കുഞ്ഞമ്പു മാഷ്

422

ഇന്ന് ഞാൻ വീണ്ടും എന്നെ സ്കൂളിൽ മലയാളം പഠിപ്പിച്ച കുഞ്ഞമ്പു മാഷിനെക്കുറിച്ച് ഓർത്തു. നമ്മളെ സ്കൂളിൽ ഒരുപാട് അധ്യാപകർ പഠിപ്പിക്കാറുണ്ട്. അവരെയെല്ലാം നമ്മൾ ആരും എപ്പോഴും ഓർത്തു വെക്കാറില്ല. പലരുടെയും മുഖമോ പേരോ പോലും നമ്മുടെ മനസ്സിലുണ്ടാവില്ല. ചിലർ മാത്രം, വളരെ കുറച്ച് ചിലർ മാത്രം ഓർമ്മയിലങ്ങനെ തങ്ങി നിൽക്കും. അവർ നമ്മളിൽ ഉണ്ടാക്കിയ സ്വാധീനത്തിനനുസരിച്ച് അവരുടെ രൂപവും, ഭാവവും, ശബ്ദവും ശൈലിയുമൊക്കെ നാം ഓർത്തു വെക്കും. അത്തരംആൾക്കാർ , അവർ മരണപ്പെട്ടു കഴിഞ്ഞാലും, കാലത്തിനതീതമായി സ്ഥലത്തിനതീതമായി നമ്മളോടൊപ്പം എന്നും ഉണ്ടാവും. നമ്മൾ മരിക്കുമ്പോഴേ നമുക്ക് അവരും മരിക്കുന്നുള്ളൂ.

എൻ്റെ ഓർമ്മച്ചെപ്പിനകത്ത് ഒളിമങ്ങാതെ തിളങ്ങി നിൽക്കുന്ന ഒരധ്യാപകനാണ് എന്നെ നാലാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച കുഞ്ഞമ്പു മാഷ്. ആരെങ്കിലും ഇത്തിരി നന്നായോ അല്ലേൽ അല്പം മോശമായോ മലയാളമെഴുതുന്നത് കണ്ടാൽ അപ്പോഴൊക്കെ കുഞ്ഞമ്പു മാഷ് എൻ്റെ മനസ്സിലേക്ക് കടന്നു വരും. മാഷിൻ്റെ നാലാം ക്ലാസ്സും.

ഓടിട്ട പഴയ സ്കൂൾ കെട്ടിടത്തിൻ്റെ മൂലയിൽ ഉള്ള ,വെളിച്ചമെത്താത്ത ഒരു മുറിയിലാണ് ഞങ്ങളുടെ നാലാം ക്ലാസ്.
കുമ്മായം അടർന്ന് വീണ ചുമരും , ചെറിയ കുഴികൾ ഉള്ള തറയും, ആടിക്കളിക്കുന്ന ബെഞ്ചും ,അനക്കിയാൽ ഒച്ചയുണ്ടാക്കുന്ന ഡസ്ക്കും ഒക്കെ കൂടിയ ഒരു ചെറിയമുറി. മുന്നിൽ മുക്കാലിയിൽ നിർത്തിയ ഒരു കറുത്ത ബോർഡ്. ബോർഡ് മായ്ക്കുമ്പോഴുള്ള ചോക്ക് പൊടിയും, തറയിൽ നിന്ന് ഇളകുന്ന ചരൽ പൊടിയും ഒക്കെ ചേർന്ന് മൊത്തം പൊടി മയം.ക്ലാസ്സിൻ്റെ ഇരുവശത്തുമായി ആൺകുട്ടികളും പെൺകുട്ടികളും അടക്കം പത്തറുപതു പേരുണ്ടാവും.

