മടക്കം

269

കുറച്ചു നാൾ മുമ്പ് അവളെയും കൂട്ടി നാട്ടിൽ പോയിരുന്നു. ആരോഗ്യം ജീവിതാസ്തമയത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരിക്കുന്നു, അത്കൊണ്ടാണ് വിദേശത്ത് നിന്നും മക്കൾ വരുന്നതും കാത്തിരിക്കാതെ അവളെയും കൂട്ടി പോയത്. ഇനി എത്ര കാലം ഉണ്ടെന്നറിയില്ലല്ലോ… അൻപത് വർഷം കഴിഞ്ഞു കോഴിക്കോട് താമസമാക്കിയിട്ട്. വല്ലാത്തൊരു ആകർഷണ ശക്തിയുണ്ട് കോഴിക്കോടിനെന്ന് തോന്നിയിട്ടുണ്ട്. വന്നവരെ വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ശക്തി. ഒരുപക്ഷെ അതുതന്നെയാകണം ബഷീറിനെയും എം ടി യേയുമെല്ലാം കോഴിക്കോടുകാരാക്കി മാറ്റിയത്‌. പ്രിയപ്പെട്ടവളുമായുള്ള വിവാഹം കഴിഞ്ഞ ശേഷമാണ് ഇവിടെ താമസമാക്കിയത്.

