മനുഷ്യൻ്റെ ജീവിതത്തിൽ മനസ്സിന് വലിയ സ്ഥാനമുണ്ട്. ഏത് സാഹചര്യത്തിലും മനസ്സിനെ സമചിത്തതയോടെ നിയന്ത്രിക്കാൻ കഴിയുന്ന മനുഷ്യന് ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. ഏറ്റവും മഹത്തായ ധർമ്മസമരം സ്വന്തം മനസ്സിനോട് നടത്തുന്ന സമരമെന്നാണ് നബി(സ) പറഞ്ഞത്. അല്ലാഹുവിൻ്റെ സന്നിധിയെ ഭയപ്പെട്ട് മനസ്സിനെ സ്വന്തം താൽപര്യങ്ങളിൽ നിന്ന് വിലക്കാൻ ശ്രമിക്കുന്നവന് സ്വർഗമാണ് പ്രതിഫലമെന്ന് വിശുദ്ധ ഖുർആൻ ഉണർത്തിയിട്ടുണ്ട് (79:40). മനുഷ്യൻ്റെ ശരീരത്തിനെ നന്നാക്കാനും അതേ സമയം മോശമാക്കാനും മനസ്സിന് കഴിയുമെന്ന് നബി(സ) പറഞ്ഞത് ഇത് കൊണ്ടാവാം. മനസ്സിനെ ശുദ്ധമാക്കിയവൻ വിജയിച്ചു എന്ന് ഖുർആൻ പറയുന്നത് സൂറ അഅ്‌ലയിൽ വായിക്കാൻ കഴിയും.

എന്നാൽ ഇന്നത്തെ ലോകത്ത് മാനസികാരോഗ്യം തകരാറിലായവരുടെ എണ്ണം അധികരിക്കുന്നുണ്ട്. അതിൻ്റെ കാരണം പരിശോധിച്ചാൽ സോഷ്യൽ മീഡിയ ഉപയോഗം വലിയൊരു ഘടകമാണെന്ന് കാണാം. മുമ്പൊക്കെ,പരസ്പരം വിശേഷങ്ങൾ പങ്ക് വെച്ചും പരിഹാരം കണ്ടെത്തിയും മുന്നോട്ട് പോകുന്ന കുടുംബങ്ങളിൽ നല്ലൊരു ആത്മബന്ധം ഉണ്ടായിരുന്നു. അത്തരം ചർച്ചകൾ കുറയുന്നത് മനുഷ്യന്റെ മാനസിക ആരോഗ്യത്തെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.
മനസ്സിനെ ശാന്തമാക്കാനും തരപ്പെടുത്താനും എല്ലാവരും കൗൺസിലിംഗ് അന്വേഷിച്ച് നട്ടം തിരിയുന്ന കാഴ്ചയാണ് ഇന്നത്തെ കാലത്ത് കാണുന്നത്. ഇവിടെ, ഒരു വിശ്വാസിയെന്ന നിലയിൽ പരിശുദ്ധ ഖുർആൻ നിർദ്ദേശിക്കുന്ന പരിഹാരം എന്താണെന്ന് പഠിക്കാൻ നമ്മൾ ശ്രമിക്കണം.അല്ലാഹു പറയുന്നു: “അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്”(13:28).

അല്ലാഹുവിനെ സദാസമയം ഓർത്ത് ജീവിക്കുന്ന വിശ്വാസിക്ക് അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ഏത് മനപ്രയാസത്തിന് നടുവിലും റബ്ബിൻ്റെ തീരുമാനമാണ് തൻ്റെ ജീവിതം എന്ന ചിന്ത കരുത്ത് പകരുകയും മനസ്സിനെ മയപ്പെടുത്താൻ അവനെ സഹായിക്കുകയും ചെയ്യും. ഖുർആൻ പറയുന്നു: “അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു”(64:11). പടച്ച റബ്ബിൻ്റെ തീരുമാനത്തിൽ മനസ്സിനെ തൃപ്തിപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയുന്നവന് അല്ലാഹുവിൻ്റെ സഹായവും സന്മാർഗവും ലഭിക്കുമെന്ന സന്ദേശമാണ് ഈ ആയത്ത് നമുക്ക് പകർന്ന് നൽകുന്നത്.
മാനസിക സംഘർഷങ്ങൾ പെരുകുന്ന വിദ്യാർത്ഥി സമൂഹത്തിന് പരിഹാരങ്ങൾ അനിവാര്യമായി വരുന്ന ഈ കാലഘട്ടത്തിൽ ഇസ്‌ലാം നിർദ്ദേശിക്കുന്ന പരിഹാരമായ ദൈവസ്മരണയും ധാർമ്മികബോധവും വിദ്യാർഥി സമൂഹത്തിന് കൈമാറേണ്ടതുണ്ട്.