മനുഷ്യനെ മൃഗമല്ലാതാക്കുന്നത് ‘തിരിച്ചറിവ്’ എന്ന ഫാക്ട് കൊണ്ടാണ്. സ്നേഹവും സംസ്കാരവും ധാർമികതയും ഒക്കെ അതിൽ പെട്ടതാണ്. എല്ലാ തരം പ്രിവിലേജുകളും പണം മാത്രം നിർണയിക്കുന്ന പുതിയ കാലത്തെ കുറച്ചധികം നമ്മൾ ഭയക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിലെ സിസ്റ്റങ്ങളെ പഴയത് എന്നപേരിൽ അടച്ചാക്ഷേപിച്ചു കയറിചെല്ലുന്നത് അതിലും പഴകിയ അവസ്ഥയിലേക്കാണ്.
ഈയിടെ ഒരു ചർച്ചയിൽ കുടുംബജീവിതത്തിന് പ്രാധാന്യം നൽകുന്ന ഇന്ത്യൻ കൾചറിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച് അക്കമിട്ട് പറയുകയുണ്ടായി.
മക്കൾക്കു വേണ്ടി മാതാപിതാക്കൾ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും പരിമിതപ്പെടുത്തുന്നത് ആയിരുന്നു അതിൽ പ്രധാനം. മറ്റൊരു വീട്ടിലേക് പറിച്ചു നടുന്ന സ്ത്രീകളുടെ ജീവിതം മറ്റൊരു പ്രശ്നം. എങ്കിലും മനുഷ്യനെ ഉൾകൊള്ളാനും തിരിച്ചറിയാനും സ്നേഹിക്കാനുമുള്ള വലിയ അവസരങ്ങൾ “കുടുംബം ” എന്ന സിസ്റ്റം നൽകുന്നുണ്ടെന്ന നിഗമനത്തിലേക്കു ചർച്ച തിരിഞ്ഞു.
പൊതുവെ നമ്മുടെ രാജ്യത്തെ വിമർശിക്കാൻ സാധ്യതയുള്ള മധ്യവയസ്കനായ ഒരു അമേരിക്കകാരൻ, തന്റെ അവസ്ഥയെ കുറിച് വാചാലനായി. ആയ കാലത്ത് കാണിക്കാത്ത അഭ്യാസങ്ങളില്ല. പങ്കാളി വേറെപോയി മക്കളുമായി മിണ്ടിയിട്ട് 6 വർഷം. ഒറ്റക്കുള്ള ജീവിതം, നല്ലൊരു തുക മാസാമാസം ബാങ്കിൽ. അതിജീവിച്ചത് ഒരു സ്ട്രോക്ക്, സ്കിൻ കാൻസർ. പോരാത്തതിന് അടുത്തിടെ പന്ത്രണ്ടു തുന്നിക്കെട്ടിന്റെ അകമ്പടിയോടെ ഒരു ആക്സിഡന്റ്. അയാൾ പറയുന്നത് മുഴുവൻ മരണത്തെക്കുറിച്ചും ഒറ്റപെടലിനെക്കുറിച്ചും മാത്രമാണ്.
ഒരു മനുഷ്യൻ തന്റെ ആഡംബരങ്ങൾക്കു മുന്നിലിരുന്ന് നരകിക്കുന്നതിനു സാക്ഷിയായപോലെ. വാർദ്ധക്യവും ഒറ്റപെടലും ഒരുമിച്ചുണ്ടാവുമ്പോൾ മനുഷ്യർ ജീവഛവങ്ങളാക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങളുണ്ട്.
ഇതൊന്നും നമ്മുടെ നാട്ടിൽ നിലവിലില്ല എന്നല്ല. ഇവിടെ എല്ലാവരും സന്തോഷത്തിലാണ് എന്നല്ല. ഇവിടെ ഒറ്റപെടലുകളില്ല എന്നല്ല.
എങ്കിലും പരസ്പര സ്നേഹത്തിന്റെ ഒരു സ്പാർക് കുടുംബത്തിന്റെ അകത്തളങ്ങളിൽ ഉണ്ടാവാറുണ്ട്. പരിഗണനകൾക് തുടർച്ചയുണ്ട്. വീഴുമ്പോൾ ആരെങ്കിലുമുണ്ട്. ബുദ്ധിമുട്ടുകളിൽ മനസറിഞ്ഞു സഹായിക്കുന്നവരുണ്ട്.
പറഞ്ഞുവരുന്നത് കുടുംബം എന്ന ഇസ്‌ലാമിക കാഴ്ചപ്പാടിനെക്കുറിച്ചു തന്നെയാണ്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള എല്ലാ വിധ ഉത്തരവാദിത്തങ്ങളെയും, ബാധ്യതകളെയും, ചേർത്തുപിടിക്കലുകളെയും, കരുതലിനെയും, പ്രാർത്ഥനയെയും ഒക്കെ വ്യക്തമായി വരച്ചു മാതൃക നൽകിയ മതം, വഴികാട്ടിയാണ്. മനുഷ്യന്മാർ തമ്മിലുള്ള പൂർണ സഹകരണത്തെ അടയാളപ്പെടുത്തുന്നതാണ് ഇസ്ലാമിക ജീവിതം. നന്മകൾ ചെയ്യുവാനുള്ള ഇടങ്ങളാണ് കുടുംബങ്ങൾ. പരസ്പര സഹായത്തിനുള്ളതാണ് സമൂഹം. ഒരു ഉമ്മയും ഉപ്പയും മക്കൾക്കു വേണ്ടി ത്യാഗം ചെയ്യുന്നുണ്ടെങ്കിൽ അവരുടെ കാലിനടിയിൽ തന്നെ സ്വർഗ്ഗവും നൽകിയിട്ടുണ്ട് നാഥൻ. അവരെ പൂർത്തീകരിക്കാതെ മടങ്ങാൻ വിശ്വാസിയായ ഒരു മകന്, മകൾക്ക് സാധിക്കില്ല.
അസഹിഷ്ണുത നിറഞ്ഞ വർത്തമാന കാലത്ത് മാനസികാരോഗ്യം നിലനിർത്തുന്നതിനു വേണ്ടി ഇടങ്ങൾ ഉണ്ടാവുക, കണ്ടെത്തുക എന്നത് ജീവിച്ചിരിക്കുന്നു എന്നതോളം പ്രധാനമാണ്. തിരിഞ്ഞോടാനൊരു കൂട് മനുഷ്യന് അത്യാവശ്യമാണ്.
ഇണകൾ, മാതാപിതാക്കൾ, മക്കൾ, അയൽവാസികൾ, എന്നുതുടങ്ങി എല്ലാ ബന്ധങ്ങളും മനുഷ്യനു സമാധാനത്തിനു വേണ്ടിയാണ്, സഹജീവി ബന്ധം നിലനിർത്താൻ വേണ്ടിയാണ്.
ലോകത്തൊരുപാട് ജനങ്ങൾ ഒന്ന് റെപ്രെസെന്റ് ചെയ്യാൻ ആളില്ലാതെ പരാതി പറയാനോ പ്രകടിപ്പിക്കാനോ ആളില്ലാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നത്തിന്റെ മൂലകാരണവും കുടുംബമില്ലാത്തതോ അല്ലെങ്കിൽ കുടുംബജീവിതത്തിൽ വിള്ളലുണ്ടായതോ കൊണ്ടാണ്.
നല്ലൊരു കുടുംബം കൂടെയുണ്ടായിട്ടും ഒന്ന് കൈകൊടുക്കാൻ ഒന്ന് വിശേഷം പറയാൻ മടിക്കുന്നവരുണ്ട്. നമ്മളെ ചേർത്ത് നിർത്തുന്നവരെ മനസ്സിലാക്കാതെ പോകുന്നവരുണ്ട്.
എല്ലാവർക്കും മനസ്സുതുറക്കാനൊരു സ്പേസ്, വീട്ടിലെ ഒരാൾ വിചാരിച്ചാൽ സാധിക്കും. ഓരോരുത്തർക്കും എന്താണ് വേണ്ടതെന്നു ചോദിക്കാം. അവർക്കു മറുപടി പറയാൻ ആത്മവിശ്വാസം തോന്നുന്ന തരത്തിൽ ചോദിച്ചറിയാം. എങ്ങനെയായാലും തിരിച്ചു ഓടികയറാൻ ആളുകളില്ലാതെ ആരും തളർന്നുപോകാതിരിക്കട്ടെ..