രാവിലെ ഇറങ്ങി. റോഡിൽ അധികം തിരക്കില്ലായിരുന്നു. നാട് ഒരുപാട് മാറിയിരിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മാറ്റങ്ങൾ. പള്ളിയും മദ്രസയുമെല്ലാം ആധുനിക സൗകര്യങ്ങളോടെ തലയുയർത്തി നിൽക്കുന്നു.ഈ അടുത്ത് പള്ളിയുടെ പുതുക്കിപണിയുടെ കൂടെ തന്നെയാണ് ഇതിന്റെ പണിയും നടന്നത്. അന്ന് മഹല്ല് ഭാരവാഹികൾ വീട്ടിലേക്ക് വന്നത് ഞാനോർത്തു. തറവാട്ടിൽ ഇപ്പോൾ ചെറിയ അനുജനാണ് താമസം മറ്റു സഹോദരന്മാർ അടുത്തയി തന്നെയുണ്ട്. ചായകുടിച്ച ശേഷം അവളെയും കുട്ടി നടക്കാനിറങ്ങി. മകൻ കഴിഞ്ഞ തവണ വരുമ്പോൾ കൊണ്ടുവന്ന ഊന്നുവടി അവിടുന്നിറങ്ങുമ്പോൾ അവൾ വാഹനത്തിൽ വെച്ചിരുന്നു.ഏതോ ഒരു പ്രത്യേക മരത്തിന്റെ പേര് അവൻ പറഞ്ഞിരുന്നു. അതുകൊണ്ടുണ്ടാക്കിയതാണ് ഈ വടി അവിടുത്തെ അറബി പ്രമാണിമാർ ഉപയോഗിക്കുന്ന ഊന്നുവടിയാണത്രെ… ഒരു കയ്യിൽ ഊന്നുവടിയും മറു കയ്യിൽ അവളെയും പിടിച്ചു നടന്നു. എല്ലായിടത്തും ഒന്ന് പോകണം ഇനി ഒരു വരവുണ്ടായില്ലെങ്കിലോ.. നാടാകെ മാറിയിട്ടുണ്ടെങ്കിലും പുഴയിലേക്ക് പോകുന്ന ഇടവഴിയും പുഴയോട് ചേർന്ന് നിൽക്കുന്ന സ്രാമ്പ്യക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കാലപ്പഴക്കത്താൽ അതിന്റെ തറക്ക് ചെറിയ തോതിലുള്ള വിള്ളലുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും വേറെ കേടുപാടൊന്നുമില്ല. ഓരോ മഹല്ലിലും അഞ്ചും ആറും പള്ളികളുള്ളപ്പോൾ ഇത്തരത്തിലുള്ള സ്രാമ്പ്യാകളിൽ നമസ്കരിക്കാനൊക്കെ ആളുണ്ടാവുമോ എന്ന് ഞാനോർത്തു. ഇവിടെ നമസ്കരിക്കാൻ ആരും വരാറില്ലെന്ന് എനിക്ക് തോന്നി കാരണം പത്താളുകൾ നമസ്കരിക്കാൻ വന്നാൽ തന്നെ പള്ളി പുതുക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒന്ന് പഴമയോട് കൂടി നിൽക്കണമെങ്കിൽ അവിടെ ആരും വരാറുണ്ടാവില്ല എന്ന് ഞാനോർത്തു. പണ്ട് ഞങ്ങളുടെ കുട്ടിക്കാലത്ത് ധാരാളം പുഴി പണിക്കാർ ഇവിടെ നമസ്കരിച്ചിരുന്നു. ഐതിഹ്യമാണോ അതോ കെട്ടുകഥയാണോ എന്നൊന്നും അറിയില്ല കുഞ്ഞാലി മരക്കാന്മാരുടെ പടയോട്ട സമയത്ത് അദ്ദേഹം ഇവിടെയിറങ്ങി നമസ്കാരം നിർവഹിച്ചിരുന്നുവത്രേ, അതിന്റെ ഓർമ്മക്ക് ഉണ്ടാക്കിയതാണ് ഈ സ്രാമ്പ്യ. ഒത്തിരി ദൂരം നടക്കാനുണ്ടെങ്കിൽ വണ്ടിയെടുക്കണോ എന്ന് അവൾ ചോദിച്ചു. വേണ്ട എന്ന് ഞാൻ മറുപടി നൽകി. പുഴയിലേക്ക് ഇറങ്ങുന്ന ഈ ഇടവഴിക്ക് കുറച്ചു മുകളിലായിട്ടാണ് ഒരു തോണിപ്പുര സ്ഥിതി ചെയ്തിരുന്നത്. അന്ന് പുഴയോട് അടുത്തായി തന്നെ അഞ്ചും ആറും തോണിപ്പുരകളുണ്ടായിരുന്നു. നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും ഉപജീവനം നൽകിയിരുന്നത് ഈ പുഴ തന്നെയായിരുന്നു. രണ്ട് ആളുകൾക്ക് സഞ്ചരിക്കാൻ പറ്റിയ ചെറുതോണി, വലിയ പുഴി തോണി എന്നിവയായിരുന്നു പ്രധാനമായും അവിടെ ഉണ്ടാക്കിയിരുന്നത്. തോണി പുഴയിലേക്കിറക്കുന്ന കാഴ്ച രസകരമായിരുന്നു. ചെറിയ തോണികൾ രണ്ടുമൂന്നു ആളുകൾ ചേർന്നാണ് പുഴയിലേക്കിറക്കിയിരുന്നതെങ്കിൽ വലിയ പൂഴി തോണികളുടെ കാര്യമതല്ല. പതിനഞ്ചും ഇരുപതും ആളുകൾ ചേർന്നാണ് അത് പുഴയിലേക്കിറക്കിയിരുന്നത്. തോണിപ്പുര മുതൽ പുഴ വരെ മടൽ വെക്കുകയാണ് ആദ്യ ജോലി. പല സമയത്തും അത്രയധികം മടൽ ഉണ്ടാവുകയില്ല. ആ സമയത്ത് തോണി തള്ളിനീക്കിയ ഭാഗത്തെ മടലെടുത്ത് മുന്നിൽ കൊണ്ടുവന്നിടും. തോണി തള്ളുന്ന സമയത്ത് ആവേശം നൽകുവാനായി പലതരത്തിലുള്ള പാട്ടുകൾ പാടിയും ഹൈലസ വിളിച്ചും ആവേശമുണ്ടാക്കുക പതിവായിരുന്നു. ഒരർത്ഥവുമില്ലാത്ത വരികളാവും അവ. സത്യത്തിൽ എന്താണ് പാടുന്നതെന്നോ പറയുന്നതെന്നോ അവർക്കും അറിയില്ല കേൾക്കുന്നവർക്കും അറിയില്ല. ഒരാൾ ഉച്ചത്തിൽ എന്തേലും പാടും അല്ലെങ്കിൽ വിളിക്കും അതിനനുസരിച്ചു ബാക്കിയുള്ളവർ ഹൈലസ എന്ന് നീട്ടി വിളിക്കും. അത്തരത്തിൽ അവർ വിളിച്ചിരുന്ന ഒന്ന് രണ്ട് വരികളാണ്

