ഓർത്തു നോക്കൂ,
വിടരാനിരിക്കുന്നൊരു
കുഞ്ഞു ചിരിയെ
എത്ര പെട്ടെന്നാണു നിങ്ങൾ
വെടിയൊച്ചകൾ കൊണ്ടു
മായ്ച്ചു കളഞ്ഞത്
“ഉമ്മീ”യെന്ന വിളി
ഒരു കരച്ചിലായി
മണ്ണിനടിയിലേക്കിറങ്ങിച്ചെന്ന്
മരിച്ച് കിടക്കുന്നൊരുവളുടെ
നെഞ്ചിലമരുമ്പോൾ
സ്വർഗത്തിലൊരു പൂവിടർന്ന്
നിങ്ങൾ മായ്ച്ചു കളഞ്ഞ ചിരിയെ
പലയാവർത്തി
വരച്ചു വെക്കും
ഭൂമിയിലപ്പോൾ ഒരില
നാമ്പിടും മുൻപേ കൊഴിഞ്ഞു വീഴും
തകർന്നുവീണ കെട്ടിടങ്ങൾക്കു നടുവിൽ
വേദനകളുടെ തെരുവിലൂടെ ഇരുട്ട് പരക്കുമ്പോൾ
“പലസ്തീൻ”എന്ന വാക്ക്
ഒരു രാജ്യത്തിന്റെ പേരിൽ നിന്നും
കുടിയിറക്കപ്പൊട്ടൊരു ജനതയുടെ
മേൽവിലാസത്തിലേക്കിറങ്ങി നടക്കും
പീരങ്കിക്കുഴലുകൾക്കിടയിലേക്ക്
കണ്ണ് തുറന്നുണരുമ്പോൾ
യുദ്ധഭൂമി ഒരു പന്ത്രണ്ടുകാരന്റെ വിദ്യാലയമാവും
ചെറുത്തു നിൽപ്പുകളുടെ ചുവരിലെ
സ്വാതന്ത്രമെന്ന വാക്ക്
അവന്റെ പാഠപുസ്തകങ്ങളുടെ
തലക്കെട്ടാവും
നിങ്ങളുടെ ഭരണഘടനയിലേക്ക്
ഇരച്ചുകയറുന ചുവപ്പിന്
ഞങ്ങളുടെ രക്തത്തിന്റെ
ഗന്ധമുണ്ടാവും
മുറിച്ച് മാറ്റപ്പെട്ട
മരത്തിന്റെ വേരുകളപ്പോഴും
ഒരു വേനലിനപ്പുറത്തേക്ക്
തളിർക്കാനുള്ള ഓർമ്മകളെ
മണ്ണിനടിയിലേക്ക് പടർത്തും
രാത്രിയാകാശം
ഒരു കുഞ്ഞു നക്ഷത്രത്തിന്റെ
വെളിച്ചത്തിൽ
യുഗങ്ങളോളമിനിയും
കെടാതെ നിൽക്കും.