കരുത്തുറ്റ കരങ്ങൾ

1171
2

ഐഷൂ.. വാ..

ദാ വരുന്നു ആമീ..

മൈലാഞ്ചി മൊഞ്ചുള്ള കയ്യാൽ അവൾ ഒന്നൂടെ തട്ടം ശെരിയാക്കി ആമിയുടെ പുറകിൽ തൊട്ടടുത്ത മുറിയിലേക്ക് വെച്ചുപിടിച്ചു.
ആഹാ.. ഇതാരിത് ഐശുമോളോ നല്ല സുന്ദരിക്കുട്ടിയായല്ലോ! നല്ല ഭംഗിയുള്ള ആഭംരണങ്ങളാണല്ലോ.. നോക്കട്ടെ.. എത്ര പവനുണ്ട്!?

ൻ്റ കദിയാ ഇയ്യ് അറിഞ്ഞില്ലേ.. ഓളെ ഉപ്പാക്ക് വരാൻ പറ്റീല്ലങ്കിലും പൊന്നും പണ്ടോം ഒന്നും കുറച്ച്ക്കില്ല ഓൻ.. അമ്പത് പവൻ ഉണ്ട് അത്, ആദ്യമോളല്ലേ. ഓൻ കുറേ ശ്രമിച്ചതാ വരാൻ. ആയ്യാറെ കാല് വരെ പിടിച്ചെന്നാ കേട്ടത് പക്ഷേ മൂപ്പര് വിട്ടില്ല. അത് കൊണ്ടാ മൂത്താപ്പ കൈപിടിച്ച് കൊടുക്കണെ. പാവം… അല്ലാണ്ട് ന്ത് പറയാനാ..

സ്വന്തം ഉപ്പ ജീവിച്ചിരിക്കെ നികാഹ് ചെയ്തോട്ക്കാൻ ഓൻക്ക് വിധീല്ല.. ഓൾക്ക് അയ്ന് യോഗല്യ അല്ലാണ്ടെന്ത്!

അയൽവാസികൾ തമ്മിൽ വാക്കു കോർക്കുമ്പോൾ അവൾ മെല്ലെ റൂമിലേക്ക് ചെന്നു. എല്ലാരും ജനൽപാളിയിലൂടെ ഏന്തി വലിഞ്ഞു നോക്കുന്നുണ്ട് നികാഹ് കാണാൻ. അവളും ഒരു സൈഡിൽ സ്ഥാനമുറപ്പിച്ചു.

ആയിഷ എന്നാണവളുടെ പേര്. മാളിയേക്കൽ കരീമിൻ്റെയും ഹാജറയുടെയും മൂത്തപുത്രി. ഇളയ മകളാണ് ആമി എന്ന ആമിന. കുടിയ ദാരിദ്രം വന്ന് കേറിയപ്പോൾ ഓട്ടോ പണി മതിയാക്കി, പ്രവാസ ലോകത്തേക്ക് കാലെടുത്തുവെച്ചതാണ്. അന്ന് ഐശൂന് 10 വയസ്സായിരുന്നു. ആമിനയ്ക്ക് എട്ടും.

ഇപ്പൊ വർഷം 13 കഴിഞ്ഞു ന്നിട്ടും ഓനിക്ക് വരാൻ കഴിയുന്നില്ല. അതിനിടയിൽ ഒരുപാട് കഷ്ടപ്പെട്ട് പുതിയ രണ്ട് നിലയിലുള്ള വീട് വെച്ചു. മകളുടെ കല്യാണമാണ് കരീമിന്റെ സ്വപ്നം. അത് നല്ല നിലയിൽ ഒരു കുറവും കൂടാതെ നടത്തണം, അവളെ കൈ പിടിച്ചു കൊടുക്കണം. അത്രമാത്രം..