മാഷിൻ്റെ ക്ലാസ്സിലേക്കുള്ള വരവ് ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്. വെളുത്ത മുണ്ടും വെള്ള ജുബ്ബ ക്കുപ്പായവുമായിരിക്കും എപ്പോഴും മാഷിൻ്റെ വേഷം. ജുബ്ബയുടെ അത്ര നീളമില്ലാത്ത, എന്നാൽ കുപ്പായത്തേക്കാൾ ഇച്ചിരി നീളം കൂടി താഴെ ഇരുവശവും ചെറിയ കീറലുള്ളതാണ് ജുബ്ബക്കുപ്പായം. അക്കാലത്തെ പല മാഷന്മാരും ഈ വസ്ത്രം ധരിക്കാറുണ്ട്. ആ സ്കൂളിലെ തന്നെ അധ്യാപകനായി വിരമിച്ച എൻ്റെ വല്യുപ്പയും സ്ഥിരമായി ഈ ജുബ്ബ ക്കുപ്പായം ധരിച്ചിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് കാരണം ജുബ്ബ ക്കുപ്പായം അധ്യാപകരുടെ പ്രത്യേക വേഷമാണെന്ന് കുറേ കാലത്തേക്ക് ഞാൻ തെറ്റിദ്ധരിച്ചിട്ടുമുണ്ടായിരുന്നു.
തലയിൽ നിറയെ എണ്ണ തേച്ച് മിനുക്കിയ കറുത്ത മുടി നടുവിലൂടെ നെറുകെ എടുത്ത് ഇരു വശങ്ങളിലേക്കും ചീകി ഒതുക്കിയിട്ടാണ് മാഷ് ക്ലാസ്സിൽ വരുന്നത്. പുറത്തെ വെളിച്ചം തട്ടുമ്പോൾ സാറിൻ്റെ എണ്ണയിൽ മുങ്ങിയ മുടി വെട്ടിത്തിളങ്ങും. ആ പഴയ ഓർമ്മ കൊണ്ടാവണം പിന്നീട് പലപ്പോഴും, തല നിറയെ എണ്ണത്തിളക്കമുള്ള മുടിയുള്ള പലരെയും ഞാൻ കുഞ്ഞമ്പു എന്ന് വിളിച്ചിട്ടുണ്ട് .

കുഞ്ഞമ്പു എന്ന പേരിൽ ഒരു മാഷിനെ പിന്നീട് ഞാൻ എവിടെയും കണ്ടിട്ടില്ല. ഒരു പക്ഷേ ആ തലമുറയിലെ കുഞ്ഞമ്പു ശ്രേണിയിലെ അവസാനത്തെ ആളായിരിക്കും ഞങ്ങളെ മലയാളം പഠിപ്പിച്ച കുഞ്ഞമ്പു മാഷ്. 80 കളുടെ ആദ്യത്തിൽ ഞാൻ LP സ്ക്കൂളിൽ പഠിച്ച ആ കാലത്ത് തന്നെയായിരിക്കും കുഞ്ഞമ്പു മാഷും കണ്ണൻ മാഷുമൊക്കെ അന്യം നിന്നു പോയതും രവി, ബാബു എന്നൊക്കെ പേരുള്ള പുതിയ തലമുറ അധ്യാപക രംഗം കയ്യടക്കിയതും.

മാഷ് ക്ലാസ്സിലേക്ക് വരുന്നത് കൈയിൽ ഒരു ഹാജർ പട്ടികയും ഒരു മലയാളം പുസ്തകവുമായിട്ടാണ്. കൂടെ ഒരു വടിയുമുണ്ടാകും. മാഷിൻ്റെ കയ്യിലെ വടി, മറ്റു മാഷന്മാരുടെ കയ്യിലുള്ള പോലുള്ള കൈപ്പാടിൽ നിന്ന് പറിച്ചെടുത്ത ‘ലോക്കൽ’ ചൂരലല്ല. ഓലക്കമ്പ് ചെത്തിമിനുക്കിയ കാണാൻ ഭംഗിയുള്ള അന്തസ്സും ആഭിജാത്യവും കൂടിയ ഒരു ഒന്നൊന്നര വടിയായിരുന്നു. അതില്ലാതെ മാഷ് ഒരു ദിവസം പോലും ക്ലാസ്സിൽ വന്നു കണ്ടിട്ടില്ല. ആരെയെങ്കിലും തല്ലാതെ മാഷ് ആ വടിയും കൊണ്ട് തിരിച്ചു പോയിട്ടുമില്ല. ആർക്കൊക്കെ അടി കിട്ടും എന്ന കാര്യത്തിലേ ഓരോ ദിവസവും ഞങ്ങൾക്കിടയിൽ സംശയത്തിനിട ഉണ്ടായിരുന്നുള്ളൂ.

