മലബാറിൻറെ സാഹിബ്‌; മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ ജീവിതം

75
0

തികഞ്ഞ ഇസ്ലാം മത വിശ്വാസിയും ധൈര്യശാലിയും നവോത്ഥാന നായകനും ദേശീയവാദിയുമായിരുന്ന ഒരു മലയാളിയുടെ പേര് ചോദിച്ചാൽ മുന്നും പിന്നും നോക്കാതെ ചരിത്രം നമുക്ക് നൽകുന്ന ഉത്തരം മുഹമ്മദ്‌ അബ്ദുറഹ്മാൻ എന്നായിരിക്കും. അതെ മലബാറിൻറെ പ്രിയപ്പെട്ട സാഹിബ്‌.

1898 ൽ കൊടുങ്ങല്ലൂരിലാണ് സാഹിബിന്റെ ജനനമെങ്കിലും സാഹിബിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം അരങ്ങേറിയത് കോഴിക്കോട്ടായിരുന്നു.

മദ്രാസ് പ്രസിഡൻസി കോളേജിൽ പഠിക്കുന്ന കാലത്താണ് മുഹമ്മദ്‌ അബ്ദുറഹ്മാൻ മൗലാനാ അബുൽ കലാം ആസാദിന്റെ ഖിലാഫത്ത് ആൻഡ് ജസീറത്തുൽ അറബ് എന്ന പുസ്തകം വായിക്കുന്നത്.അതിൽ പിന്നെയാണ് മദ്രാസിലെ പഠനമുപേക്ഷിച്ച് അബ്ദുറഹ്മാൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.

1921 ൽ ഒറ്റപ്പാലത്ത് നടന്ന കോൺഗ്രസ്‌ സമ്മേളനമായിരുന്നു അബ്ദുറഹ്മാന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റമെന്ന് പറയാം.

തൊള്ളായിരത്തി ഇരുപതുകളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം,

ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും ചേർന്ന് നിന്ന് കൊണ്ട് സാമ്രാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് മലബാറിൽ നേതൃത്വം നൽകിയത് മുഹമ്മദ്‌ അബ്ദുറഹ്മാൻ ആയിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ഹിന്ദുക്കളെയും മുസ്ലിംകളെയും ഒന്നിപ്പിച്ചു നിർത്താൻ ഖിലാഫത്ത് പ്രസ്ഥാനത്തിന് സാധിച്ചെങ്കിലും  മലബാറിൽ സമരം ഹിന്ദു മുസ്ലിം കലാപമാക്കി മാറ്റാനുള്ള ബ്രിട്ടീഷ് – ജന്മി കുതന്ത്രങ്ങൾ പലയിടങ്ങളിലും ഫലം കണ്ടു തുടങ്ങിയപ്പോൾ കലാപകാരികളെ നിയന്ത്രിക്കാനും മുന്നിൽ നിന്നത് മുഹമ്മദ്‌ അബ്ദുറഹ്മാൻ തന്നെയായിരുന്നു.

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലേക്ക് കേരളീയ മനസ്സിനെ ചേർത്ത് നിർത്താൻ വേണ്ടി അദ്ദേഹം തുടങ്ങിയ പത്രമായിരുന്നു അൽ അമീൻ.

തുടങ്ങിയത് മുതൽ തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു അൽ അമീൻ.

ബ്രിട്ടീഷ് വിരുദ്ധതയും കോൺഗ്രസിലെ വലതുപക്ഷ വിരുദ്ധതയും പാകിസ്ഥാൻ വാദത്തോടുള്ള ശക്തമായ എതിർപ്പും, മുസ്ലിം സമുദായത്തിനകത്തെ യാഥാസ്തികതയ്‌ക്കെതിരെയുള്ള തുറന്നെഴുത്തുമായിരുന്നു അൽ അമീന്റെ മുഖമുദ്ര.

മാത്രഭൂമി മാത്രമായിരുന്നു അൽ അമീന് മുൻപ് ദേശീയ പ്രസ്ഥാനത്തിനൊപ്പം നിന്നിരുന്ന പത്രം അത്കൊണ്ട് തന്നെ

അൽ അമീൻ പത്രത്തെ വേട്ടയാടാൻ ബ്രിട്ടീഷ് സർക്കാരിന് കൂടുതൽ കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല.

1924 ൽ തുടങ്ങിയ പത്രം 1930 ൽ താത്കാലികമായും 1939 ൽ പൂർണമായും ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു.

