നന്നായി ആഘോഷിച്ചുകൊണ്ടിരുന്ന ഒരു അടിപൊളി വേനലവധിക്കാലം. പെട്ടന്നായിരുന്നു എല്ലാ ആഘോഷങ്ങളും അവസാനിപ്പിച്ച് മറ്റൊരു സാഹചര്യത്തിലേക്ക് നീങ്ങിയത്. ഏഴാം ക്ലാസ്സ് കഴിഞ്ഞുള്ള വേനലവധി… ആദ്യമായി ആംബുലൻസിൽ കയറിയതും, ഹോസ്‌പിറ്റലിൽ ലിഫ്റ്റിൽ കയറി ഇറങ്ങി പൂതി തീർത്തതും, ഒരേ ഡ്രസ്സ് ഒന്നിലധികം ദിവസങ്ങളിൽ ഇട്ടതും, ഐസിയുവിൽ ആദ്യായി കയറുന്നതും, ഓപറേഷൻ തീയറ്റർ എന്ന് പറഞ്ഞൊരു തീയറ്റർ കൂടി ഉണ്ടെന്ന് അറിയുന്നതും അങ്ങനെ ഒരുപാട് മറക്കാൻ കഴിയാത്ത ഓർമ്മകൾ കൊണ്ട് സമ്പന്നമായിരുന്നു ആ സമയം.
2010 ഏപ്രിൽ 10 ന് ഉച്ചസമയത്താണ് ജീവിത സാഹചര്യങ്ങളെ ഒന്നാകെ മാറ്റിമറിച്ച ആ അപകടം സംഭവിച്ചത്. തറവാട്ടിലെ കിണറ്റില് ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് ഉപ്പ കിണർ വൃത്തിയാക്കാൻ ഇറങ്ങിയത്. മുമ്പ് പലതവണ കിണറ്റിലിറങ്ങിയ പരിചയത്തിൻ്റെ പുറത്ത് ഇറങ്ങിയ ഉപ്പ, ഉണ്ടായിരുന്ന മണ്ണും ചവറൊക്കെ കയറ്റി കിണർ വൃത്തിയാക്കുകയും ചെയ്‌തു. കൊട്ട വലിക്കാനും, സഹായത്തിനും ഉമ്മമ്മാടെ നേതൃത്വത്തിൽ കൊച്ചുമ്മാരും ടീമും ഉണ്ടായിരുന്നു. രാവിലെ ഇറങ്ങി ഉച്ചയോടെ പണി പൂർത്തിയാക്കി കേറുന്നത്തിന്റെ ഇടക്ക് ചവിട്ടിയ ഭാഗം ഇടി യുകയും, കയറിൽ നിന്ന് പിടിവിട്ട് പതിനെട്ട് കോൽ താഴ്ച്ചയിലേക്ക് ഉപ്പ വീഴുന്നതും. ആ സമയത്ത് തറവാട്ടിൽ ഉണ്ടായിരുന്ന എട്ടുവയസുകാരൻ ജസീലിനും ഈ മൂന്ന് പെണ്ണുങ്ങൾക്കും അലറി വിളിക്കാനല്ലാതെ മറ്റൊന്നിനും സാധിച്ചിരുന്നില്ല.തൊട്ടടുത്ത കുന്നത്ത് ലോറിയിൽ കല്ല് കയറ്റികൊണ്ടിരുന്ന യൂണിയൻകാർ ഓടി വന്ന് കിണറ്റിൽ ഇറങ്ങാൻ ശ്രമിക്കുകയും ചുരുട്ടി പിടിച്ചു കേറ്റാൻ മുതിരുകയും ചെയ്‌തിരുന്നു.
അന്ന് രാവിലെ കൂട്ടുകാരുടെ കൂടെ പാടത്തേക്ക് മീൻ പിടിക്കാൻ പോയ എന്നെ ഏകദേശം രണ്ട് മണിയോടെയാണ് ഉമ്മ ആളെ വിട്ട് വിളിപ്പിച്ചത്. ഉപ്പ എവിടെയോ ഒന്ന് വീണു. തറവാട്ടിൽ ഉണ്ട്, വേഗം പോണം, റാഫിദാത്ത ഓട്ടോ വിളിച്ച് വിളിക്കാൻ വരും എന്നല്ലാതെ കിണറ്റിൽ വീണതാണെന്നൊന്നും ഞങ്ങൾക്ക് അറിയുന്നുണ്ടായിരുന്നില്ല. ഓട്ടോയുമായി വന്ന റാഫിദാത്തയുടെ കൂടെ അതിൽ കയറിയത് മുതൽ എന്തോ കാര്യമായ അപകടം മണത്ത ഉമ്മ കരയാൻ തുടങ്ങിയിരുന്നു. എന്താണെന്ന് മനസ്സിലാവാതെ അന്തം വിട്ട് ഞാനും. ഓട്ടോ കൊഴിക്കര പള്ളികഴിഞ്ഞു ഇറക്കം ഇറങ്ങുന്നതും ഒരു വലിയ ആംബുലൻസ് ഞങ്ങളുടെ ഓപ്പോസിറ്റ് വരുന്നു. ആമ്പുലൻസിന് സൈഡ് കൊടുത്ത ഓട്ടോക്കാരൻ ഞങ്ങൾ അതിൽ നിന്നും ഇറങ്ങി ഓടുന്നത് കണ്ട് എന്താ നടക്കുന്നെന്ന് അറിയാത്ത മട്ടിൽ ഇറങ്ങി നിൽക്കുന്നുണ്ട്…!
