ലോകം വ്യവസായികവൽക്കരണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ആത്യന്തികമായി ഒരു കാർഷിക സമ്പത് വ്യവസ്ഥയായതിനാൽ ഇന്ത്യയിൽ കൃഷിക്ക് വളർന്നുവരുന്ന വ്യാപ്തിയുണ്ട്. ജീവന്റെ നിലനിൽപ്പിന് കൃഷി ഒഴിച്ചുകൂടാനാവാത്ത ഒരു മേഖല തന്നെയാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യ ഭക്ഷണത്തിന്റെ ആവശ്യകതയും വർദ്ധിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഭക്ഷ്യ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള കാർഷിക ഗവേഷണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ആവിർഭാവവും വികാസവും അനിവാര്യമാണ്.
കാർഷിക മേഖലയിൽ പ്രധാനമായും രണ്ട് തലങ്ങളിലാണ് കോഴ്സുകൾ ഉള്ളത്. ഒന്ന് കാർഷിക മേഖലയിലെ കൃഷിയുടെ അടിസ്ഥാന ശാസ്ത്ര സേവനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടുന്ന അഗ്രികൾച്ചറൽ സയൻസ് ബിരുദം, ബി.എസ്.സി. അഗ്രികൾച്ചർ, എം.എസ്.സി അഗ്രികൾച്ചർ, ഗവേഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമതായി സാങ്കേതികവിദ്യയിലധിഷ്ഠിതമായ കാർഷിക ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും രൂപകൽപ്പനയും നിർമ്മാണവും വഴി കാർഷിക പ്രവർത്തനങ്ങൾ എളുപ്പവും ക്ഷമതയുമുള്ളതാക്കാൻ സഹായിക്കുന്ന കാർഷിക എൻജിനീയറിങ്. ബിടെക് അഗ്രികൾച്ചറൽ എൻജിനീയറിങ്, എം.ടെക് അഗ്രികൾച്ചർ എൻജിനീയറിങ് തുടങ്ങിയ കോഴ്സുകൾ ഈ ഗണത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഇന്ത്യയിലെ കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നതിനുള്ള അപ്പക്സ് ബോഡിയാണ്. ഐ.സി.എ.ആറിനു കീഴിൽ 63 സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റികളും മൂന്നു സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റികളും നാല് ഡീംഡ് യൂണിവേഴ്സിറ്റികളും ഉൾപ്പെടുന്നു. ഇവയുടെ കീഴിലായി 115 ഓളം അംഗീകൃത സ്ഥാപനങ്ങൾ നിലവിലുണ്ട്.
യോഗ്യത: ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങളോ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവക്കൊപ്പം അഗ്രികൾച്ചറൽ വിഷയങ്ങളോ എടുത്ത് പഠിച്ചു പാസായവർക്ക് കോഴ്സിന് ചേരാവുന്നതാണ്.
പ്രവേശനം: ഐ.സി.എ.ആറിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം ദേശീയതല സീറ്റുകളിലേക്ക് സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) വഴിയാണ് പ്രവേശനം (2023-24 അധ്യയന വര്‍ഷം മുതല്‍). കേരളത്തിൽ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ 4 കോളേജുകളാണ് ഉള്ളത്. കോളേജ് ഓഫ് അഗ്രികൾച്ചർ വെള്ളായണി (തിരുവനന്തപുരം), കോളേജ് ഓഫ് ഹോർട്ടികൾച്ചർ വെള്ളാനിക്കര (തൃശൂർ), കോളേജ് ഓഫ് അഗ്രികൾച്ചർ പടന്നക്കാട് (കാസർഗോഡ്), കോളേജ് ഓഫ് അഗ്രികൾച്ചർ അമ്പലവയൽ (വയനാട്) എന്നിവയാണ് അവ.
കേരളത്തിലെ കോളേജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – നീറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ കേരള തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ്. കഴിഞ്ഞവർഷം നീറ്റ് പരീക്ഷയിൽ 500 മാർക്കിന് മുകളിൽ വാങ്ങിയവർക്കാണ് കേരളത്തിൽ ജനറൽ മെറിറ്റൽ അഗ്രികൾച്ചർ കോഴ്സിന് പ്രവേശനം ലഭിച്ചിട്ടുള്ളത്. ബിടെക് അഗ്രികൾച്ചർ എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം കേരള എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ മുഖാന്തരമാണ്.
Your article helped me a lot, is there any more related content? Thanks!