കോഴിക്കോട് താമരശ്ശേരിയിൽ ട്യൂമർ ചികിത്സ കഴിഞ്ഞു കിടക്കുന്ന ഒരു ഉമ്മയെ കഴുത്തറുത്ത് കൊന്ന് ഒരു കുറ്റബോധവും ഇല്ലാതെ എന്നെ ജനിപ്പിച്ചതിനുള്ള ശിക്ഷയാണിത് എന്ന് പറയുന്ന ഒരു മകന്റെ സംസാരം കേട്ട് ഞെട്ടിത്തരിച്ചാവരാണ് നമ്മൾ മലയാളികൾ. സ്വന്തം അച്ഛനെ 28 വെട്ട് വെട്ടി കൊലപെടുത്തിയ മകന്റെ വാർത്തയും, അമ്മയെയും പെങ്ങളയും കൊലപെടുത്തിയ മകന്റെ വാർത്തയും വെഞ്ഞാറമൂട് കൊലപാതകവുമെല്ലാം നമ്മൾ കേട്ടതും വായിച്ചതും അറിഞ്ഞതുമെല്ലാം ഈ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിലാണ്
പത്താം ക്ലാസുകാരനായ താമരശ്ശേരിയിലെ ശഹബാസിനെ അതേ പ്രായക്കാരായ വിദ്യാർത്ഥികൾ സംഘം ചേർന്ന് കൊലപ്പെടുത്തിയ മറ്റൊരു വാർത്തയുമായാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ നമുക്ക് മുന്നിലേക്ക് മിഴി തുറന്നത്.

എന്താണ് നമ്മുടെ പുതു തലമുറയ്ക്ക് സംഭവിച്ചത്…?
ആരാണ് ഈ കുട്ടികളുടെ മനസ്സിലേക്ക് അക്രമ വാസന പകർന്നു നൽകിയത്…?
ആരാണിവരെ കൊലവിളിക്കാൻ പഠിപ്പിച്ചത്…?
ഒരു തിരിഞ്ഞു നോട്ടം അനിവാര്യമല്ലേ…?
മലയാള മനസാക്ഷിയെ ഞെട്ടിച്ചു കളഞ്ഞ ഈ വാർത്തകളുടെ ആഴങ്ങളിലേക്ക് ചെന്നാൽ മിക്കതിലും വില്ലൻ ലഹരിയാണെന്നാണ് സർക്കാർ സംവിധാനങ്ങൾ തന്നെ പറയുന്നത്. എന്നാൽ ഈ ലഹരിയെന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ എന്ത് സംവിധാനമാണ് സർക്കാർ നടപ്പിലാക്കുന്നത്..? മന്ത്രിമാരും എം എൽ എ മാരും രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിലൂടെയോ പത്ര മാധ്യമങ്ങളിലൂടെയോ ലഹരിക്കെതിരെ പ്രസ്താവന പുറപ്പെടുവിപ്പിച്ചത് കൊണ്ട്, അല്ലെങ്കിൽ തങ്ങളും ലഹരിക്കെതിരെ പ്രവർത്തിക്കുന്നു എന്ന് കാണിക്കാൻ വേണ്ടി പേരിനൊരു ക്യാമ്പയിനോ മറ്റോ സംഘടിപ്പിച്ചത് കൊണ്ട് മാത്രം ഉന്മൂലനം ചെയ്യാൻ കഴിയുന്ന ഒന്നല്ലല്ലോ ഈ ലഹരി. കേരളത്തിലെ കലാലയങ്ങളിൽ, എന്തിന് സ്കൂളുകളിൽ പോലും മയക്കുമരുന്ന് വളരെ സുലഭമായി ലഭിക്കുന്നു എന്നല്ലേ ലഹരിയുമായി പിടിക്കപ്പെടുന്ന വിദ്യാർത്ഥികളുടെ വാർത്തകൾ നമുക്ക് നൽകുന്ന സൂചന…? മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരിൽ പലരും വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രം ജയിലിൽ കഴിഞ്ഞ് തിരിച്ചു വരികയും വീണ്ടും ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നത് ഒരു യഥാർഥ്യമാണ്. ശിക്ഷ കർശനമല്ലാത്തതും ഉദ്യോഗസ്ഥരിൽ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണയും സർക്കാർ സംവിധാങ്ങളുടെ അലംഭാവവുമെല്ലാം തന്നെയാണ് ലഹരി വ്യാപനത്തിൽ ഒന്നാം പ്രതികൾ. സർക്കാർ സംവിധാനങ്ങളെ മാത്രം പഴി ചാരി നമുക്ക് ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കുകയില്ല. നാട്ടുകാരെന്ന നിലയിൽ, മുതിർന്നവരെന്ന നിലയിൽ, രക്ഷിതാക്കൾ എന്ന നിലയിൽ, ഒരു മനുഷ്യനെന്ന നിലയിലൊക്കെ ഈ പ്രശ്നങ്ങളിൽ നമ്മളും ചിലത് ചെയ്യേണ്ടത് അനിവാര്യമാണ്. നമ്മുടെ പരിസരങ്ങളിൽ, നമ്മുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിൽ, ക്യാമ്പസുകളിൽ മയക്കുമരുന്ന് തടയാൻ വേണ്ടി നമ്മൾ എന്താണ് ചെയ്തത് എന്ന് ഒരു വിചിന്തനം നമ്മൾ ഓരോരുത്തരും നടത്തേണ്ടതുണ്ട്. ഇനി എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