ഖാലിദ്ക്ക ഇറങ്ങി വന്ന് ഞങ്ങളെ അതിൽ കയറ്റി… മേലാകെ ചളിയൊക്കെ പറ്റി, ഗ്യാസ് നിറഞ് ഉപ്പയുടെ വയർ നല്ലരീതിയിൽ തന്നെ വീർത്തിട്ടുണ്ട്. ആ വേദനയിലും സ്ട്രക്ച്ചറിൽ കിടന്നിരുന്ന ഉപ്പ ചിരിച്ചുകൊണ്ടാണ് എന്നെ ആംബുലൻസിലേക്ക് സ്വീകരിച്ചതെന്നോർക്കുന്നു.ഖാലിദ്ക്കാടെ സഹോദരൻ മർഹൂം പി.പി ഗഫൂർക്കയും അന്ന് ആംബുലൻസിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ഇ.എം.എസ് ഹോസ്‌പിറ്റലിലേക്കാണ് കൊണ്ടു പോയത്. പിന്നീട് ഐസിയു, ഓപ്പറേഷൻ തീയറ്റർ, വീണ്ടും ഐസിയു അങ്ങനെ കുറച്ചു ദിവസങ്ങൾ. നട്ടെല്ലിനും ഒരു കാൽ പാദത്തിലും പൊട്ടലുണ്ടായിരുന്നു. രണ്ടിടത്തും സർജറി കഴിഞ്ഞു. നട്ടെല്ല് പൊട്ടി സ്പൈനൽ കോഡിനെ (സുഷുമ്ന നാഡിയെ) ബാധിച്ചു.അരക്ക് താഴെ പൂർണ്ണമായും തളർന്നിരുന്നു. അന്ന് പലരുടെയും ഹോസ്‌പിറ്റൽ സംസാരങ്ങളിൽ ഏഴാം ക്ലാസുകാരനായ എന്റെ പിഞ്ചു മനസ്സിനെ നല്ലവണ്ണം ഭയപ്പെടുത്തിയിരുന്നു. ഇനി ബെഡിൽ നിന്ന് എണീക്കില്ലെന്നുമൊക്കെയുള്ള ചില സന്ദർശകരുടെ സംസാരങ്ങൾ കേട്ട ഞാൻ പലപ്പോഴും വിറങ്ങലിച്ചിരിന്നു.
എന്നാൽ വൈകാതെ ബോധം വരികയും ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കാണുകയും ചെയ്തു. ദിവസങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ചു പരസഹായത്തോടെ എണീറ്റ് ഇരിക്കുകയും ആദ്യമൊക്കെ കുറച്ചു ഇരുന്നാൽ തളരുകയും ഒക്കെയായി… അങ്ങനെയങ്ങനെ ഓരോ ദിവസങ്ങളിലും കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഉപ്പയുടെ അമിത ആത്മവിശ്വാസവും ഇ എം എസ്സിലെ ഫിസിയോതൊറാപ്പിസ്‌റ്റ് അടക്കമുള്ള വിദഗ്ധ ഡോക്ടർമാരുടെ പരിചരണവും ഉപ്പ നടക്കാൻ വരെ തുടങ്ങി. പിന്നീട് രണ്ട് മാസക്കാലം ചികിത്സയുമായി ബന്ധപ്പെട്ട് ഹോസ്‌പിറ്റലുമായുണ്ടായ സമ്പർക്കം ഇപ്പോഴും ഇടക്കൊക്കെ തുടരുന്നു. പഴയത് പോലെ അല്ലെങ്കിലും പ്രതീക്ഷിച്ചതിനേ ക്കാൾ കൂടുതൽ മാറ്റം സംഭവിച്ചു. നട്ടല്ലിന് ക്ഷതം സംഭവിച്ചതിന്റെ ഭാഗമായി കുറച്ച് ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്. നടക്കുമ്പോൾ ചെറിയ പ്രയാസങ്ങളുണ്ടങ്കിലും ഇപ്പോൾ അൽഹംദുലില്ലാഹ് വലിയ മാറ്റങ്ങളുണ്ടായി. പഴയ ടൂ വീലർ ബൈക്ക് ഒഴിവാക്കി ഇപ്പോൾ മുച്ചക്ര വാഹനത്തിൽ സഞ്ചരിക്കുന്നു…