“ന്താ കരീമേ ഇയ്യ് ഇങ്ങനെ ഫോണിൽ നോക്കിയിരിക്കുന്നെ.. “
കാദറേ.. ൻ്റെ മോളെ നിക്കാഹാ ഇന്ന്. ഓളെ ഫോട്ടോ ബര്ന്ന്ണ്ടോന്ന് നോക്കിയതാ. ൻ്റെ നെഞ്ചത്ത് കിടന്നുറങ്ങിയ മോളാ.. ഓള് കുഞ്ഞു നാളിലേ തമാശക്കാണേലും പറയായിനു, ൻ്റ കല്യാണത്തിന് അമ്പത് സ്വർണം മാണോന്ന്.. ഒരു പൊട്ടി പെണ്ണാ അമ്പത് പവൻ എന്ന് വെച്ചാൽ അമ്പത് പൊന്നാന്ന ഓളെ അന്നത്തെ വിചാരം.അത് പറഞ്ഞ് ഞാനിപ്പൊ ഇടക്കിടെ ഓളെ കളിയാക്കൽണ്ട്..

എന്തൊക്കെയായാലും ഓള് ആഗ്രഹിച്ചതല്ലേ, കൂട്ട്കാരുടെയും ഭർത്താവിൻ്റെ ബന്ധുക്കളുടെയും മുന്നിൽ അവൾ ചെറുതായിപോവരുതല്ലോ, അതാ ഞാൻ മുൻകൂട്ടി ശമ്പളവും അതിലേറെയും വാങ്ങിച്ചത്. ഞാൻ നാട്ടിൽ പോയാൽ ഇത്ര ഭംഗിയിൽ നടത്താൻ പറ്റില്ലല്ലോ, ഇങ്ങനെയൊക്കെ ആര് കൊടുക്കാനാ? ഇതിപ്പൊ കുറച്ചു കാലവും കൂടി ഇവിടെ പണിയെട്ത്താൽ അതിൻ്റെ കണക്ക് തീരും…

ൻ്റെ കരീംക്കാ ഇങ്ങക്ക് കാണണ്ടേ മോളെ നിക്കാഹ് ? ഇങ്ങള് ബന്ന നാള് തൊട്ട് പറയണതല്ലേ ഓക്ക് ചേരുന്നോനെ ഞാൻ തന്നെ കണ്ടു പിടിക്കും ന്നിട്ട് ഓളെ ഓൻ്റെ കയ്യിൽ ഏൽപ്പിക്കണം, പിന്നെ നാട്ടിൽ തന്നെ വല്ല ജോലിയും എടുത്ത് ജീവിക്കാന്നൊക്കെ… എന്നിട്ട് മോള് ഒരാളേംകൊണ്ട് വന്നപ്പോൾ ഇങള് അതിന് സമ്മതിച്ചു. ഓള് അമ്പത് പവനെന്ന് കുഞ്ഞുനാളിൽ പറഞ്ഞു പോയതിന് നാട്ടിലും കൂടി പോവാൻ പറ്റാതെ ഇവിടെ കടത്തിൽപ്പെട്ടു.

അല്ലാ, ന്നിട്ട് ആ മോള് ഒന്ന് വിളിച്ചോ ഇങളെ ഇന്നലയും ഇന്നും?
എത്ര നേരായി ഇങ്ങള് ഫോണും നോക്കിയിരിക്കാൻ തുടങ്ങീട്ട് !!
ജാസീ.. ഓളുടെ ഇഷ്ടാ ൻക്ക് ബൽത്. ഓള് അത്രയും അഗ്രഗിച്ച് ന്നോട് പറഞ്ഞതല്ലേ.. ഞാൻ അന്വോഷിച്ചതാ, നല്ല പുയ്യാപ്ലയാ ഓൻ നല്ല കൂലീം ഇണ്ട്. ഒരുമിച്ച് ജീവിക്കേണ്ടത് അവരല്ലേ പിന്നെ ഞമ്മള് ന്ത് നോക്കാനാ.. അല്ലേ കദറേ..?