മൂന്ന് വ്യത്യസ്ത രീതിയിലുള്ള അടിയാണ് അന്ന് മാഷ് ഞങ്ങൾക്ക് തന്നിരുന്നത്.
പദ്യം പഠിച്ചില്ലെങ്കിൽ, വൃത്തിയായി എഴുതിയില്ലെങ്കിൽ ക്ലാസ്സിൻ്റെ മുന്നിൽ വിളിച്ചു നിർത്തി കൈനീട്ടാൻ പറഞ്ഞു കൈവെള്ളയിൽ തല്ലുന്നതാണ് മാഷിൻ്റെ ഒരു രീതി. അതേ സ്ഥലത്ത് തന്നെ വിളിച്ചു നിർത്തി ചന്തിക്ക് താഴെ കാലിൻ്റെ പിറക് വശം വടി അടയാളം ഇടുന്നതാണ് രണ്ടാമത്തെ രീതി. ഈ രണ്ട് രീതിയിലും ശിക്ഷ വാങ്ങുന്നയാൾക്ക് വരാൻ പോകുന്ന അടിയെക്കുറിച്ചും കിട്ടാൻ പോകുന്ന ശരീരഭാഗത്തെക്കുറിച്ചുമൊക്കെ മുൻകൂട്ടി മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. പക്ഷേ മൂന്നാമത്തെ രീതിയെ ഞങ്ങൾ കൂടുതൽ പേടിച്ചു. പഠിപ്പിച്ചു കൊണ്ടിരിക്കെ ക്ലാസ്സിലെ ഏതെങ്കിലും ഭാഗത്ത് സംസാരമോ ശബ്ദമോ കേട്ടാൽ, ആ ഒരു ഭാഗത്ത് എത്തി വടിവീശി അടിക്കുന്നതാണ് മൂന്നാമത്തെ രീതി. അതിൽ ആർക്കൊക്കെ കിട്ടുമെന്നോ എപ്പോൾ എവിടെ കിട്ടുമെന്നോ പ്രവചനം സാധ്യമല്ല. എങ്കിലും അതിനും ചില പ്രത്യേക അവകാശികൾ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നു. വലതുവശത്തെ മൂന്നാമത്തെ ബെഞ്ചുകാരും ഏറ്റവും പിറകിലെ ബെഞ്ചുകാരും ഒക്കെ റിസർവ് ചെയ്ത മാഷിൻ്റെ ഈ “അടി” യിൽ നിന്ന് മുൻ ബെഞ്ചിലുള്ള ഞങ്ങളൊക്കെ പലപ്പോഴും തലനാരിഴക്ക് രക്ഷപ്പെടും.

മുൻ ബെഞ്ചുകളിൽ ഞങ്ങൾ ജൂനിയർ നാലാം ക്ലാസ്സുകാർ ആണിരിക്കുന്നത്.
പിറകിലെ ബെഞ്ചുകളിൽ സീനിയേഴ്സും സൂപ്പർ സീനിയേഴ്സുമാണ് ഇരിക്കാറ്. രണ്ടും മൂന്നും നാലും ക്ലാസ്സുകളിൽ ഒന്നും രണ്ടും വർഷമൊക്കെ തോറ്റ ഈ “സീനിയർ” ചേട്ടന്മാർ ഞങ്ങളെക്കാൾ പ്രായത്തിലും വണ്ണത്തിലും വലിയവരായിരുന്നു. മാഷിൻ്റെ വടിയുടെ പ്രധാന ഇരകളായ ഈ ചേട്ടന്മാരെ മുൻ ബെഞ്ചുകാരായ ഞങ്ങൾക്ക് ബഹുമാനവും പേടിയുമായിരുന്നു. അവരുടെ കൈപ്പത്തി മടക്കിയുള്ള കൊട്ടും കൈ നിവർത്തി നടുപ്പുറത്തുള്ള അടിയും ഞങ്ങൾ ജൂനിയേഴ്സിൻ്റെ പേടിസ്വപ്നമാണ്. അടുത്ത ദിവസം 50 പൈസ കൊണ്ടുവരണമെന്ന കല്പനയും അത് പാലിച്ചില്ലേൽ ഉണ്ടാവുന്ന മാനസിക പീഡനവുമൊക്കെ ഞങ്ങൾക്ക് നാലാം ക്ലാസ്സിൽ നിന്ന് തന്നെ പരിചയമുള്ള റാഗിംഗ് ആയിരുന്നു.

മാഷിൻ്റെ അടി കൊണ്ട് ചുവന്ന പാടുകൾ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം കാലിന് പിറകിൽ ഉണ്ടാവും, ഇടയ്ക്കിടെ വേദനിപ്പിച്ചു കൊണ്ട്. ഈ പാടുകൾ വീട്ടുകാർ കാണാതെ നോക്കണം. കണ്ടാൽ പഠിക്കാത്തതിന് കിട്ടിയ അടിയാണെന്ന് വീട്ടിൽ അറിയും. അതോടെ ബാക്കി അടി വീട്ടിന്ന് കിട്ടും. വഴക്ക് ബോണസായും ഉണ്ടാകും. ഈ വടി പ്രയോഗമൊക്കെ ഇന്നായിരുന്നെങ്കിൽ കുഞ്ഞമ്പു മാഷിൻ്റെ കാര്യം ഒന്നോർത്ത് നോക്കിയേ. സിമൻറിളകിയ, കുഴിനിറഞ്ഞ, നേർത്ത ഇരുട്ട് പടർന്ന ,ഞങ്ങളുടെ നാലാം ക്ലാസ്സിൽ പത്രക്കാരും ചാനലുകാരും ക്യാമറയും തൂക്കി വന്ന് മാഷിനെ ക്രൂരനായ അധ്യാപകനാക്കി ആഘോഷിക്കില്ലേ? സൈബർ വേട്ടക്കാർ മാഷിൻ്റെ ചോര കുടിച്ച് ആർമാദിക്കില്ലേ ? കൊണ്ടവനില്ലാത്ത വിഷമം കണ്ടവനായിരിക്കുകയില്ലേ?