നമ്മുടെ മക്കളെ എങ്ങനെ ഈ കെണിയിൽ നിന്ന് സുരക്ഷിതരാക്കി നിർത്താം എന്ന് തല പുകയ്ക്കേണ്ടതുണ്ട്. ലഹരി മാത്രമല്ല, പുതുതായി ഇറങ്ങുന്ന സിനിമകൾ, മൊബൈൽ ഉപയോഗം, റീലുകൾ തുടങ്ങിയവയൊക്കെ നമ്മുടെ പുതു തലമുറയെ കൊലവിളി നടത്താനും ആയുധം കയ്യിലെടുക്കാനും പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. ഈ അടുത്ത് ഇറങ്ങിയ ഒരു സിനിമയെ പറ്റി ഒരു സുഹൃത്ത്‌പറഞ്ഞത് “അടിപൊളി പടം ഒരു രക്ഷയും ഇല്ല. അതിൽ ആളുകളെ കൊല്ലുന്ന സ്റ്റൈലൊക്കെ വേറെ ലെവൽ ” എന്നാണ്. ഞാൻ അത്ഭുതപ്പെട്ടു പോയി. സിനിമ ആണ്, എന്നാലും എങ്ങനെയാണ് ഒരു മനുഷ്യനെ കൊല്ലുന്ന രീതിയും മർദ്ദിക്കുന്ന രീതിയുമൊക്കെ നമ്മുക്ക് ഇഷ്ടപെടുന്നത്… സമീപ കാലങ്ങളിൽ ഇറങ്ങിയ സിനിമകളെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയപ്പോൾ മനസിലായത് മിക്ക സിനിമകളിലും വയലൻസ് ആണ് എന്നാണ്. അങ്ങനെ ഉള്ള സിനിമകൾ കാണാനാണത്രെ പ്രേക്ഷകർ കൂടുതൽ. പ്രത്യേകിച്ചും പുതിയ തലമുറ.

എന്തുകൊണ്ടാണ് കുട്ടികൾ വയലൻസ് ഇത്രമേൽ ഇഷ്ടപ്പെടുന്നത് എന്ന് കൂടി നമ്മൾ അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. ചെറിയ പ്രായത്തിൽ തന്നെ അവരുടെ കൈകളിലേക്ക് നാം വെച്ച് കൊടുക്കുന്ന മൊബൈൽ ഫോൺ, അതിൽ അവർ കാണുന്ന റീലുകൾ, കളിക്കുന്ന ഗെയിമുകൾ എല്ലാം ഈ ഒരു ആക്രമണോൽസുകതയെ വലിയ രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. കരച്ചിൽ മാറ്റാൻ വേണ്ടി, നമ്മുടെ ജോലികൾക്ക് ശല്ല്യമാകാതിരിക്കാൻ വേണ്ടിയൊക്കെയാണ് നമ്മൾ കുട്ടികൾക്ക് ഫോൺ നൽകുന്നത്. ആദ്യമാദ്യം കാർട്ടൂൺ, പിന്നെ ഷോർട്സ്, പിന്നീട് ഗെയിമുകൾ, പിന്നെ പിന്നെ കാണേണ്ടതും കാണേണ്ടതാത്തതുമായതൊക്കെ കുട്ടികൾ ഫോണിൽ കാണുന്നു. മൊബൈൽ കിട്ടാഞ്ഞാൽ അവർ വയലന്റ് ആകുന്നു. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗെയിമുകളിൽ മിക്കതും ഫയറിങ് ഗെയ്‌മുകൾ ആണ്. ആളുകളെ വെടി വെച്ച് കൊല്ലുന്നതിന് പോയിന്റ് കിട്ടുന്ന ഗെയ്‌മുകൾ. മൊബൈൽ ഫോൺ തന്നെ ലോകം എന്ന് കരുതുന്ന പുതു തലമുറക്ക് മൊബൈലിനുള്ളിലും ഫോണിന് പുറത്തും തമ്മിലെ വ്യത്യാസം തിരിച്ചറിയാതെ പോകുന്നുണ്ട് എന്ന് ഈ വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അനുമാനിക്കേണ്ടി വരും.
പുതു തലമുറയെ സാമൂഹിക വിഷയങ്ങളിൽ ഇടപെടുത്തിയും, രാഷ്ട്രീയ ബോധം നൽകിയും കൃത്യമായ ധാർമിക വിദ്യാഭ്യാസം നൽകിയും മാത്രമേ ഈ വിപത്തിൽ നിന്ന് സുരക്ഷിതരാക്കാൻ സാധിക്കുകയുള്ളൂ..\ അതിനു വേണ്ട പരിശ്രമങ്ങളാണ് നമ്മൾ ഓരോരുത്തരും നിർവഹിക്കേണ്ടത്. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക്, മത സാംസ്‌കാരിക, രാഷ്ട്രീയ കൂട്ടായ്മകൾക്ക്, കലാകാരന്മാർക്ക്, മീഡിയകൾക്ക് എല്ലാം ഈ ഒരു ദൗത്യത്തിൽ വലിയ പങ്ക് നിർവഹിക്കാനുണ്ട്. ആ ദൗത്യ നിർവഹണത്തിന് നമുക്ക് ഒന്ന് ചേർന്നു നിൽക്കാം. ചോര കൊണ്ട് ഫെയർവെൽ പാർട്ടി നടത്തുന്ന പുതു തലമുറയെ നേരിന്റെ പാതയിലേക്ക് ചേർത്തു നിർത്താം