ദേശീയതലത്തിൽ അറിയപ്പെടുന്ന പ്രമുഖ കേന്ദ്ര സർവകലാശാലകളിൽ ഡിഗ്രി പഠിക്കാൻ ആഗ്രഹിക്കുന്ന പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സി യു ഇ ടി – യു ജി 2024 (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) വഴി പ്രവേശനം നേടാവുന്നതാണ്. ഈ വർഷത്തെ പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് CUET UG 2024 പ്രോസ്പെക്ടസ് വായിച്ചു നോക്കേണ്ടതാണ്. ഈ വർഷത്തെ പരീക്ഷ മേയ് 15-നും 31-നും ഇടയ്ക്ക് ദിവസവും രണ്ടോ മൂന്നോ ഷിഫ്റ്റിലായി നടത്തുന്നതാണ്.
യോഗ്യത
പരീക്ഷയ്ക്ക് പ്രായപരിധി ഇല്ല.
എന്നാൽ സ്ഥാപനങ്ങൾ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ചായിരിക്കും പ്രവേശനം. ഓരോ സർവകലാശാലയുടെയും/ സ്ഥാപനത്തിന്റെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശന വ്യവസ്ഥകളും യോഗ്യതകളും വ്യത്യസ്തമാണ്. അപേക്ഷ നൽകും മുമ്പ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് യോഗ്യതയും വ്യവസ്ഥകളും എഴുതേണ്ട പ്രവേശന പരീക്ഷാ പേപ്പറുകളെക്കുറിച്ചും മനസ്സിലാക്കണം. പ്ലസ്ടുവാണ് യോഗ്യത. ഇപ്പോൾ ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 3 വർഷ എൻജിനീയറിങ് ഡിപ്ലോമ പാസായവർക്കും അപേക്ഷിക്കാം.
പരീക്ഷാരീതിയിലെ മാറ്റം
ഈ വർഷം മുതൽ ഹൈബ്രിഡ് രീതിയിലാണ് പരീക്ഷ നടത്തുക. ചില പരീക്ഷകൾ പെൻ ആൻഡ് പേപ്പർ രീതിയിലും ചിലത് കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി.) രീതിയിലുമായിരിക്കും. രജിസ്ട്രേഷൻ പൂർത്തിയായശേഷം അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ഓരോ പേപ്പറും ഏതുരീതിയിൽ പരീക്ഷ നടത്തണമെന്ന് എൻ ടി എ തീരുമാനിക്കും. ഓരോ വിഷയത്തിലെയും ടെസ്റ്റ് ഒരു ഷിഫ്റ്റിൽ നടത്താൻ ശ്രമിക്കും.
പരീക്ഷയിലെ വിഷയങ്ങൾ
മൂന്നു ഭാഗങ്ങളിലായി മൊത്തം 61 വിഷയങ്ങളാണുള്ളത്. 33 ഭാഷകൾ, 27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ, ഒരു ജനറൽ ടെസ്റ്റ്. എല്ലാറ്റിലും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യപ്പേപ്പർ ലഭ്യമാക്കും.
അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യപ്പേപ്പർ വേണമെന്ന് രേഖപ്പെടുത്തണം. പിന്നീട് അത് മാറ്റാൻ കഴിയില്ല. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിൽ ചോദ്യപ്പേപ്പറുകൾ ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളിൽ മലയാള ചോദ്യ പേപ്പറുകൾ ലഭ്യമാവില്ല.
പരീക്ഷയ്ക്ക് മൂന്നു ഭാഗങ്ങൾ
33 ഭാഷകൾ : ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു, ഉറുദു, അറബിക്, ബോഡോ, ചൈനീസ്, ഡോഗ്രി, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, ജാപ്പനീസ്, കശ്മീരി, കൊങ്കണി, മൈഥിലി, മണിപ്പുരി, നേപ്പാളി, പേർഷ്യൻ, റഷ്യൻ, സന്താലി, സിന്ധി, സ്പാനിഷ്, ടിബറ്റൻ, സാൻസ്ക്രിറ്റ്. ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷ തിരഞ്ഞെടുക്കാം.
27 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങൾ : അക്കൗണ്ടൻസി/ ബുക്ക് കീപ്പിങ്, അഗ്രിക്കൾച്ചർ, ആന്ത്രോപ്പോളജി, ബയോളജി/ ബയോളജിക്കൽ സ്റ്റഡീസ്/ബയോടെക്നോളജി/ബയോകെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, എൻവയൺമെൻറൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഇക്കണോമിക്സ്/ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിങ് ഗ്രാഫിക്സ്, ഓൺട്രപ്രനേർഷിപ്പ്, ഫൈൻ ആർട്സ്/ വിഷ്വൽ ആർട്സ് (സ്കൾപ്ചർ/പെയിൻറിങ്)/കൊമേഴ്‌സ്യൽ ആർട്ട്, ജ്യോഗ്രഫി/ ജിയോളജി, ഹിസ്റ്ററി, ഹോംസയൻസ്, നോളജ് ട്രഡീഷൻ പ്രാക്ടീസസ് ഇന്ത്യ, ലീഗൽ സ്റ്റഡീസ്, മാസ് മീഡിയ/ മാസ് കമ്യൂണിക്കേഷൻ, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ എജുക്കേഷൻ/നാഷണൽ കേഡറ്റ് കോപ്സ് (എൻ.സി.സി.)/ യോഗ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സാൻസ്ക്രിറ്റ്, സോഷ്യോളജി, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്. പ്രവേശനം ആഗ്രഹിക്കുന്ന സർവകലാശാലകൾ/കോഴ്‌സുകൾ അനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.
ജനറൽ ടെസ്റ്റ് : ജനറൽ നോളജ്, കറൻറ് അഫയേഴ്സ്, ജനറൽ മെൻറൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, ലോജിക്കൽ ആൻഡ് അനലറ്റിക്കൽ റീസണിങ് എന്നീ മേഖലകളിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. സർവകലാശാലകൾ പ്രവേശനത്തിന് ജനറൽ ടെസ്റ്റ് സ്കോർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ ടെസ്റ്റ് അഭിമുഖീകരിക്കണം.
ജനറൽ ടെസ്റ്റ്, ഡൊമൈൻ സബ്ജക്ട്, ഭാഷകൾ ഉൾപ്പെടെ ഒരാൾക്ക് എഴുതാവുന്ന പേപ്പറുകളുടെ പരമാവധി എണ്ണം ആറാണ്. ചേരാൻ ഉദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി/ പ്രോഗ്രാം എന്നിവയ്ക്കു ബാധകമായ പേപ്പറുകളുടെ ടെസ്റ്റ് എഴുതണം. ഓരോ യൂണിവേഴ്സിറ്റിയുടെയും ഓരോ പ്രോഗ്രാമിനും ബാധകമായ ടെസ്റ്റ് വിഷയങ്ങൾ സി യു ഇ ടി -യു ജി വെബ്സൈറ്റിൽ ലഭ്യമാണ്.
ചോദ്യഘടന
ജനറൽ ടെസ്റ്റിൽ മൊത്തം 60 ചോദ്യങ്ങളിൽനിന്ന് 50 എണ്ണത്തിന് ഉത്തരം നൽകണം. മറ്റ് വിഷയങ്ങളിൽ 50 ചോദ്യങ്ങൾ ഉള്ളതിൽനിന്ന് 40 എണ്ണത്തിന് ഉത്തരം നൽകണം. ജനറൽ ടെസ്റ്റ്, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമാറ്റിക്സ് പ്രാക്ടീസസ് എന്നീ പരീക്ഷകളുടെ ദൈർഘ്യം 60 മിനിറ്റും മറ്റുള്ളവയുടേത് 45 മിനിറ്റുമാണ്.
ഓൺലൈൻ അപേക്ഷ
https://exams.nta.ac.in/CUET-UG വഴി മാർച്ച് 26-ന് രാത്രി 11:50 വരെ രജിസ്റ്റർ ചെയ്യാം. മൂന്നുഘട്ടങ്ങളിലായി അപേക്ഷ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫോം, ആപ്ലിക്കേഷൻ ഫോം, ഫീ പേമെന്റ്. ചേരാൻ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി/ പ്രോഗ്രാം എന്നിവ ഏതൊക്കെയെന്ന് അപേക്ഷ നൽകുമ്പോൾതന്നെ വ്യക്തമാക്കണം. ഒരാൾ ഒരു അപേക്ഷയേ നൽകാവൂ.
അപേക്ഷ നൽകി ഫീസ് അടച്ച ശേഷം കൺഫർമേഷൻ പേജിന്റെ പി ഡി എഫ് സേവ് ചെയ്ത് വെക്കണം. കൺഫർമേഷൻ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.
ഫീസ്: അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, കാറ്റഗറി എന്നിവ അനുസരിച്ച് ഫീസിൽ മാറ്റമുണ്ടാകും. മൂന്നു വിഷയങ്ങൾ/ടെസ്റ്റുകൾ വരെ തിരഞ്ഞെടുക്കുന്ന ജനറൽ വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് 1000 രൂപയാണ്. ഒ.ബി.സി.(എൻ.സി.എൽ.)/ ഇ.ഡബ്ല്യു.എസ്: 900 രൂപ,വിഷയത്തിനും ഈ വിഭാഗക്കാർ അധികമായി അടയ്ക്കേണ്ട തുക, യഥാക്രമം 400/375/350 രൂപ. വിദേശത്ത് പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗക്കാരും മൂന്നുവിഷയം വരെ 4500 രൂപയും ഓരോ അധിക വിഷയത്തിനും 1800 രൂപ വീതവും ഫീസായി നൽകണം.
തെറ്റുതിരുത്തൽ
അപേക്ഷയിലെ പിശകുകൾ തിരുത്താൻ മാർച്ച് 28 മുതൽ 29-ന് രാത്രി 11:50 വരെ അവസരമുണ്ടാകും. ഏതൊക്കെ ഫീൽഡുകളാണ് തിരുത്താനാകുക എന്നത് ബ്രോഷറിൽ കാണിച്ചിട്ടുള്ളത് ശ്രദ്ധിക്കണം.
വിദേശത്തെ പരീക്ഷാ കേന്ദ്രം
ദുബായ്, ഷാർജ, അബുദാബി, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ്, സിംഗപ്പൂർ, കൊളംബോ, തുടങ്ങി 26 വിദേശ കേന്ദ്രങ്ങളുണ്ട്. വിദേശ കേന്ദ്രങ്ങൾ അപേക്ഷിക്കുന്നവർക്ക് അപേക്ഷ ഫീസിൽ വർധനവുണ്ട്.
(ലേഖകൻ കരിയർ കൗൺസലറാണ്. ഫോൺ: 9447709121)
Thanks for sharing. I read many of your blog posts, cool, your blog is very good.