ഒരു നെടുവീർപ്പോടെ പുഞ്ചിരിച്ചു തുടർന്നു, ഓള് കല്യാണത്തിരക്കിലാവും അതാ വിളിക്കാത്തെ. എല്ലാരും ഉണ്ടാവില്ലേ അവിടെ, ഇന്നലെ പിന്ന മൈലാഞ്ചി ഇട്ടതല്ലേ അപ്പൊ ഫോൺ എടുക്കാൻ കഴിയുന്നുണ്ടാവില്ല അതാ. അള്ളാഹ്.. ഇങ്ങളോട് പറഞ്ഞ് നേരം പോയി.. പണിക്ക് കേരാൻ സമയായി. ഞാൻ പോയിട്ട് വരാം.

പാവം മനുഷ്യന, സ്വന്തം മോളെ കല്യാണം കാണാൻ വിധീല്ല. അവിടെ അവര് ആഹ്ലാദിക്കുന്നതിൻ്റെ കാരണം ഈ മനുഷ്യൻ്റെ വിയർപ്പാ. ന്നിട്ട് ഒന്നു വിളിച്ച് കൂടിയില്ല.. ആ തെളിച്ചക്കുറവ് ആ മുഖത്ത് ഉണ്ട്. കാദർ ജാസിയോട് തൻ്റെ പരിഭവം പറഞ്ഞു.

ഐശൂ.. നീ ഭക്ഷണം കഴിച്ചോ..?

എനിക്ക് വേണ്ട ഉമ്മാ.. ഈ മേക്കപ്പ് പോകും. അപ്പൊ നീ നിസ്കരിച്ചില്ലേ.. ഉപ്പ പറയുന്നതല്ലേ എന്ത് വന്നാലും ഒരിക്കലും നിസ്കാരം ഒഴിവാക്കരുതെന്ന്. നീ മറന്നോ അതൊക്കെ?
ൻ്റുമ്മച്ചീ.. ഈ ഇരുപതിനായിരം ഒലിച്ചുപോവാനാ ങ്ങള് പറേണെ, ഒരു രണ്ട് ദിവസം നിസ്കരിച്ചിട്ടില്ലന്ന് കരുതി ഒന്നും സംഭവിക്കാൻ പോന്നില്ല. ഞാൻ ഇതുവരെയുള്ളതൊക്കെ നിസ്കരിച്ച്ക്കില്ലേ ഒഴിവാക്കാതെ. ഇത് ഞാൻ പിന്നീട് കളാ വീട്ടിയാ പോരേ.

” എന്നാ ഈ ജൂസ് എങ്കിലും കുടിക്ക് ഞാൻ സ്ട്രോ എടുത്ത് വരാം… “

മംഗല്യപ്പന്തലിൽ ആരവമേളം.
പാട്ടും ഡാൻസും ഒപ്പനയും, ഫോട്ടോ ഷൂട്ടിംഗിലും ഒക്കെയായി എല്ലാരും മുഴുകി..
ഇതിനിടയിൽ അലമാരയിൽ നിന്ന് ഫോൺ റിങ് ചെയ്യുന്നത് ആരും കേൾക്കുന്നില്ല…!!

മഹ്‌റ് ചാർത്താൻ വരുന്നുണ്ടെന്ന് ആരോ വിളിച്ച് പറയുന്നത് കേട്ട് ആമി ഐശൂനെ വിളിക്കാൻ റൂമിൽ ചെന്നു. അവിടെ അവളെ കണ്ടില്ല. തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പൊ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ അതെടുക്കാൻ ചെന്നു. “ഉപ്പച്ചി ” അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

അപ്പൊഴേക്കും കോൾ cut ആയി. 30 Missed Calls ഇന്നലയും ഇന്നുമായി. അവൾ തിരിച്ചു വിളിക്കാൻ നമ്പറെടുത്തു.

“അല്ലേൽ വേണ്ട ഈ തിരക്കൊക്കെ ഒന്ന് കഴിഞ്ഞിട്ട് വിളിക്ക, ഇപ്പൊ അവര് മഹറ് ചാർത്താൻ വരൂലേ.. ” എന്ന് ചിന്തിച്ചു തീർന്നില്ല അപ്പൊഴേക്കും ഫോൺ വീണ്ടും റിങ് ചെയ്യാനും , പുറത്തു നിന്ന് അവർ വരുന്നതിൻ്റെ കൈമുട്ടലും പാട്ടും ബഹളവും കേൾക്കാൻ തുടങ്ങി.

അവൾ ഫോണവിടെയിട്ട് പുറത്തേക്ക് ഓടി.

പുയ്യാപ്ല വന്നൂ… എന്ന് ആരൊക്കെയോ അടക്കം പറയുന്നത് കേട്ട്, മൊഞ്ചായി എന്ന് ഒരിക്കൽ കൂടെ ഉറപ്പു വരുത്താൻ ഐഷു കണ്ണാടിയുടെ മുന്നിലേക്ക് ഓടി. ലിപ്സ്റ്റിക് എടുത്തു ഒന്നൂടെ ഉരച്ചു വെച്ചു. തൻ്റെ ഭംഗി തിരിഞ്ഞും മറിഞ്ഞും ഒന്ന് നോക്കി.
മതിയെടീ നല്ല ഭംഗിയുണ്ടെന്നും പറഞ്ഞ് കൂട്ടുകാർ കളിയാക്കാൻ തുടങ്ങി.. അവൾ ഒന്ന് നാണിച്ചു.

അപ്പൊഴും ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. അലമാരയിൽ നിന്ന് എന്തോ എടുക്കാൻ വന്ന ഉമ്മ ഫോൺ അടിയുന്നത് കേട്ട് അതെടുത്തു.

“അസ്സലാമു അലൈക്കും ഹാജറാ.. ന്തൊക്കെയാ വിശേഷങ്ങള്.. മ്മളെ ഐശു എവിടെ പോയീ.. ഫോട്ടോസ് ഒന്നും കണ്ടില്ലല്ലോ.. “
വ അലൈക്കുമുസ്സലാം സുഖം തന്നെ ഇക്കാ.. ഓള് ഇബിടത്തന്നെയിണ്ട്. ദയങ്കര തിരക്കിലാ ഓള് ഞാൻ കൊടുക്കാം. ഐശൂ.. ദാ ഉപ്പച്ചി വിളിക്ക്ണ്..
” ഹലോ ഉപ്പാ എന്തൊക്കെയാ വിശേഷം.. സുഖാല്ലേ.. “
ഐശൂ അവരിങ്ങെത്തി നീയിങ്ങ് വന്നേ.. കൂട്ടുകാർ അവളെ പിടിച്ച് വലിച്ച് കൊണ്ടുപോയി..

മോളെ കിട്ടിയില്ലേ കരീംക്കാ..?
അ.. അവള് തിരക്കിലായിരിക്കും ജാസീ.. മണവാട്ടിയല്ലേ..
എന്ന് ശബ്ദമിടറി കൊണ്ട് മുഖത്ത് ചിരിവരുത്തി പറഞ്ഞു.

“ഹും.. തിരക്കിലാണത്രെ!! അവളിപ്പൊ അത്രയും സന്തോഷത്തിൽ അവിടെ നിൽക്കാൻ കാരണം നിങ്ങളാ.. അപ്പൊ ആ തിരക്കില് മറക്കാൻ പാടുണ്ടോ ഈ ഉപ്പയെ..

ഫോൺ ഇങ്ങ് താ.. ഞാൻ വിളിച്ച് രണ്ട് വാക്ക് സംസാരിക്കട്ടെ.. ഇത്രയും ആർഭാടത്തിൽ കല്യാണം നടത്തിയില്ലങ്കിൽ ഒരു പക്ഷേ അവര് നിങ്ങളെ ഓർത്തേനെ.! കരുത്തുറ്റ കരങ്ങളാണ് പലപ്പൊഴും കരുത്തറ്റതായ് മാറുന്നത്.