മാഷിൻ്റെ മലയാളം മധുരമുള്ളതായിരുന്നു. മലയാള അക്ഷരങ്ങൾ ഒരു സുന്ദരിയെപ്പോലെ വടിവൊത്തതായിരുന്നു. ഞങ്ങളെയും വടിവൊപ്പിച്ചു എഴുതാൻ പഠിപ്പിക്കാൻ മാഷ് വടി എടുത്തു. രണ്ട് വര കോപ്പി നോട്ടിൽ രണ്ട് വരയിലും മുട്ടിച്ച് എഴുതിയില്ലെങ്കിൽ മാഷ് കൈമുട്ടിൽ വടികൊണ്ടടിക്കുമായിരുന്നു. പദ്യം അക്ഷരം തെറ്റാതെ ചൊല്ലിയില്ലെങ്കിലും മാഷ് ഞങ്ങളെ തല്ലും. തല്ല് ഭയന്ന് ഞങ്ങൾ അക്ഷരസ്ഫുടതയോടെ പദ്യം ചൊല്ലി. ഗദ്യം വായിച്ചു കേൾപ്പിച്ചു.
അക്ഷരങ്ങൾ വടിവോടെഎഴുതി. അങ്ങനെ വടിയെ പേടിച്ച്, അടിയെ പേടിച്ചു ഞങ്ങൾ എഴുതിയും വായിച്ചും ചൊല്ലിയും മലയാളം പഠിച്ചു.

മാഷ് പഠിപ്പിച്ച മലയാളം കൊണ്ട് ഞങ്ങൾ ബാലരമ വായിച്ചു തുടങ്ങി. ബാലമംഗളവും മലർവാടിയും വായിച്ചു. മായാവിയെയും കുട്ടൂസനെയും ഡാകിനിയെയും പൂച്ച പ്പോലീസിനെയും വായിച്ചു. പിന്നെ ഞങ്ങൾ ബഷീറിൻ്റെ പാത്തുമ്മയുടെ ആടും എസ്.കെ.പൊറ്റക്കാടിൻ്റെ കാപ്പിരികളുടെ നാട്ടിലും ഒ.വി. വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസവും വായിച്ചു. മാതൃഭൂമിയും മനോരമയും വായിച്ചു. വായനയിലൂടെ ലോകത്തെ അറിഞ്ഞു. അല്ലെങ്കിൽ കുഞ്ഞമ്പു മാഷിൻ്റെ വടിയിലൂടെ ഞങ്ങൾ ലോകത്തെ അറിഞ്ഞു.

40 വർഷങ്ങൾക്കിപ്പുറം, ഇന്ന് ഡിഗ്രിക്ക് പഠിക്കുന്ന ചില കുട്ടികളുടെ മലയാളം എഴുത്ത് കണ്ടപ്പോൾ ഞാൻ വീണ്ടും മാഷെ ഓർത്തു. മാഷിൻ്റെ വടിയെ ഓർത്തു. മാഷിൻ്റെ അടിയെ ഓർത്തു. മാഷിൻ്റെ വടിവൊത്ത അക്ഷരങ്ങളെ ഓർത്തു. നാലാം ക്ലാസ്സുകാരൻ്റെ മലയാളം പോലും എഴുതാൻ അറിയാത്ത ചില ഡിഗ്രിക്കാരെ കണ്ടപ്പോളെനിക്ക് മാഷ് പഠിപ്പിച്ച അക്ഷരങ്ങൾ ചേർത്ത് മാഷെ ക്കുറിച്ച് എഴുതണമെന്ന് തോന്നി. വടിവൊത്ത മലയാളത്തിൽ എഴുതാൻ പഠിപ്പിച്ച ഞങ്ങളുടെ കുഞ്ഞമ്പു മാഷെക്കുറിച്ച് എഴുതണമെന്ന് തോന്നി.