ഏലേജ് ഗ്യാസുമാരിയല്ലാഹ്

ഹേലേസ്സല്ലാ

ഏലേജ് ഞമ്മൾ തന്നെ

ഹേലേസ്സല്ലാ

ഇത്തരത്തിൽ ഒരുപാടുണ്ട്. തോണി നീര് തൊട്ടാൽ എല്ലാവരുടെയും മുഖത്ത് വരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. തോണിയിറക്കുന്നതിനിടയിലെ ചെറിയ ചെറിയ അബദ്ധങ്ങളും തമാശകളും പറഞ്ഞാകും ആളുകളുടെ പിന്നീടുള്ള കളിയും ചിരിയുമെല്ലാം. കാലത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ തോണിയും തോണിപ്പുരയും എവിടെയോ മറഞ്ഞു. തോണിപ്പുര നിന്നിരുന്ന സ്ഥലത്ത് ഇന്ന് നല്ല ഒന്നാന്തരമൊരു ഭക്ഷണശാല ഉയർന്നുനിൽക്കുന്നുണ്ട്. അതിന് മുന്നിലുടെ നടക്കുമ്പോൾ തോണിക്കാരുടെയും തോണി മനോഹരമായി കടഞ്ഞുണ്ടാക്കുന്ന തച്ചന്മാരുടെയും മുഖം മനസ്സിലേക്കോടിയെത്തി.

കൃഷിയായിരുന്നു ആളുകളുടെ പ്രധാനപ്പെട്ട മറ്റൊരു വരുമാന മാർഗം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാടശേഖരങ്ങളിന്ന് പ്രതാപകാലത്തിൻറെ സ്മരണകൾ പേറി തരിശുഭൂമിയായങ്ങനെ നിൽക്കുന്നുണ്ട്. വേനൽ കാലമായാൽ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ കളിസ്ഥലങ്ങളായി പരിണമിക്കും. വൈകുന്നേരമായാൽ പിന്നെ ഇവിടങ്ങളിൽ ഒരു ബഹളമാണ്. കളി കാണാനും അഭിപ്രായങ്ങൾ പറയാനും നാട്ടിലെ കാരണവന്മാരും ഒത്തുകൂടിയിരുന്നു. പക്ഷെ ഇന്ന് ആ പാടങ്ങളിലൂടെ നടക്കുമ്പോൾ വരണ്ടുണങ്ങിയ അവിടങ്ങളിലൊന്നും തന്നെ കുട്ടികൾ കളിക്കുന്നതിന്റെ ഒരടയാളം പോലും ഞാൻ കണ്ടില്ല. നമുക്ക് ഇഷ്ടമുള്ള രൂപത്തിലും ഭാവത്തിലുമുള്ള ആളുകളെ ഒരു മായിക ലോകത്തുണ്ടാക്കി അവരുമായി സമയം പങ്കിടലാണ് ഇപ്പോഴത്തെ കുട്ടികളുടെ ഒരു പ്രധാന വിനോദമെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇരിക്കണോ നിനക്ക്

ഞാൻ അവളോട് ചോദിച്ചു.
വേണ്ട.. പതുക്കെയിങ്ങനെ നടക്കാം
വേണ്ട നമുക്ക് അങ്ങോട്ടിരിക്കാം…

അടുത്തുള്ള ഒരു ചായക്കടയിലേക്ക് ഞങ്ങൾ നടന്നു. ഞങ്ങളെ കണ്ടപ്പോൾ അവിടുത്തെ കുട്ടി രണ്ട് കസേരകളെടുത്തിട്ടു തന്നു. ആളുകൾക്ക് പരസ്പരമിരുന്ന് സംസാരിക്കാനും തമാശകൾ പറയാനുമെല്ലാം അങ്ങാടികളിൽ ഓരോ ഇരിപ്പിടങ്ങളുണ്ടായിരുന്നു ഇപ്പൊ അതൊന്നും എവിടെയും കാണാനില്ല. എന്തിനധികം ആളുകളെ തന്നെ അങ്ങാടികളിൽ കാണാനില്ല. എല്ലാവരും അവരുടേതായ തിരക്കുകളിലായിരിക്കും.