ഇപ്പോളിതൊക്കെ എഴുതാൻ കാരണം ജോജു ജോർജ് നായകനായ ഇച്ചിരി കയ്പ്‌പുള്ള എന്നാൽ അതി മധുരം സമ്മാനിക്കുന്ന “മധുരം” എന്ന ഒരു സിനിമ കാണാൻ ഇടയായത് കൊണ്ടാണ്. ഞാനിന്നും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. അന്നത്തെ ആ വീഴ്ച്ചയിൽ ഉപ്പാന്റെ ബോധം നഷ്ടപ്പെട്ടിരുന്നേൽ അല്ലങ്കിൽ യൂണിയൻകാർ കയറിൽ കെട്ടി കിണറ്റിൽ നിന്ന് കയറ്റാൻ ശ്രമിച്ചപ്പോൾ..വേണ്ട, ഫയർ ഫോഴ്സ‌് വന്ന് സ്ട്രെചറിൽ കയറ്റിയാൽ മതി” എന്ന് ഉപ്പ പറഞ്ഞിരുന്നില്ലേൽ ഇന്ന് ഈ കാണുന്ന രീതിയിൽ ഉപ്പാക്ക് മാറാൻ കഴിയുമായിരുന്നില്ല. അപകട സമയത്തെ ആ ഇടപെടലാണ് ഉപ്പയെ രക്ഷിച്ചത്. സിനിമയിൽ ജോജു ജോർജിന്റെ കഥാപാത്രമായ സാബു പറയുന്ന ഒരു കാര്യമുണ്ട്; ‘അവൾ അടുക്കള ഭാഗത്ത് ഒന്ന് തെന്നി വീണു. ഞാൻ അവളെ നടത്തീട്ടാ കൊണ്ടുവന്നത്. ഇവിടെ സ്കാനിങിനും എല്ലാത്തിനും ഞങ്ങൾ നടന്നാ പോയേ.., കുറച്ച് കഴിഞ്ഞിട്ട് ഡോക്ടർ വന്ന് പറയുവാ, അവൾ നടക്കില്ലന്ന് ‘
നമ്മൾ സ്ഥിരമായി കാണുന്ന അപകടങ്ങളിലൊക്കെ ഇത്തരം ഒരു സ്ഥിതിവിശേഷം കാണാറുണ്ട്. വാഹന അപകടങ്ങളോ അല്ലെങ്കിൽ മറ്റും എ ന്തും ആയിക്കൊള്ളട്ടെ… രോഗിയെ പെട്ടെന്ന് ഹോസ്‌പിറ്റലിൽ എത്തിക്കുക എന്ന ചിന്തയിൽ നമ്മൾ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ചിലപ്പോൾ അവരെ ജീവിതകാലം നാലു ചുവരുകൾക്കുള്ളിലേക്ക് ഒതുക്കുന്ന വലിയ അപകടങ്ങളിലേക്ക് വഴിവെക്കും. നമ്മുടെ ആത്മാർത്ഥകൊണ്ട് അപകടം പറ്റുന്ന ആളുകളെ പെട്ടന്ന് ചുരുട്ടി എടുത്തും, കാറിലും ഓട്ടോയിലും കയറ്റി ഹോസ്‌പിറ്റലിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അപകടത്തിലെ പരുക്കിനേ ക്കാൾ വലിയ പരുക്ക് അയാളിൽ ഉണ്ടാകാൻ ഇടയാകും. നമ്മുടെ ചെറിയ അശ്രദ്ധയിൽ നാം ആ രോഗിക്ക് സമ്മാനിക്കുന്നത് ഒരു പക്ഷെ തന്റെ പൂർവ്വാരോഗ്യത്തിലേക്ക് മടങ്ങിവരാൻ കഴിയാത്ത വിധത്തിലുള്ള അവസ്ഥകളാകും.
നമ്മുടെ ഒരു ചെറിയ അശ്രദ്ധകൊണ്ട് ഒരാളുടെയോ, ഒരു കുടുംബത്തിന്റെയൊ ന്നാകയോ മധുരം കെടാതെ നോക്കണം.