കേരളം വലിയ തോതില്‍ ലഹരി-മയക്കു മരുന്ന് മാഫിയകളുടെ വില്പനാ കേന്ദ്രമായി മാറുന്നുവെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് ഒരുപാടായി. എന്നാല്‍ ഈയിടെയായി പുറത്തു വരുന്നത് സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയും അതിനെത്തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളൂമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. ഇത്തരം ആശങ്കകളെ ബലപ്പെടുത്തുന്നതാണ് കേരള എക്‌സൈസ് മന്ത്രി ശ്രീ.എം.വി ഗോവിന്ദന്‍ ഈയിടെയായി ഒരു പത്രത്തിന് നല്‍കിയ ഇന്റര്‍വ്യു. കേരളത്തില്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങളുടെ അളവ് അതിഭീകരമാണെന്നും പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും കൗമാരപ്രായക്കാരാണെന്നുമാണ് മന്ത്രി പുറത്തു വിട്ട കണക്കുകള്‍. കൂടാതെ മുമ്പ് കേട്ട് പരിചയമില്ലാത്ത എം.ഡി.എം.എ പോലുള്ള മരുന്നുകള്‍ കേരളത്തിലെത്തിക്കുന്ന വലിയ മാഫിയകള്‍ തന്നെ എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുകയും അവരെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുകയുമാണ്.
മേല്‍ സൂചിപ്പിച്ച വിധം ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും ഇതിലേക്ക് വലിയ തോതില്‍ ആകര്‍ഷിക്കപെടുന്നതിനാല്‍ രക്ഷിതാക്കള്‍ കൃത്യമായി ഇതിനെക്കുറിച്ച് മനസ്സിലാക്കുകയും മക്കള്‍ ഇത്തരം അപകടങ്ങളില്‍ വീഴാതിരിക്കാന്‍ ജാഗരൂഗരാവുകയും ചെയ്യേണ്ടതുണ്ട്.
കോവിഡാനന്തര പ്രശ്‌നങ്ങള്‍
രണ്ടു വര്‍ഷത്തിലധികം നീണ്ട കോവിഡ് കാലഘട്ടവും ലോക്ഡൗണുമെല്ലാം വിദ്യാര്‍ഥികളെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയുടെ അതിപ്രസരം വിദ്യാര്‍ഥികള്‍ക്ക് മുമ്പില്ലാത്ത വിധം അവസരങ്ങള്‍ തുറന്നു കൊടുത്തു. വിവിധ ലഹരികളുടെ ഉപയോഗം മനസ്സിലാക്കാനും അത് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് ഉപയോഗിക്കാനും പ്രേരണ നല്‍കുന്ന ചാനലുകളും കൂട്ടായ്മകളും നിരവധിയാണ്.
യൂട്യുബ് നോക്കി വിദ്യാര്‍ഥി വൈനുണ്ടാക്കുകയും അത് സ്‌കൂളില്‍ കൊണ്ടു വന്ന് സഹപാഠിക്ക് നല്കുകയും സഹപാഠി ആശുപത്രിയിലാവുകയും ചെയ്ത സംഭവമുണ്ടായിട്ട് അധികമായിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ ചില പേജുകളിലൂടെ ലഹരി ഉത്പന്നങ്ങളുടെ വില്പന നടക്കുന്നുണ്ട്. ഓര്‍ഡര്‍ ചെയ്ത് വീട്ടിലേക്ക് എത്തിച്ചാല്‍ പോലും ആര്‍ക്കും മനസ്സിലാവാത്ത രീതിയിലുള്ള പാക്കിംഗ് സംവിധാനമൊക്കെയാണ് ഇവര്‍ തങ്ങളുടെ കസ്റ്റമേഴ്‌സിന് വാദ്ഗാനം ചെയ്യുന്നത്.
കോവിഡ് വരുത്തിവെച്ച മറ്റൊരു പ്രധാന പ്രശ്‌നം സുഹൃത്തുക്കളുടേതാണ്. കോവിഡിനു മുമ്പൊക്കെ വിദ്യാര്‍ഥികളുടെ ഭൂരിപക്ഷം സുഹൃത്തുക്കളും ക്ലാസില്‍ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളും സമപ്രായക്കാരുമായിരുന്നു. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴി മുതിര്‍ന്നവരുമായും അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയും. പ്രായം ചെന്നവരുമായുള്ള സൗഹൃദങ്ങള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്നുമൂണ്ട്. പ്രായത്തില്‍ കവിഞ്ഞ അറിവും അനുഭവവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാനും അവരെ വഴി തെറ്റിക്കാനും ഇത് കാരണമാവും.
മക്കളുടെ സുഹൃത്താവണം രക്ഷിതാവ്
കൗമാര പ്രായത്തിലെത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ധാരാളം പ്രശ്‌നങ്ങളിലൂടെയാണ് അവര്‍ കടന്നു പോവുന്നത്. ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രായപൂര്‍ത്തിയാവല്‍, സാമൂഹികമായ മറ്റു ബുദ്ധിമുട്ടുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ അവര്‍ അഭിമുഖീകരി ക്കുന്നുണ്ട്.