“സാരമില്ല ജാസീ.. പോട്ടെ..”
എന്നാലും എനിക്കിത് സഹിക്കാൻ കഴിയുന്നില്ല. കാദർ സങ്കടം പറഞ്ഞു.
നല്ല ക്ഷീണം പോലെ ഇത്തിരി നേരം ഒന്ന് കിടക്കട്ടെ ന്നിട്ട് നിസ്കരിക്കാം അസർ.
കരീം വിരിപ്പ് നിവർത്തി കിടന്നു..

ഡ്രിംഗ്… ഡ്രിംഗ്.. ഫോൺ റിങ് ചെയ്യുന്നത് കുറേ നേരായല്ലോ. ഇതെന്താ കരീംക്ക എടുക്കാത്തെ!
കരീംക്കാ.. ദാ നാട്ടീന്ന് വിളിക്കുന്നു ഭാര്യ. കല്യാണം കഴിഞ്ഞന്ന് തോന്നുന്നു. കരീംക്കാ.. ഇത് നോക്കെന്നും പറഞ്ഞ് ജാസി അവരെ പിടിച്ചു തിരിച്ചതും ഒരു ഇടിമിന്നൽ നെഞ്ചിൽ പടർന്നതു പോലെയായിരുന്നു.

മൂക്കിൽ നിന്ന് രക്തം ഒഴുകി അബോധവസ്ഥയിലായിരുന്നു അദ്ദേഹം. ജാസിയും കാദർക്കയും മറ്റുള്ളവരും വേഗത്തിൽ പിടിച്ച് ഹോസ്പിറ്റലിൽ എത്തിച്ചു…
കുറച്ചു കഴിഞ്ഞ് ഡോക്ടർ വന്ന് പറഞ്ഞു: രണ്ട് വർഷമായി അദ്ദേഹം എൻ്റെ ക്യാൻസർ പേഷ്യൻ്റ് ആയിട്ട്. ആരോഗ്യം ശ്രദ്ധിക്കണം എന്ന് ഞാൻ അവരോട് പ്രത്യേകം പറയാറുണ്ട്. പക്ഷേ കേട്ടില്ല!

ഒരു നിമിഷം ഭൂമിചുറ്റുന്നത് പോലെ തോന്നി..,

കല്യാണപ്പന്തലിൽ അപ്പോൾ മഴ ആർത്തൊലിച്ചു പെയ്യുകയായിരുന്നു. ഭക്ഷണം അടിപൊളി നല്ല രുചിയുണ്ട്. ഇത്രേം ഉഷാറിലുള്ള കല്യാണം ഈയടുത്തൊന്നും കൂടീട്ടില്ലന്ന് പലരും അടക്കം പറഞ്ഞ് മടങ്ങുകയായിരുന്നു….

മിഴികൾ തുടച്ചു ഐശു തൻ്റെ ഓർമ്മകൾ അയവിറക്കി…, പുലർക്കാല സ്വപ്നങ്ങളിൽ ഉമ്മറത്തിണ്ണമേൽ കിന്നാരം ചൊന്ന സുരലോക വാസിയാം സുവർണ്ണ കുരുവികേളേ.. കണ്ടുവോ നിങ്ങളെൻ താതനെ..?

വിരഹ ദുഃഖത്താൽ എൻ മിഴികൾ നിറയുമ്പോൾ മൊഴി ഇടറിയെൻ വല്യുമ്മ മൊഴിഞ്ഞ പോലെ,
സ്വർഗീയ വസതിയിൽ ഹരിത ചിറകുള്ള പക്ഷിപോൽ ചിറകിട്ടടിച്ച് സ്വർഗീയ ആരാമത്തിൽ ഉല്ലസിക്കുന്നൊരെൻ ഉപ്പയെന്ന്.