എന്തേ പുറത്തിരുന്നത്… അകത്തിരിക്കാമായിരുന്നില്ലേ.. പരസ്പരം സംസാരിക്കുന്നതിനിടയിലാണ് അബ്ദു കയറി വന്നത്. അവന്റെയാണ് ഈ കട.

ഒന്നുല്ല പുറത്തിരിക്കാമെന്ന് കരുതി. നീ എവിടെ പോയതാ. കളിയാട്ടം ഇന്നല്ലേ. അവിടെ വരെ പോയതാ.. ഹാ.. എന്താടോ കളിയാട്ടത്തിന് പഴയ ഉഷാറൊക്കെ ഉണ്ടോ.

എവിടുന്ന്.. ഒരു ചടങ്ങായി നടത്തുന്നുന്നു മാത്രം. കച്ചോടക്കാരും കൊറവാ…

വലിയുപ്പടെ കൂടെയാണ് ഞാൻ കളിയാട്ടത്തിന് ആദ്യമായി പോയത്. കോഴികളെ ബലിയായി നൽകുന്നത് കൊണ്ട് കോഴിക്കളിയാട്ടമെന്നാണ് അറിയപ്പെടുന്നത്. വലിയ ഒരു ഉത്സവം തന്നെയായിരുന്നു കളിയാട്ടം. ഒരാഴ്ച്ച മുമ്പ് തന്നെ കച്ചവടക്കാരെല്ലാം എത്തും മുട്ടിച്ചിറ ശുഹദാക്കളുടെ പള്ളി മുതൽ കാവ് വരെ കച്ചവടക്കാരുണ്ടാകും. കളിയാട്ടത്തിന്റെ പ്രധാന ആകർഷണം പൊയ്ക്കുതിരകളുടെ വരവാണ്. വെളിമുക്ക് ദേശം, അരിയല്ലൂർ ദേശം, വള്ളിക്കുന്ന് ദേശം, കൊയിലാണ്ടി ദേശം തുടങ്ങി അനേകം സ്ഥലങ്ങളിൽ നിന്ന് പൊയ്ക്കുതിരകളുമായി ഓരോരോ സംഘങ്ങളെത്തും. ഒരാൾക്ക് എടുക്കാവുന്നതും, അഞ്ചും ആറും, പത്തും പതിനഞ്ചും പേർക്കെടുക്കാവുന്നതുമായ പല വലിപ്പത്തിലുള്ള പൊയ്ക്കുതിരകളുമായാവും സംഘങ്ങൾ വരിക. രാവിലെ ചെറിയ പൊയ്ക്കുതിരകളുമായാണ് ആളുകൾ വരുന്നതെങ്കിൽ ഉച്ചക്ക് ശേഷമൊക്കെ വലിയ പൊയ്ക്കുതിരകളുമായാകും സംഘങ്ങൾ വരിക. എന്നിട്ട് ഇവ കാവിലമ്മയുടെ മുന്നിൽ വെച്ച് അടിച്ചു കൊഴിക്കും അത് ഒരു ആചാരമാണ്. കാവിനോട് അടുത്തായി തന്നെ ഒരു കിണറുണ്ട് അതിൽ വിശ്വാസികൾ പണം നിക്ഷേപിക്കാറുണ്ട് എന്തെങ്കിലും ഒരു വിശ്വാസം അതിലുണ്ടാകാം. കളിയാട്ടത്തോടനുബന്ധിച്ചുള്ള ഏറ്റവും സന്തോഷകരമായ കാര്യം കളിയാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊയ്ക്കുതിരകൾ ഊര് ചുറ്റുന്ന ഒരു ഏർപ്പാടുണ്ട് അത് ആരംഭിക്കൽ മമ്പുറം മഖാമിൽ നിന്നാണ്. മമ്പുറം തങ്ങളുടെ അനുഗ്രഹം വാങ്ങിയാണ് അവരുടെ യാത്ര ആരംഭിക്കാറ്. അത് ഇപ്പോഴും തുടരുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

ഞങ്ങള് ന്നാ നടക്കട്ടെ അബ്ദു….