ഈ സമയത്ത് ആ പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാനും അവര്‍ തന്നെ പരിഹാരം അന്വേഷിക്കും. സ്‌നേഹത്തോടെ ഇടപെടാനും പ്രശ്‌നങ്ങള്‍ പറയാനും ഒരു സുഹൃത്തോ കാമുകിയോ കാമുകനോ കൗമാര പ്രായക്കാര്‍ തേടും.
അവിടെ കൃത്യമായി ഇടപെടാന്‍ രക്ഷിതാക്കള്‍ കഴിയേണ്ടതുണ്ട്. അത് ഏതെങ്കിലും ഒരു നിമിഷം കൊണ്ട് സാധിക്കുന്ന ഒന്നല്ല. ചെറുപ്പം മുതല്‍ മക്കളുമായി സുഹൃദ് ബന്ധം സ്ഥാപിക്കാനും അവരുടെ ഉറ്റസുഹൃത്തായി മാറാനും രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മക്കളുടെ അഭയ സ്ഥാനം രക്ഷിതാക്കളാവുമെന്നതില്‍ സംശയമില്ല.
ലഹരി നശിപ്പിക്കുന്ന ജീവിതം
ലഹരിക്ക് അടിമപ്പെടുന്നവര്‍ക്ക് സംഭവിക്കാവുന്നത് കേവലം ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല. കൗമാര പ്രായത്തിലൊക്കെ ലഹരിക്ക് അടിമപ്പെടുന്ന വിദ്യാര്‍ഥി മാനസികമായി തകരും. കുറ്റബോധം, വ്യക്തിത്വ വൈകല്യം, വിഷാദം, വിഷമം താങ്ങാന്‍ പറ്റാത്ത അവസ്ഥ, ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, ഏകാന്തത, ഓര്‍മക്കുറവ് തുടങ്ങി എല്ലാ അര്‍ഥത്തിലും ഒരു വ്യക്തി നശിക്കും.
മക്കളില്‍ അകാരണമായ ക്ഷീണം, മടി, ഉറക്കക്കുറവ്, പഠനത്തില്‍ പിന്നാക്കം പോവല്‍, വീട്ടുകാരോട് അടുപ്പം കുറയല്‍, അമിത ദേഷ്യം, അസ്വാഭാവികമായ പെരുമാറ്റം തുടങ്ങിയ സ്വഭാവ വ്യത്യാസങ്ങള്‍ കാണുമ്പോള്‍ കൃത്യമായി ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. മുകളില്‍ സൂചിപ്പിച്ച മാനസികമായ വ്യതിയാനങ്ങളുടെ പ്രതിഫലനമാണ് ഇത്തരം സ്വഭാവ വൈകല്യങ്ങള്‍ പ്രകടിപ്പിക്കുക എന്നത്. കുട്ടി ഏതെങ്കിലും രൂപത്തിലുള്ള ലഹരിക്കോ മറ്റ് മരുന്നുകള്‍ക്കോ അടിമപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയും സമയബന്ധിതമായ പരിഹാരങ്ങള്‍ തേടുകയും വേണം.
പരിഹാരം വൈകരുത്
മിക്ക രക്ഷിതാക്കളിലും കാണുന്ന മക്കളെ സംബന്ധിച്ച അമിതമായ ആത്മവിശ്വാസം അപകടമാണ്. ”എന്റെ മകന്‍ അങ്ങനെ ചെയ്യില്ല” ”അവന്ന് അത്തരം സ്വഭാവമൊന്നുമില്ല” എന്നിങ്ങനെയുള്ള മറുപടികള്‍ രക്ഷിതാക്കളുടെ സ്ഥിരം പല്ലവിയാണ്. മക്കളെ നിരന്തരം വീക്ഷിക്കുകയും അവരുടെ ഓരോ മാറ്റങ്ങളും ശ്രദ്ധിക്കുകയും വേണം.
ലഹരി ഉപയോഗിക്കുന്ന മക്കള്‍ അത് സമ്മതിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ സംശയം തോന്നിയാല്‍ സ്‌കൂളിലുള്ള അധ്യാപകന്‍, സ്‌കൂള്‍ കൗണ്‍സിലര്‍ തുടങ്ങിയവരുടെ സഹായം ആവശ്യപ്പെടാം.
ഏതെങ്കിലും രൂപത്തിലുള്ള ലഹരി ഉപയോഗമോ മറ്റോ ശ്രദ്ധയില്‍ പെട്ടാല്‍ എടുത്തുചാടി എന്തെങ്കിലും ചെയ്താല്‍ അവസാനിപ്പിക്കാന്‍ പറ്റുന്നതല്ല ലഹരിയുടെ ആസക്തി. അതിന് കൃത്യവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ തന്നെ തേടണം. നിലവില്‍ എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകളും സംവിധാനങ്ങളും ലഭ്യമാണ്. അത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം.