ഉമ്മാ…
നല്ല പേടിയുണ്ട്.
ഇവിടെ ആകെ ഇരുട്ടാണ്.
നല്ല മഴക്കാലത്തും ഫാൻ ഇടുമ്പോ ഉമ്മപറയൽ ല്ലേ ഇന്റെ മോന് എങ്ങനാ ഖബറിൽ കിടക്ക എന്ന്.
പക്ഷെ ഇവിടുത്തെ തണുപ്പ് ഇന്ക് സഹിക്കാൻ വയ്യ.
ചുറ്റിലും കുറെ പേർ വേറെയുമുണ്ട്. പ്രിയപ്പെട്ടവർക്കുള്ള എഴുത്തിലാണവരും. ഇന്റെ മേലാകെ ചോര ആണ് ഉമ്മാ…
ഈ അവസ്ഥ ഞാൻ വരുത്തി വെച്ചതാണ്. ബാക്കിൽ വന്ന് ഹോൺ അടിച്ചതിന് തുടങ്ങിയ ചെറിയൊരു വാക്ക് തർക്കമായിരുന്നു.
അയാൾക്കൊപ്പം ഞാനും സ്പീഡ് കൂട്ടി. പക്ഷെ ഇന്റെ ബൈക്ക് ഞാൻ പിടിച്ചിടത്ത് കിട്ടിയില്ല.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ആരൊക്കെയോ ചേർന്ന് വാരി എടുത്ത് ഇവിടെ കൊണ്ട് വന്ന് കിടത്തി. ആംബുലൻസിൽ കയറ്റാൻ നേരം ഞാൻ ബൈക്ക് നോകീനു ആകെ കേടായ്ക്ക്. ഞാൻ വ്ടെ കെടക്കുന്നോണ്ട് ഇങ്ങള് ആരും ചീത്ത പറയൂലല്ലോ….
ഇന്നോട് പ്രശ്നം ണ്ടാക്കിയ ആളാണ് ഇന്റെ കൂടെ ആംബുലൻസിൽ ണ്ടായിരുന്നത്. ആയാളും ഇൻക്ക് വേണ്ടി കരയാണ്.
ഇന്ക് പ്രശ്നോന്നുല്ല പറഞ്ഞിട്ടും കരച്ചിൽ നിർത്തില്ല. ഇന്ന് വെള്ളിയാഴ്ച ആണ്. ഞാൻ അത്രയും ആഗ്രഹിച്ചതാണ് ഇന്ക് വെള്ളിയാഴ്ച മരിക്കണം എന്ന്.
പടച്ചോൻ അത് സാധിപ്പിച്.
ഇന്നത്തെ ഖുതുബ ഞാൻ അത്രയും ഇഷ്ടത്തോടെ ആണ് കേട്ടതും. അവസാനത്തെ ആവും എന്ന് ഞാനും കെര്തീല.
മരിച്ചു കിട്ടീനെങ്കിൽ എന്ന് ഞാൻ ഇടക്ക് പറയൂലായ്നോ…
ഇപ്പൊ എന്തോ ജീവിക്കാൻ ഒരു പൂതി പോലെ ഒക്കെ തോന്നാണ് ഉമ്മാ…
പെങ്ങളെ മക്കളെ ഒന്ന് കെട്ടിപിടിച് ദേഷ്യം പിടിപ്പിക്കാൻ ഒക്കെ.
ഇന്റെ തൊട്ടപ്പുറത് ആരെയോ വെട്ടികീറി എടുക്കുന്നുണ്ട്.
അടുത്തത് ഞാനാണ് എന്നാ പറയുന്നത്.
ഉമ്മാ….ഉപ്പാ….
ഇങ്ങള് പുറത്ത് ണ്ട് എന്ന് ഇന്ക് അറിയ. ഇന്ക് ഒന്നുല്ല.
ഇങ്ങള് കരയണ്ട.
ഞാൻ പടച്ചോൻ വിളിച്ചിട്ട് പോകാണ്.
ഞാൻ ഇങ്ങളോട് ഇടക്ക് പറയുമ്പോലെ.. ഇങ്ങളെകാട്ടിലും ഇഷ്ടം മൂപ്പർക്ക് ഇന്നോട് ആണ്.