ഭ്രാന്തമായി തളിർത്ത് ശാഖകളിൽ വർണ്ണ പുഷ്പങ്ങൾ പൂത്തുലഞ്ഞാടുമ്പോൾ ത്യാഗം സഹിച്ചു ഭാരം പേറി വരണ്ട മണ്ണിൽ പടർന്നു നിന്ന ചടുല വേരുകളെ കുറച്ചിലെന്നു ചെന്നു മണ്ണിൽ മറച്ചുവെച്ച വൃക്ഷങ്ങൾ പോലെ, വിണ്ടു കീറി തഴമ്പിച്ച മുഷ്ടികളാൽ മണ്ണിലലിയുംവരെ, മറന്ന എനിക്കിന്ന് പിടച്ചിലാണുള്ളിൽ..

ഒരു വട്ടം മണൽകൂനകൾ നീക്കി ഒന്നു തിരികെ അണഞ്ഞിരുന്നെങ്കിൽ ആ “കരുത്തുറ്റ കരങ്ങളാൽ ” എന്നെയൊന്നു തലോടിയിരുന്നുവെങ്കിൽ മണൽ തിണ്ണകൾ നീക്കി മറച്ചുവച്ച പ്രാണനം വേരുകളെ പുറത്തെടുത്ത് തഴമ്പിച്ചു ദ്രവിച്ച വേരിലും ഞാൻ വസന്തം ഭ്രാന്തമായി പടർത്തിയേനെ….!!!

Leave a Reply

Your email address will not be published. Required fields are marked *

2 thoughts on “കരുത്തുറ്റ കരങ്ങൾ

  1. ഹിബ അഷ്റഫിൻ്റെ കരുത്തുറ്റ കരങ്ങൾ – കഥ വളരെ നന്നായി.കഥയും കവിതയും ഒരു പോലെ വഴങ്ങുന്നുണ്ട് ഹിബയ്ക്ക് വളരെ സന്തോഷം.കാമ്പും കരുത്തുമുള്ള കഥ. പ്രവാസികളുടെ ഉള്ളറിഞ്ഞ് എഴുതിയ ഈ കഥ ഏവരും വായിക്കണം. ദീർഘകാലം പ്രവാസിയായ ഒരു പിതാവ് തൻ്റെ രോഗം പോലും മറച്ചുവെച്ച് കുടുംബത്തിനായി ആത്മസമർപ്പണം നടത്തുന്നതിൻ്റെ ചിത്രം വേദന ചാലിച്ച ഭാഷയിൽ ഹിബ വരയ്ക്കുമ്പോൾ അത് വായിക്കുന്നവരുടെ മനസ്സിൽ ചെന്ന് തറച്ചിറങ്ങും.

    ഭ്രാന്തമായി തളിർത്ത് ശാഖകളിൽ വർണ്ണ പുഷ്പങ്ങൾ പൂത്തുലഞ്ഞാടുമ്പോൾ ത്യാഗം സഹിച്ചു ഭാരം പേറി വരണ്ട മണ്ണിൽ പടർന്നു നിന്ന ചടുല വേരുകളെ കുറച്ചിലെന്നു ചെന്നു മണ്ണിൽ മറച്ചുവെച്ച വൃക്ഷങ്ങൾ പോലെ, വിണ്ടു കീറി തഴമ്പിച്ച മുഷ്ടികളാൽ മണ്ണിലലിയുംവരെ, മറന്ന എനിക്കിന്ന് പിടച്ചിലാണുള്ളിൽ..

    നോക്കൂ എത്ര മനോഹരമാണ് ആ ഭാഷ !എല്ലാവരും കഥ വായിച്ച് ഈ എഴുത്തുകാരിയെ പ്രോത്സാഹിപ്പിക്കൂ.

    • വരികൾ എത്ര മനോഹരം….
      റിയൽ സംഭവം പോലെ വരച്ചുകാട്ടി…….

      ഹിബ റാളിയക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു