പണക്കൊഴുപ്പിന്റെ രംഗവേദിയാവുന്ന കലോത്സവങ്ങൾ

519

ഒരു ഗോൾ പോലും അടിക്കാതെ അവർ, 4 ഗോളുകൾ അടിച്ച എതിർ ടീമിനെ കീഴ്പ്പെടുത്തി…!!
അതെങ്ങനെ..?!
അതെ, നമ്മുടെ സ്കൂൾ കലോത്സവങ്ങളിൽ ഇങ്ങനെ പലതും സാധ്യമാണ്‌. എന്നാൽ പങ്കെടുത്തവർക്കും പ്രേക്ഷകർക്കുമറിയാം യഥാർത്ഥത്തിൽ വിജയിച്ചവരാരെന്ന്..

കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല അവസരവും, അതിനുള്ള പ്രോത്സാഹനങ്ങളാൽ ഉയർന്നു വരേണ്ട നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്ന വേദികളുമാണ് സ്കൂൾ കലോത്സവങ്ങൾ.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവം നടന്നു വരുന്നത് കേരളത്തിലെന്നത് കേരള സംസ്ഥാനത്തിനെന്ന പോലെ തന്നെ രാജ്യത്തിനും അഭിമാനകരമാകുമ്പോൾ, അംഗീകരിക്കപ്പെടുന്നത് അർഹരാണോ എന്നത് കൂടെ വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.

ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ.. അങ്ങനെ പരിശ്രമങ്ങൾക്ക് കണക്കില്ല. എല്ലാം ഒരു പ്രതീക്ഷയിലാണ് ഓരോ വിദ്യാർത്ഥിയും. തന്റെ ഊർജ്ജവും, ഉറക്കവും ഭക്ഷണവും ഇഷ്ടപ്പെട്ട പലതും അവരുടെ പ്രയത്നങ്ങൾക്കായ് മാറ്റിവെക്കുമ്പോൾ, ഒടുക്കം അനീതിയാർജ്ജിക്കുന്നത് അസ്സഹനീയം തന്നെയാണ്.

ഈ പ്രാവശ്യം സബ്ജിലാ കലോത്സവങ്ങളിൽ പരാതി പ്രവാഹമായിരുന്നു. കൊണ്ടോട്ടിയിലെന്ന പോലെ, വണ്ടൂരിലും നിരവധി പരാതികളാണ് ഉയർന്നു വന്നത്. അങ്ങനെ പലയിടങ്ങളിലും ജില്ലാ കലോത്സവങ്ങൾക്കപ്പുറം, സബ്ജില്ലാ കലോത്സവങ്ങളിൽ പോലും നടന്നു വരുന്ന ഈ അഴിമതികൾ, അടിച്ചമർത്താൻ ശ്രമിക്കുന്നത്, കഴിവുറ്റ നാളെയുടെ വാഗ്ദാനങ്ങളെയാണ്.
അപ്പോൾ സംസ്ഥാന തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ പലരും കഴിവുള്ളവരോ അതോ പണമുള്ളവരോ സ്വാധീനമുള്ളവരോ..?

പരാതിയറിയിക്കാൻ ഉടമസ്ഥ പെട്ടവരുടെയടുക്ക് ചെന്നെത്തുമ്പോൾ അപ്പീൽ കൊടുക്കാൻ പോകേണ്ട വഴി ചൂണ്ടി കാണിക്കുന്നവരാണ് പലരും. അപ്പീൽ തുകയുടെ വർദ്ധനവ് വിളിച്ചു കാട്ടുന്നത് പണമുള്ളവർക്ക് പരാതിപ്പെടാം, കഴിവു കൊണ്ടു മാത്രം സാധ്യമല്ല. എന്നതു തന്നെയല്ലെ..
അപ്പീൽ തുക 5000 ത്തിലേക്ക് വരെ വർദ്ധിക്കുന്നത് അതിനെ നിരുത്സാഹപ്പെടുത്താനാണെങ്കിൽ, അപ്പീലുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് നമുക്ക് ഊഹിക്കാവുന്നതല്ലെ ഉള്ളു…!
പരാതി നൽകുമ്പോൾ അതിന് മുടന്തൻ ന്യായങ്ങൾ നിരത്തി തട്ടിക്കളിക്കുമ്പോൾ, നീതി ലഭിക്കാതെ മടങ്ങിയവരുടെ ശബ്ദം അടച്ചുക്കെട്ട പ്പെടുന്നില്ല. ഞങ്ങൾ വിദ്യാർത്ഥികളാണ്. പ്രതികരിക്കുക തന്നെ ചെയ്യും.
ഞാനൊരാൾ ശബ്ദിച്ചതു കൊണ്ടോ, പ്രതികരിച്ചതു കൊണ്ടോ എന്ത് മാറ്റം വരാൻ എന്ന് ചിന്തിക്കുന്നിടത്ത്, ഒരാൾ പോലും പ്രതികരിക്കാതിരിക്കുന്നതിനേക്കാൾ എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങിയാലേ ഇത്തരം അഴിമതികൾക്ക് ഒടുക്കമുണ്ടാകു. ഇന്ന് നമ്മുടെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു, നാളെ ഇത് വർധിക്കും. സമീപ ഭാവിയിൽ പണക്കൊഴുപ്പിന്റെ രംഗവേദിയായി നമ്മുടെ കലോത്സവങ്ങൾ മാറുമെന്ന് ഉറപ്പ്‌.