ഒരു പള്ളി കൂടിയാണ് പൊന്നാനി വലിയ ജുമാ മസ്ജിദ്. പൊന്നാനിയുടെ ഓരോ ചലനത്തിനും ഈ പള്ളി സാക്ഷിയാണ്. പൊന്നാനികാരുടെ ഹൃദയത്തിലാണ് വലിയ ജുമാമസ്ജിദിന് സ്ഥാനം.
?