ആസക്തികളെ പാലൂട്ടുന്ന ലിബറലിസം

86
0

“നിങ്ങളൊക്കെ ഇസ്‌ലാം പറഞ്ഞതുകൊണ്ടല്ലേ ലഹരി ഉപയോഗിക്കാത്തത്?” സ്വയം പ്രഖ്യാപിത ‘പുരോഗമനവാദി’കളില്‍ നിന്നും പലപ്പോഴായി നേരിടേണ്ടി വന്ന ചോദ്യമാണ്. ഇസ്‌ലാമികാധ്യാപനങ്ങളനുസരിച്ചു ജീവിക്കുന്ന മിക്കവാറും പേർ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ചോദ്യം നേരിട്ടിട്ടുണ്ടാകും എന്നതിനാല്‍ ചോദ്യത്തില്‍ പുതുമയൊന്നുമില്ല. കാരണം എന്തുമായിക്കൊള്ളട്ടെ, ജീവിതത്തില്‍ നല്ല മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതിനെ അനുമോദിക്കുന്നതിന് പകരം ഇസ്‌ലാം മതം അനുസരിച്ച് ജീവിക്കുന്നു എന്നതുകൊണ്ട് മാത്രം ഇതുപോലെ വിമർശിക്കപ്പെടാൻ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ലിബറലിസത്തിന്റെ അതിപ്രസരം ഒരു മുഖ്യ കാരണമാണ്.

ലിബറലിസം ആത്യന്തികമായി മതനിരാസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. വിശിഷ്യാ അവരുടെ പ്രധാന ശത്രു ഇസ്‌ലാമുമാണ്.  അവിടെയും നില്‍ക്കുന്നില്ല, ലോകത്ത് ധാർമിക മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ഏതൊക്കെ വ്യവസ്ഥിതികളുണ്ടോ, അതെല്ലാം ലിബറലിസത്തിന്റെ ശത്രുവാണ്. ധാർമികത എന്ന വാക്ക് തന്നെ പഴഞ്ചനാണെന്നും ധാർമിക ചട്ടക്കൂടുകളില്‍ നിന്ന് പുറത്തുവരുമ്പോഴേ മനുഷ്യന് പൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കാൻ സാധിക്കൂ എന്നുമാണ് സ്വതന്ത്ര്യ ചിന്തകരുടെ ഭാഷ്യം.

ലഹരി ഉപയോഗം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരമാണെന്ന കാര്യത്തില്‍ തർക്കമില്ല. എന്നാല്‍ സ്വന്തം ആരോഗ്യത്തിനും സമൂഹത്തിനും ഹാനികരമായ കാര്യം ഒരു വ്യക്തി ചെയ്യുന്നതിലെന്താണ് തെറ്റ് എന്ന ഉപസംഹാരത്തിലേക്കാണ് പരിഷ്കൃത സമൂഹമെന്ന് നാം വിശ്വസിക്കുന്ന സമകാലിക സമൂഹം എത്തിനില്‍ക്കുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപരമായി നിഷിദ്ധമാണെന്നതിനാല്‍ ലഹരി അധാർമികമാണെന്ന് (Objective Morality) വിശ്വസിക്കാൻ മറ്റു തെളിവുകള്‍ തിരയേണ്ടതില്ല. എന്നാല്‍ ഇങ്ങനെയൊരു ധാർമികതയുടെ അളവുകോല്‍ ഇല്ലാത്തവരോ അത് ഇഷ്ടപ്പെടാത്തവരോ ആയവർ അവരവരുടെ യുക്തിക്കനുസരിച്ചുള്ള വഴി തെരഞ്ഞെടുക്കും (Subjective Morality). ഇത്തരക്കാരില്‍ ലിബറലിസം എന്ന സാംസ്കാരികാധിനിവേശം ചെലുത്തുന്ന സ്വാധീനം സമകാലിക സമൂഹത്തില്‍ ലഹരിയും മറ്റു ആസക്തികളും പടർന്നുപിടിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവർ വളരെയധികം പ്രചാരം കൊടുക്കുന്ന പ്രയോഗമാണ് ‘എന്റെ ശരീരം എന്റെ അവകാശം’ (My Body is My Right). അതായത് തന്റെ ശരീരം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ആ ശരീരത്തില്‍ തനിക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്നുമാണ് അവരുടെ വാദം. പ്രത്യക്ഷത്തില്‍ ഈയൊരു വാദത്തില്‍ മാനുഷികതയുണ്ടെന്ന് തോന്നാമെങ്കിലും അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ ചെറുതൊന്നുമല്ല. കാരണം ഈ വാദപ്രകാരം മയക്കുമരുന്നോ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതോ ധാർമികമായി തെറ്റല്ല.

My Body My Right, ഹാം പ്രിൻസിപ്പിള്‍ (മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത പ്രവൃത്തികളെല്ലാം ധാർമികമാണ്) തുടങ്ങിയ ലിബറല്‍ വാദങ്ങളെല്ലാം ആത്യന്തികമായി എത്തിച്ചേരുന്നത് വ്യക്തിവാദം (Individualism) എന്ന സിദ്ധാന്തത്തിലാണ്. ലിബറലിസത്തിന്റെ ഇന്റർനാഷണല്‍ ഐക്കണായ പീറ്റർ സിംഗറടക്കമുള്ള ഉദാരവാദികള്‍ അവരുടെ ലേഖനങ്ങളില്‍ നിരന്തരം പ്രചരിപ്പിക്കുന്നതും ഈയൊരു ഐഡിയോളജിയാണ്. സ്വന്തം സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി ചെയ്യുന്നതെന്തും ധാർമികമായി ശരിയാണ് എന്നാണ് വ്യക്തിവാദ സിദ്ധാന്തത്തിന്റെ കാതല്‍. ഇതുപ്രകാരം മദ്യവും മയക്കുമരുന്നും മാത്രമല്ല, സ്വവർഗരതി, ഇൻസെസ്റ്റ്, ഭ്രൂണഹത്യ, പിഡോഫീലിയ, ശവഭോഗം, മൃഗരതി തുടങ്ങിയ ഏതൊരു ആസക്തിക്കും കീഴ്പ്പെടുന്നത് അധാർമികമല്ല എന്ന ചിന്തയാണ് ലിബറലിസ്റ്റുകള്‍ സമൂഹത്തിന് നല്‍കുന്ന സംഭാവന.

Leave a Reply

Your email address will not be published. Required fields are marked *