അൽ അമീന് ശത്രുക്കൾ ബ്രിട്ടീഷ്കാർ മാത്രമായിരുന്നില്ല, ദ്വിരാഷ്ട്രവാദത്തെ എതിർക്കുന്നുവെന്നത് കൊണ്ട് അന്നത്തെ മുസ്ലിം ലീഗും, സമുദായത്തിനകത്തെ യാഥാസ്തികതയെ എതിർക്കുന്നുവെന്നത് കൊണ്ട് മതപൗരോഹിത്യവും, കോൺഗ്രസ്‌നകത്തെ വലതുപക്ഷ ചിന്താധാരയെ എതിർക്കുന്നുവെന്നത് കൊണ്ട് അവരും അൽ അമീന്റെ ശത്രുക്കളായിരുന്നു.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജയിലിലായിരുന്നു സാഹിബ്‌.താനേറെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട ഉമ്മ മരണപ്പെടുമ്പോൾ പോലും സാഹിബ്‌ ജയിലിലായിരുന്നു.

ജയിലിനകത്തും പുറത്തും അനീതിക്കെതിരെയുള്ള പോരാട്ടം തന്നെയായിരുന്നു സാഹിബിന്റെ മുഖമുദ്ര.

ജയിലിനകത്ത് വിശ്വാസികൾക്ക് നമസ്കരിക്കാൻ മുട്ട് മറയുന്ന വസ്ത്രം വേണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ടും രാഷ്ട്രീയ തടവുകാർക്ക് മാന്യമായ ഭക്ഷണവും വെള്ളവും കിട്ടുന്നതിന് വേണ്ടിയുമൊക്കെ നിരാഹാര സത്യാഗ്രഹം നടത്തുകയും ആവശ്യം സാധിച്ചെടുക്കുകകയും ചെയ്തിട്ടുണ്ട് സാഹിബ്.

ദ്വിരാഷ്ട്ര വാദത്തെ ശക്തമായി എതിർക്കാൻ തുടങ്ങിയതിൽ പിന്നെ സാഹിബിന് ജയ് വിളിച്ച പലരും അബ്ദുറഹ്മാൻ ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുന്നവരായി പരിണമിച്ചു. അബ്ദുറഹ്മാൻ സാഹിബിന്റെ വാക്കുകൾ കേൾക്കാൻ വേണ്ടി പൊതുയോഗങ്ങളിലേക്കെത്തിയിരുന്ന പലരും അബ്ദുറഹ്മാന്റെ ശത്രുക്കളായി. അബ്ദുറഹ്മാൻ സംസാരിക്കുന്ന പൊതുയോഗങ്ങൾ അനുവദിക്കില്ലെന്ന പ്രഖ്യാപനങ്ങൾ വരെ വന്നു.

എന്നിട്ടും കേരളത്തിൽ അങ്ങോളാമിങ്ങോളം സാഹിബ്‌ നെഞ്ചും വിരിച്ചു നടന്നു, പൊതുയോഗങ്ങളിൽ സംബന്ധിച്ചു,പ്രസംഗിച്ചു.

സ്വാതന്ത്ര്യത്തിനും ഒരൊറ്റ ഇന്ത്യയെന്ന സ്വപ്നത്തിനും വേണ്ടി വാദിച്ചു.

1945 ൽ അബ്ദുറഹ്മാൻ ഗോ ബാക്ക് വിളികൾ സജീവമായ ഒരു കാലത്ത് (നവംബർ 23 ന് )

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുയോഗം കഴിഞ്ഞു മടങ്ങും വഴി തന്റെ 47 )o വയസിൽ സാഹിബ്‌ കുഴഞ്ഞു വീണ് ഇഹലോകം വെടിഞ്ഞു.

ജീവിതം പോലെ തന്നെ സാഹിബിന്റെ മരണവും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മരണമല്ല അതൊരു കൊലപാതകമായിരുന്നു എന്ന ദുരൂഹത ഇന്നും ആരോപിക്കപ്പെടുന്നുണ്ട്.

(ദൈവത്തിനറിയാം )

പൂർണാർത്ഥത്തിൽ ഒരു വിശ്വാസിയായിരുന്നു സാഹിബ്‌. അതോടൊപ്പം തന്നെ നൂറ് ശതമാനം മതേതര വാദിയും ദേശീയ വാദിയും.സാഹിബിനു മുൻപോ സാഹിബിനു ശേഷമോ സാഹിബിനെ പോലെ മറ്റൊരു മനുഷ്യനും ജീവിച്ചിട്ടില്ലെന്ന് സധൈര്യം നമുക്ക് പറയാം.

Leave a Reply

Your email address will not be published. Required fields are marked *