ഓ ശരി.. ങ്ങള് ഇന്നെന്നെ പോവോ…..

ആ പോണം. എല്ലാരേം കാണാന്ന് വിചാരിച്ചു എറങ്ങീതാ… ഇനിയിപ്പോ എല്ലാരെ കബർങ്ങലും ഒന്ന് പോണം.

നാട്ടിലെ കബർസ്ഥാൻ ഞങ്ങള് തറവാട് പള്ളിയെന്ന് വിളിക്കുന്ന മൂച്ചാത്താണി പള്ളിയിലാണ്. ഞാനിവിടുന്നു താമസം മാറുമ്പോ രണ്ട് നിലകളുണ്ടായിരുന്നൊള്ളു. ഇപ്പൊ നാല് നിലകളായി ഉയർത്തീട്ടുണ്ട്. മുറ്റമെല്ലാം കല്ല് പാകി നല്ല രീതിയിൽ തന്നെയാണ് പള്ളി പുതുക്കിപ്പണിതത്. കല്ല് പാകിയതിനടിയിൽ ധാരാളം ഖബറുകളുണ്ട് കാരണം കല്ലുകൾക്ക് മുകളിൽ അവരുടെ പേരുകളെഴുതിയ ശിലാഫലകങ്ങൾ ഉയർന്നു നിൽക്കുന്നുണ്ട്. ഞങ്ങളിവിടെ ജീവിച്ചിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണല്ലോ ഓരോ ശിലാഫലകങ്ങളും. വെള്ളിയാഴ്ച ആയതുകൊണ്ട് പള്ളി വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഉസ്താദ്. എന്നെ കണ്ടപ്പോൾ അദ്ദേഹം ഇറങ്ങി വന്നു. ഞങ്ങൾ രണ്ടുപേരും കൂടെ കാരണവന്മാരെ മറവ് ചെയ്തിടത്തേക്ക് നീങ്ങി. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അവൾ ഗേറ്റിന്
അടുത്ത തന്നെ നിൽക്കുകയാണ്. അവളെ വിളിച്ചപ്പോൾ അവൾ വരുന്നില്ലെന്ന് തലയാട്ടി.

കുഴപ്പല്ല ങ്ങള് പോരി… ഉസ്താദ് വിളിച്ചപ്പോൾ അവളിറങ്ങി വന്നു.

അത് ഉപ്പ, വലിയുപ്പ, ഉമ്മ എളാപ്പ, ഓരോരുത്തരുടെയും ഖബറുകൾ ഞാനവൾക്ക് കാണിച്ചുകൊടുത്തു.

ങ്ങള് ഇപ്പൊ വന്നത് നന്നായി, ജുമുഅക്ക് ശേഷം നല്ല ആളുണ്ടാവും, ആൾക്കാര് പ്പോ ആകെ ജുമുഅക്ക് ശേഷാണ് ഖബറിങ്ങക്ക് വരുന്നത് തന്നെ. അപ്പോ തോനെ ആളുണ്ടാവും ങ്ങക്ക് കയ്യൂല.
ഉസ്താദ് പ്രാർത്ഥിക്കാനാരംഭിച്ചു, കൂടെ ഞാനും
പ്രാർത്ഥിക്കുന്നതിനിടയിൽ ഞാൻ അവളെ ഒന്ന് നോക്കി.

അവളും പ്രാർത്ഥിക്കുകയാണ്. പ്രാർത്ഥിക്കട്ടെ…. പ്രാർത്ഥനക്ക് മതമില്ലല്ലോ….