ഖദീജ ടീച്ചർ പകർന്നു തന്ന വെളിച്ചം

ഈ അധ്യാപക ദിനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകരിൽ ഒരാളായ ഖദീജ ടീച്ചറെ ഓർക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം.ഞങ്ങളുടെ ക്ലാസ് ടീച്ചർ ഖദീജ ടീച്ചർ ആയിരുന്നു. ഇംഗ്ലീഷ് ആണ് അവർ പാഠഭാഗമായി എടുത്തിരുന്നത് അറ്റൻ്റൻസും ഇംഗ്ലീഷ് വിഷയവും രണ്ടു ഉത്തരവാദിത്തങ്ങൾ ഉള്ളതുകൊണ്ട് മിക്കവാറും ദിവസങ്ങളിൽ ഫസ്റ്റ് പിരീഡിൽ തന്നെയാണ് ടീച്ചർ ക്ലാസിൽ വരാറുണ്ടായിരുന്നത്.

ഒരു ദിവസം ക്ലാസെടുത്തു കൊണ്ടിരിക്കെ ടീച്ചർ എൻ്റെ ഒരു കള്ളത്തരം പിടിച്ചു. ആൺകുട്ടികളും പെൺകുട്ടികളുമായി ക്ലാസിൽ 40 ഓളം പേർ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചിൽ ഒരു അറ്റത്താണ് ഞാൻ ഇരിക്കുന്നത്. ഞാൻ പാഠപുസ്തകത്തിനടിയിൽ ഒരു നോവൽ ഒളിപ്പിച്ച് വെച്ച് വായിക്കുകയായിരുന്നു,ആരും കാണുന്നില്ല ടീച്ചറും ശ്രദ്ധിക്കുന്നില്ല എന്ന ആത്മവിശ്വാസത്തിൽ !ടീച്ചർ ബോർഡിലേക്ക് എഴുതാൻ തിരിയുമ്പോഴൊക്കെ ഞാൻ വായനയിൽ മുഴുകുകയും ടീച്ചർ വീണ്ടും ക്ലാസിലേക്ക് ശ്രദ്ധിക്കുമ്പോൾ ഞാൻ ടീച്ചറെ നോക്കുകയും വീണ്ടും ടീച്ചർ അങ്ങോട്ടുമിങ്ങോട്ടും തിരിയുമ്പോൾ ഞാൻ എൻ്റെ നോവൽ വായന തുടരുകയും ചെയ്തു. ഒട്ടകപ്പക്ഷിയുടെ രീതിയിൽ എന്നെ ആരും കാണുന്നില്ല എന്ന ധാരണയിലായിരുന്നു ഇതെല്ലാം ഞാൻ ചെയ്തത്. പെട്ടെന്നാണ് ടീച്ചറുടെ ഒരു ഉത്തരവ് !

‘ഷംസുദ്ദീൻ എഴുനേറ്റ് നിൽകൂ ! എന്താണ് നീ അവിടെ ചെയ്യുന്നത് ?’
ഞാൻ മുമ്പിൽ ഇംഗ്ലീഷ് പാഠപുസ്തകം നിവർത്തി വച്ചിട്ടുണ്ട് .അതിന്റെ അടിയിൽ ഒളിച്ചു വെച്ചാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരു ചെറിയ നോവൽ ഞാൻ വായിച്ചു കൊണ്ടിരുന്നത്.ഞാനൊന്നും മിണ്ടിയില്ല. ടീച്ചർ അടുത്തേക്ക് വന്നു. പാഠ പുസ്തകം നീക്കി അതിന്റെ അടിയിൽ നിന്ന് നോവൽ എടുത്തു കാണിച്ച് ടീച്ചർ ചോദിച്ചു: ഇതെന്താണ് ?
എനിക്ക് മറുപടിയില്ലായിരുന്നു . ടീച്ചർ എന്നെ എന്ത് ചെയ്യും? തൊണ്ടി സഹിതം കള്ളനെയും കള്ളത്തരവും പിടിച്ചിരിക്കുകയാണ് . ഞാൻ വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ ടീച്ചർ ക്ലാസിനോടായി മൊത്തത്തിൽ പറഞ്ഞു:

‘ശംസുദ്ദീൻ അവിടെ ഇരിക്കൂ. ശംസുദ്ദീൻ ഇപ്പോൾ ചെയ്തത് നോവൽ വായിക്കുകയാണ്.
നിങ്ങൾ കുട്ടികൾ ധാരാളമായി നോവലും മറ്റും വായിക്കണം. അത് നിങ്ങളുടെ അറിവും വായനയും പരിപോഷിപ്പിക്കും.
അത് പക്ഷെ ശംസുദ്ദീൻ ഇപ്പോൾ ചെയ്തത് പോലെ സ്കൂളിൽ ക്ലാസെടുക്കുമ്പോഴല്ല. മറ്റു സമയത്താണ്. ക്ലാസെടുക്കുമ്പോൾ ക്ലാസ് ശ്രദ്ധിക്കുകയാണ് വേണ്ടത്.’

ഞാൻ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടു. ടീച്ചറോടും വായനയോടും എനിക്കേറെ ഇഷ്ടം തോന്നിയ ദിവസവും സംഭവവുമായിരുന്നു അത്.
അതിന് ശേഷം എൻ്റെ കോളേജ് ജീവിതകാലത്താണ് എൻ്റെ വായനയുടെ പുഷ്കല കാലം. എസ്. കെ. പൊറ്റക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥ, തകഴിയുടെ കയർ, വിക്തർ യൂംഗിൻ്റെ പാവങ്ങൾ, മാക്സിം ഗോർക്കിയുടെ അമ്മ, ലിയോപോൾഡ് വീസ് എന്ന മുഹമ്മദ് അസദിൻ്റെ മക്കയിലേക്കുള്ള പാത, മോറിസ് ബുക്കായിയുടെ ബൈബിൾ ശാസ്ത്രം ഖുർആൻ തുടങ്ങിയ ബൃഹത്തും മഹത്തുമായ പുസ്തകങ്ങളെല്ലാം ഞാൻ ആർത്തിയോടെ വായിച്ച് തീർത്തത് എൻ്റെ കോളേജ് കാലഘട്ടത്തിലായിരുന്നു. അതിനെല്ലാം എനിക്ക് പ്രചോദനമായത് പത്താം ക്ലാസിലെ എൻ്റെ ‘കട്ടുവായന’ കൈയോടെ പിടിച്ചപ്പോൾ ഖദീജ ടീച്ചർ എന്നോടും ക്ലാസിനോട് മൊത്തത്തിലും ചെയ്ത മേൽ ഉപദേശവും.