റഷീദ് പരപ്പനങ്ങാടിയുടെ ‘ കാണാതെ പോയ സർക്കസ് ‘ എന്ന പുസ്തകത്തിനുള്ള ആസ്വാദനം
കുട്ടികളുടെ മാനസിക തലങ്ങളില്‍ ഫലവത്തായി ഇടപെടുന്ന, കുട്ടികള്‍ക്കു വേണ്ടി എഴുതിയ പത്ത് കഥകളുടെ സമാഹാരമാണ് റഷീദ് പരപ്പനങ്ങാടിയുടെ ‘കാണാതെ പോയ സര്‍ക്കസ്’. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയായ കഥാകൃത്ത് 16 ബാലസാഹിത്യങ്ങൾ ഉൾപ്പടെ 25 കൃതികള്‍ എഴുതിയിട്ടുണ്ട്. ആകാശവാണിയില്‍ അമ്പതോളം ചെറുകഥകളും പത്ത് നാടകങ്ങളും അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ്.
യുവത ബുക്‌സിന്റെ ഇംപ്രിന്റായ ‘പൂമരം’ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ കവര്‍ രൂപകല്‍പന കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്. കൃതിയുടെ ഉള്ളടക്കത്തിന് അനുസൃതമായ വര്‍ണ്ണാഭമായ പുറംചട്ട ‘കാണാതെപോയ സര്‍ക്കസി’നെ മനോഹരമാക്കുന്നു.
‘വളര്‍ന്നു വലുതാവും’ എന്ന ആദ്യകഥയില്‍ മൈമൂനത്തും ബാപ്പയും ഒരുപോലെ വായനക്കാരുടെ ഈറനണിയിപ്പിക്കുന്നു. മീന്‍ മണക്കുന്ന മീൻ കച്ചവടക്കാരനായ ബാപ്പയെ പഠനത്തില്‍ മിടുക്കിയായ സ്വന്തം മകളുടെ സുഹൃത്തുക്കളുടെ മുമ്പില്‍ പരിചയപ്പെടുത്താന്‍ കുറച്ചിലായിരിക്കും എന്ന ബാപ്പയുടെ ചിന്തയെ പാടെ തകര്‍ത്ത് മകള്‍ മൈമൂനത്ത് വൈകാരിതയുടെ ശ്രദ്ധേയമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു. മീന്‍ മണക്കുന്ന ബാപ്പയെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ചേര്‍ത്തുപിടിച്ച് അഭിമാനിയാവുന്ന മകള്‍ വായനക്കാര്‍ക്ക് പ്രിയങ്കരിയാവുന്നു. ‘അവള്‍ വളര്‍ന്നു വലുതാവും’ എന്ന ബാപ്പയുടെ ചിന്തയില്‍ വിടരുന്ന ആത്മവിചാരം കഥയും കഥാപാത്രങ്ങളും ഭാവിയില്‍ ജീവിതത്തെ അതിജീവിക്കുന്ന കാഴ്ച സമ്മാനിക്കുന്നുണ്ട്.
‘സതി ടീച്ചറുടെ ചോറ്റുപാത്രം തുറക്കുമ്പം എന്തൊരു മണമാണ്’ ….വിശപ്പും കണ്ണീരും എന്ന കഥയുടെ ആരംഭം ഇങ്ങനെയാണ്. അപ്പു എന്ന കൊച്ചു മിടുക്കന് ഒരു ദിവസമെങ്കിലും വയറു നിറച്ച് ചോറുണ്ണണം എന്നാണ് ആഗ്രഹം. സതി ടീച്ചറുടെ ചോറ്റുപാത്രം പോലെതന്നെ തന്റെ ക്ലാസിലെ വയറന്‍ ഗോപാലന്റെ ചോറ്റുപാത്രവും അപ്പുവിനെ ഏറെ കൊതിപ്പിച്ചിരുന്നു. ഒരിക്കല്‍ വീണുകിട്ടിയ സന്ദര്‍ഭത്തില്‍ ആരും കാണാതെ ഗോപാലന്റെ ചോറ്റുപാത്രം നക്കിത്തുടച്ച് അടച്ചുവെച്ച കുറ്റബോധം ടീച്ചറുടെ മുന്നില്‍ കണ്ണീരില്‍ കുതിര്‍ന്ന ക്ഷമാപണമായപ്പോള്‍ അറിയാതെ അവന്റെ ചങ്കൊന്ന് പിടയുമ്പോള്‍ വായനക്കാരും ആകാംക്ഷഭരിതരാവുന്നു.

‘നാളേക്കു വേണ്ടി’ എന്ന കഥയിലെ ബിച്ചീവി എല്ലാവര്‍ക്കും ‘വല്യമ്മായി’ ആണ്. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ബിച്ചീവിക്ക് പത്തെഴുപത് വയസ്സുണ്ട്. താന്‍ കഴിച്ച മധുരമുള്ള മാങ്ങയുടെ അണ്ടി കുഴിച്ചിടുന്നത് കണ്ട ചെക്കന്റെ ‘അണ്ടി കുഴിച്ചിടാണോ’…….? എന്ന ചോദ്യത്തിന് ‘ഇക്കണ്ട മാവൊക്കെ ഞമ്മള് കുയിച്ചിട്ടതല്ലല്ലോ മോനേ….ന്നട്ടും’ എന്ന ഉത്തരം തന്നെയാണ് നാളേക്കുവേണ്ടി എന്ന കഥയിലെ ഗുണപാഠമായി ഉയരുന്നത്.
ഹൃദ്യമായ മറ്റൊരു കഥയാണ് ‘മന്തനാലി’. മന്തന്‍ എന്നത് നാടന്‍ പ്രയോഗമാണ്. അത് കഥാപാത്രമായ ആലിയോട് കൂടെ ചേര്‍ന്നപ്പോള്‍ മന്തനാലിയായി. താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം തന്നെ മണ്ടത്തരങ്ങളാണെന്ന് പറഞ്ഞാണ് ഉമ്മയും പെങ്ങളും ഉള്‍പ്പെടെ നാട്ടുകാര്‍ എല്ലാവരും അവനെ മന്തനാലി എന്ന് വിളിക്കുന്നത്. താന്‍ മന്തനാണത്രേ. എങ്ങനെയാണ് മന്തനാവ്വാ? എന്ന് ആലി സ്വയം ചോദിക്കുന്നുണ്ട്. മന്തനാന്ന് പറഞ്ഞ് സ്‌കൂളീന്നും പുറത്താക്കി. എന്നാല്‍ മലര്‍ന്നും കമിഴ്ന്നും നീന്താന്‍ ആലി മിടുക്കനായിരുന്നു.
അലൂമിനിയം പാത്രവുമായി കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി ഒഴുക്കില്‍ പെട്ടപ്പോള്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന ആലി സാഹസികമായി കുട്ടിയെ രക്ഷിച്ച കഥയാണ് മന്തനാലി.
വെള്ളം കുടിച്ച് വയറുവീര്‍ത്ത കുഞ്ഞിനെ ചുമലിലേറ്റി ഓളങ്ങളെ പകുത്തുമാറ്റി ആലി കരയിലേക്ക് കയറുമ്പോള്‍ കിതപ്പിനെ സ്വയം ഒതുക്കി അവന്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ‘പാത്രം പിടുത്തം കിട്ടീല….ഒലിച്ചൊലിച്ചുപോയി.’-അതെ ആലിയുടെ സിദ്ധിയും ശേഷിയും ഈ കഥയിലൂടെ വായനക്കാര്‍ തിരിച്ചറിയുന്നു. മികച്ച ഗുണപാഠം നല്‍കുന്ന കഥയാണിത്.
‘ഉണ്ണിയപ്പം’ എന്ന കഥ കൊതിയോടെയാണ് വായിച്ചത്. ചൂളയില്‍ ചട്ടിയും കലവുമുണ്ടാക്കുന്നവരാണ് രമേശന്റെയും അനിയത്തി ചിക്കുവിന്റെയും അച്ഛനും അമ്മയും.
‘ഉണ്ണിയപ്പം തിന്നിട്ടുണ്ടോ നിയ്യ്? എന്താ രസം’ എണ്ണമയമുള്ള കൈപ്പത്തി രമേശനെ മണപ്പിച്ച് കൊണ്ട് കൂട്ടുകാരന്‍ കുഞ്ഞാപ്പു ചോദിച്ചു.
അബ്ദുല്ലക്കയുടെ കടയില്‍ കിട്ടുന്ന ഉണ്ണിയപ്പത്തെക്കുറിച്ചുള്ള കുഞ്ഞാപ്പുവിന്റെ വര്‍ണനകള്‍ രമേശനെ ഉണ്ണിയപ്പം കഴിക്കാന്‍ കൊതിപ്പിച്ചു. പാവപ്പെട്ട തന്റെ അച്ഛനോടും അമ്മയോടും ഉണ്ണിയപ്പം വാങ്ങാനുള്ള പൈസ ചോദിക്കാന്‍ രമേശന്റെ മനസ്സനുവദിച്ചില്ല.
കുപ്പിയും പാട്ടയും പെറുക്കി വിറ്റുകിട്ടുന്ന പൈസ സ്വരുക്കൂട്ടി ഉണ്ണിയപ്പം വാങ്ങാന്‍ പോവുന്നതും ചിക്കുവിനെ എണ്ണ കൈ മണപ്പിച്ച് മറച്ചുപിടിച്ച ഉണ്ണിയപ്പപൊതി നല്‍കുന്നതും സ്വപ്‌നം കണ്ട രമേശന് പൈസ തികയാതെ ഉണ്ണിയപ്പം വാങ്ങാനാവാതെ മടങ്ങേണ്ടിവന്നത് കഥയില്‍, ജിജ്ഞാസയോടെ അവതരിപ്പിച്ചിരിക്കുന്നു. തന്റെ ലക്ഷ്യം നിറവേറ്റി തന്നോടൊപ്പം അനിയത്തിക്കുട്ടിയെ കൂടെ സന്തോഷിപ്പിക്കാന്‍ രമേശന് സാധിക്കും എന്ന് ബോധ്യപ്പെടുത്തികൊണ്ടാണ് കഥ അവസാനിക്കുന്നത്.
‘കുഞ്ഞബ്ദു’ എന്ന കഥ മാതൃസ്‌നേഹത്തിന്റേതാണ്. ചുമടെടുത്ത് ജീവിക്കുന്ന പാവപ്പെട്ടവനായ കുഞ്ഞബ്ദു. മൂന്നുനാലു വര്‍ഷം മുമ്പ് റേഷന്‍ വാങ്ങിക്കാന്‍ ഉമ്മ നല്‍കിയ പൈസ കളഞ്ഞ വിഷമത്തില്‍ തിരിച്ചു വീട്ടില്‍ ചെല്ലാനാവാതെ വണ്ടികയറി എത്തിയടത്താണ് കുഞ്ഞബ്ദു പിന്നീട് ചുമടെടുത്ത് ജീവിക്കുന്നത്. തുച്ഛമായി കിട്ടുന്ന തുക സ്വരുക്കൂട്ടി മാസത്തില്‍ ഒരു തവണ ഉമ്മയെ കാണാന്‍ പോകും.
ജോലിക്കിടെ പൈസ നിറച്ച പേഴ്‌സ് കളഞ്ഞ് കിട്ടിയപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ പ്രലോഭനങ്ങളില്‍ വീഴാതെ നൂറ് രൂപ കളഞ്ഞ് പോയപ്പോള്‍ താന്‍ അനുഭവിച്ച മനോവിഷമവും പ്രയാസവും ഉള്‍കൊണ്ട് പേഴ്‌സ് ഉടമസ്ഥന് തിരികെ ലഭിക്കാന്‍ കാണിക്കുന്ന ഉദാരമനസ്സാണ് കുഞ്ഞബ്ദു എന്ന കഥയില്‍ ഇതള്‍ വിരിയുന്നത്. പണ്ടൊക്കെ പേറെടുത്തിരുന്നത് വീട്ടില്‍ നിന്ന് തന്നെയായിരുന്നു. പേറെടുത്തിരുന്നത് ഒത്താച്ചിമാരും. മൊയ്‌ല്യാര് അറബി എഴുതി ഊതിക്കൊടുത്ത വെള്ളം കുടിച്ചാല്‍ സുഖപ്രസവം എന്ന വിശ്വാസവും.
വൈജ്ഞാനിക വളര്‍ച്ച അന്ധവിശ്വാസങ്ങള്‍ അകലാന്‍ കാരണമായിട്ടുണ്ട്.
‘മൊയ്‌ല്യാരും ഡാക്ക്ട്ടരും’ എന്ന കഥയിലെ മൊയ്‌ല്യാര് സാധ്യതകളുടെ വളര്‍ച്ചയ്‌ക്കൊപ്പം മാറ്റം ഉള്‍ക്കൊണ്ട് വളര്‍ന്നു. പെങ്ങളുടെ പ്രസവം സുഖകരമാക്കാന്‍ തന്റെ ഉപ്പ ഊതിയ വെള്ളിത്തിനായി മൊയ്‌ല്യാരുടെ അടുത്ത് പറഞ്ഞ് വിട്ട കുട്ടിയുടെ ഓര്‍മകള്‍ ഇതില്‍ വായിക്കാം. അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ശക്തമായ ബോധവത്കരണമാണ് ഈ കഥ.
‘കവുങ്ങിന്‍പട്ട’ എന്ന കഥ അതീവ ഹൃദ്യമായ അനുഭവം പകരുന്നു. ബസ് കേടായതിനെ തുടര്‍ന്ന് മോന്തി ഇരുട്ടിയാണ് കഥാപാത്രമായ കുട്ടന്‍ അമ്മാവന്റെ വീട്ടിലേക്കുള്ള കവലയില്‍ ബസിറങ്ങുന്നത്. കിഴക്കോട്ടുള്ള ചെമ്മണ്‍പാത കുറച്ചുദൂരം നടന്ന് തൊടിയിലൂടെ കയറി വേണം അമ്മാവന്റെ വീട്ടില്‍ എത്താന്‍. പൂ പോലത്തെ നിലാവെളിച്ചം ഉള്ള ധൈര്യത്തില്‍ കുട്ടന്‍ ആഞ്ഞു നടന്നു. തൊടി കയറി കുറച്ച് ദൂരം നടന്നതേയുള്ളൂ. അപ്പോള്‍ അതാ മുമ്പില്‍ വെളുത്ത വസ്ത്രങ്ങളോടെ തൂങ്ങിനില്‍ക്കുന്ന ഒരു രൂപം! കാലുകള്‍ നിലത്ത് മുട്ടുന്നില്ല. തൂങ്ങിയാടുകയാണ്. ആകെ പേടിച്ച കുട്ടന്‍ ഒരുവിധം അമ്മാവന്റെ വീട്ടില്‍ എത്തി. കാര്യങ്ങള്‍ കേട്ട അമ്മാവന്‍ ടോര്‍ച്ചും എടുത്ത് കുട്ടനെ കൂട്ടി തിരികെ തൊടിയില്‍ വന്ന് നോക്കി. കവുങ്ങില്‍ നിന്ന് വീണു മരക്കൊമ്പില്‍ കുടുങ്ങിയാടുന്ന ഒരു വലിയ കവുങ്ങിന്‍പട്ട.
‘ഹാവൂ; കുട്ടന്റെ ശ്വാസം നേരെ വീണു.
ഇപ്പം തീര്‍ന്നില്ലേ പേടി?
‘എന്ത് കണ്ടാലും സൂക്ഷിച്ചുനോക്കി സംശയം തീര്‍ത്തിട്ടേ പോകാവൂ…’ തോളില്‍ തട്ടിക്കൊണ്ട് അമ്മാവന്‍ പറഞ്ഞത് കേട്ട് കുട്ടന്‍ പുറകെ നടന്നു. വളരെയേറെ ഗുണപാഠങ്ങള്‍ നല്‍കുന്നതാണ് ‘കവുങ്ങിന്‍പട്ട’ എന്ന കഥ.
ഈ പുസ്തകത്തിന്റെ തലക്കെട്ടായ ‘കാണാതെപോയ സര്‍ക്കസ്’ എന്ന കഥയും മനോഹരമാണ്. സര്‍ക്കസ് കൂടാരം നോക്കിനില്‍ക്കുന്ന കുട്ടിയുടെ ചിത്രമടങ്ങുന്ന പുറംചട്ടയില്‍ നിന്നും ഒരു കുട്ടിയുടെ നൊമ്പരമാണ് കഥയുടെ ഉള്ളടക്കം എന്ന് വായിച്ചെടുക്കാന്‍ കഴിയും.
‘കുഞ്ഞാപ്പു’വാണ് ഇതിലെ കുട്ടി കഥാപാത്രം. സ്‌കൂളിലേക്ക് പോകുന്ന റോഡരികിലെ മൈതാനിയില്‍ ചുറ്റും മറച്ച് വലിയ തുണിയില്‍ വരച്ച ചിത്രങ്ങള്‍ ഉള്ള ഒരു വലിയ കൂടാരം.
സൈക്കിളില്‍ ഒരു ഗോപുരം പോലെ ഒന്നിനു മുകളില്‍ മറ്റൊന്നായി എട്ടുപത്തു സ്ത്രീകള്‍!
തലയില്‍ കപ്പും സാസറും അട്ടിയാക്കി കമ്പിയില്‍ ഒറ്റക്കാലില്‍ നടന്നുപോകുന്ന മറ്റൊരു പെണ്‍കുട്ടി!
മരണക്കിണറില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ശബ്ദം! മൃഗങ്ങളുടെ അലര്‍ച്ച; ആകശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന യന്ത്ര ഊഞ്ഞാലില്‍ ആടുന്ന കുട്ടികളുടെ ആര്‍പ്പുവിളികള്‍, രണ്ടടിയോളം മാത്രം വലിപ്പമുള്ള കോമാളികള്‍ കൂടാരത്തിനുള്ളിലേക്ക് കുലുങ്ങി കുലുങ്ങി നടന്ന്‌പോകുന്നു!
പുറമെ നിന്നുള്ള കാഴ്ചകള്‍ തന്നെ ഇത്രയേറെ അതിശയിപ്പിക്കും വിധമാണേല്‍ കൂടാരത്തിനുള്ളിലെ കാഴ്ചകള്‍ എന്തു രസകരമായിരിക്കും!
അത് കാണാന്‍ ഏറെ ആഗ്രഹിച്ച കുഞ്ഞാപ്പു, ടിക്കറ്റിനുള്ള 25 രൂപ ഇല്ലാതെ, അവസാനം ഉമ്മ കാണാതെ അലമാരയില്‍ നിന്നും പൈസ എടുത്ത് സര്‍ക്കസ് കൂടാരത്തില്‍ ഓടിയെത്തിയപ്പോഴേക്കും സര്‍ക്കസിനായി ഒരുക്കിയിരുന്ന ആ വലിയ കൂടാരം കാറ്റഴിഞ്ഞ ബലൂണ്‍ കണക്കെ നിലം പതിച്ചിരുന്നു.
അവിടെയൊന്നും നില്‍ക്കാന്‍ പിന്നെ കുഞ്ഞാപ്പുവിനായില്ല. അവന്റെ മനസ്സില്‍ വല്ലാത്തൊരു സങ്കടം നീറിപ്പുകഞ്ഞു. എടുത്ത പൈസ വേഗം അലമാരയിലെ പെട്ടിയില്‍ തന്നെ കൊണ്ടുപോയി വെക്കണമെന്ന ചിന്ത മാത്രമായിരുന്നു അവന്. ഒരു പക്ഷേ, തന്റെ തെറ്റായ സമീപനമാണ് സര്‍ക്കസ് കാണാന്‍ സാധിക്കാതിരുന്നത് എന്ന തിരിച്ചറിവ് കുഞ്ഞാപ്പുവിന്റെ സങ്കടത്തിന്റെ ആഴം ലഘൂകരിച്ചിട്ടുണ്ടാവും.
‘നമ്മുടെ കൈത്താങ്ങ്’ എന്ന കഥയിലെ ഗോപി ക്ലാസിലെ മിടുക്കനായിരുന്നു. അധ്യാപകര്‍ക്കെല്ലാം അവനെ വലിയ കാര്യമായിരുന്നു. കഴിഞ്ഞ കൊല്ലം ആറാം തരത്തില്‍ വെച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടിക്കുള്ള സമ്മാനം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് ഗോപിക്കാണ് കിട്ടിയത്.
ഒരാഴ്ചയോളം ഗോപിയെ ക്ലാസില്‍ കാണാത്തതിനാലാണ് അപ്പുമാഷ് ഗോപിയെ അന്വേഷിച്ചത്. അതേ തുടര്‍ന്ന് കൂട്ടുകാര്‍ ഗോപിയുടെ വീടന്വേഷിച്ച് കണ്ടെത്തിയപ്പോഴാണ് അവന്‍ പനിപിടിച്ച് ആശുപത്രിയിലാണെന്ന് അറിഞ്ഞത്.
അപ്പുമാഷും കൂട്ടുകാരും ഗോപിയെ കാണാന്‍ ആശുപത്രിയില്‍ എത്തി. ഈര്‍ച്ചമില്ലില്‍ കൂലിക്കാരനായ ഗോപിയുടെ അച്ഛന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ മാഷ് കുറച്ച് പണം അദ്ദേഹത്തിന് നല്‍കി. ഗോപിയുടെ രോഗവിവരം പറയണം. അവനു വേണ്ടി എല്ലാവരും ചേര്‍ന്ന് നാളെ ക്ലാസില്‍ ഒരു സഹായനിധി രൂപീകരിക്കാന്‍ ശ്രമിക്കണം. പലതുള്ളി പെരുവെള്ളം എന്നു കേട്ടിട്ടില്ലേ….ആശുപത്രി വിടുമ്പോള്‍ മാഷ് കുട്ടികളോട് പറഞ്ഞു.
കൊച്ചു കൈകളുടെ കുഞ്ഞു സഹായങ്ങള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവുമെന്ന് മാഷിനു തോന്നി. വളരെയേറെ ഗുണപാഠങ്ങള്‍ നല്‍കുന്നതാണ് ഈ കഥ.
മീന്‍ മണക്കുന്ന ബാപ്പയെ ചേര്‍ത്തുപിടിച്ച് ‘ഇതാണെന്റെ ബാപ്പ’ എന്ന് അഭിമാനത്തോടെ കൂട്ടുകാരികളോട് പറയുന്ന ബാല്യത്തിന്റെ നിഷ്‌ക്കളങ്കത. ഇല്ലായ്മയും വല്ലായ്മയും പറയാന്‍ മടിക്കുന്നവന്റെ മനസ്സിലെ വിങ്ങല്‍. അങ്ങനെ അങ്ങനെ ഈ കഥകളില്‍ നിന്ന് കുട്ടികള്‍ക്കു പഠിക്കാനുള്ള ഒത്തിരി കാര്യങ്ങളുണ്ട്. ‘നന്മയുടെ കൈത്താങ്ങ്’ പോലെ സ്വീകരിക്കാന്‍ പല മൂല്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ പത്തു കഥകളും കുട്ടികള്‍ക്ക് വളര്‍ന്നു വലുതാവാനുള്ള മൂല്യമുള്ള ഒട്ടേറെ വഴികള്‍ ഓതിക്കൊടുക്കും.
എന്താണ് നല്ലത്, എന്താണ് ചീത്ത എന്നറിയാന്‍ വിഷമിക്കുന്ന, സംശയങ്ങളുടെ ലോകത്ത് കഴിയുന്ന കുട്ടികള്‍ക്ക് വളര്‍ച്ചയുടെ മെച്ചപ്പെട്ട ചവിട്ടുപടികള്‍ സ്വീകരിക്കാന്‍ പ്രേരണ നല്‍കുന്ന റഷീദ് പരപ്പനങ്ങാടിയുടെ ‘കാണാതെ പോയ സര്‍ക്കസ്’ എന്ന കൃതി പാഠപുസ്തകത്തിനപ്പുറമുള്ള അമൂല്യമായ നിരവധി പാഠങ്ങളാണ്. വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റേണ്ട നന്മയുടെ പ്രകാശം ഈ കഥകളെ സാരവത്താക്കുന്നു. മലയാളത്തിലെ മികച്ച ഒരു ബാലസാഹിത്യകൃതിയായി കാലം ഇതിനെ അടയാളപ്പെടുത്തുമെന്നത് തീര്‍ച്ചയാണ്.