അപ്പേട്ടന്റെ കഴുത്തിൽ ഒരു മാല കാണാൻ ഉണ്ടായിരുന്നു.
കറുപ്പും വെളുപ്പും നിറത്തിലുള്ള മുത്തുകൾ കോർത്ത മാല.
ചെലോര് കല്ലുമാലേന്ന് വിളിച്ചു.
കാണാൻ സുന്ദരൻ കല്ലുകൾ കോർത്ത പോലെയാണേ.
വേറെ ചെലോര് തല്ലുമാലേന്നു വിളിച്ചു.
അതില് തൊടാൻ ചെന്നോർക്ക് ഒക്കെ അപ്പേട്ടൻ നല്ല തല്ല് കൊടുത്ത്ക്ക്ണ്.
ഈ തല്ല് കിട്ടിയോര് പിന്നെ പുല്ലുമാലേന്നും വിളിച്ചു.
മേൽപടി റിട്ടേർഡ് മേസ്തിരി അപ്പേട്ടൻ കുപ്പായം ഇടാറില്ല.
ഒറ്റമുണ്ടും മാലയും കയ്യില് ഒരു പൊട്ടക്കണ്ണാടിയും മാത്രം.
കസർത്ത്പടി അങ്ങാടീന്ന് മാരുതിമുക്ക് വരെ നടക്കും…
ഇടക്ക് കണ്ണാടീല് നോക്കീട്ട് മാല കഴുത്തിൽ ഉണ്ടോന്നു ഉറപ്പിക്കും.
പിന്നെയും തിരികെ നടക്കും.
അങ്ങാടീലെ ആലിന്റെ ചുവട്ടിൽ ഇരിക്കും. കണ്ണാടി എടുത്ത് നോക്കി മാല കാണും. മെല്ലെ ചിരിക്കും. ഇടയ്ക്കൊക്കെ ഉച്ചത്തിലും.
ആരോടും ഒന്നും മിണ്ടാറില്ല, തീരെ.
അമ്പുക്കണാരന്റെ ചായപ്പീടികയിൽ കയറി ചായ കുടിക്കും.
ചായേം ചോറും ഒക്കെ അവിടുന്നു തന്നെ. മാസവസാനം പറ്റ് ബുക്കിലെ കണക്ക് നോക്കി കായ് എണ്ണി കൊടുക്കും. എന്നിട്ടും ഒന്നും മിണ്ടാറില്ല.
നാട്ടാര് പറയും മൂപ്പര്ക്ക് പിരാന്ത് ആണ് ന്ന്.
സുമതി ഏടത്തി പോയേല് പിന്നെ ഏടത്തീടെ മാലയും മേല്പടിയാനും ഇപ്പടിയാണ്.
“….ഏയ്… അതോക്ക്യാ…. അപ്പേട്ടൻ മാല നോക്കീട്ട് ചിരിക്ക്ണ്….”
ശരിക്കും പിരാന്ത് തന്നെ…
കസർത്ത്പടീലെ ഫിലോസഫർ ചേക്കു പട്ടര് പറേണത്…. “ഇതാണ് മൊഹബ്ബത്ത് എന്നാണ്…..”
ആണോ….?
ആയിരിക്കും….!
ദാ… വീണ്ടും അപ്പേട്ടൻ ചിരിക്ക്ണ്….!