അറബികൾക്ക് ഇവൾ ‘കാലിക്കൂത്ത്’, തമിഴർക്ക് ‘കല്ലിക്കോട്ടൈ’, യുറോപ്യർക്ക് ‘കാലിക്കറ്റ്’, പക്ഷെ മലബാറുകാർ ഇവളെ സ്നേഹത്തോടെ വിളിക്കുന്നത് ‘കോയിക്കോട്’ എന്നാണ്. മുസിരിസ് (കൊടുങ്ങല്ലൂർ), പന്തലായനി കൊല്ലം പോലുള്ള പ്രാചീനതുറമുഖ നഗരങ്ങളുടെ അത്ര പഴക്കം ഇല്ലെങ്കിലും AD പന്ത്രണ്ടാം നൂറ്റാണ്ടിൽ സാമൂതിരിയുഗാരംഭത്തിൽ അന്താരാഷ്ട്ര തുറമുഖനഗരം എന്ന ഖ്യാതിയിലേക്കുള്ള ഉയർച്ച പൊടുന്നനെയായിരുന്നു. ആതിഥ്യമര്യാദയും മതസൗഹാർദ്ദവും ഭരണമികവുമൊക്കെയാണ് ഈ വളർച്ചയുടെ നിദാനം.

ഇന്ത്യയിലെ തന്നെ മറ്റു പ്രദേശങ്ങളെയപേക്ഷിച്ചു എന്തുകൊണ്ട് കോഴിക്കോടും സമീപപ്രദേശങ്ങളും കൂടുതൽ മതേതരസ്വഭാവം കാണിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കിൽ നാം ചുരുങ്ങിയത് 1000 വർഷമെങ്കിലും പിറകോട്ട് സഞ്ചരിക്കേണ്ടിവരും. അഞ്ചൂറോളം വർഷം കോഴിക്കോട് ആസ്ഥാനമാക്കി ഭരിച്ച സാമൂതിരിമാരുടെ സഹിഷ്ണുതാമനോഭാവവും, അന്ന് ദേശീയ പൗരത്വപട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ പട്ടികയിൽ പേര് വരാൻ സാധ്യതയില്ലാത്ത കുഞ്ഞാലി മരയ്ക്കാർമാർ തങ്ങളെ പോറ്റുന്ന നാടിനും രാജാവിനും വേണ്ടി ജീവൻവരെ ത്യജിച്ച ചരിത്രവും കോഴിക്കോടിന്റെ വേറിട്ടൊരു സംസ്കാരരൂപീകരണത്തിന് വഴിതുറന്നു.
കോഴിക്കോടിന്റെ ചരിത്രം മതസൗഹാർദത്തിന്റെ മാത്രമല്ല, വൈദേശികാക്രമണത്തോടുള്ള ചെറുത്തുനില്പിന്റെയും, വാണിജ്യാഭിവൃദ്ധിയുടെയുമൊക്കെ ഒരു ഇതിഹാസം തന്നെയാണ്.