കരിപ്പൂരിലെ മുജാഹിദ് സമ്മേളനം അനിവാര്യമായിരുന്നോ?

596

ഒരു മുജാഹിദ് സംസ്ഥാന സമ്മേളനം കൂടി പൂർത്തിയായിരിക്കുന്നു. നാല് വർഷം കൂടുമ്പോൾ നടക്കുന്നൊരു ആൾക്കൂട്ട മഹാമഹം എന്നതിനപ്പുറത്ത് എന്തെങ്കിലും ഉൽപാദന ക്ഷമത സാമൂഹ്യമായി കൈമാറ്റം ചെയ്യപ്പെടാൻ കരിപ്പൂരിലെ മുജാഹിദ് സമ്മേളനത്തിനായിട്ടുണ്ടോ എന്നതിൻ്റെ ഉത്തരം പ്രധാനമാണ്. സമ്മേളനത്തിന് വേണ്ടിയൊരു സമ്മേളനം എന്നതിൽ നിന്ന് സാമൂഹ്യമായൊരു അനിവാര്യത എന്നതിലേക്ക് എത്താനായോ എന്നതാണ് മാനദണ്ഡമാകേണ്ടത്. സംഘപരിവാർ കാലത്ത് നടക്കുന്നൊരു സമ്മേളനമായതിനാൽ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധത്തിൻ്റെ സാധ്യതകളെ എത്രമാത്രം തുറന്നുവെക്കാനായെന്നതാണ് സമ്മേളനത്തിൻ്റെ സാമൂഹ്യതയെ നിശ്ചയിക്കുന്ന അളവുകോൽ.

മുസ്ലിം നവോത്ഥാന പ്രസ്ഥാനമെന്ന നിലയിൽ മുജാഹിദ് പ്രസ്ഥാനം അതിൻ്റെ സംസ്ഥാന സമ്മേളനങ്ങളൊക്കെ മുസ്ലിം സാമൂഹ്യതയിൽ ഊന്നി നിന്നുകൊണ്ടുള്ള വർത്തമാനങ്ങളായിരുന്നു. അതിൽ നിന്നൊരു വേറിട്ട അഭിസംബോധന ഉണ്ടായത് 1992ലെ പാലക്കാട് സമ്മേളനത്തിലായിരുന്നു. കേരളത്തിൻ്റെ പൊതു സാമൂഹ്യതയെ അഡ്രസ് ചെയ്തു നടന്ന സമ്മേളനമായിരുന്നു അത്. ബാബരി മസ്ജിദിൻ്റെ ധ്വംസന പശ്ചാത്തലത്തിലായിരുന്നു അന്നത്തെ സമ്മേളനം. പൊതു സാമൂഹ്യത മുഴുവൻ അരക്ഷിതമായൊരു ചുറ്റുപാടിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ മതം മനുഷ്യ സൗഹാർദ്ദത്തിനെന്ന തലക്കെട്ടോടെയാണ് സമ്മേളനം കേരളത്തിൻ്റെ പൊതുമണ്ഡലത്തോട് സംവദിച്ചത്. ഒരു സമ്മേളനം എത്രമാത്രം സാമൂഹ്യമാകണമെന്നതിൻ്റെ സമഗ്രതയായിരുന്നു അന്ന് കണ്ടത്. ഏകദൈവ ആരാധനയെ വിശദീകരിക്കുന്നൊരു പ്രമേയത്തിൽ നിശ്ചയിച്ച സമ്മേളനമാണ് മനുഷ്യ സൗഹാർദ്ദത്തിൻ്റെ സുതാര്യമായ തലങ്ങളെ പ്രതിപാദിക്കുന്നിടത്തേക്ക് മാറ്റപ്പെട്ടത്. ആ മാറ്റം ആ ഘട്ടത്തിലെ സാമൂഹ്യ അനിവാര്യതയായിരുന്നു.

ഇങ്ങനെയൊരു അനിവാര്യത കരിപ്പൂർ സമ്മേളനവും ആവശ്യപ്പെടുന്നുണ്ടായിരുന്നു. സമ്മേളനത്തിൻ്റെ പ്രമേയമായ വിശ്വമാനവികത തന്നെയായിരുന്നു ആ അനിവാര്യത. ഒരു മതപരിഷ്ക്കരണ പ്രസ്ഥാനത്തിന് ലോകം ആവശ്യപ്പെടുന്നൊരു അനിവാര്യതയോട് എങ്ങനെ ചേർന്നുനിൽക്കാനാകുമെന്നതാണ് കരിപ്പൂർ സമ്മേളനത്തെ ഉറ്റുനോക്കാൻ പ്രേരിപ്പിച്ച ഘടകം. മതവും വിശ്വാസവും ദൈവവും മനുഷ്യരെ അകറ്റാനുള്ള രാഷ്ട്രീയ ആയുധങ്ങളായി മാറുന്ന ഇന്ത്യൻ ഫാസിസത്തിനെതിരെ ആശയപരമായൊരു പ്രതിരോധത്തെ സാധ്യമാക്കാൻ ഒരു മതസംഘടനക്ക് എങ്ങനെ ആകുമെന്ന ചോദ്യമാണ് കരിപ്പൂർ സമ്മേളനത്തിനുമേൽ ചോദ്യചിഹ്നമുയർത്തിയത്.

വിശ്വമാനവികതയെ എങ്ങനെ അഡ്രസ് ചെയ്യുന്നു എന്നതായിരുന്നു അതിൽ പ്രധാനം. ഇന്ത്യൻ ഫാസിസത്തിനെരായ ക്രിയാത്മ പ്രതിരോധമെന്നത് മാനവികതയുടെ കലർപ്പില്ലാത്ത ഘോഷണമാണെന്ന തിരിച്ചറിവിനെ അവതരിപ്പിക്കലായിരുന്നു അത്. ഇന്ത്യൻ ഫാസിസത്തിനെതിരെ ശബ്ദമുയർത്തുന്നവരുടെ പൊതു ഇടത്തെ സാധ്യമാക്കലായിരുന്നു അതിൻ്റെ പ്രകടനപരത. നാല് ദിവസത്തെ സമ്മേളനം അങ്ങനെയൊരു കൈകോർക്കലിനെ രൂപപ്പെടുത്താൻ സാധിച്ചുവെന്നത് കരിപ്പൂർ സമ്മേളനത്തിൻ്റെ സാമൂഹ്യ സ്വീകാര്യതയെ അടയാളപ്പെടുത്തുന്നതാണ്.

മനുഷ്യരെ അകറ്റുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നേരിയ അനുകമ്പയുള്ളവരെ പോലും അകറ്റി നിറുത്താൻ സമ്മേളനം കാണിച്ച സൂക്ഷ്മത എടുത്തു പറയേണ്ടതാണ്. ആദ്യം നിശ്ചയിച്ച ഉദ്ഘാടകനെ മാറ്റിയത് അത്തരമൊരു കണിശതയിൽ നിന്നായിരുന്നു. ഒരു മതപരിഷ്ക്കരണ സംഘടനയുടെ സമ്മേളനമെന്ന നിലയിൽ അനിവാര്യമായുണ്ടാകേണ്ട മതബോധനത്തോടൊപ്പം ഫാസിസ്റ്റ് വിരുദ്ധതയുടെ പ്രതിരോധ രാഷ്ട്രീയത്തെ കൃത്യമായി സദസ്സിന് പകരുന്നതിൽ സമ്മേളനത്തിന് വിജയിക്കാനായി. ഓരോ സെഷനുകളും മതവും രാഷ്ട്രീയവും ഇടകലർത്തിയുള്ള പരിഷ്ക്കരണത്തിൻ്റേതായിരുന്നു. രാഷ്ട്രീയമെന്നാൽ വിശ്വമാനവികതയും മതമെന്നാൽ വേദവെളിച്ചവുമായിരുന്നു.

പാലക്കാട് സമ്മേളനം എത്രമാത്രം സാമൂഹ്യതയുടെ അടയാളപ്പെടുത്തലായി മാറിയോ; അത്രതന്നെ കരിപ്പൂർ സമ്മേളനവും സാമൂഹ്യമായ അനിവാര്യതയുടെ അളവുകോലിനോട് നീതിപുലർത്തിയെന്നു പറയാം. ഇന്ത്യൻ ഫാസിസം ന്യൂനപക്ഷങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ആത്മവിശ്വാസ തകർച്ചയെ എങ്ങനെ മുറിച്ചു കടക്കാമെന്ന ആലോചനയാണ് സമകാലീനതയിൽ ഏറ്റവും സുപ്രധാനമായത്. അങ്ങനെയൊന്നിനെ സാധ്യമാക്കാൻ സമ്മേളനത്തിനായിട്ടുണ്ടെന്നു വേണം കരുതാൻ. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയെ ആത്മാർത്ഥതയോടെ അണിനിരത്താൻ സമ്മേളനത്തിനായി. ഇടതുപക്ഷത്തിൻ്റെ സാന്നിധ്യം അതിൽ എടുത്തു പറയേണ്ടതാണ്. പതിവ് സമ്മേളന കാര്യപരിപാടികളേക്കാൾ മികച്ച പ്രാതിനിധ്യം കാണാനായി. ആശയപരവും രാഷ്ട്രീയവുമായ വൈവിധ്യങ്ങളെ ഫാസിസ്റ്റ് വിരുദ്ധതയെന്ന നൂലിൽ കോർത്ത് ഒരുമിച്ചിരുത്താൻ സമ്മേളനത്തിനായി.

മുജാഹിദ് പ്രസ്ഥാനം കേവലമൊരു ആത്മീയ കൂട്ടായ്മ എന്നതിലേക്ക് പരിവർത്തിപ്പിക്കപ്പെട്ടതു മുതലാണ് അതിൻ്റെ പൊതുസാമൂഹ്യ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടത്. ഒരേസമയം മതപരിഷ്ക്കരണവും സാമൂഹ്യ ഇടപെടലും രാഷ്ട്രീയ സാന്നിധ്യവും സാധ്യമാക്കിയവരായിരുന്നു പൂർവ്വകാല മുജാഹിദ് നേതാക്കൾ. വിധേയപ്പെടാൻ ഒരുക്കമല്ലാത്തവരായിരുന്നു അവർ. ആരുടേയും വാലാകാതെ നിന്നതുകൊണ്ടാണ് നിലപാടുകളിലെ കാർക്കശ്യത്തെ രൂപപ്പെടുത്താൻ അവർക്കായത്. നിരന്തരം പുതുക്കിയ മുദ്രാവാക്യങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. തലമുറകളെ അഭിസംബോധന ചെയ്യാനുള്ള ആശയങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് അവർ സഞ്ചരിച്ചത്. ലോക രാഷ്ട്രീയത്തോട് കാഴ്ച്ചപ്പാടുള്ളവരായിരുന്നു അവർ. ഇങ്ങനെയൊരു ബൗദ്ധിക വളർച്ചയിലേക്ക് എത്താനാകുമ്പോൾ മാത്രമാണ് ഏതൊരു സംഘടനക്കും പുതിയ തലമുറയെ അഭിസംബോധന ചെയ്യാനാകുക. അങ്ങനെ പുതിയ കാലത്തെ അഭിമുഖീകരിക്കാൻ തങ്ങൾ അർഹരാണോയെന്ന സ്വയം വിമർശനത്തിന് പോസിറ്റീവായ മറുപടി സാധ്യമാക്കാനാകുന്നുണ്ടെങ്കിൽ കരിപ്പൂർ സമ്മേളനം സാമൂഹ്യമാണെന്ന് പറയാം.