കൊലക്കയറിലെ യുവാവ്; ഡോണ്ട് മിസ് ദി എൻഡ്

217
0

‘വൈറൽ വീഡിയോ എടുക്കണം. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന റീച്ച് കിട്ടണം. കൂടുതൽ ലൈക്കും ഷെയറും കിട്ടണം. ‘ അവന്റെ ചിന്ത ഇതാണ്. പല ആശയങ്ങളും മനസ്സിൽ മിന്നിമറഞ്ഞു. ഒന്നിനും ഒരു പൂർണ്ണത തോന്നുന്നില്ല.

തൂങ്ങി മരിക്കുന്നത് അഭിനയിക്കാം. ഭാര്യയേയും കുട്ടികളെയും ചുറ്റുമിരുത്തി കരയിക്കാം.

മൂത്ത മകൾ ശ്രദ്ധിക്കാതെ മൊബൈലിൽ നോക്കിയിരിക്കുന്ന സീനും ഉണ്ടാക്കാം. അയൽവാസികൾ തൂങ്ങി മരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. വൈറൽ ആയാൽ അവർക്കും ഗുണമാണല്ലോ ?

 “കൊലക്കയറിൽ യുവാവിന് സംഭവിച്ചത്… ഡോണ്ട് മിസ് ദി എൻഡ് …” ക്യാപ്ഷൻ കൊടുക്കാം.

ഷൂട്ടിംഗ് ആരംഭിച്ചു. മരച്ചിലയിലെ കയറി ലിരുന്ന് തൂങ്ങാൻ തുടങ്ങി. എല്ലാവരും പറഞ്ഞത് പോലെ അഭിനയിച്ചു. പക്ഷേ കുരുക്ക് മുറുകുന്നത് തടയാൻ കയറിലിട്ട കെട്ടഴിഞ്ഞു. അഭിനയം ഒറിജിനലായി. തുടയിൽ മാന്തിപ്പൊളിച്ച ശരീരം ചേതനയറ്റ് കിടക്കുമ്പോഴും മറ്റുള്ളവർ തകർത്തഭിനയിക്കുകയായിരുന്നു. വീഡിയോ ലോകം മുഴുവൻ വൈറലായി.

ആത്മഹത്യയുടെ കാഠിന്യം കാണിക്കാൻ അയാളുടെ വീഡിയോ ഉപകാരമായി. പ്രേമ നൈരാശ്യം ബാധിച്ച കമിതാക്കൾക്ക്, പരീക്ഷയിൽ തോറ്റ കുട്ടികൾക്ക് ,ബിസിനസ് പരാജയപ്പെട്ട സംരഭകർക്ക് എല്ലാം… സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും ലെെഫ് സ്കിൽ പരിചയപ്പെടുത്തുന്നവരും മാറി മാറി ഉപയോഗിച്ചു. പക്ഷേ അതറിയാൻ അയാൾ മാത്രം ഈ ലോകത്തില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *