കൂട്ടിയെഴുതാൻ അറിയാത്തവര്‍ക്ക് പോലും A+ കിട്ടുന്നു എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശം വിവാദമായിരിക്കുകയാണല്ലോ. ഈ പ്രസ്താവനയെ രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് വേണ്ടിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള അവസരമായി കാണാതെ വിഷയത്തിന്റെ മെറിറ്റ് ഉള്‍ക്കൊണ്ട് കൊണ്ടുള്ള അവലോകനത്തിനുള്ള അവസരമാക്കുന്നത് ഉചിതമാകും.
സത്യത്തിൽ വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞതിൽ ഗ്രൗണ്ട് റിയാലിറ്റി ഇല്ലേ?!! പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് ലഭിച്ചവരെല്ലാം പഠനത്തിൽ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണോ? പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളിൽ അടിസ്ഥാന കണക്ക് അറിയാത്ത നല്ലൊരു ശതമാനം കുട്ടികളുണ്ട് എന്നത് അതിശയോക്തിയല്ല, യാഥാര്‍ത്ഥ്യമാണ്. പഠന റിപ്പോര്‍ട്ടുകള്‍ വെച്ച് നമുക്കിത് മനസ്സിലാക്കാൻ സാധിക്കും.
ഇന്ത്യയിലെ അടിസ്ഥാന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നമുക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആഴത്തിലുള്ള പഠനമാണ് Annual Status of Education Report (ASER). രണ്ട് വര്‍ഷത്തിലൊരിക്കൽ ദേശീയാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ ASER പുറപ്പെടുവിക്കാറുണ്ട്. 2022 ASER റിപ്പോര്‍ട്ട് പ്രകാരം കേരളത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളിൽ 55.7% പേര്‍ക്ക് ഹരിക്കാൻ (Division) അറിയില്ല. ഇവരിൽ 28.5% കുട്ടികള്‍ക്ക് കുറയ്ക്കാൻ (Substraction) പോലും അറിയില്ല എന്നത് ഖേദകരമാണ്.

സ്കൂള്‍ പഠന സമ്പ്രദായത്തിൽ പൊതുവായി നിലവാര തകര്‍ച്ചയുള്ളത് പോലെ തന്നെ പൊതു-സ്വകാര്യ കരിക്കുലങ്ങളുടെ പഠന നിലവാരത്തിലുള്ള അന്തരവും വിലയിരുത്തേണ്ടതുണ്ട്. ഗവണ്‍മെന്റ് സ്കൂളിൽ പഠിക്കുന്നവരും പ്രൈവറ്റ് സ്കൂളിൽ പഠിക്കുന്നവരും തമ്മിൽ പഠന നിലവാരത്തിൽ വലിയ അന്തരമുണ്ട്. ഉദാഹരണത്തിന്, 2022 ASER റിപ്പോര്‍ട്ട് പ്രകാരം പ്രൈവറ്റ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളിൽ 54% കുട്ടികള്‍ക്ക് ഹരിക്കാൻ അറിയാമെങ്കിൽ ഗവണ്‍മെന്റ് സ്കൂളിൽ ഇതേ തരത്തിൽ പഠിക്കുന്ന 39% പേര്‍ക്ക് മാത്രമേ ഹരിക്കാൻ അറിയൂ.
അര്‍ഹതപ്പെട്ടതിനേക്കാൾ മാര്‍ക്ക് കുട്ടികള്‍ക്ക് നൽകുന്നത് യഥാര്‍ത്ഥത്തിൽ അവരുടെ ഭാവി നശിപ്പിക്കാനുതകുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കൃത്യമായി വിലയിരുത്തി കൊണ്ടാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുന്നോട്ട് പോകേണ്ടത്. എന്നാൽ ശരാശരിയോ അതിന് താഴെ നിലവാരമോ ഉള്ള കുട്ടികള്‍ക്കു പോലും ഫുള്‍ എ പ്ലസ് നൽകുമ്പോള്‍ സംഭവിക്കുന്നത് ആ കുട്ടികള്‍ നന്നായി പഠിക്കുന്നവരാണെന്ന മിഥ്യാധാരണ അവരിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്നു.
ഈ മിഥ്യാധാരണയുടെ അടിസ്ഥാനത്തിൽ ഉന്നതപഠനം തെരഞ്ഞെടുക്കുന്നത് കുട്ടികളുടെ ഭാവി നശിപ്പിച്ചേക്കാം. ഒരു കുട്ടിക്ക് ഇഷ്ടപ്പെട്ട വിഷയം/ മേഖലയേതാണെന്ന് മാര്‍ക്ക്/ഗ്രേഡ് നോക്കി അളക്കാൻ ആ കുട്ടിക്കോ മറ്റുള്ളവര്‍ക്കോ സാധിക്കാതെ വരുന്നു. തെറ്റായ മേഖല തെരഞ്ഞെടുത്താൽ അത് ബാധിക്കുന്നത് കുട്ടിയുടെ ഉന്നത പഠനത്തെ മാത്രമല്ല, കാലാകാലം തനിക്കിഷ്ടമില്ലാത്ത മേഖലയിൽ തളച്ചിടപ്പെടുകയും സംതൃപ്തമല്ലാത്ത ജീവിതം നയിക്കേണ്ടി വരികയും ചെയ്യും.
സ്കൂള്‍ തലങ്ങളിൽ മികച്ച വിജയങ്ങള്‍ മാത്രം പരിചരിച്ച് വരുന്ന യുവതലമുറ ഭാവിയിൽ അക്കാദമിക രംഗത്തും യഥാര്‍ത്ഥ ജീവിതത്തിലും നേരിടേണ്ടി വന്നേക്കാവുന്ന ചെറിയ പരീക്ഷണങ്ങളോട് പോലും എങ്ങനെ പ്രതികരിക്കുമെന്ന കാര്യം കൂടി നാം വിലയിരുത്തേണ്ടതുണ്ട്. ജീവിതത്തിൽ മികച്ച വിജയങ്ങള്‍ മാത്രമല്ല, മധുരമില്ലാത്ത വിജയങ്ങളും അപ്രതീക്ഷിതമായ തോൽവികളും ഉണ്ടായേക്കാമെന്ന പാഠം കൂടി വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതുണ്ട്.